UPDATES

സിനിമ

മണിരത്നം, ഈ വിഗ്രഹം ഉടഞ്ഞു പോകുമോ?

Avatar

റമീസ് രാജയ്

കഴിഞ്ഞ 15 വര്‍ഷത്തിനിടയിൽ പറയത്തക്ക അത്ഭുതങ്ങൾ ഒന്നും കാണിക്കാത്ത ഒരു സംവിധായകനെ സിനിമ പ്രേമി എന്തിനിത്ര പ്രതീക്ഷിക്കണം? മൂപ്പരുടെ ബോക്സ്‌ ഓഫീസ് ഹിറ്റുകളെ  കുറിച്ച്  കേട്ടറിവു മാത്രമുള്ള പുതുതലമുറ സിനിമ പ്രാന്തനെ പോലും വാചാലനാക്കാൻ തക്ക ഒന്നായിരുന്നോ അയാൾ സൃഷ്ടിച്ചെടുത്ത സിനിമ  ശൈലി ?

32 വര്‍ഷത്തെ കരിയർ കൊണ്ട് പ്രതീക്ഷ വറ്റാത്തൊരു ബിംബമായി മാറിയ ഗോപാല രത്നം സുബ്രഹ്മണ്യമെന്ന മണിരത്നത്തെ കുറിച്ച് ഇങ്ങനെയൊക്കെ  ചോദിച്ചാൽ അതൊരു ആസക്തി ആണെന്ന് പറയാതിരിക്കാൻ തരമില്ല. ‘പല്ലവി അനുപല്ലവി’യിൽ തുടങ്ങിയ ആ സിനിമ പിടുത്തം കാഴ്ചക്കാരന്റെ ആസക്തിയായി മാറിയത് പല നാഴികക്കല്ലുകൾ താണ്ടിയാണ്.

1987-ൽ പുറത്തിറങ്ങിയ ‘നായകനാ’ണ് അദേഹത്തെ  ജീനിയസ് തലത്തിലേക്ക് ഉയര്‍ത്തിയത്. ഇന്ത്യയുടെ മഹാ നഗരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അരാജകത്വവും സമാന്തര നീതിപാലനവും അതിശക്തമായി ‘നായകനി’ൽ  അവതരിപ്പിക്കപ്പെട്ടു. അച്ഛൻ നഷ്ടപ്പെട്ട ബാല്യം മുതൽ മകൻ നഷ്ടപ്പെട്ട വാര്‍ധക്യം വരെയുള്ള മുഖ്യകഥാപാത്രത്തിന്റെ ജീവിതം വരച്ചിടുന്ന സിനിമ പേരിനെ അന്വര്‍ത്ഥമാകുന്നതാണ്. ട്രേഡ് യൂണിയൻ നേതാവായിരുന്ന അച്ഛന്റെ ഘാതകനെ കുത്തി വീഴ്ത്തി പാണ്ഡ്യ തേരോട്ട ഭൂമിയിൽ നിന്നും, മറാത്താ മണ്ണിലെത്തി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത വേലു നായിക്കന്റെ കഥയ്ക്ക് ‘നായകൻ’ എന്നതിനപ്പുറം ഒരു  പേരിടാനില്ല. അനാഥത്വത്തിന്റെ വേദനയിൽ നിന്നും ധാരാവിയുടെ അധിപനായി ഉയിർത്തെഴുനേല്‍ക്കുന്ന നായകന്റെ ആത്മ സംഘര്‍ഷങ്ങൾ  മുഴുവൻ  പ്രേക്ഷകനിലേക്ക് പകര്‍ന്നു തന്ന ‘തെൻപാണ്ടി ചീമയിലെ’ എന്ന ഇളയരാജ പാട്ട് ‘നായകനെ’ കൂടുതൽ ഹൃദ്യമാക്കി. ബോംബെയും അവിടുത്തെ  ചേരികളുടെ സാമൂഹിക അന്തരീക്ഷവും  നന്നായി ഫോക്കസ് ചെയ്ത സിനിമയിൽ മനസ്സിൽ തങ്ങി നില്‍കുന്ന ചില രംഗങ്ങളുണ്ട്. ചുവന്ന തെരുവിൽ കണ്ടുമുട്ടുന്ന പെണ്‍കുട്ടി പിറ്റേന്ന് തനിക്ക് പരീക്ഷ ഉള്ളതിനാൽ  വേഗം തിരികെ വിടണം എന്ന് നായ്ക്കരോട് പറയുന്ന രംഗം ചേരി ജീവിതത്തിന്റെ ഏറ്റവും ബീഭത്സമായ മുഖത്തെ കാണിച്ചുതന്നു. പിന്നീട് അതേ പെണ്‍കുട്ടി  നായ്ക്കരുടെ ജീവിതസഖി  ആയി മാറുന്നതിലൂടെ വളരെ  ധീരമായ ഒരു  പ്രണയ സങ്കല്പം മണിരത്നം പറഞ്ഞുവെച്ചു. കഥാപാത്രത്തിന്റെ സ്വഭാവ രൂപീകരണത്തിന്റെ  പശ്ചാത്തലത്തിൽ നിന്നു തുടങ്ങി ചടുലമായ യൌവനത്തിലേക്കും പിന്നെ  തീക്ഷ്ണമായ വാർധക്യത്തിലേക്കും ഒടുവിൽ മരണത്തിലേക്കും നീളുന്ന  ഇതിഹാസ തുല്യമായ  കഥ പറച്ചിൽ ശൈലി നായകനെ  ലോക നിലവാരത്തിലെത്തിച്ചു.  ചരിത്രത്തിലെ ഏറ്റവും മികച്ച  100  സിനിമകളുടെ പട്ടിക ടൈം മാഗസിൻ പുറത്തിറക്കിയപ്പോൾ അതിൽ ‘നായകൻ’ ഉൾപ്പെട്ടതും  അതുകൊണ്ട് തന്നെ.

1990-ൽ  ഇറങ്ങിയ ‘അഞ്ജലി’  ജന്മനാ ബുദ്ധി വളര്‍ച്ച ഇല്ലാത്ത കുട്ടി പിറക്കുന്നതിനെ തുടര്‍ന്നു ഒരു ദാമ്പത്യത്തിൽ ഉണ്ടാകുന്ന  വൈകാരിക സംഘര്‍ഷങ്ങളാണ് പങ്കുവെച്ചത്. കുറെയൊക്കെ നാടകീയമായ കഥ പശ്ചാത്തലമായിരുന്നിട്ടും ആ വൈകാരികത കൊണ്ടാവണം, സിനിമ ശ്രദ്ധിക്കപ്പെട്ടു. അതിമാനുഷിക ധീരത പ്രകടമാകുന്ന നായക സങ്കല്പങ്ങളിൽ നിന്നും തികച്ചും വത്യസ്തമായി  അവ്യാജമായ ഒരു നായക സങ്കല്പം ‘അഞ്ജലി’യിൽ കാണാം, വേദനകൾ സ്വയം ഒതുക്കാൻ ശ്രമിക്കുന്ന രഘുവരന്റെ കഥാപാത്രത്തിലൂടെ. സാമൂഹിക പ്രസക്തമായ ചില  കാര്യങ്ങളും  സിനിമ  അവതരിപ്പിക്കുന്നുണ്ട്. അന്യന്റെ സ്വകാര്യതയിൽ ഒളിഞ്ഞു നോക്കുകയും അവന്റെ വേദനയിൽ പോലും പരദൂഷണം പറയുകയും ചെയ്യുന്ന മനുഷ്യക്കൂട്ടങ്ങളെ  ചിത്രം ചോദ്യം ചെയ്യുന്നു. കുട്ടികളുടെ മുഴുനീള സാന്നിധ്യമുള്ള  അഞ്ജലിയിൽ  മുതിര്‍ന്നവരേക്കാൾ വിവേകം ചിലപ്പോഴൊക്കെ കുഞ്ഞുങ്ങൾ കാണിക്കുമെന്ന വസ്തുത വ്യക്തമാകുന്നുണ്ട്. ബേബി ശ്യാമിലിയുടെ മികച്ച പ്രകടനം കൂടി ആയപ്പോൾ സിനിമ ദേശീയ അവാര്‍ഡ്‌ നേടുകയും അക്കൊല്ലത്തെ ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

1997-ൽ ഇറങ്ങിയ ‘ഇരുവരും’ മറ്റൊരു ഇതിഹാസമായി. നാടകനടനിൽ നിന്ന് മക്കൾ തിലകമായി മാറിയ ആനന്ദന്റെയും എഴുത്തുകാരനിൽ നിന്ന് കലൈഞ്ജർ പദവിയിലേക്കുയർന്ന തമിഴ് ശെല്‍വന്റെയും കഥ. ആര്യ മേധാവിത്വത്തിനെതിരെ ഉയര്‍ന്നു വന്ന ദ്രാവിഡ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയും അതിനു സമാന്തരമായി  തീവ്ര പ്രണയവും പകര്‍ന്നു തന്ന മണിരത്നം മാജിക്‌. വൈരമുത്തുവിന്റെ വരികൾ  സിനിമയ്ക്ക്  കാവ്യഭംഗിയേകി . “ഉന്നോടു നാൻ ഇരുന്ത ഒവ്വൊരു മണി തുള്ളിയും” എന്ന് തുടങ്ങുന്ന വരികൾ വല്ലാത്തൊരു വികാര തലത്തിലേക്കാണ് സ്വപ്നം കാണാൻ കഴിവുള്ള പ്രേക്ഷകനെ കൊണ്ടുപോയത്. സുഹൃത്തുക്കളായും പിന്നെ പ്രതിയോഗികളായും മാറുന്ന ആനന്ദന്റെയും ശെല്‍വത്തിന്റെയും  രാഷ്ട്രീയത്തിനപ്പുറത്തെ  ആത്മബന്ധത്തിന്റെ കഥ കൂടിയാണ് ഇരുവർ. ആനന്ദന്റെ സിനിമ പ്രവേശത്തിൽ തുടങ്ങി, ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച് ഒടുവിൽ ആനന്ദന്റെ മരണത്തിൽ അവസാനിക്കുന്ന ചിത്രത്തിൽ, നേതൃത്വ മാറ്റവും ദ്രാവിഡ കക്ഷിയുടെ പിളർപ്പുമെല്ലാം സമര്‍ത്ഥമായി അവതരിപ്പിച്ചു. ശെല്‍വം പ്രസംഗിച്ചു കൊണ്ടിരുന്ന ഒരു വേദിയിലേയ്ക്ക് ആനന്ദൻ കടന്നു വരുന്ന ഒറ്റ സീൻ മതി ആ സാമര്‍ത്ഥ്യം അളക്കാൻ. തമിഴ്നാന്‍റെ രാഷ്ട്രീയ ചരിത്രത്തിന്റെ റഫറന്‍സായിപ്പോലും ഉപയോഗിക്കാവുന്ന സിനിമ, ആനന്ദന്റെ മരണശേഷം രാഷ്ട്രീയ പ്രതിയോഗിയായ ശെല്‍വം പഴയ തോഴനോട് നടത്തുന്ന  ആത്മഗതത്തോടെ  ഷേക്സ്പിയർ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ അവസാനിക്കുന്നു.

2000-ൽ ചെന്നൈ നഗരവും സബര്‍ബൻ ട്രെയിനും ഉപയോഗിച്ച് മണിരത്നം കാർത്തിക്കിന്റെയും ശക്തിയുടെയും പ്രണയം പറഞ്ഞപ്പോൾ അത് ‘അലൈ പായുതേ’ ആയി. മുഴുനീള റൊമാന്റിക്‌ സ്വഭാവം പുലര്‍ത്തിയ ഈ ചിത്രത്തിന്റെ ഉള്ളിൽ പ്രണയത്തിനിടയിലൂടെ സമൂഹത്തിലെ വിവിധ തട്ടിലുള്ളവർ തമ്മിലെ ഇഗോ സംഘട്ടനവും കാണാം. ശക്തിയെ കാണാൻ കാര്‍ത്തിക്കിന്റെ മാതാപിതാക്കൾ വരുന്ന ഒരു രംഗത്തിലൂടെ മണിരത്നം സിനിമയെ റോമാൻസിനപ്പുറത്തെ യാഥാർഥ്യത്തിലേയ്ക്ക് കൊണ്ടുവന്നു. അഡ്വക്കേറ്റ് ആയ അച്ഛൻ  മകന് വേണ്ടി പെണ്ണ് ചോദിക്കാൻ വരുന്ന ആ രംഗത്തിൽ ഈഗോ  ഒളിപ്പിച്ചു വെച്ച്  തന്റെ എളിമ  വിശദീകരിക്കാൻ ശ്രമിക്കുന്നു. പക്ഷെ അത് വളരെ നെഗറ്റീവ് ആയി മാറുകയും റെയില്‍വേ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ശക്തിയുടെ അച്ഛന്റെ അപകര്‍ഷതാ ജനിതമായ ഇഗോയുമായി അത് കൂട്ടിമുട്ടുകയും ചെയ്യുന്നു. പല പ്രണയങ്ങളിലും സംഭവിക്കുന്ന ഒരു യാഥാര്‍ത്ഥ്യം പറഞ്ഞത്  കൊണ്ടാവണം അലൈപായുതേ പ്രക്ഷകൻ ഏറ്റെടുത്തത്. എ ആർ റഹ്മാന്റെ അനുഗൃഹീത സംഗീതം കൂടിയായപ്പോൾ ‘അലൈ പായുതേ’ ഒരു സമ്പൂർണ്ണ റൊമാന്റിക്‌ ഹിറ്റ്‌ ആയി മാറി.

ഈ നാല് ചിത്രങ്ങളെ വിലയിരുത്തിയാൽ  ഒരു കാഴ്ചക്കാരന്റെ മനസ്സിൽ മണിരത്നം ആരാധന രൂപപ്പെട്ടുവന്നൊരു വഴി കാണാം. ബഹുമുഖമെന്നു പറയാമെങ്കിലും നാലിലും പ്രണയം തന്നെയാണ് അടിസ്ഥാന ഘടകം. ഒരര്‍ത്ഥത്തിൽ മണിരത്നം പ്രണയം മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന് പറയുന്നവരുണ്ട്. ശരിയാണ്. പറഞ്ഞ കഥകൾ  വ്യത്യസ്തമായപ്പോഴും അത് കണ്ടിരിക്കുന്നവനെ  ഏതോ അദൃശ്യ ശക്തി എന്നോണം ലയിപ്പിച്ചിരുത്താൻ  മണിരത്നം പ്രണയത്തെ കഥകള്‍ക്കുള്ളിൽ ഒളിപ്പിച്ചിട്ടിരുന്നു. ആ പ്രണയത്തിന്റെ  വശ്യതയിലാണ് പ്രക്ഷകൻ  മണിരത്നം സിനിമയ്ക്ക് മുന്നിൽ കീഴടങ്ങിയത്. സംഗീതത്തെയും അദ്ദേഹം  മനോഹരമായി  ഉപയോഗിച്ചു. ആ സംഗീതത്തിനു രണ്ടു വിഭജന കാലങ്ങളുണ്ട്. ഒരു ഇളയരാജ കാലവും ഒരു റഹ്മാൻ കാലവും. നായകനും അഞ്ജലിയും ഇളയരാജ കാലത്തെ സൃഷ്ടികളാണ്. ഇളയരാജയിൽ നിന്നും റഹ്മാനിലേക്കു സഞ്ചരിച്ചപ്പോൾ മണിരത്നം സിനിമ സംഗീതവുമായി ഉണ്ടാക്കിയിരുന്ന രഹസ്യ ബന്ധം മറനീക്കി  പുറത്തു വരുകയും സിനിമയുടെ പ്രാണവായു ആയി അത് മാറുകയും ചെയ്തു. ‘ഇരുവറി’ലും ‘അലൈ പായുതേ’യിലും അതനുഭവിക്കാം.

അങ്ങനെ സംഗീതത്തിന്റെയും  പ്രണയത്തിന്റെയും പിന്‍ബലത്തിൽ തീര്‍ത്ത ഒരു അച്ചിൽ പലവിധ ജീവിതങ്ങൾ നിറച്ചു കഥ പറഞ്ഞു പറഞ്ഞു, ആസ്വാദക മനസിലെ  പ്രതിഷ്ഠയായി  ആ പേര് മാറി . അങ്ങനെ വിഗ്രഹവല്‍ക്കരിക്കപ്പെട്ട ഒരു പ്രതിഭയോടുള്ള അടങ്ങാത്ത ആസക്തിയാണ് അത്ഭുതങ്ങളില്ലാത്ത ഒന്നര പതിറ്റാണ്ടിനിപ്പുറവും കാഴ്ചക്കാരനെ മോഹിപ്പിക്കുന്നത്.

ആ മോഹം ചിലപ്പോൾ വളർന്നു, ചിലപ്പോൾ തളർന്നു. പക്ഷേ ഒരിക്കലും അവസാനിച്ചില്ല. ജീവിതാംശം നഷ്ടമായതും പ്രണയാംശം ആവർത്തന വിരസമായതും 2000-നു ശേഷമുള്ള ചിത്രങ്ങൾക്ക് വെല്ലുവിളിയായി. ‘ദളപതി’യിൽ മഹാഭാരത സ്വാധീനമുള്ള കഥ പറഞ്ഞു വിജയിപ്പിച്ചയാൾക്ക് ‘രാവണനി’ൽ രാമായണ കഥ കൈകാര്യം ചെയ്തപ്പോൾ കാലിടറിയത് അതിനാടകീയത കൊണ്ടായിരുന്നു. എങ്കിലും ഒരു കാഴ്ചയുടെ വിസ്മയവും പ്രതിനായക കഥാ പരീക്ഷണവും ഒരുക്കാൻ രാവണനു സാധിച്ചു.

വിഗ്രഹത്തെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിനെതിരേ ഉയർന്ന ആരോപണങ്ങളും ചർച്ച ചെയ്യണം. ഇന്ത്യൻ സിനിമയെ തകർത്തു, പ്രേക്ഷകന്റെ സെൻസിബിലിറ്റി നശിപ്പിച്ചു തുടങ്ങിയ ആരോപണങ്ങൾ മണിരത്നം സിനിമകൾ അഭിമുഖീകരിച്ചു. രാഷ്ട്രീയമോ വേരുകളോ ഇല്ലാത്ത വെറും ദൃശ്യവിസ്മയങ്ങൾ മാത്രമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളെന്ന ആരോപണം സിനിമാ രംഗത്തു നിന്നു തന്നെ ഉയർന്നു. കാഴ്ചയിലെ ഭംഗിക്കപ്പുറം ഒരു ലക്ഷ്യവും മണിരത്നം എന്ന ചലച്ചിത്രകാരന് ഇല്ലെന്ന വിമർശനങ്ങളും ഉണ്ടായി.

രാഷ്ട്രീയമോ വേരുകളോ ഇല്ല മണിരത്നം ചിത്രങ്ങൾക്ക് എന്ന വാദത്തോട് മേൽ‌പ്പറഞ്ഞ സിനിമകൾ പരിശോധിക്കുമ്പോൾ യോജിക്കാനാവില്ല. ‘ഇരുവര്‍’ ഒരു ജീവചരിത്ര സിനിമ ആയി മാറ്റി നിർത്തിയാൽ ബാക്കി മൂന്നിനും ഒരു സാമൂഹിക ശാസ്ത്രമുണ്ട്. ഈ സാമൂഹികത ഉന്നം വച്ചുള്ളതോ സ്വാധീന ശക്തി ഉള്ളതോ ആയ ഒരു രാഷ്ട്രീയമായി വിലയിരുത്തപ്പെടണമെന്നില്ല. മണിരത്നത്തിന് സിനിമ സംവിധായകന്റെ കല ആയിരുന്നു. കലാമൂല്യത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. അദ്ദേഹം കാഴ്ചകൾ തന്നു, അത് ഉണർത്തേണ്ട ചിന്ത പ്രേക്ഷകന്റെ യുക്തി ആയി മാറി. സിനിമയെ ഒരു വിനോദോപാധി എന്നതിനപ്പുറം കാണുന്നവർക്ക് മണിരത്നം എന്ന ജീനിയസ് ഫിലിം മേക്കർ കുറേക്കൂടി ബോൾഡ് ആയ പൊളിറ്റിക്കൽ സിനിമകൾ എടുക്കണം എന്ന ആഗ്രഹം ഉണ്ടാകാം. അതിൽ പോസിറ്റീവ് ആയ ഒരു ആവശ്യോക്തി ഉണ്ട്. അതിനപ്പുറം, ഇന്ത്യൻ സിനിമയെ തകർത്തു തുടങ്ങിയ ആരോപണങ്ങൾ നെഗറ്റീവ് ആയേ വിലയിരുത്തപ്പെടൂ.

സിനിമ എന്ന സ്വപ്നം കാണുന്നവന്റെ കലയ്ക്ക് ഭംഗി ഒരു അലങ്കാരമായ സ്ഥിതിക്ക് കാണാൻ ഭംഗി ഉള്ളതു മാത്രം സൃഷ്ടിച്ചു എന്നത് ഒരു ആരോപണമല്ലല്ലോ. സിനിമ വ്യവസായവും വ്യവസായം ലാഭ കേന്ദ്രീകൃതവും ആയ ഒരു സമൂഹത്തിൽ അത്തരം അലങ്കാരങ്ങൾ സംവിധായകന്റെ കൌശലമാണ്. സമാന്തര  സിനിമയുടെയത്ര ലൗഡ് അല്ലാതെ രാഷ്ട്രീയം പറയുന്ന കച്ചവട സിനിമകൾ  പലപ്പോഴും  ചര്‍ച്ച ചെയ്യപ്പെടുന്നത്  അത്തരം കൗശലങ്ങൾ  കൊണ്ടാണല്ലോ.

പല തരം സിനിമകൾ ഇറങ്ങുകയും അത് കാണാനും സ്വീകരിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ടായിരിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് ഒരു സംവിധായകന്റെ സിനിമകൾ ഒരു തലമുറയുടെ സെൻസിബിലിറ്റി നശിപ്പിച്ചു എന്നു പറയുന്നത് വസ്തുതാ വിരുദ്ധമാണ്. മണിരത്നത്തെ കണ്ടു സിനിമ പഠിച്ചു എന്ന് അവകാശപ്പെടുന്ന ഗൌതം മേനോൻ ഉൾപ്പടെയുള്ളവർ ആ ചട്ടക്കൂട് മാത്രമാണ് അനുവർത്തിച്ചത്. പ്രണയത്തിനും സംഗീതത്തിനും അപ്പുറം ഒന്നും അവരതിൽ നിറച്ചില്ല. അത്തരം ചിത്രങ്ങൾ വേരുകളില്ലാത്ത വർണ്ണക്കാഴ്ചകൾ മാത്രമായി ഒതുങ്ങുകയും ചെയ്തു. മണിരത്നം ഓരോ പ്രദേശത്തിന്റെയും സാഹചര്യത്തിന്റെയും പ്രണയമാണ് പറഞ്ഞു വച്ചത്. ‘അലൈ പായുതേ’യിൽ സബർബൻ ട്രെയിനുകൾ പ്രണയ വാഹകരായി. അതു കണ്ടു പിന്നീട് പല ചിത്രങ്ങളിലും മറ്റു പലരും ട്രെയിനുകൾ ഉപയോഗപ്പെടുത്തിയെങ്കിലും അതിനൊക്കെ കാഴ്ചാ ഭംഗിക്കപ്പുറം ഒന്നും പങ്കു വയ്ക്കാനായില്ല എന്നതാണു സത്യം.

എന്തായാലും ‘ഓ കാതൽ കണ്മണി’യുമായി അദ്ദേഹം വീണ്ടും എത്തുന്നുണ്ട്. ദുൽഖറും നിത്യ മേനോനും ജോഡികളാകുന്ന ചിത്രം താ‍ര, ആദി എന്നീ പേരുകളാലും റഹ്മാന്റെ അഭിനിവേശമുണർത്തുന്ന ഈണങ്ങളാലും പ്രേക്ഷകരുടെ മനസ്സിൽ ആ മാജിക് മോഹത്തിന്റെ തിരി വീണ്ടും തെളിയിച്ചിരിക്കുന്നു. ‘ഓ കെ കണ്മണി’ ഓ കെ ആണോ എന്നറിയാൻ ഏപ്രിൽ 10 വരെ കാത്തിരിക്കാം. പക്ഷേ ഇത്തവണ കൂടി മോഹിച്ചവന്റെ മനസ്സ് നൊന്താൽ വിഗ്രഹത്തിനു പഴയ പ്രതാപ കാലം ഓർമ്മകളിൽ മാത്രം ഒതുക്കേണ്ടി വരും.

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച റമീസ് രാജയുടെ ലേഖനം

വെറുമൊരു ആശംസാദിനം മാത്രമാക്കി വനിതാദിനത്തെ ഒതുക്കരുത്

(ദുബായില്‍ സിവില്‍ എഞ്ചിനീയറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍