UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മംഗള്‍യാന്‍; ഇന്ത്യന്‍ ദൗത്യം അതുല്യമാവുന്നതിന്റെ കാരണങ്ങള്‍

Avatar

ടീം അഴിമുഖം

680 മില്ല്യണ്‍ കിലോമീറ്റര്‍ നീണ്ട യാത്രയ്ക്ക് ശേഷം ചുവന്ന ഗ്രഹത്തിലേക്ക് ഇന്ത്യയില്‍ ആഭ്യന്തരമായി നിര്‍മിച്ച്, മോം (ചൊവ്വ ഗ്രഹ ദൗത്യം-Mars Orbiter Mission-MOM) എന്ന് വാത്സല്യപൂരസരം വിളിക്കപ്പെടുന്ന ഉപഗ്രഹം പ്രവേശിക്കാന്‍ ശ്രമിക്കുന്നതോടെ രാജ്യത്തിന്റെ 50 വര്‍ഷം നീണ്ട ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായത്തിന് സെപ്റ്റംബര്‍ 24ന് തുടക്കമാകും. ഏകദേശം ആറു മാസത്തോളം ഉപഗ്രഹം ചിത്രങ്ങള്‍ പകര്‍ത്തുകയും ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. ചൈനയുടെയും ജപ്പാന്റെയും ഉള്‍പ്പെടെ മിക്ക ചൊവ്വ ദൗത്യങ്ങളും പരാജയപ്പെട്ട ഘട്ടമായ; ചൊവ്വയുടെ ഭ്രമണപദത്തിലേക്ക് കടക്കാനുള്ള ശ്രമം ബുധനാഴ്ച രാവിലെ ആരംഭിക്കുന്നതോടെ മംഗള്‍യാന്‍ ദൗത്യത്തിലെ ഏറ്റവും ആശങ്കാജനകമായ ഘട്ടമായി അത് മാറും. ഇന്ത്യയുടെ ദൗത്യം അതുല്യമാവുന്നതിനുള്ള ചില കാരണങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിക്കുന്നു.

1. വര്‍ത്തുള്ള ഭ്രമണപഥത്തിലൂടെ ചൊവ്വ ഗ്രഹത്തെ ചുറ്റുക എന്ന ഉദ്ദേശത്തോടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നു ഉപഗ്രഹം, ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ ആദ്യത്തെ അന്തര്‍ഗ്രഹ ദൗത്യമാണിത്. നിര്‍ണായകമായ ദൗത്യ പ്രവര്‍ത്തനങ്ങളും മുന്നോട്ട് തള്ളുന്നതുള്‍പ്പെടെയുള്ള ഉപഗ്രഹത്തിന്റെ സഞ്ചാര സംവിധാനങ്ങളിലുള്ള സങ്കീര്‍ണ്ണ ആവശ്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇത് അടിസ്ഥാനപരമായി ഒരു സാങ്കേതിക ദൗത്യമാണെന്ന് വിലയിരുത്താം. 

2. 71 മില്യണ്‍ ഡോളര്‍ (450 കോടി രൂപ) മാത്രം ചിലവുള്ള ഈ ദൗത്യമാണ് ഏറ്റവും ചിലവ് കുറഞ്ഞത്. ‘ഗ്രാവിറ്റി’ എന്ന ബഹിരാകാശ സിനിമയ്ക്ക് പോലും 100 മില്യണ്‍ ഡോളര്‍ ചിലവായി. വെറും 15 മാസത്തെ ശ്രമങ്ങള്‍ കൊണ്ടാണ് ഐഎസ്ആര്‍ഒ പദ്ധതി സാക്ഷാത്കരിച്ചത്. പിഎസ്എല്‍വിഎ എന്ന നമ്മുടെ സ്വന്തം റോക്കറ്റ് നേരത്തെ തന്നെ തയ്യാറായിരുന്നതിനാല്‍ പണവും സമയവും ലാഭിക്കാന്‍ സാധിച്ചു. മാത്രമല്ല മറ്റ് ചില ബഹിരാകാശ വാഹനങ്ങളില്‍ ഉപയോഗിച്ചിരുന്നതിന് സമാനമായിരുന്നു ഇതിന്റെയും ഉപസംവിധാനങ്ങളെന്നതും ഗുണകരമായി. ഇതിനെ ഒരു ചിലവ് കുറഞ്ഞ ദൗത്യമായി മാറ്റിയതിന് പിന്നില്‍ ഇത്തരത്തിലുള്ള ചില ഘടകങ്ങള്‍ നിര്‍ണായക സംഭാവന നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഇന്ത്യയില്‍ തൊഴില്‍ കൂലിയും കുറവാണ്.

3. പത്ത് മാസം നീണ്ടുനിന്ന, ശരാശരി 225 മില്യണ്‍ കിലോമീറ്റര്‍ നീണ്ട അതിന്റെ യാത്രയില്‍ 1,350 കിലോഗ്രാം (2,976 എല്‍ബി) ഭാരമുള്ള ഭീമാകാര ഉപഗ്രഹമായ മംഗള്‍യാന്‍ അഞ്ച് ഉപകരണങ്ങളാണ് വഹിക്കുന്നത്. ചൊവ്വയിലെ ജീവസാന്നിധ്യത്തിന്റെ സാധ്യതയുറപ്പിയ്ക്കുന്ന മീഥെയ്ന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്ന സെന്‍സര്‍, ചിത്രങ്ങള്‍ എടുക്കുന്നതിനുള്ള വര്‍ണ ക്യാമറ, ഗ്രഹത്തിന്റെ ഉപരിതലവും ലോഹസാന്നിധ്യവും പകര്‍ത്താന്‍ ഉപകരിക്കുന്ന തെര്‍മല്‍ ഇമേജിംഗ് സ്‌പെക്‌ട്രോമീറ്റര്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. ചൊവ്വയുടെ വളരെ നേര്‍ത്ത അന്തരീക്ഷത്തെ കുറിച്ചും ദൗത്യം വിശകലനം ചെയ്യും. 

മംഗള്‍യാന്‍ വഹിക്കുന്ന ഉപകരണങ്ങളെ കുറിച്ച് ചില വിശദാംശങ്ങള്‍:

ലൈമന്‍ ആല്‍ഫ ഫോട്ടോമീറ്റര്‍ (എല്‍എപി): ചൊവ്വയിലെ ജലാംശം നഷ്ടപ്പെട്ടതിനെ കുറിച്ച് മനസിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്ന തരത്തില്‍ ഹൈഡ്രജന്‍, ഡിറ്റീറിയം എന്നിവയുടെ അളവ് മനസിലാക്കും.

മാര്‍സ് എക്‌സ്‌പെറിക് ന്യൂട്രല്‍ കമ്പോഷന്‍ അനൈലസര്‍ (എംഇഎന്‍സിഎ): മുകള്‍ അന്തരീക്ഷത്തിലെ നിഷ്പക്ഷ രാസസംയോഗത്തെ കുറിച്ച് പഠിക്കും.

വര്‍ണം ക്യാമറ: ചൊവ്വയുടെ ഉപരിതലത്തിന്റെയും അതിന്റെ ഉപഗ്രഹങ്ങളായ ഫോബോസിന്റെയും ഡെയ്‌മോയുടെയും ചിത്രങ്ങള്‍ എടുക്കും.
തെര്‍മല്‍ ഇമേജിംഗ് സ്‌പെക്‌ട്രോമീറ്റര്‍: താപ വികിരണവും ഉപരിതല രാസഘടനയും ധാതുക്കളും രേഖപ്പെടുത്തുന്നതിന് സഹായിക്കും.

4. ചൊവ്വ ദൗത്യത്തില്‍ തങ്ങളുടെ പ്രാദേശിക എതിരാളികളായ ചൈനയെ തോല്‍പ്പിക്കാനുള്ള ഒരു അവസരമായിട്ടാണ് മംഗള്‍യാന്‍ ദൗത്യത്തെ ഇന്ത്യ കാണുന്നത്. പ്രത്യേകിച്ചും, 2011 നവംബറില്‍, ചൊവ്വയിലേക്കുള്ള ചൈനയുടെ ഉപഗ്രഹവും വഹിച്ചുകൊണ്ടുള്ള റഷ്യന്‍ ദൗത്യം പരാജയപ്പെട്ട സാഹചര്യത്തില്‍. 1998 ല്‍ ജപ്പാനും സമാനമായ രീതിയില്‍ പരാജയപ്പെട്ടിരുന്നു.
ഇതുവരെയുള്ള ബഹിരാകാശ ദൗത്യങ്ങളിലെല്ലാം ചൈന ഇന്ത്യയെ പരാജയപ്പെടുത്തിയിട്ടുണ്ട്: ഇന്ത്യന്‍ റോക്കറ്റുകള്‍ക്ക് വഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഭാരം വഹിക്കാന്‍ കഴിയുന്ന റോക്കറ്റുകള്‍ ചൈനയ്ക്ക് സ്വന്തമാണ്. മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള അവരുടെ ആദ്യ ബഹിരാകാശപേടകം 2003 ല്‍ അവര്‍ വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യ ഇതുവരെ ഈ മേഖലയില്‍ കൈവച്ചിട്ടില്ല. ഇന്ത്യയെ പിന്നിലാക്കി കൊണ്ട് ചന്ദ്രനിലേക്കുള്ള ചൈനയുടെ ആദ്യ ദൗത്യം 2007 നടന്നു. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഈ ദൗത്യം വിജയിക്കേണ്ടത് രാജ്യത്തിന്റെ അഭിമാന പ്രശ്‌നമായി മാറുന്നു.

5. ബഹിരാകാശ പരീക്ഷണങ്ങളിലുള്ള ഇന്ത്യയുടെ ശ്രമങ്ങളെല്ലാം ഇവിടുത്തെ ശാസ്ത്രജ്ഞരുടെ ഉത്കര്‍ഷേച്ഛയുടെ ഫലങ്ങള്‍ മാത്രമായി കാണാനാവില്ല. ബഹിരാകാശ ഗവേഷണത്തില്‍ അന്താരാഷ്ട്ര സഹകരണത്തിന് വേണ്ടി ഇന്ത്യ ഐക്യ രാഷ്ട്രസഭയുടെ വേദികളില്‍ നിരന്തരം ശബ്ദമുയര്‍ത്തുന്നു. മറ്റ് രാജ്യങ്ങള്‍ക്ക് , പ്രത്യേകിച്ചും വികസ്വര രാജ്യങ്ങള്‍ക്ക്, ബഹിരാകാശ പര്യവേഷണത്തില്‍ അവസരം നല്‍കാമെന്ന വാഗ്ദാനവും നമ്മള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. 2008 ലെ ചാന്ദ്രദൗത്യത്തില്‍, 20 രാജ്യങ്ങളില്‍ നിന്നുള്ള ഉപകരണങ്ങളാണ് ഇന്ത്യ ഭ്രമണപദത്തില്‍ എത്തിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍