UPDATES

കെഎസ്എഫ്ഡിസി; മണിയൻ പിള്ള രാജുവും ഇടവേള ബാബുവും രാജിവെച്ചു

അഴിമുഖം പ്രതിനിധി

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഇടവേള ബാബു രാജി വെച്ചു.  അംഗങ്ങളായ മണിയന്‍പിള്ള രാജുവും, കാലടി ഓമനയും രാജി സമർപ്പിച്ചിട്ടുണ്ട്. സാബു ചെറിയാനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.

രാജ്‌മോഹന്‍ ഉണ്ണിത്താനോട് ആര്‍ക്കും വ്യക്തിപരമായ വിദ്വേഷമില്ലെന്ന്  മണിയന്‍പിള്ള രാജു പറഞ്ഞു. നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്മറ്റിയിലെ ചെയര്‍മാനെ നീക്കിയതിലാണ് പ്രതിഷേധം. സിനിമ നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തപക്ഷം സംസ്ഥാനത്തെ സിനിമാ ചിത്രീകരണം മുതല്‍ റിലീസ് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദീര്‍ഘകാല സിനിമാ പാരമ്പര്യമുള്ള തങ്ങളെ പിണക്കിക്കൊണ്ട് കെഎസ്എഫ്ഡിസി പ്രവര്‍ത്തനങ്ങളുമായി സുഗമമായി മുന്നോട്ട് പോകാമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിചാരിക്കേണ്ടെന്ന് നിര്‍മ്മാതാവു കൂടിയായ മണിയന്‍ പിള്ള രാജു ഇന്നലെ വെല്ലുവിളിച്ചിരുന്നു.

അതെസമയം സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യറാണെന്ന് ഇടവേള ബാബു പറഞ്ഞു. നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സര്‍ക്കാര്‍ പരിപാടികള്‍ ബഹിഷ്‌കരിക്കുകയും സര്‍ക്കാര്‍ പരസ്യങ്ങളില്‍നിന്ന് പിന്മാറുകയും ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍