UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണിപ്പൂര്‍; പ്രതിഷേധം തുടരുന്നു; വാഹനങ്ങള്‍ക്കും പള്ളിക്കും നേരെ ആക്രമണം

ഏഴ് പുതിയ ജില്ലകള്‍ രൂപീകരിക്കാനുള്ള മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗിന്റെ തീരുമാനത്തിനെതിരെയുള്ള മണിപ്പൂരിലെ പ്രതിഷേധങ്ങള്‍ വ്യാപകമാവുന്നു

ഏഴ് പുതിയ ജില്ലകള്‍ രൂപീകരിക്കാനുള്ള മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗിന്റെ തീരുമാനത്തിനെതിരെയുള്ള മണിപ്പൂരിലെ പ്രതിഷേധങ്ങള്‍ വ്യാപകമാവുന്നു. നാഗ ഉഹ്രൂള്‍ ജില്ലയില്‍ ഇന്നലെ കര്‍ഫ്യൂ ലംഘിച്ചുകൊണ്ട് ഒരു സംഘം പ്രതിഷേധങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ 300 യാത്രക്കാരാണ് ഒരു ബസില്‍ ബന്ദിയാക്കപ്പെട്ടത്. ഇവരെ പിന്നീട് പോലീസ് രക്ഷിക്കുകയായിരുന്നു.

മണിപ്പൂരിലെ മൊത്തം ജില്ലകളുടെ എണ്ണം 16 ആക്കി ഉയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ യുണൈറ്റഡ് നാഗ കൗണ്‍സില്‍ (യുഎന്‍സി) ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സമരത്തിലാണ്. മണിപ്പൂരില്‍ ഇപ്പോള്‍ നാല് താഴ്വരകളും അഞ്ച് കുന്നിന്‍പുറ ജില്ലകളുമാണുള്ളത്. പുതുതായി രൂപം കൊടുക്കുന്ന ജില്ലകളില്‍ ‘പരമ്പരാഗതമായി പൈതൃകമായി ലഭിച്ച നാഗ ഭൂമിയെ’ ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായാണ് യുഎന്‍സിയെ പോലെയുള്ള കക്ഷികള്‍ എതിര്‍പ്പ് ഉയര്‍ത്തുന്നത്.

ഇംഫാല്‍ താഴ്വരയിലേക്കുള്ള അടിയന്തിര സാധനങ്ങളുടെ നീക്കം ചെറുക്കുമെന്ന് യുഎന്‍സി വ്യക്തമാക്കി കഴിഞ്ഞു. ഇതിനിടയില്‍ തമന്‍ഗ്ലോങ് ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച എന്‍എസിസിഎന്‍ (ഐഎം) അവിടെ നിന്നും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

മെയ്തി ആള്‍ക്കൂട്ടങ്ങള്‍ വാഹനങ്ങള്‍ ആക്രമിക്കുകയും കിഴക്കന്‍ ഇംഫാലിലുള്ള ഒരു പള്ളിക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. പള്ളിയില്‍ ഞാറാഴ്ച പ്രാത്ഥനകള്‍ നടന്നില്ല. ക്രിസ്മസിനും പള്ളി അടച്ചിടും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇംഫാലിന്റെ കിഴക്ക്, പടിഞ്ഞാറ് ജില്ലകളില്‍ അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സംസ്ഥാന ഭരണകൂടം നിശ്ചയിച്ചു. പടിഞ്ഞാറന്‍ ഇംഫാലിലെ ഇന്റര്‍നെറ്റ് ബന്ധവും പോലീസ് വിഛേദിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍