UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരമാവധി ഭരണനിര്‍വഹണം, കുറവ് സര്‍ക്കാര്‍ അഥവാ പോളിന് ശമ്പളം കൊടുക്കാന്‍ പീറ്ററിനെ കൊള്ളയടിക്കുന്ന പരിപാടി

Avatar

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്ത് രാജ് മന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം.

പാര്‍ലമെന്റില്‍ നയപ്രഖ്യാപനം നടത്തിയതിന് ഇന്ത്യന്‍ പ്രസിഡന്റിനോട് നന്ദി രേഖപ്പെടുത്തുന്നതിനൊപ്പം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരു പ്രസിഡന്റും ഇതുവരെ ചെയ്തിട്ടില്ലാത്ത വിധം നിര്‍ജ്ജീവം എന്ന് നിസംശയം പറയാവുന്ന ഒരു പ്രസംഗം നടത്തേണ്ടി വന്നതിന് അദ്ദേഹത്തോടുള്ള അനുകമ്പ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഏകീകൃതമായ ഒരു കാഴ്ചപ്പാടും ആ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല. ഒരു ദീര്‍ഘകാല ലക്ഷ്യങ്ങളും വിവരിക്കപ്പെട്ടില്ല. എന്തിന് പ്രസംഗത്തിന് ഒരു പ്രമേയം പോലും ഉണ്ടായിരുന്നില്ല. ഇതുവരെ സര്‍ക്കാര്‍ ചെയ്തു എന്ന് അവകാശപ്പെടുന്നതും ഇനി ഭാവിയില്‍ ചെയ്യും എന്ന് അവകാശപ്പെടുന്നതുമായ കാര്യങ്ങളുടെ ഒരു വിഴുപ്പുഭാണ്ഡം മാത്രമായി ആ പ്രസംഗം ചുരുങ്ങിപ്പോയി.

പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ കുറിച്ചുള്ള പരാമര്‍ശം മാത്രമായി എന്റെ പ്രസംഗം ചുരുക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ ധനകാര്യമന്ത്രി ഇടയ്ക്ക് ഇടപെട്ടതിനാല്‍ അതിന് കൂടി മറുപടി പറയാന്‍ ഞാന്‍ ബാധ്യസ്ഥനായിരിക്കുന്നു. നമ്മുടെ നിലപാട് വ്യവസായവല്‍ക്കരണത്തിനും നഗരവല്‍ക്കരണത്തിനും എതിരാണ് എന്ന രീതിയില്‍ അദ്ദേഹം കാര്യങ്ങളെ വളച്ചൊടിക്കുന്നു. സത്യത്തിനപ്പുറം ഒന്നുമില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴും പോളിന് ശമ്പളം കൊടുക്കാന്‍ വേണ്ടി പീറ്ററിനെ കൊള്ളയടിക്കാനാവില്ല എന്ന് നമ്മള്‍ മനസിലാക്കണം. ഭൂമി ഏറ്റെടുക്കല്‍ നിയമനിര്‍മാണത്തിന്റെ ഉദ്ദേശം വ്യവസായവല്‍ക്കരണത്തെയും നഗരവല്‍ക്കരണത്തെയും തടയുകയല്ല. മറിച്ച്, സ്വന്തം താല്‍പര്യപ്രകാരമല്ലാതെ ഭൂമിയും സ്വത്തും നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുക എന്നതാണ്. എന്നാല്‍ അവര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാകുന്നില്ല. ആരാണ് വില്‍ക്കുന്നതെന്നും വാങ്ങുന്നതെന്നും നിശ്ചയിക്കാന്‍ കമ്പോളശക്തികളെ അനുവദിക്കുന്നതിന് പകരം, സര്‍ക്കാര്‍ ഇടപെട്ട് ഭൂമി ഏറ്റെടുത്ത് സ്വകാര്യ സംരംഭകര്‍ക്ക് നല്‍കുന്ന പരിപാടി വളരെ മോശവുമാണ്. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി അതിന്റെ തന്നെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും അല്ലാതെ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കരുതെന്നും പറയുന്ന ഒരു ഭൂമി ഏറ്റെടുക്കല്‍ സിദ്ധാന്തം (doctrine of eminent domain) തന്നെ നിലവിലുണ്ട്. ഒരു റയില്‍വേ ലൈനിന് വേണ്ടിയോ ഹൈവേയ്ക്ക് വേണ്ടിയോ കനാലിന് വേണ്ടിയോ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത് എനിക്ക് മനസിലാവും. എന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യചൂഷണത്തിനായി ഒരു വ്യവസായിക്ക് വിട്ടുകൊടുക്കുക എന്ന സങ്കല്‍പം എനിക്ക് മനസിലാവില്ല.

ഉല്‍പാദനത്തിന്റെ മൂന്ന് ഘടകങ്ങളെ കുറിച്ച് ധനമന്ത്രിക്ക് ബോധ്യമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു. മൂലധനത്തിന്റെ ഘടകങ്ങളും തൊഴിലിന്റെ ഘടകങ്ങളും ഭൂമിയുടെ ഘടകങ്ങളും നിലനില്‍ക്കുന്നുണ്ട്, സര്‍. നമ്മുടെ സംവിധാനത്തില്‍, സ്വകാര്യമേഖലയ്ക്കായി സര്‍ക്കാര്‍ മൂലധനം സ്വരൂപിക്കാറില്ല. അതുപോലെ തന്നെ, അടിമത്ത സമ്പദ് വ്യവസ്ഥയ്ക്ക് കാരണമാകും എന്നതിനാല്‍ തൊഴിലാളികളെയും സര്‍ക്കാര്‍ ഏറ്റെടുത്ത് സ്വകാര്യമേഖലയ്ക്ക് കൈമാറാറില്ല. അങ്ങനെ വരുമ്പോള്‍ എങ്ങനെയാണ് സര്‍ക്കാരിന് ഭൂമി ഏറ്റെടുത്ത് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ സാധിക്കുക? സ്വകാര്യമേഖലയില്‍ സംഭവിക്കുന്ന വമ്പിച്ച വ്യവസായവല്‍ക്കരണം തൊഴില്‍രഹിത വളര്‍ച്ചയ്ക്കാണ് വഴിവെക്കുന്നത് എന്നതാണ് മറ്റൊരു ദയനീയമായ കാര്യം. രാജ്യത്തെ വന്‍വ്യവസായങ്ങളും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ്, യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു നിശ്ചിത സമയത്ത്, അതായത് യുപിഎ ഭരണത്തിന്റെ തുടക്കം മുതല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ പകുതി വരെയുള്ള കാലയളവില്‍, വളര്‍ച്ചയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായിട്ടും, ആ സമയത്ത് വന്‍വ്യാവസായിക വളര്‍ച്ച ഉണ്ടായിട്ടും പുതുതായി എടുത്തുപറയാവുന്ന രീതിയിലുള്ള തൊഴിലവസരങ്ങളൊന്നും സൃഷ്ടിക്കപ്പെടാതിരുന്നത്. എന്നാല്‍ കൂടുതല്‍ തൊഴിലധിഷ്ടിതമായ കാര്‍ഷികമേഖലയില്‍ നിന്നും ആളുകളെ ഇറക്കി വിടുകയും കൂടുതല്‍ മൂലധനാധിഷ്ടിതവും സാങ്കേതികാധിഷ്ടിതവുമായ വ്യവസായത്തെ അവിടെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

തങ്ങള്‍ തന്നെ തിരഞ്ഞെടുത്ത് വിട്ട സര്‍ക്കാര്‍, തങ്ങളുടെ ഭയങ്ങള്‍ക്ക് ശബ്ദം നല്‍കാന്‍ ഒട്ടും കഴിവില്ലാത്ത ജനലക്ഷങ്ങളെ തങ്ങളുടെ ആസ്തികളില്‍ നിന്നും ഇറക്കിവിടുന്നു എന്ന വലിയ പ്രശ്‌നമാണ് ഇപ്പോള്‍ രാജ്യം അഭിമുഖീകരിക്കുന്നത്. എത്ര മഹത്തായ കാര്യത്തിന് വേണ്ടിയായാലും സ്വന്തം ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചാല്‍ ജെയ്റ്റ്‌ലി ആത്മസംതൃപ്തിയോടെ വിശ്രമിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം ആ ഏറ്റെടുപ്പിനെ ഏതിര്‍ക്കും. അതുകൊണ്ടാണ് ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ തന്റെ കക്ഷികളുടെ സ്വകാര്യസ്വത്ത് സംരക്ഷിക്കുന്നതില്‍ അദ്ദേഹം ഇത്രയും വ്യഗ്രത കാണിക്കുന്നത്. അങ്ങനെയാണ് അദ്ദേഹം അത് ചെയ്തത്. അപ്പോള്‍, തൊഴില്‍പരമായി സ്വകാര്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വ്യഗ്രത കാണിക്കുന്ന അതേ ആള്‍ തന്നെ മന്ത്രിപദവിയില്‍ എത്തിയതോടെ ദരിദ്രരായ ജനങ്ങളെ സ്വകാര്യസ്വത്തില്‍ നിന്നും ആട്ടിയോടിക്കാന്‍ ശ്രമിക്കുന്നു.

ഞാന്‍ കൂടി അംഗമായിരുന്ന ഒരു കമ്മിറ്റി, ഗ്രാമീണ വികസനത്തിനായുള്ള സ്റ്റാന്റിംഗ് കമ്മിറ്റി, പഴയ ബ്രീട്ടിഷ് കോളനികളായിരുന്ന ചില കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഒഴികെ ലോകത്തൊരിടത്തും സ്വത്ത് ഏറ്റെടുക്കാന്‍ അനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയതാണ് മറ്റൊരു പ്രധാന കാര്യം. യുഎസില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഇല്ല, കാനഡയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഇല്ല, ഫ്രാന്‍സില്‍ ഭൂമി ഏറ്റെടുക്കല്‍ ഇല്ല, ജപ്പാനില്‍ ഭൂമി ഏറ്റെടുക്കല്‍ ഇല്ല. ജപ്പാന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ നാരിത വിമാനത്താവളത്തിന്റെ നിര്‍മാണഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ അവര്‍ക്ക് സാധിക്കാതിരിക്കുകയും, വില്‍ക്കാന്‍ താല്‍പര്യം ഉള്ളവരില്‍ നിന്നും വിലകൊടുത്ത് ഭൂമി വാങ്ങാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. ഇത്തരം ഒരു സാഹചര്യത്തില്‍, ഭൂമി ഏറ്റെടുക്കല്‍ ചട്ടവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളെ വ്യവസായ വിരുദ്ധവും നഗരവല്‍ക്കരണ വിരുദ്ധവുമായി തെറ്റിധരിക്കുകയും തെറ്റായി വിശേഷിപ്പിക്കുകയും ചെയ്യുന്നത് ഒരു അഭിഭാഷകന്റെ വാചാടോപമായി മാത്രമേ കാണാന്‍ സാധിക്കു. ഇക്കാര്യത്തില്‍ അരുണ്‍ ജയ്റ്റ്‌ലി പ്രഗത്ഭനാണ് താനും. അഭിമുഖീകരിക്കേണ്ടതായ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കൗശലകരമായ പ്രയോഗങ്ങള്‍ നടത്തുന്നതിന് പകരം അത്തരം പ്രശ്‌നങ്ങളെ നേരിടാന്‍ ധനകാര്യമന്ത്രി തയ്യാറാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്തരം പ്രശ്‌നങ്ങള്‍ ന്യായമായി പരിഹരിക്കാന്‍ അദ്ദേഹം തയ്യാറാവുന്നില്ലെങ്കില്‍, അവര്‍ ദരിദ്രരും ശബ്ദമില്ലാത്തവരുമാണെന്ന കാരണത്താല്‍ മാത്രം ഇന്ത്യയിലെ ജനങ്ങള്‍ അവരുടെ ഭൂമിയില്‍ നിന്നും ആട്ടിയിറക്കപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഞങ്ങള്‍ അത്തരം പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ മുന്നില്‍ യുക്തമായ രീതിയില്‍ തന്നെ അവതരിപ്പിക്കും.

സര്‍, കഴിഞ്ഞ ഒമ്പത് മാസമായി ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് ഒരു പ്രമേയത്തിന്റെ പുറത്താണെന്ന് പറയാം. സഹകരണ ഫെഡറിലിസം അല്ലെങ്കില്‍ മത്സരാധിഷ്ടിത ഫെഡറിലിസം എന്ന പ്രമേയമാണത്. ആ സങ്കല്‍പത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അതുകൊണ്ട് തന്നെ, ഈ അടുത്ത കാലത്ത് സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കാവുന്ന ദേശീയ ധനകാര്യ വിഭങ്ങളുടെ ശതമാനം 32ല്‍ നിന്നും 42 ആയി വര്‍ദ്ധിപ്പിക്കാന്‍ സമീപകാലത്ത് ജെയ്റ്റ്‌ലി എടുത്ത തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന ഇന്ത്യയെ ഒരു ഫെഡറേഷനായി അംഗീകരിച്ചിട്ടില്ലെന്ന വസ്തുത സഹകരണ ഫെഡറിലിസം എന്ന് കെണിയില്‍ പതിക്കുന്നതിന് മുമ്പ് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ‘ഫെഡറല്‍ സ്വഭാവമുള്ള സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് നമ്മുടേത്,’ എന്ന ഡോ. അംബേദ്കറിന്റെ പ്രസിദ്ധവചനങ്ങള്‍ നമ്മള്‍ ഓര്‍ക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ, ഭരണഘടനയോടുള്ള അതിന്റെ ഉത്തരവാദിത്വം ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധ്യമല്ല.

സര്‍, ഇപ്പോഴത്തെ സര്‍ക്കാരിന്റെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ശ്രദ്ധ, പ്രത്യേകമായ ശ്രദ്ധ, ഭരണഘടനയെ അവഹേളിക്കുന്നതിനാണ് എന്ന് പറയേണ്ടിയിരിക്കുന്നു. നമ്മുടെ ഭരണഘടന മൂന്ന് തരത്തിലുള്ള സര്‍ക്കാരിനെ വിഭാവന ചെയ്യുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പഞ്ചായത്തീരാജ് സ്ഥാപനങ്ങളുമാണത്. കുറഞ്ഞ സര്‍ക്കാരും പരമാവധി ഭരണനിര്‍വഹണവും എന്ന സങ്കല്‍പത്തില്‍ വിശ്വസിക്കുന്ന എന്ന് അവകാശപ്പെടുന്ന ഒരു സര്‍ക്കാരില്‍ പ്രദേശിക സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് യാതൊരു സ്ഥാനവും ഇല്ലെന്നുള്ള വസ്തുത അത്ഭുതാവഹമാണ്. നമ്മുടെ നിഷ്‌കളങ്കനായ പ്രസിഡന്റിനെ കൊണ്ട് വായിപ്പിച്ച നിരവധി മനംമടുപ്പിക്കുന്ന ഖണ്ഡികകളില്‍ പഞ്ചായത്തുകളെയോ മുന്‍സിപ്പാലിറ്റികളെയോ സംബന്ധിച്ച ഒരു വാക്ക് പോലും ഉള്‍പ്പെടുത്തിയിട്ടില്ല. സര്‍, ഇപ്പോള്‍ നമ്മള്‍ 9, 9എ എന്നിങ്ങനെ വിശേഷിപ്പിക്കുന്ന ഭരണഘടനയുടെ 73, 74 ഭേദഗതികള്‍ 25 വര്‍ഷം മുമ്പ് ഈ പാര്‍ലമെന്റ് പാസാക്കുകയും സര്‍ക്കാര്‍ വിളംബരപ്പെടുത്തുകയും ചെയ്തതാണ്. ഗ്രാമീണ, നഗരമേഖലകളിലെ പ്രാദേശിക സമൂഹങ്ങള്‍ക്ക് സ്വന്തം സര്‍ക്കാരും സ്വയംഭരണവും ഉറപ്പ് നല്‍കാതെ, കുറഞ്ഞ സര്‍ക്കാരും കൂടുതല്‍ ഭരണനിര്‍വഹണവും എന്ന് രണ്ട് തത്വങ്ങളും പാലിക്കാന്‍ സാധിക്കില്ല. സമൂഹങ്ങളെ, പ്രാദേശിക സമൂഹങ്ങളെ പരമാവധി ശാക്തീകരിക്കുകയും, സമൂഹങ്ങള്‍ക്ക്, പ്രാദേശിക സമൂഹങ്ങള്‍ക്ക് പരമാവധി കൈമാറ്റം നടത്തുകയും ചെയ്യുക എന്നതായിരിക്കണം പരമാവധി ഭരണംനിര്‍വഹണം കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ പ്രസിഡന്റിന്റെ പ്രസംഗത്തില്‍ ‘ഇന്ത്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നു,’ എന്ന തേഞ്ഞ പ്രയോഗം പലതവണ ആവര്‍ത്തിക്കുമ്പോഴും, തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളെയും നഗര പ്രാദേശിക സ്ഥാപനങ്ങളെയും ശാക്തീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു താല്‍പര്യവും കാണിക്കുന്നില്ല. പഞ്ചായത്തുകളെയും മുന്‍സിപ്പാലിറ്റികളെയും അവഗണിച്ചുകൊണ്ട്, സഹകരണ ഫെഡറിലിസം കേന്ദ്ര, സംസ്ഥാന തലങ്ങളിലേക്ക് ഒതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിക്കുന്നു.

കേന്ദ്ര-സംസ്ഥന ബന്ധങ്ങളെ സംബന്ധിച്ചുള്ള 1987ലെ സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അവസാന ഖണ്ഡികകള്‍ ആവര്‍ത്തിച്ച് പരിശോധിക്കാന്‍ ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. ഭൂരിപക്ഷം ആളുകളുടെയും എക്കാലത്തെയും വലിയ വേവലാതിയായ അയല്‍ക്കൂട്ട പ്രശ്‌നങ്ങളുടെ മേല്‍ അയല്‍ക്കൂട്ട മേല്‍നോട്ടവും നിയന്ത്രണവും ശക്തമാക്കുന്ന തരത്തില്‍, ജനങ്ങളുടെ ഏറ്റവും സുപ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പങ്കിനെ കുറിച്ച് ജസ്റ്റിസ് സര്‍ക്കാരിയ വിശദീകരിക്കുന്നത് അവര്‍ക്കവിടെ വായിക്കാന്‍ സാധിക്കും. ഈ സര്‍ക്കാര്‍ മൊഹല്ല സഭകള്‍ക്കും, ഗ്രാമസഭകള്‍ക്കും, പഞ്ചായത്തുകള്‍ക്കും, നഗര പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും എതിരാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഡല്‍ഹിയിലെ ജനങ്ങള്‍ നിങ്ങള്‍ക്ക് ഇത്രയും വലിയ ഒരു തിരിച്ചടി തന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രാദേശിക സര്‍ക്കാരുകളെ ഒഴിവാക്കിക്കൊണ്ട്, നിങ്ങള്‍ക്ക് സഹകരണ ഫെഡറലിസം നടപ്പിലാക്കാനാവില്ലെന്ന് ഈ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്നെങ്കിലും നിങ്ങള്‍ പഠിക്കണം.

മഹാത്മ ഗാന്ധിയുടെ അനുശാസനമാണ് ഈ സര്‍ക്കാര്‍ വിസ്മരിച്ചത്. 1931 സെപ്തംബര്‍ പത്തിലെ യംഗ് ഇന്ത്യയിലാണ് അദ്ദേഹം ആ അനുശാസനം നല്‍കിയത്. ഞാന്‍ എന്റെ ഓര്‍മയില്‍ നിന്നും എന്റെ കുറിപ്പുകളില്‍ നിന്നും ഉദ്ധരിക്കുകയാണ്. ‘ഞാന്‍ പ്രവര്‍ത്തിക്കും,’ ഗാന്ധിജി പറഞ്ഞു, ‘ഇന്ത്യയുടെ രാഷ്ട്ര നിര്‍മ്മാണത്തില്‍ തങ്ങളുടെ ശബ്ദം പ്രതിഫലിക്കുന്നുണ്ട് എന്ന് ദരിദ്രര്‍ക്ക് ബോധ്യമുണ്ടാവുന്ന ഒരു ഇന്ത്യയ്ക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. ഭരണനിര്‍വഹണത്തില്‍ പങ്കാളികളാവാന്‍ അവര്‍ക്ക് അവസരം നല്‍കുകയും ഇത് സര്‍ക്കാരല്ലെന്നും, തങ്ങളുടെ കൈകളും തലച്ചോറും ഉപയോഗിച്ചു കൊണ്ട് തങ്ങള്‍ തന്നെയാണ് ഈ രാഷ്ട്രം നിര്‍മ്മിക്കുന്നതെന്ന് അവര്‍ക്ക് തോന്നുകയും ചെയ്യുമ്പോള്‍ മാത്രമേ അത് സാധ്യമാവു. ഭരണനിര്‍വഹണത്തില്‍ അവരുടെ ശബ്ദം കാര്യക്ഷമമായി പ്രതിഫലിപ്പിക്കാനുള്ള അവസരം നല്‍കുന്നതിലൂടെ മാത്രമേ അവര്‍ക്ക് അത് ബോധ്യമാകൂ. അപ്പോള്‍ മാത്രമേ മഹാത്മ ഗാന്ധിയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുകയുള്ളു.’ അത് ചെയ്യുന്നതിന് പകരം, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യക്ഷമായി കാണുന്ന അധികാരപ്രമത്തത പകര്‍ത്താനും ജനാധിപത്യത്തെയും പ്രാദേശിക സര്‍ക്കാരുകളെയും പ്രാദേശിക ഭരണനിര്‍വഹണത്തെയും ഹനിക്കാനുമാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സര്‍, സംസ്ഥാനങ്ങളെ മാത്രം ശക്തിപ്പെടുത്തിയത് കൊണ്ട് കാര്യമില്ല. സോണിയ ഗാന്ധി ചൂണ്ടിക്കാണിച്ചത് പോലെ ശക്തമായ കേന്ദ്രവും ശക്തമായ സംസ്ഥാനങ്ങളും ശക്തമായ പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളുമാണ് നമുക്ക് വേണ്ടത്. എന്നാല്‍ സംസ്ഥാനങ്ങളെ ശക്തിപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാവുമ്പോള്‍ തന്നെ, കേന്ദ്രത്തെ ദുര്‍ബലപ്പെടുത്താനും അധികാരമില്ലാത്ത സ്ഥാപനങ്ങളായി പഞ്ചായത്തുകള്‍ മാറുന്നു എന്ന് ഉറപ്പിക്കാനുമുള്ള അവരുടെ ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ശക്തമായ പഞ്ചായത്തുകള്‍ ഉറപ്പാക്കുന്നതിന് പകരം, അശക്തമായ ഒരു പഞ്ചായത്ത് മന്ത്രാലയം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഴുവന്‍ സാമൂഹിക മേഖലയിലും  എല്ലാ ദാരിദ്ര നിര്‍മാര്‍ജ്ജന പരപാടികളിലും ഇടപെടലുകള്‍ നടത്താനുമുള്ള അതിന്റെ ഉത്തരവാദിത്വം നിലനില്‍ക്കുമ്പോള്‍ തന്നെ, അതിനെ ഗ്രാമവികസന മന്ത്രാലയത്തിന്റെ ഒരു അനുബന്ധഘടകം മാത്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാവരുടെയും വികസനം എന്നത് മുകളില്‍ നിന്നും അടിച്ചേല്‍പിക്കപ്പെടേണ്ട ഒന്നല്ല. അത് താഴെ തട്ടില്‍ നിന്നും ഉയര്‍ന്ന് വരേണ്ടതാണ്. അതാണ് ശരിയായ സഹകരണ ഫെഡറലിസം.

സര്‍, 2014 ഡിസംബര്‍ ഒന്നിന് ഞാന്‍ ഉന്നയിച്ച ഒരു ചോദ്യത്തിന് മറുപടിയായി പഞ്ചായത്തീരാജിന്റെ ദ്വിവത്സര റിപ്പോര്‍ട്ടുകള്‍ നിറുത്തിവച്ചതായി പഞ്ചായത്തീരാജ് മന്ത്രാലയം അറിയിച്ചത് എന്നെ അത്ഭുതപ്പെടുത്തി. രാജ്യവ്യാപകമായി പഞ്ചായത്തീരാജ് രൂപപ്പെട്ടുവരുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പിന്നെ എങ്ങനെയാണ് ശേഖരിക്കാനും വിലയിരുത്താനും സാധിക്കുക? എതൊക്കെ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ മുന്നോട്ട് പോയിട്ടുള്ളതെന്നും ഏതൊക്കെ സംസ്ഥാനങ്ങളാണ് പിന്നാക്കം പോയിരിക്കുന്നതെന്നും പിന്നെ എങ്ങനെയാണ് ഇവര്‍ക്ക് വിലയിരുത്താന്‍ സാധിക്കുക? പുരോഗതിയെ പ്രോത്സാഹിപ്പിക്കാനും ഇടര്‍ച്ചകളെ നിരുത്സാഹപ്പെടുത്താനും ഇവര്‍ക്ക് എങ്ങനെയാണ് സാധിക്കുക? എന്തൊക്കെ തിരുത്തല്‍ നടപടികളാണ് വേണ്ടി വരിക? എങ്ങനെയാണ് അവര്‍ക്ക് അത് തീരുമാനിക്കാന്‍ സാധിക്കുക? ആര്‍ക്കാണ് അവര്‍ അത് കൈമാറാന്‍ പോകുന്നത്? രാജ്യത്തെമ്പാടും ത്രിതല പഞ്ചായത്തീരാജ് സംവിധാനം എന്ത് പുരോഗതിയാണ് കൈവരിച്ചതെന്ന് മനസിലാക്കാനും വിലയിരുത്താനും കഴിയുന്ന ഓരേ ഒരു സംവിധാനം സ്വയം ഇല്ലായ്മ ചെയ്യാനുള്ള പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ തീരുമാനം അപമാനകരമാണ്.

സര്‍, ഐഐപിഎ തയ്യാറാക്കിയ കൈമാറ്റ വാര്‍ഷിക പട്ടികയെ കുറിച്ചുള്ള എന്റെ ആകുലതകളും അതുപോലെയുള്ള ഒന്നാണ്. ആ സംവിധാനം തുടരുമോ എന്നും അവരുടെ പ്രോത്സാഹന പദ്ധതികള്‍ തുടരാന്‍ അവര്‍ക്ക് സാധിക്കുമോ എന്നുമുള്ള കാര്യങ്ങളില്‍ നമുക്ക് ഒരുറപ്പുമില്ല. ജനങ്ങള്‍ ജീവിക്കുന്ന അടിത്തട്ടിലെ ഭരണനിര്‍വഹ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്താണെന്ന് പോലും പരിഗണിക്കാതെ, എങ്ങനെ കേന്ദ്രത്തെ അധികാരപ്രമത്തമാക്കിയോ അതുപോലെ തന്നെ സംസ്ഥാനങ്ങളെയും ആക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മറ്റ് സര്‍ക്കാരുകള്‍ക്ക് അധികാരങ്ങള്‍ കൈമാറാനാണ് അവര്‍ക്ക് താല്‍പര്യം. അല്ലാതെ, ജനങ്ങള്‍ക്കോ ജനകീയ സ്ഥാപനങ്ങള്‍ക്കോ അധികാരം കൈമാറാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. സര്‍, പഞ്ചായത്തീരാജിനെ സംബന്ധിച്ചിടത്തോളം, 1993 ന് മുമ്പുള്ള ഘട്ടത്തിലേക്ക് മടക്കിക്കൊണ്ടു പോവുക എന്ന വലിയ അപകടം നമ്മള്‍ നേരിടുകയാണ്. ഇത് ഇന്ത്യന്‍ ഭരണഘടനയ്ക്കും അതിന്റെ ഭേദഗതിയിലൂടെ വിഭാവനം ചെയ്യപ്പെട്ട ത്രിതല ഫെഡറല്‍ സംവിധാനത്തിനുമുള്ള കനത്ത തിരിച്ചടിയായിരിക്കും.

സര്‍, പ്രസിഡന്റിന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചത് പോലെ, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കുറയ്ക്കാനും യുക്തിസഹമാക്കാനും കേന്ദ്രം നിര്‍ദ്ദേശം വച്ചിരിക്കുന്നു എന്ന കാര്യം അഭിനന്ദനീയമാണ്. ഇത് ഞങ്ങളുടെ സര്‍ക്കാര്‍ ഏറ്റെടുത്ത ഒരു മുന്‍കൈയായിരുന്നു. പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും ചിലവിലല്ലാതെ, സാമൂഹിക മേഖല ധനവും ഉത്തരവാദിത്വങ്ങളും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തയ്യാറാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 1992 ഡിസംബറില്‍, ഭരണഘടനയുടെ 9, 9എ എന്നീ ഭാഗങ്ങള്‍ അംഗീകരിച്ചതിലൂടെ, നമ്മുടെ ജനാധിപത്യത്തെ ലോകത്തിലെ ഏറ്റവും ബൃഹത്തും പ്രതിനിധീവല്‍കൃതവുമായ ഒന്നാക്കി മാറ്റുന്ന വലിയ ഒരു ചുവടാണ് നമ്മുടെ പാര്‍ലമെന്റ് മുന്നോട്ട് വച്ചത്. സര്‍, അതിനുശേഷം നമ്മള്‍ 32 ലക്ഷം പ്രതിനിധികളെ തിരഞ്ഞെടുത്തു. ആ കണക്ക് എനിക്ക് ഊന്നിപ്പറയേണ്ടി വരും. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി വെറും 5000 പ്രതിനിധകളെ മാത്രം തിരഞ്ഞെടുത്തുപ്പോള്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 32 ലക്ഷം പ്രതിനിധികളെയാണ് നമ്മള്‍ തിരഞ്ഞെടുത്തത്. സര്‍, ഇതില്‍ പകുതിയോളം സ്ത്രീകളായിരുന്നു. ഏകദേശം പതിനാല് ലക്ഷം പേര്‍. ഇവരില്‍ ഏകദേശം ഒരു ലക്ഷത്തോളം പേര്‍ അവരുടെ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായിരുന്നു. ലോകത്ത് മുഴുവനുള്ള തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളെക്കാള്‍ കൂടുതല്‍ സ്ത്രീകളെ ഇന്ത്യയില്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ചരിത്രത്തില്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലാത്തതും ലോകത്ത് തന്നെ സമാനതകളില്ലാത്തതുമായ ഒരു നേട്ടമാണിത്. എന്നിട്ടും, സഹകരണ ഫെഡറലിസത്തിന്റെ പേരിലും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വെട്ടിക്കുറച്ചുകൊണ്ടും അവരെ കാര്യക്ഷമമായി ശാക്തീകരിക്കുന്നതിന് പകരം, തിരഞ്ഞെടുക്കപ്പെട്ട ഈ വനിതാ പ്രതിനിധികളെ അരികിലേക്ക് തള്ളിമാറ്റാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇത് തന്നെയാണ് എസ് സി, ഒബിസി, എസ്ടി എന്നിവര്‍ക്കും സംഭവിച്ചിരിക്കുന്നത്. ആ തലത്തിലുള്ള പട്ടികജാതി ജനസംഖ്യയ്ക്ക് ആനുപാതികമായി പഞ്ചായത്തീരാജ് സംവിധാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രാതിനിധ്യവല്‍ക്കരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് മാത്രമല്ല പട്ടികജാതി ചെയര്‍പേഴ്‌സണ്‍മാരും ഉണ്ട്; അതിന്റെ ഫലമായി രാജ്യത്ത് 86,000 പട്ടികജാതി ചെയര്‍പേഴ്‌സണ്‍മാര്‍ ഉണ്ടായി. ഇതില്‍ ചില ബിഎസ്പി പ്രതിനിധികളും ഉള്‍പ്പെടുന്നുണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അത് ശ്രദ്ധിക്കുക. മറ്റ് മേഖലകളിലുള്ള ഏത് തരം സംവരണത്തെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ പട്ടികജാതികളെ ശാക്തീകരിക്കാന്‍ പഞ്ചായത്തീരാജ് സംവിധാനത്തിന് സാധിച്ചിട്ടുണ്ട്. ഒബിസിക്കാരുടെ കാര്യത്തില്‍ മതിയായ സംവിധാനങ്ങള്‍ ഒരുക്കാന്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. പട്ടികവര്‍ഗ്ഗങ്ങളെ സംബന്ധിച്ചിടത്തോളം, ആനുപാതിക പ്രാതിനിധ്യത്തിന് പുറമെ, ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ പട്ടികവര്‍ഗ്ഗങ്ങള്‍ക്കും പ്രത്യേക പഞ്ചായത്ത് അധികാരങ്ങള്‍ ഉറപ്പാക്കുന്ന 1996 ലെ പഞ്ചായത്ത് (പട്ടികവര്‍ഗ്ഗ മേഖലകളിലേക്കുള്ള വ്യാപനം) ചട്ട (PESA) ത്തിന്റെ പരിരക്ഷ പട്ടികജാതി വിഭാഗങ്ങള്‍ ഭൂരിപക്ഷമുള്ള എല്ലാ പഞ്ചായത്തുകളിലും ബ്ലോക്കുകളിലും ജില്ലകളിലും ലഭിക്കുന്നുണ്ട്. പക്ഷെ ഇതെല്ലാം ത്രിതല പ്രാദേശിക സഹകരണ ഫെഡറലിസത്തിന്റെ ഭാഗവും ശക്തിയുമാക്കുന്നതിന് പകരം പഞ്ചായത്തീരാജിനെ നടതള്ളാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഒരു ചോദ്യത്തിന് ആഭ്യന്തര മന്ത്രി എ യു സിംഗ് ദേവ് നല്‍കിയ ഉത്തരത്തില്‍, നക്‌സല്‍ തീവ്രവാദം നേരിടുന്നതില്‍ പെസയ്ക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാകുന്നു. എന്തൊരു നാണക്കേടാണിത്? ജനസംഖ്യയിലെ ഏറ്റവും ദരിദ്ര വിഭാഗങ്ങളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് പരമാവധി ഭരണനിര്‍വഹണം നടത്താന്‍ നിങ്ങള്‍ക്കാവില്ല. സഹകരണ ഫെഡറലിസത്തെ പറ്റിയുള്ള സര്‍ക്കാര്‍ നിര്‍വചനപ്രകാരം, ആം ആദ്മിക്ക് മേലുള്ള ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ഭാരം വര്‍ദ്ധിപ്പിക്കാനുള്ള ഒരുപാധി മാത്രമായി അത് മാറുന്നു. അടിസ്ഥാനതല ശാക്തീകരണം ഉറപ്പാക്കുക എന്ന അതിന്റെ ഉത്തവരവാദിത്വത്തില്‍ നിന്നും കേന്ദ്ര ഒഴിഞ്ഞുമാറുകയാണ്. ഓരോ പഞ്ചായത്തിനും പ്രതിവര്‍ഷം ശരാശരി 20 ലക്ഷം രൂപ അനുവദിക്കാന്‍ 14-ാം ധനകാര്യ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. അതൊന്നുമല്ല. ഒരു കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കാനുള്ള ചിലവേ അതാകുന്നുള്ളു. അതുകൊണ്ടുതന്നെ, പഞ്ചായത്തുകള്‍ക്ക് അധികതുക അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. അതുപോലെ തന്നെ, സംസ്ഥാനങ്ങള്‍ കൂടുതല്‍ മേഖലാ ധനസഹായം പഞ്ചാത്തുകള്‍ക്ക് നല്‍കുന്നതിനായി സംസ്ഥാനങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം തയ്യാറാവണം. സഹകരണ ഫെഡറലിസത്തിന്റെ ത്രിതല സംവിധാനത്തിലെ അവിഭാജ്യഘടകങ്ങളല്ല പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നിടത്തോളം എങ്ങനെയാണ് ഇതൊക്കെ നടപ്പിലാക്കാന്‍ സാധിക്കുക?

ഇതൊക്കെ ചെയ്യുന്നതിന് പണം ആവശ്യമാണ്. ഭരണഘടനയുടെ 243ZD അനുശ്ചേദ പ്രകാരം, ജില്ലാ ആസൂത്രണ കമ്മിറ്റികളുടെ വികസനപദ്ധതികള്‍ പരിഗണിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം പുതിയ എന്‍ഐടിഐ ആയോഗിനുണ്ട്. ഞാന്‍ അദ്ധ്യക്ഷനായിരുന്ന 2013ലെ വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ സൂക്ഷമമായി നടപ്പാക്കുന്നതിലൂടെ മാത്രമേ ഇതൊക്കെ നേടിയെടുക്കാനാവൂ. എന്നാല്‍ ഇക്കാര്യത്തില്‍ വളരെ ചെറിയ പുരോഗതിയെ കൈവരിക്കാനായുള്ളു എന്നാണ് ഈ സര്‍ക്കാരിലെ മന്ത്രിമാരില്‍ നിന്നും ലഭിച്ച ഉത്തരങ്ങളില്‍ നിന്നും എനിക്ക് മനസിലാവുന്നത്. പകരം, ‘പരമാവധി ഭരണനിര്‍വഹണം, കുറവ് സര്‍ക്കാര്‍,’ എന്ന മുദ്രാവാക്യത്തിന് കീഴില്‍ സ്വയം കബളിപ്പിക്കാനും ജനങ്ങളെ തെറ്റിധരിപ്പിക്കാനും ഉള്‍ക്കൊള്ളിക്കല്‍ ഭരണത്തെ തകര്‍ക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രസിഡന്റിന്റെ നയപ്രഖ്യാപനങ്ങള്‍ എഴുതുന്ന പരിപാടി ഈ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നിറുത്തുന്നോ രാജ്യത്തിന് അത് അത്രയും ഗുണപ്രദമായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍