UPDATES

സിനിമ

നിങ്ങളുടെ സിനിമാ ചർച്ചകളിൽ ഞങ്ങളില്ലായിരിക്കാം; പക്ഷേ, വഴിമാറി നടക്കാൻ ഞങ്ങൾക്കും അവകാശമുണ്ട്

മാന്‍ഹോളിനു പുരസ്ക്കാരം നല്‍കിയതിനെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശീധരനും ഡോ. ബി ഇക്ബാലും പ്രതികരിച്ചിരുന്നു

ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്ക്കാരം വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ഹോളിന് നല്‍കിയതുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സിനിമയ്ക്ക് പുരസ്ക്കാരം നല്‍കിയതിനെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും ഡോ. ബി ഇക്ബാലും രംഗത്തെത്തിയ സാഹചര്യത്തില്‍ ഡോ. ഇക്ബാലിനുള്ള മറുപടിയായി ചലച്ചിത്ര, നാടക അഭിനേത്രി സജിത മഠത്തില്‍ ശക്തമായ പ്രതികരണമാണ് നടത്തിയത്. ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് സജിത പ്രതികരിച്ചിരിക്കുന്നത്. “ഈ സ്ത്രീ സർഗ്ഗാത്മക വഴികൾ വ്യത്യസ്തവും അവയുടെ ഭാഷ പെട്ടെന്ന് നിങ്ങൾക്ക് ദഹിക്കാത്തതുമായിരിക്കാം. പക്ഷെ പൂച്ചക്ക് ഇവിടെ എന്തു കാര്യമെന്നാണെങ്കിൽ ക്ഷമിക്കണം കുറച്ച് കാര്യമുണ്ട്. അടുത്ത വർഷങ്ങളിലും ഞങ്ങൾ ഇവിടെ തന്നെ കാണും, കൂടുതൽ നിയതമായ ഭാഷ പതുക്കെ രൂപപ്പെടുത്തുകയും ചെയ്യും!” എന്ന് അവര്‍ വ്യക്തമാക്കി.

മികച്ച സിനിമയ്ക്കുള്ള പുരസ്ക്കാര പ്രഖ്യാപനത്തിന് പിന്നാലെയാണ് സനല്‍ തന്റെ വിയോജിപ്പ്‌ പ്രകടമാക്കിയത്. “വിഷയതീവ്രതയുടെ പേരിൽ പൊതുവികാരത്തെ ചൂഷണം ചെയ്യുന്നതിൽ മാൻ‌ഹോൾ വിജയിച്ചു എന്നേ ഞാൻ പറയൂ. ചലച്ചിത്രം എന്ന കലാരൂപത്തെ ഒരു തരിമ്പെങ്കിലും മുന്നോട്ടു കൊണ്ടുപോകുന്നില്ല ആ സിനിമ എന്ന് പറയാതെ പോകുന്നത് അനീതിയാകും എന്നതുകൊണ്ട് പറയുന്നു. ഈ അവാർഡ് വിധുവോ ആ സിനിമയോ അർഹിക്കുന്നതല്ലെന്ന തോന്നലാണ് മാൻ‌ഹോളും കഴിഞ്ഞവർഷമിറങ്ങിയ മറ്റുമിക്ക ചിത്രങ്ങളും കണ്ടിട്ടുള്ള ആളെന്ന നിലയിൽ ശക്തമായി എനിക്കുള്ളത്” എന്നായിരുന്നു സനലിന്റെ വിമര്‍ശനം.

സനലിന്റെ പ്രതികരണം
മികച്ച സിനിമയ്ക്കും സംവിധാനത്തിനും ഉള്ള സംസ്ഥാന അവാർഡിനോട് കുറച്ചെങ്കിലും നീതിപുലർത്താമായിരുന്നു. സിനിമ എന്നാൽ ഒരു സാമൂഹിക വിഷയത്തിന്റെ വീഡിയോചിത്രീകരണം എന്ന ധാരണയോടെ സിനിമയെ സമീപിക്കുന്ന ഇടപാട് ജൂറികൾ തിരുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം ലഭിച്ച വിധുവിൻസെന്റിനോട് യാതൊരു വിരോധവുമില്ലാ എന്നും താരങ്ങളുടെയൊന്നും അകമ്പടിയില്ലാതെ സ്വതന്ത്രമായി സിനിമയെടുക്കാൻ ഇറങ്ങിത്തിരിച്ച സ്ത്രീ എന്ന നിലയ്ക്ക് ആദരവേ ഉള്ളുയെന്നും പറഞ്ഞുകൊള്ളട്ടെ. വിഷയതീവ്രതയുടെ പേരിൽ പൊതുവികാരത്തെ ചൂഷണം ചെയ്യുന്നതിൽ മാൻ‌ഹോൾ വിജയിച്ചു എന്നേ ഞാൻ പറയൂ. ചലച്ചിത്രം എന്ന കലാരൂപത്തെ ഒരു തരിമ്പെങ്കിലും മുന്നോട്ടു കൊണ്ടുപോകുന്നില്ല ആ സിനിമ എന്ന് പറയാതെ പോകുന്നത് അനീതിയാകും എന്നതുകൊണ്ട് പറയുന്നു. ഈ അവാർഡ് വിധുവോ ആ സിനിമയോ അർഹിക്കുന്നതല്ലെന്ന തോന്നലാണ് മാൻ‌ഹോളും കഴിഞ്ഞവർഷമിറങ്ങിയ മറ്റുമിക്ക ചിത്രങ്ങളും കണ്ടിട്ടുള്ള ആളെന്ന നിലയിൽ ശക്തമായി എനിക്കുള്ളത്. വിധുവിന്റെ മനസ് ഈ അവാർഡിനെ ഉള്ളാലെ ആഘോഷിക്കാതിരിക്കട്ടെയെന്നും എന്റെയുൾപ്പെടെയുള്ള വിമർശകരുടെ വായടപ്പിക്കുന്ന രീതിയിൽ അടുത്തചിത്രത്തിലേക്ക് കുതിക്കട്ടെയെന്നും ആശിക്കുന്നു.

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് അവാർഡ് കൊടുത്ത തീരുമാനം ഒരു സന്തോഷമുണ്ടാക്കുന്നു. അർഹമായ അവാർഡുകൾ കിട്ടാതെ പോയ മഹേഷിന്റെ പ്രതികാരം നിരാശയുമുണ്ടാക്കുന്നു.

NB: ഇതിന്റെ പേരിൽ ലോഡുകണക്കിന് തെറിവിളിയും അധിക്ഷേപവുമൊക്കെ വരുമെന്ന് അറിയാം. കൊതിക്കെറുവാണെന്നു പറഞ്ഞു ആളുവന്നേക്കാം. അവരോട്: സെക്സി ദുർഗ അവാർഡിനയച്ചിരുന്നില്ല എന്നകാര്യം അറിയിക്കട്ടെ. തെറിവിളിക്കുമ്പോൾ അങ്ങനെ ഒരാരോപണം മാറ്റിനിർത്തിയിട്ട് ആയിക്കോളൂ.

സനല്‍ ഇക്കര്യത്തില്‍ വീണ്ടും വീണ്ടും വിമര്‍ശനമുന്നയിച്ചു

പ്രൊപഗാൻഡാ വീഡിയോകൾ ഏറ്റവും മികച്ച സിനിമകളായി അവരോധിക്കപ്പെടുന്നത് കൂടുതൽ ആൾക്കാരെ “ഇതുമതി നല്ല സിനിമയ്ക്ക്“ എന്ന തോന്നലിലേക്ക് നയിക്കും. ഇങ്ങനെയായിരുന്നു “അവാർഡ് സിനിമകൾ” എന്ന ടാഗും പിടിച്ച് പ്രേക്ഷകർ തിയേറ്ററിൽ നിന്നും ഇറങ്ങി കൂട്ടത്തോടെ ഓടിപ്പോയതിനു കാരണം. അത്തരം തെറ്റിദ്ധാരണകളെ തിരുത്തുന്നതരം സിനിമകളായിരുന്നു സുദേവനും, ഷാനവാസ് നരണിപ്പുഴയും സജിൻ ബാബുവുമൊക്കെ ചെയ്തുകൊണ്ടിരുന്നത്. പ്രേക്ഷകർ തിയേറ്ററിലേക്ക് വരികയും അന്താരാഷ്ട്രതലത്തിൽ തന്നെ മലയാളത്തിലെ പുതിയ സിനിമാവഴികൾ ചർച്ചചെയ്യപ്പെടുകയും ചെയ്യുന്ന സമയത്താണ് മലയാള സിനിമയെ പഴയ തൊഴുത്തിലേക്ക് തിരിച്ചുകൊണ്ടുപോയി കെട്ടാനുള്ള ഗൂഡാലോചന നടക്കുന്നത്. ഇത് ആർക്കും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല കലാമൂല്യമുള്ള മലയാള സിനിമയെ മൊത്തത്തിൽ പിന്നോട്ടടിക്കുകയും ചെയ്യും. സാമൂഹികപ്രസക്തിയുള്ള മികച്ച ചിത്രം തുടങ്ങിയ അവാർഡുകളിലേക്ക് പരിഗണിക്കപ്പെടാവുന്ന ഇത്തരം മികച്ച ഉദ്യമങ്ങളെ ഏറ്റവും മികച്ച ചിത്രമാണെന്ന് പൊക്കിക്കാണിക്കുന്നത് മികച്ചസിനിമകളെക്കുറിച്ചുള്ള ജൂറിയുടെ (ചെയർമാനായാലും പുള്ളിമാനായാലും) ധാരണയിലെ പാപ്പരത്തം വെളിവാക്കുന്നു.”

ഇതിനു പിന്നാലെയാണ് മാന്‍ഹോളിനെ സംബന്ധിച്ച് തനിക്കും സമാനമായ അഭിപ്രായമാണെന്ന് ഡോ. ബി ഇക്ബാല്‍ പ്രതികരിച്ചത്.

ഡോ. ഇക്ബാലിന്റെ പ്രതികരണം
കോട്ടയത്ത് നടക്കുന്ന പ്രാദേശിക ഫിലിം ഫെസ്റ്റിവലിൽ “മാൻ ഹോൾ“ കണ്ടു. വളരെ സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് (ഔദ്യോഗികമായി നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും തുടരുന്ന തോട്ടിപ്പണി ചെയ്യുന്നവരുടെ തിക്തമായ ജീവിതാനുഭവങ്ങൾ) വിധു വിൻസെന്റ് ചിത്രത്തിനു വിഷയമാക്കിയിരിക്കുന്നത്. ചിത്രം ഒരു ഫീച്ചർ ഫിലിം എന്നതിനെക്കാൾ ഡോക്കുഫിക്ഷൻ എന്ന വിഭാഗത്തിലാണ് പെടുത്തേണ്ടത് എന്നാണെനിക്ക് തോന്നിയത്. സംവിധായകൻ സനൽ കുമാർ ശശിധരന്റെ നിരീക്ഷണങ്ങൾ പ്രസക്തമാണെന്ന് തോന്നി. ‘മികച്ച സിനിമയ്ക്കും സംവിധാനത്തിനും ഉള്ള സംസ്ഥാന അവാർഡിനോട് കുറച്ചെങ്കിലും നീതിപുലർത്താമായിരുന്നു. സിനിമ എന്നാൽ ഒരു സാമൂഹിക വിഷയത്തിന്റെ വീഡിയോചിത്രീകരണം എന്ന ധാരണയോടെ സിനിമയെ സമീപിക്കുന്ന ഇടപാട് ജൂറികൾ തിരുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.'”

ഇതോടയാണ് സജിത മഠത്തില്‍ മാന്‍ഹോളിന് അവാര്‍ഡ് നല്‍കിയ തീരുമാനം എന്തുകൊണ്ട് ശരിയാണ് എന്ന് വ്യക്തമാക്കുന്നത്.

സജിതയുടെ പ്രതികരണം
“കേരളീയ പെൺ സംവിധായികയുടെ ജീവിതത്തിന്റെ വീഡിയോ ചിത്രീകരണം അഥവാ മാൻഹോൾ!

പത്തിരുപത്തി അഞ്ചു വർഷം മുമ്പുള്ള ഒരു പരിഷത്തിന്റെ ക്ലാസ്സ് മുറിയാണ്. ഡോ. ഇക്ബാൽ നയിക്കുന്ന ആരോഗ്യത്തെ കുറിച്ചുള്ള ക്ലാസ്സാണ് നടക്കുന്നത്. കോഴിക്കോട് ട്രെയിനിങ്ങ് കോളേജിലെ ബഞ്ചിലിരുന്ന് ഞാനത് കേട്ടത് ഇന്നലെ എന്ന പോലെ ഓർമ്മയുണ്ട്. ആ ക്ലാസ്സ് അദ്ദേഹം അവസാനിപ്പിച്ചത് ഏറെ നാടകീയമായാണ്. സ്ത്രീകളാണ് സമൂഹത്തിന്റെ ആരോഗ്യത്തെ മാറ്റി തീർക്കുന്നവർ, അവർക്ക് സമൂഹത്തിൽ തുല്യത ഉണ്ടാവുമ്പോഴേ സാമൂഹികവും ശാരീരികവുവുമായ ആരോഗ്യം സംഭവിക്കയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചപ്പോൾ ഞങ്ങൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. ആ ചിന്തകൾ എന്നെ പോലുള്ള കുറെ പെൺകുട്ടികളെ വളർന്ന വഴികളിൽ നിന്ന് മാറി നടക്കാൻ പ്രേരിപ്പിച്ചു.. മാൻഹോൾ എന്ന സിനിമ എടുത്ത സംസ്ഥാന അവാർഡുകൾ ലഭിച്ച ഈ വിധു വിൻസെന്റും കേരളത്തിൽ ജനിച്ചു വളർന്ന് ഈ ആൺലോകത്തോട് വഴക്കടിച്ച് വഴിമാറി നടന്നവളാണ്,

ഇന്ന്  “കലാമൂല്യമുള്ള “സിനിമകൾ എടുക്കുന്ന ഈ സംവിധായകരൊക്കെ
മികച്ച സിനിമകൾ വലിയൊരു പങ്കും കണ്ടിരുന്നത് അന്നൊക്കെ ഫിലീം സൊസൈറ്റി വഴിയായിരുന്നല്ലോ “… അവിടെ വൈകുന്നേരങ്ങളിൽ നിങ്ങൾ മദ്യപിച്ചും ബീഡി വലിച്ചും അല്ലാതെയും സിനിമ കണ്ട് ചർച്ച ചെയ്യുമ്പോൾ ഞങ്ങൾ പെൺ സിനിമാ മോഹികൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാതെ വീട്ടുകാരോട് പിണങ്ങി അത്താഴം മുടക്കി കരഞ്ഞു വീർത്ത കണ്ണുകളോടെ ഒരു മൂലക്കിരുന്നു സിനിമ സ്വപ്നം കാണുകയായിരുന്നു.

അന്നൊക്കെ അപൂർവ്വമായി നടക്കുന്ന ഫിലീം ഫെസ്റ്റിവലുകളിൽ മല കയറും പോലെ മുടങ്ങാതെ എത്തിച്ചേരാൻ ഞങ്ങളുടെ ആർത്തവവും പ്രസവവും കുഞ്ഞുകുട്ടി പരാധീനതകളും സമ്മതിച്ചിരുന്നില്ല. എങ്കിലും ആർക്കും അത്യാവശ്യമല്ലെങ്കിലും ഞങ്ങളും ഇടിച്ചു കയറി കുറെ സിനിമകൾ കണ്ടു. രാത്രി നീണ്ടു നിൽക്കുന്ന നിങ്ങളുടെ സിനിമാ ചർച്ചകളിൽ ഞങ്ങളില്ലായിരിക്കാം. മുറിയെടുത്ത് തിരക്കഥ രചിക്കാൻ, അവയെ കലാമൂല്യമുള്ള സിനിമയാക്കുവാൻ, ദിവസങ്ങളോളം അതിനായി തെണ്ടിതിരിഞ്ഞു ചിന്താമഗ്നരാവാൻ ഞങ്ങൾക്കു ഏറെ ആഗ്രഹമുണ്ട്! പക്ഷെ അങ്ങിനെയൊക്കെ ഒരു സംവിധായിക നടന്നാൽ പിന്നെ ആർക്കൊക്കെ കുരു പൊട്ടും എന്നു ഞാൻ പറയേണ്ടല്ലോ

ഞങ്ങൾക്ക് വ്യക്തി ജീവിതവും കലാജീവിതവും രണ്ടല്ല. ഇവ പരസ്പരം ഇഴപിരിഞ്ഞ് ഞങ്ങളെ എന്നും അസ്വസ്ഥപ്പെടുത്തിക്കൊണ്ടേ ഇരിക്കും. നിങ്ങളുടെ കാഴ്ചയിൽ തെളിയുന്ന ബിംബങ്ങളോ അവയുടെ കലാപരതയോ ഞങ്ങൾക്ക് സ്വീകാര്യമാകണമെന്നില്ല. വഴിമാറി നടക്കാൻ ഞങ്ങൾക്കും അവകാശമുണ്ട്. ചുറ്റുമുള്ള ലോകത്തെ അറിയാനും സിനിമ അറിയാനും അവയെ പരസ്പരം ബന്ധിപ്പിക്കാനും നടത്തുന്ന ശ്രമങ്ങളിൽ കരുത്ത ശക്തിയാണ് ആ നടത്തങ്ങളെ സജീവമാക്കുന്നത്. ഇതിന്റെ സംഘർഷമെന്തെന്ന് മനസ്സിലാക്കാൻ ഡോ ഇക്ബാലിന് പ്രയാസമില്ല എന്നു തന്നെയാണ് ഞാൻ വിചാരിക്കുന്നത്. ഈ സ്ത്രീ സർഗ്ഗാത്മക വഴികൾ വ്യത്യസ്തവും അവയുടെ ഭാഷ പെട്ടെന്ന് നിങ്ങൾക്ക് ദഹിക്കാത്തതുമായിരിക്കാം. പക്ഷെ പൂച്ചക്ക് ഇവിടെ എന്തു കാര്യമെന്നാണെങ്കിൽ ക്ഷമിക്കണം കുറച്ച് കാര്യമുണ്ട്. അടുത്ത വർഷങ്ങളിലും ഞങ്ങൾ ഇവിടെ തന്നെ കാണും കൂടുതൽ നിയതമായ ഭാഷ പതുക്കെ രൂപപ്പെടുത്തുകയും ചെയ്യും! വിധു വിൻസെന്റിനും അവൾക്കൊപ്പം സിനിമാ സ്വപ്നത്തിൽ പ്രവർത്തിച്ച എല്ലാവർക്കും സ്നേഹം, ഈ സിനിമാ ലോകം നമ്മളുടേതു കൂടിയാണ്.”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍