UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രി മഞ്ഞളാംകുഴി അലിയുടെ മാനിഫെസ്റ്റോ

Avatar

മഞ്ഞളാകുഴി അലി/എം കെ രാമദാസ്

ജനങ്ങളുടെ സ്വപ്നപദ്ധതികള്‍ പൂര്‍ത്തീകരിക്കാനായ സംതൃപ്തിയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മന്ത്രി മഞ്ഞളാകുഴി അലി. “ഉദ്ദേശിച്ച പദ്ധതികളില്‍ 90 ശതമാനവും പൂര്‍ത്തീകരിച്ച് ചില പദ്ധതികള്‍ തുടക്കമിടാനായി വികസന വിഷയത്തില്‍ യു ഡി എഫിന്റെ ആത്മാര്‍ത്ഥത ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ആത്മവിശ്വാസത്തോടെയാണ് ജനങ്ങളെ നേരിടുന്നത്.” അടിസ്ഥാന സൌകര്യ മേഖലയിലും കുടിവെള്ള മേഖലയിലും അഭൂതപൂര്‍വ്വമായ നേട്ടമാണ് യു ഡി എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയതെന്നും പെരിന്തല്‍മണ്ണയില്‍ അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ഞളാകുഴി അലി പറഞ്ഞു. 

വിവാദങ്ങള്‍ മാത്രമാണ് പ്രതിപക്ഷത്തിന്റെ സംഭാവന. ബാറും, സോളാറും ആവര്‍ത്തിച്ച് ഉന്നയിച്ച് വികസനം തടസപ്പെടുത്തുകയാണ് സരിത, കിരിത എന്നൊക്കെ പറഞ്ഞ്  വികസന ശോഭ കെടുത്താനുള്ള നീക്കമാണ് സി പി ഐ എമ്മും ഇടതുപക്ഷവും നടത്തുന്നത്.

സിറ്റിംഗ് എം എല്‍ എ എന്ന നിലയില്‍ പെരിന്തല്‍മണ്ണയില്‍ വീണ്ടും മത്സരിക്കുന്നത് സന്തോഷകരമായ അനുഭവമാണ്. എതിരാളികളില്‍ നിന്നുവരെ പിന്തുണ കിട്ടിയിട്ടുണ്ട്. ദീര്‍ഘകാലം സി പി ഐ എം അനുഭാവിയായിരുന്നതുകൊണ്ട് പല സഖാക്കളുടെയും പിന്തുണ ലഭിക്കുന്നുണ്ട്. വ്യക്തിപരമായ അടുപ്പം ഇപ്പോഴും സൂക്ഷിക്കുന്ന സഖാക്കളുണ്ട്. പാര്‍ട്ടി തീരുമാനം മാത്രമല്ല ഇവിടുത്തെ ജനങ്ങളുടെ അഭിപ്രായം. അന്‍പത് ശതമാനത്തില്‍ അധികം ജനങ്ങള്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. കാന്‍ഡിഡേറ്റിന്റെ ഗുണം വിജയത്തില്‍ പ്രധാനമാണ്. ആരെ നിര്‍ത്തിയാലും ജയിക്കും എന്ന അവസ്ഥമാറിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജാതി മത പരിഗണനകള്‍ ഉണ്ടാകുന്നത് സംസ്‌കാര വിരുദ്ധമാണ്. സ്‌നേഹപൂര്‍വ്വമായ ഒത്തുചേരലിന്റെ പൈതൃകമാണ് കേരളത്തിന്റേത്. ഈ അടുത്ത കാലത്ത് അതിലും മാറ്റം വന്നിട്ടുണ്ട്. രഹസ്യമായി സൂക്ഷിച്ചിരുന്നത് ഇന്ന് പരസ്യപ്പെടുത്തുന്നു. നായര്‍, ഈഴവന്‍ എന്നൊക്കെ ഇന്ന് ഉച്ചത്തില്‍ പറയാന്‍ ഇന്ന് മടിയില്ല. സി പി ഐ എം മതം പരിഗണിച്ച് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് ആ പാര്‍ട്ടിയുടെ തകര്‍ച്ചയാണ് കാണിക്കുന്നത്. 

ഗള്‍ഫില്‍ ജോലി ചെയ്യുന്ന കേരളീയര്‍ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകണം. അതിന് ശ്രമിക്കുകയാണ്. സി പി ഐ എം ഇതിന് എതിരാണ്. ഇപ്പോള്‍ വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കാന്‍ ഗള്‍ഫ് കാര്‍ക്ക് കഴിയുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും അവര്‍ക്ക് പൂര്‍ണ്ണമായും പങ്കാളിത്തം ലഭിക്കണം. അതിനായുള്ള നിയമനിര്‍മ്മാണത്തിന് ശ്രമിക്കും. അഭ്യസ്ഥവിദ്യരായ യുവാക്കള്‍ തൊഴില്‍ തേടി മറ്റ് നാടുകളില്‍ അഭയം തേടുകയാണ്. പരിഹാരമായി ഇവിടെതന്നെ വ്യവസായങ്ങള്‍ വളരണം. ഐ ടി സ്ഥാപനങ്ങള്‍ പ്രാദേശികമായി ആരംഭിക്കണം. സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ വസരങ്ങള്‍ ഇവിടെ ഉണ്ടാകണം. 

ജനാധിപത്യമായിരിക്കണം നിയമങ്ങള്‍ പുതുക്കിയ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ഉദാഹരണമാണ്. കാലഹരണപ്പെട്ട നിയമങ്ങള്‍ പുതുക്കണം. നിസ്സാര കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് വായ്പവാങ്ങി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാതിരിക്കാനാവില്ല. ഇത് ക്രൂരതയാണ്. പിഴ വാങ്ങി റഗുലൈറൈസ്ഡ് ആയി ചെയ്യുകമാത്രമേ മാര്‍ഗ്ഗമുള്ളൂ. അതാണ് നഗര വികസന വകുപ്പ് പിന്തുടരുന്ന നയം. ജേക്കബ് തോമസ്സിനെക്കുറിച്ച് അധികം പറഞ്ഞു വിവാദത്തിനില്ല.  അദ്ദേഹത്തിനെതിരെ വിജിലന്‍സ് കേസ് വന്നില്ലേ. സര്‍വ്വീസിലിരിക്കെ ശമ്പളം പറ്റി മറ്റൊരിടത്ത് ശമ്പളം പറ്റിയ സംഭവവും പുറത്ത് വന്നല്ലോ? 

പെരിന്തല്‍മണ്ണയില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ട്. എതിരാളി ആരായാലും പ്രശ്‌നമില്ല. പെരിന്തല്‍മണ്ണക്കാര്‍ക്ക് എന്നോട് വലിയ ഇഷ്ടമാണ്. 

(അഴിമുഖം കണ്‍സല്‍റ്റിംഗ് എഡിറ്ററാണ് രാംദാസ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍