UPDATES

‘സ്ത്രീ കൊഞ്ചിക്കുഴഞ്ഞു സംസാരിച്ചാല്‍ മനസില്‍ രോഗമുള്ളയാള്‍ കൊതിച്ചുപോകും’; ശശീന്ദ്രന്‍ വിഷയത്തില്‍ സുന്നി പ്രഭാഷകന്‍

സമസ്തയുടെ ചാനലായ ദര്‍ശന ടി വിയില്‍ ‘മന്ത്രി ശശീന്ദ്രന്റെ രാജിയും മാധ്യമധര്‍മ്മവും’ എന്ന തലക്കെട്ടില്‍ സംപ്രേഷണം ചെയ്ത ‘നിലപാട്’ എന്ന പരിപാടിയില്‍ അബ്ദുല്‍സമദ് പൂക്കോട്ടൂര്‍

സുന്നി പ്രഭാഷകനും എസ് വൈ എസ് നേതാവുമായ അബ്ദുല്‍സമദ് പൂക്കോട്ടൂര്‍ കടുത്ത സ്ത്രീ വിരുദ്ധ നിലപാടുമായി രംഗത്ത്. സമസ്തയുടെ ചാനലായ ദര്‍ശന ടി വിയില്‍ ‘മന്ത്രി ശശീന്ദ്രന്റെ രാജിയും മാധ്യമധര്‍മ്മവും’ എന്ന തലക്കെട്ടില്‍ സംപ്രേഷണം ചെയ്ത ‘നിലപാട്’ എന്ന പരിപാടിയിലാണ് അബ്ദുല്‍സമദ് പൂക്കോട്ടൂര്‍ സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

“തന്റെ ഭാര്യയില്‍ നിന്ന് ലഭിക്കേണ്ടി വരുന്ന സൗകര്യങ്ങള്‍ ഒരാള്‍ക്ക് ലഭിക്കാതെ വരികയോ ഭാര്യയില്‍ നിന്ന് അകന്നു ജീവിക്കേണ്ടിവരികയോ അല്ലെങ്കില്‍ ഈ വ്യക്തിക്ക് ഭാര്യയില്‍ സംതൃപ്തനാകാന്‍ കഴിയാതെ വരികയോ ചെയ്യുന്ന സന്ദര്‍ഭങ്ങളിലാണ് പുരുഷന്‍ വഴിമാറുന്നതെ”ന്നാണ്  അബ്ദുല്‍സമദ് പൂക്കോട്ടൂരിന്റെ നിലപാട്.

കുടുംബപരമായ പശ്ചാത്തലം, സ്ത്രീകളുടെ പെരുമാറ്റം, സാഹചര്യം എന്നിവയാണ് ഒരു പുരുഷനെ ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിക്കുന്നതെന്ന് പറയുമ്പോഴും  മുന്‍മന്ത്രി എകെ ശശീന്ദ്രന്‍ സ്ത്രീയെ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന ആരോപണങ്ങള്‍ ശരിയാണെങ്കില്‍ അത് സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള പോരായ്മ കൊണ്ടാണെന്ന് ഉറപ്പിച്ച് പറയുന്നുണ്ട് പൂക്കോട്ടൂര്‍.

“വഴിയില്‍ ഒരു സുന്ദരിയായ സ്ത്രീയെ കണ്ടാല്‍ പുരുഷന്‍ ചെയ്യേണ്ടത് ഇടാന്‍ വീട്ടിലേക്ക് പോവുക എന്നതാണ്. വഴിയില്‍ കണ്ട സ്ത്രീയില്‍ ഉള്ള കാര്യങ്ങള്‍ എല്ലാം വീട്ടിലെ ഭാര്യയിലുമുണ്ട്.” പൂക്കോട്ടൂര്‍ തുടരുന്നു.

ഇവിടെ ഭാര്യമാരാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത് എന്ന മട്ടില്‍ ചില ഉപദേശങ്ങളും അയാള്‍ നല്കുന്നുണ്ട്. “ഒരു സ്ത്രീയെ സംബന്ധിച്ച് തങ്ങളുടെ ഭര്‍ത്താവിന് നല്‍കേണ്ടത് നല്‍കുകയും ചെയ്യേണ്ടത് ചെയ്തു കൊടുക്കുകയും ചെയ്യണം. ഇങ്ങനെ വഴുതിപ്പോകാന്‍ സാധ്യതയുള്ള ഭര്‍ത്താക്കന്മാരുടെആഗ്രഹങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കാന്‍ അവര്‍ സമയം കാണുകയും ഭര്‍ത്താവിന്റെ ഇംഗിതം അനുസരിച്ചു പെരുമാറുകയും ചെയ്യണം. ആ രീതിയില്‍ ഒരു പെണ്‍കുട്ടി പെരുമാറുമ്പോള്‍ അവരുടെ ഭര്‍ത്താവ് ഒരിക്കലും മറ്റൊരുത്തിയെ കൊതിക്കുകയോ ആ ഒരു അവസ്ഥയിലേക്ക് അവന്റെ മനസു മാറുകയോ ചെയ്യില്ല.” ഇതൊരു പൊതു തത്ത്വമാണെന്നും ഇത് വളരെ വ്യക്തമായി പരിശുദ്ധ പ്രവാചകന്‍ സമൂഹത്തെ പഠിപ്പിച്ചിട്ടുണ്ടെന്നും അബ്ദുള്‍ സമദ് പറയുന്നു.

അന്തസ്സും അഭിമാനവുമുള്ള സ്ത്രീ സംസാരിക്കുന്നതുപോലെ സ്ത്രീകള്‍ പെരുമാറിയാല്‍ ഇത്തരത്തില്‍ പെരുമാറാന്‍ ആരും മുന്നോട്ടുവരില്ലെന്ന ഇദ്ദേഹം പറയുന്നു. സ്ത്രീ കൊഞ്ചിക്കുഴഞ്ഞു സംസാരിച്ചാല്‍ മനസില്‍ രോഗമുള്ളയാള്‍ കൊതിച്ചുപോകും. നിന്നെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചുപോകും. നിന്നോട് ആ രീതിയില്‍ അയാള്‍ സംവദിച്ചുപോകും. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട് നിങ്ങള്‍ ഭക്തരാണെങ്കില്‍ സംസാരത്തില്‍ ഒരിക്കലും മോശമായി സംസാരിക്കരുത്. കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത് എന്നാണ് ആ പദത്തിന്റെ കൃത്യമായ അര്‍ത്ഥം എന്നും പൂക്കോട്ടൂര്‍ പറയുന്നു.

താന്‍ സ്ത്രീകളെ അടച്ചാക്ഷേപിക്കുകയല്ലെന്നും മാന്യമായി ജീവിക്കുന്ന സ്ത്രീകളുമുണ്ട് എന്നു പറയുന്ന അബ്ദുള്‍ സമദ് സ്ത്രീകളുടെ വേഷം, അതുപോലെ തന്നെ പെരുമാറ്റം, ഭാവഹാവാദികള്‍, ഒറ്റക്കുള്ള സഞ്ചാരം അതൊക്കെയാണ് പലപ്പോഴും പെണ്‍കുട്ടികളെ അപകടപ്പെടുത്തുന്നത് എന്നും പറയുന്നുണ്ട്. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ വേണ്ടി വേഷം കെട്ടി നടക്കുന്ന സ്ത്രീകളുണ്ടെന്നും. ജോലിക്കുവേണ്ടിയോ പ്രമോഷനു വേണ്ടിയോ സ്വന്തം ശരീരം വരെ കാഴ്ചവെക്കാന്‍ തയ്യാറുള്ള വനിതകളുണ്ടെന്നും പറയുന്നു.

സ്ത്രീകള്‍ ഭര്‍ത്താവിനെ വിട്ട് പുതിയ ബന്ധത്തിന്റെ പേരില്‍ ഇറങ്ങിപ്പോകുന്നതും. കൊച്ചുകുഞ്ഞുങ്ങളെ വഴിയാധാരമാക്കുന്നതും സ്ത്രീകള്‍ നില്‍ക്കേണ്ടിടത്ത് നില്‍ക്കാത്തതുകൊണ്ടും സ്ത്രീകള്‍ അവരുടെ മാന്യതയെക്കുറിച്ച് ചിന്തിക്കാത്തതുകൊണ്ടുമാണെന്നും പറയുന്ന  അബ്ദുള്‍ സമദ് സ്ത്രീകളുടെ ഭാഗത്തുനിന്നു സംഭവിക്കുന്ന അപാകതകളാണ് സ്ത്രീപീഡനങ്ങള്‍ക്കു കാരണമെന്ന് കണ്ടെത്തുന്നുമുണ്ട്. താന്‍ പുരുഷന്റെ ഭാഗത്ത് തെറ്റില്ല എന്നു പറഞ്ഞുകൊണ്ട് അവരെ ന്യായീകരിക്കുകയില്ലെന്നും പുരുഷന്‍ ചെയ്യുന്നത് 100% തെറ്റാണെന്നും സ്ത്രീകളെ പറഞ്ഞ് വശീകരിക്കാന്‍ പുരുഷന് കഴിയുമെന്നും എന്നാല്‍ ഒരിക്കലും സ്ത്രീ അതിനു വഴങ്ങിക്കൊടുക്കരുതെന്നും സ്ത്രീകളെ ഉപദേശിക്കാനും അബ്ദുള്‍ സമദ് മടിക്കുന്നില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍