UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചൊവ്വ ഒരു ദോഷമല്ല; ചൊവ്വാകേണ്ടത് നമ്മുടെ മനോഗതികള്‍

Avatar

ശാസ്ത്ര നേട്ടങ്ങള്‍ക്കിടയിലും ആഘോഷിക്കപ്പെടുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റ് പ്രൊഫസര്‍ കെ ശ്രീധരന്‍ സംസാരിക്കുന്നു. (തയ്യാറാക്കിയത്-രാകേഷ് നായര്‍)

മംഗള്‍യാന്‍ അതിന്റെ ലക്ഷ്യം വിജയകരമാക്കി തീര്‍ത്തിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചും ലോകത്തെ സംബന്ധിച്ചും ഈ ശാസ്ത്രനേട്ടം അഭിമാനകരവും അതുല്യവുമാണ്. അമേരിക്കയുള്‍പ്പെടെ, ശാസ്ത്രരംഗത്ത് പല വലിയനേട്ടങ്ങളും സ്വന്തമാക്കിയ രാജ്യങ്ങള്‍ക്ക് സാധിക്കാത്ത കാര്യമാണ്, ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വ ദൗത്യം ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ഇന്ത്യന്‍ ശാസ്ത്രലോകം കൈവരിച്ചിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ശാസ്ത്രരംഗത്ത്, പ്രത്യേകിച്ച് ജ്യോതിശാസ്ത്രരംഗത്ത് അനുപമമായ ഒരു ചരിത്രം നിലനില്‍പ്പുണ്ട്. പില്‍ക്കാലത്ത് നമ്മള്‍ ഏറെ പിന്നിലായിപ്പോയി എന്നത് ദൗര്‍ഭാഗ്യകരം. എന്നിരിക്കിലും മംഗള്‍യാന്റെ വിജയത്തോടെ നമ്മുടെ പൂര്‍വസൂരികളുടെ യശ്ശസ് വീണ്ടെടുക്കപ്പെട്ടെന്നു പറയാം. കൃത്യമായ പ്ലാനിംഗ്; അതു തന്നെയാണ് ഇന്ത്യയുടെ നേട്ടത്തിന്റെ മൂലാധാരം. നമ്മുടെ ലോഗരിതം പിഴവില്ലാത്തതായിരുന്നു. വളരെ കുറവ് സമയം മാത്രമായിരുന്നു കിട്ടിയത്. അമേരിക്കയുള്‍പ്പെടെ അഞ്ചുവര്‍ഷത്തോളം ചൊവ്വാദൗത്യത്തിന് വേണ്ടി ചെലവിട്ടിരുന്നു. ആയിരക്കണക്കിന് കോടി രൂപ അവര്‍ ഈ ദൗത്യത്തിനും അതിന്റെ പ്രാരംഭ പഠനങ്ങള്‍ക്കും മറ്റുമായി ഉപയോഗിച്ചു. ആ കണക്കുകളുമായി നമ്മളുടേത് തട്ടിച്ചുനോക്കുമ്പോള്‍ അത്ഭുതം തോന്നും. അതേസമയം, പരിമിതികളില്‍ നിന്നുകൊണ്ടാണ് നമ്മുടെ ശാസ്ത്രജ്ഞര്‍ മംഗള്‍യാന്‍ പദ്ധതി ആവിഷ്‌കരിച്ചതും പ്രാവര്‍ത്തികമാക്കിയതും എന്ന് പറയാനും കഴിയില്ല. ആസൂത്രണ വൈദഗ്ധ്യം തന്നെയാണ് നമ്മുടെ വിജയം.

മംഗള്‍യാനെക്കുറിച്ച് ഇനിയും വാചാലനാകാന്‍ കഴിയും. എന്നാല്‍ എന്റെ ചിന്ത മാറുന്നത് മറ്റൊരു ദിക്കിലേക്കാണ്. തീര്‍ച്ചയായും ഈ നേട്ടം ശാസ്ത്രത്തിന്റെതാണ്. എന്നാല്‍ അത് ശാസ്ത്രത്തിന് മാത്രം ഉപകരിക്കുന്നതാണോ? അല്ല, സാമൂഹികമായ ഉണര്‍വിനും ഈ വിജയത്തിലൂടെ സാധിച്ചിട്ടുണ്ട്. ഇന്ത്യയെപ്പോലൊരു പട്ടിണിരാജ്യത്ത് എന്തിനാണ് റോക്കറ്റ് വിടാനായി കോടികള്‍ തുലയ്ക്കുന്നുവെന്ന ചോദ്യം വിക്രം സാരാഭായിക്കുപോലും നേരിടേണ്ടി വന്നിട്ടുണ്ട്. ടെക്‌നോളജിയുടെ വളര്‍ച്ച വിശപ്പ് മാറ്റുമോ എന്നു ചോദിക്കുന്നവരോട്, ടെക്‌നോളജി ജീവിതത്തെ മുന്നോട്ട് നയിക്കും എന്നാണ് എനിക്ക് പറയാനുള്ളത്. ഇന്ന് കുഗ്രാമങ്ങളില്‍പ്പോലും നമുക്ക് ഫോണ്‍ സൗകര്യം ലഭിക്കുന്നു. നമ്മുടെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ സേവനം എത്ര വലുതാണെന്ന് ഉദ്ദാഹരണങ്ങള്‍ സഹിതം വിശദീകരിക്കേണ്ട ആവശ്യമുണ്ടോ?വിദ്യാഭ്യാസ പുരോഗതിയെ ശാസ്ത്രം എത്രകണ്ട് പിന്താങ്ങുന്നുണ്ടെന്ന് അറിയാത്തവര്‍ കേവലം വിരലിലെണ്ണാവുന്നവര്‍ മാത്രമായിരിക്കും. മനുഷ്യപുരോഗതിക്ക് എന്നും അടിസ്ഥാനമായിരിക്കുന്നത് ടെക്‌നോളജിയുടെ വികാസം തന്നെയാണ്.

450 കോടി രൂപമാത്രമാണ് മംഗള്‍യാന്റെ ചിലവ്. ഈ തുക രാജ്യത്തെ പട്ടിണി മാറ്റാന്‍ ഉപയോഗിക്കാമായിരുന്നില്ലേ എന്ന ചോദ്യം എത്ര ബാലിശമാണ്? ഇത്രയും തുകകൊണ്ട് ഇന്ത്യയുടെ വിശപ്പ് മാറ്റാമെന്നാണോ? സര്‍ക്കാരുകള്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് എത്രകോടികളാണ് ചിലവിടുന്നതെന്ന് പരിശോധിക്കണം. ഒരു ഡസന്‍ മംഗള്‍യാന്‍ പേടകങ്ങളെങ്കെിലും ചൊവ്വയിലേക്ക് അയക്കാം ഈ തുകകൊണ്ട്. ശതകോടികള്‍ ചെലവാക്കിയിട്ടും നമ്മുടെ ദാരിദ്ര്യം നിന്നിടത്തുതന്നെ നില്‍ക്കുകയാണെങ്കില്‍ അതിന് ശാസ്ത്രപരീക്ഷണങ്ങളല്ല കുറ്റക്കാര്‍. അതേസമയം നമ്മുടെ ജീവിതരീതികള്‍ ഇത്രകണ്ട് മുന്നേറിയതിന് ഈ ശാസ്ത്രപരീക്ഷണങ്ങള്‍ കാരണമായല്ലോ എന്നാണ് ആശ്വസിക്കേണ്ടത്.

ഭൗതികനേട്ടങ്ങള്‍ക്കിപ്പുറം ഈ ചൊവ്വാദൗത്യത്തിന്റെ ലക്ഷ്യപ്രാപ്തി നല്‍കുന്ന മറ്റൊരു ശുഭസൂചന നമ്മുടെ സാമൂഹമനഃസ്ഥിയില്‍ ഉണ്ടാക്കുന്ന വ്യതിയാനമാണ്. പുരോഗതിയുടെ തോത് ഉയരുമ്പോഴും നമ്മളെ പിന്നോട്ടടിക്കുന്ന ഘടകങ്ങളാണ് വിശ്വാസങ്ങളുടെ മാറാല ചുറ്റിയ ചിന്താഗതികള്‍. രസകരമെന്നു പറയട്ടെ, നമ്മുടെ ശാസ്ത്രജ്ഞര്‍പോലും കടുത്ത ഈശ്വര വിശ്വാസികളാണ്. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ ഈ രാജ്യത്ത് നടന്ന പൂജയും വഴിപാടുകളും എത്രയായിരുന്നു! ശാസ്ത്രത്തിന് പോലും വിശ്വാസത്തിന്റെ പിന്‍ബലം കൂടിയെതീരൂ എന്ന നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ യഥാര്‍തഥത്തില്‍ പരിഹാസ്യ കഥാപാത്രങ്ങളാണ്. ഇവരില്‍ രാഷ്ട്രീയക്കാരും, ശാസ്ത്രജ്ഞരും സാധാരണ ജനങ്ങളുമുണ്ട്. മഹത്തായൊരു പ്രയത്‌നത്തെ ചെറുതാക്കി കാണിക്കാനേ ഈ വിശ്വാസപ്രകടനങ്ങള്‍ ഉപകരിക്കൂ. പ്രാര്‍ത്ഥനകൊണ്ടോ പൂജകള്‍കൊണ്ടോ അല്ല ചൊവ്വാദൗത്യം വിജയിച്ചത്. അത് നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിനപ്രയത്‌നം കൊണ്ടാണ്. അവരെ നമ്മള്‍ പിന്തുണയ്ക്കുന്നത് ദേവാലയത്തില്‍ തേങ്ങയുടച്ചുകൊണ്ടല്ല. പരീക്ഷയ്ക്ക് ജയിക്കാന്‍ പേന പൂജിക്കുന്ന യുക്തിവൈഭവം ലോകത്തെ അതിശയിപ്പിച്ചൊരു ശാസ്ത്രപര്യവേഷണത്തിന്റെ കാര്യത്തിലും പ്രകടിപ്പിച്ചതിനെ കഷ്ടം! എന്നല്ലാതെന്ത് വിളിക്കാന്‍?

സമൂഹത്തെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ മുന്‍പന്തിയിലാണല്ലോ നമ്മുടെ മാധ്യമങ്ങള്‍. ഇതേ മാധ്യമങ്ങളും എത്ര വൈകാരികതയോടെയാണ് ചൊവ്വാദൗത്യത്തെ സമീപിപ്പിച്ചിരിക്കുന്നത്?  മംഗള്‍യാനുമായി ബന്ധപ്പെട്ട് നമ്മുടെ പത്രങ്ങളില്‍ വന്ന തലക്കെട്ടുകള്‍ ശ്രദ്ധിക്കൂ. പ്രാര്‍ത്ഥനയും പൂജയും വിശ്വാസവുമെല്ലാംകൂടി അച്ചുനിരത്തിയ പ്രയോഗങ്ങളായിരുന്നു മിക്കവയിലും. അതിവൈകാരികതയുടെ ആവശ്യം ഇതിലുണ്ടായിരുന്നോ? ക്രിക്കറ്റ് വിജയത്തെക്കുറിച്ചല്ല നിങ്ങള്‍ എഴുതുന്നത്, സ്‌പേസ് ടെക്‌നോളജിയുടെ നേട്ടത്തെക്കുറിച്ചാണ്. ശാസ്ത്രവും വിശ്വാസവും ലയിപ്പിച്ച് എഴുതുന്നതിലെ മൂഢത്വം ഒന്നാലോചിച്ച് നോക്കിക്കേ!

ഈ ചൊവ്വയെ നമ്മള്‍ എത്രകണ്ട് ഭയപ്പെട്ടിരുന്നു. എത്ര പെണ്‍കുട്ടികളെ കണ്ണീരു കുടിപ്പിച്ച ഭീകരനായിരുന്നു ചൊവ്വ- ഇനിയെങ്കിലും നമുക്ക് ചൊവ്വയെ വെറുതെ വിടാം. ഇപ്പോള്‍ ആ ഗ്രഹം നമ്മുടെ നല്ല അയല്‍ക്കാരനായിരിക്കുന്നു. നമ്മള്‍ ഭയപ്പെട്ടപോലെ ഭീകരനൊന്നുമല്ല ഈ ചുവപ്പന്‍ ഗ്രഹമെന്ന് മനസ്സിലാക്കാന്‍ എല്ലാവര്‍ക്കും സാധിക്കണം. ചൊവ്വ ഒരു ദോഷമല്ലെന്നും ചൊവ്വാകേണ്ടത് നമ്മുടെ മനോഗതികളാണെന്നും സെപ്തംബര്‍ 24 നമ്മളെ എന്നും ഓര്‍മ്മപ്പെടുത്തണം.  ശാസ്ത്രം ഭൗതികവും ആന്തരികവുമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്നതിന്റെ ഉദ്ദാഹരണമായി എന്നും ചൂണ്ടിക്കാണിക്കാന്‍ മംഗള്‍യാന്റെ വിജയം ഉപകരിക്കുമെന്ന ഉറപ്പോടെ നമുക്ക് മുന്നോട്ട് പോകാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍