UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനുഷ്യരുടെ കാര്യത്തില്‍ ലീഗും സി.പി.എമ്മും ഒരേ വഴിയില്‍- മന്ത്രി മഞ്ഞളാംകുഴി അലി സംസാരിക്കുന്നു

Avatar

മഞ്ഞളാംകുഴി അലി/രാംദാസ് എം കെ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന നഗര വികസന/ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയുമായി അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍ രാംദാസ് എം കെ നടത്തിയ അഭിമുഖം. 

ഈ വരുന്ന തെരഞ്ഞെടുപ്പ് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന ഒരു തെരഞ്ഞെടുപ്പാവില്ലേ?
എല്ലാ തെരഞ്ഞെടുപ്പുകളും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലുകള്‍ തന്നെയായിരിക്കും. അതില്‍ ഒരു സംശയവുമില്ല. പക്ഷെ പഞ്ചായത്ത് അല്ലെങ്കില്‍ മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ഉത്തരവാദിത്തം പ്രാദേശിക ഗവണ്‍മെന്റുകള്‍ക്കാണ്. 73,74 ഭരണഘടനാ ഭേദഗതിയോടുകൂടി അധികാരങ്ങളെല്ലാം താഴെത്തട്ടിലേക്ക് കൊടുത്തിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവാദിത്വം അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുക, ഒരു പ്രമോട്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുക, അവര്‍ക്ക് സാമ്പത്തികം ഉണ്ടാക്കിക്കൊടുക്കുക എന്നതാണ്. അതിലുള്ള സങ്കടമെന്നു പറഞ്ഞാല്‍ പണം എത്രതന്നെ കൊടുത്താലും ഈ കഴിഞ്ഞ കുറച്ച് കാലത്തിനിടയ്ക്ക് നമ്മള്‍ നോക്കുകയാണെങ്കില്‍ ഏകദേശം 2000, 2500 കോടി രൂപ പഞ്ചായത്തുകളിലും അതുപോലെ മുനിസിപ്പാലിറ്റികളിലും ഐഡിലായിട്ട് കിടക്കുന്നതായി കാണാം. അതായത് ഉപയോഗിക്കാതെ. വളരെ ചെറിയ തുകയാണ് ഇത്തവണ പല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ചെലവഴിച്ചിട്ടുള്ളത്. പണം കൊടുക്കാത്തതുകൊണ്ടല്ല, പക്ഷേ വേണ്ട രീതിയില്‍ ചെലവഴിക്കുന്നില്ല എന്നതാണ് പ്രശ്‌നം. 

വകുപ്പ് മന്ത്രി എന്ന നിലയില്‍ ഈ കുഴപ്പങ്ങളുടെ ഉത്തരവാദിത്തം തങ്കള്‍ക്കുമില്ലേ? 
അതെ, അത് സ്വാഭാവികമാണല്ലോ. ഓരോ മാസത്തിലും ഞങ്ങള്‍ ഇതിനെപറ്റി അവലോകനയോഗം നടത്താറുണ്ട്.  ചിലപ്പോള്‍ എല്ലാ ആഴ്ചയിലും നടത്താറുണ്ട്. എത്ര ശതമാനം  ചെലവഴിച്ചു എന്നൊക്കെയുള്ള വിലയിരുത്തലുകള്‍ ആ യോഗത്തിലാണ് നടക്കാറ്.  നഗര സഭകളുടെ കാര്യമെടുത്താല്‍ കോഴിക്കോട്, തിരുവനന്തപുരം കോര്‍പ്പറേഷനുകളാണ് ഏറ്റവും കുറച്ച് പണം ചെലവഴിച്ചത്. 40% പ്ലസ്. അത്രയേയുള്ളൂ. കൊച്ചിയും തൃശൂരും കൊല്ലവും തരക്കേടില്ലാത്തവിധം 65ഉം 70 ഒക്കെയായി പദ്ധതിത്തുക ചിലവഴിച്ചിട്ടുണ്ട്. ഈ രണ്ടു കോര്‍പ്പറേഷനുകളില്‍ മാത്രം പൊട്ടി. സ്വാഭാവികമായിട്ടും അതിന്റെ ഭരണസമിതിതന്നെയാണ് അത് ശ്രദ്ധിക്കേണ്ടത്. നമുക്ക് നേരിട്ട് അവിടത്തെ കാര്യങ്ങള്‍ അഡ്മിനിട്രേറ്റ് ചെയ്യാന്‍ കഴിയില്ലല്ലോ. 

അഡ്മിനിസ്‌ട്രേഷന്‍ അല്ലെങ്കില്‍ ഭരണം നടത്തുക എന്നത് ഒരു ആര്‍ട്ടാണ്. വല്ലാതെ ഇരുന്ന് ചര്‍ച്ച ചെയ്ത് ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ എവിടെയും എത്താത്ത രീതിയിലേക്ക് പോകുന്നു എന്നുള്ളത് സിപിഎമ്മിന്റെ ഒരു സ്റ്റൈലാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ചെയ്യേണ്ട കാര്യങ്ങള്‍ ഇങ്ങനെ പേടിച്ച് പേടിച്ച്, ആരെങ്കിലും എന്തെങ്കിലും പറയുമോ എന്നൊക്കെ ഭയന്ന് ചെയ്യുക. സ്വാഭാവികമായിട്ടും ഇങ്ങനെയുള്ള വികസനങ്ങള്‍ നടക്കുമ്പോള്‍ പല കാര്യങ്ങളും എതിര്‍പ്പും ആരോപണങ്ങളുമൊക്കെ വരും. ഉമ്മന്‍ ചാണ്ടി പറയുന്നതു ശ്രദ്ധിക്കുക. അഴിമതി ആരോപണം എന്നൊക്കെ പറഞ്ഞ് ഞങ്ങളെ പേടിപ്പിക്കാന്‍ ഒന്നും നോക്കണ്ട എന്ന്. നാടിന് വികസനം വേണമെന്നുണ്ടെങ്കില്‍ കുറച്ച് കാര്യങ്ങള്‍ നമ്മള്‍ ചെയ്‌തേ പറ്റൂ. ജനങ്ങള്‍ ഇന്ന് വളരെ ഫാസ്റ്റാണ്. അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ പെട്ടെന്ന് പെട്ടെന്ന് എത്തിച്ച്‌ കൊടുത്തില്ലെങ്കില്‍ പ്രയാസമാകും. 

സിപിഎമ്മിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കപ്പാസിറ്റി നഷ്ടപ്പെട്ടതാണോ കാരണം..? താങ്കള്‍ പാര്‍ട്ടി മാറിയതിലും ഈ കാര്യങ്ങള്‍ ഉണ്ടോ?
സിപിഎം പ്രതിപക്ഷത്തിരിക്കുമ്പോള്‍ പറയുന്നതല്ല, ഭരണപക്ഷത്തുവരുമ്പോള്‍. കാഴ്ചപ്പാടുകളില്‍ വളരെ വലിയ വ്യത്യാസം ഉണ്ടാകേണ്ടതായിട്ടുണ്ട്. അല്ലാതെ ഈ കാലത്ത് ഒരു പാര്‍ട്ടിക്കും മുന്നോട്ട് പോകാന്‍ കഴിയില്ല. ജനങ്ങള്‍ നമ്മളെക്കാളൊക്കെ വളരെ ഫാസ്റ്റാണ്. ചൈനയിലും മറ്റുള്ളതുമൊക്കെ കണ്ട് പഠിക്കണം. അപ്പോള്‍ അതിനനുസരിച്ച് മുന്നോട്ട് പോകണം. ഏറ്റവും വലിയ ഒരു ഇത് പറഞ്ഞിരുന്നത് പല രാജ്യങ്ങളും ഉണ്ടല്ലോ അവരൊക്കെ ഇത്തരം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ട് പോയി. അല്ലാതെ ഞങ്ങള്‍ പിടിച്ച മുയലിന് മൂന്ന് ചെവിയെന്ന് പറഞ്ഞിട്ട് കാര്യമില്ല. 

വി എസ്സിനെ വികസന വിരുദ്ധന്‍ എന്ന്  വിളിക്കുന്നതിനെപ്പറ്റി……….?
വി എസ്സിന്റെ എല്ലാ നയങ്ങളോടൊന്നും അക്കാലത്ത് എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. ഒരിക്കലും ഉണ്ടായിട്ടില്ല. അദ്ദേഹം എല്ലാ കാര്യങ്ങള്‍ക്കും അഴിമതി കാണുന്നയാളാ. പക്ഷേ ഞാന്‍ വി എസ്സിന്റെ എല്ലാ കാര്യത്തിലും വിയോജിക്കുന്നില്ല. അത് മുന്‍കാലങ്ങളിലും ഉണ്ടായിട്ടുണ്ട്.

പക്ഷേ, താങ്കളോട് വളരെ സോഫ്റ്റ് കോര്‍ണറാണല്ലോ?
അത് വ്യക്തിപരമായ ബന്ധങ്ങള്‍. എനിക്ക് കോടിയേരിയോട് ബന്ധമുണ്ട്. തോമസ് ഐസക്കാണെങ്കില്‍ എന്റെ നല്ല സുഹൃത്താണ്.  ആ ബന്ധങ്ങളൊക്കെ നിലനിര്‍ത്തിക്കൊണ്ടുതന്നെ അവരുടെ ഐഡിയകളിലുള്ള തകരാറുകള്‍ ഞാന്‍ അപ്പോള്‍ തന്നെ അവരോട് ആ കാലത്തും പറഞ്ഞിട്ടുണ്ട്. ഇപ്പോഴും പറയുന്നുണ്ട്.

പിണറായി വിജയനുമായുള്ള ശത്രുത ഇപ്പോഴും ഉണ്ടോ?
ശത്രുവല്ല, വളരെ സ്‌നേഹത്തിലാണ്. അങ്ങനെ പേഴ്‌സണലായുള്ളതൊന്നും വെച്ചുകൊണ്ട് നടക്കുന്ന ആളൊന്നുമല്ലല്ലോ? നമ്മളാരും അങ്ങനെയല്ലല്ലോ. അല്ലെങ്കില്‍ എന്തിനാ ശത്രുത?

വി എസ് നിയമസഭയിലൊക്കെ വളരെ ശക്തയായി പ്രതികരിക്കുന്ന ആളാണ്. പക്ഷേ സാറിന്റെ വകുപ്പിനെക്കുറിച്ച് അത്രയൊന്നും പറഞ്ഞതായി കണ്ടില്ല?  
എന്റെ വകുപ്പിനെപ്പറ്റിയും അദ്ദേഹം പലപ്പോഴും പറയുന്നുണ്ട്. പക്ഷേ കേരളത്തില്‍ എന്റെ വകുപ്പില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ആദ്യമായിട്ട് കുറേ നിയമഭേദഗതികള്‍ നമ്മള്‍ കേരളത്തില്‍ നടപ്പിലാക്കി. ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗ് നോക്കുക. അത് ഇന്ത്യയില്‍ വേറെയൊരു സംസ്ഥാനത്തും ഇല്ല. നമ്മള്‍ എല്ലാ തലത്തിലും ഓണ്‍ലൈന്‍ ആക്കി. ബില്‍ഡിംഗ് പെര്‍മിറ്റ് പോലുള്ളവ. റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് അതോറിറ്റി ബില്‍ അടുത്ത നിയമ സഭ സമ്മേളനത്തില്‍ സഭയില്‍ വെക്കും. .ഇപ്പോള്‍ അത് ഓര്‍ഡിനന്‍സ് ആയി.  ആ ഓര്‍ഡിനന്‍സില്‍ ബില്‍ഡേഴ്‌സിനെ കൃത്യമായി നിയന്ത്രിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ഒരു നിയമം ഉണ്ടാക്കിയപ്പോള്‍ നമ്മളുടെ നിയമമമാണ് അവരെടുത്തത്. അത്രയ്ക്ക് ഈ മേഖലയില്‍ നമ്മള്‍ ഉയര്‍ന്നിട്ടുണ്ട്. 

ഫണ്ട് വിനിയോഗത്തെപ്പറ്റി?  താഴെ തട്ടില്‍ നല്‍കുന്നത് യഥാര്‍ത്ഥത്തില്‍ ആളുകളില്‍ എത്തുന്നില്ല എന്നത് സത്യമാണല്ലേ?
അത് ഇവിടത്തെ സിസ്റ്റത്തിന്റെ തകരാറാണ്. നമ്മള്‍ കൃത്യമായും പലതും ചെയ്യുന്നത് താഴത്തേക്ക് എത്തുന്നില്ല. പഴയ നോര്‍ത്ത് ഇന്ത്യയിലൊക്കെ നമ്മള്‍ പറയുന്നത് കേട്ടിട്ടുണ്ട്, ലോറിക്കണക്കിന് കമ്പളി വാങ്ങിയിട്ടും ഒരിടത്തും സപ്ലൈ ചെയ്യാതെയൊക്കെ ഉണ്ടായിട്ടുണ്ട് എന്ന്. ഇപ്പോള്‍ ഇവിടെ നടക്കുന്നത് വാര്‍ഡുകളില്‍ ഷെയര്‍ ചെയ്യലാണ്. ആകെ കിട്ടുന്ന ഒരു കോടി രൂപ അല്ലെങ്കില്‍ രണ്ട് കോടി രൂപ 20 വാര്‍ഡുകളില്‍ വീതം വെയ്ക്കും. എന്നിട്ട് ഇവിടെ കുറച്ച് റിപ്പയര്‍, അവിടെ കുറച്ച് റിപ്പയര്‍… ഒരിക്കലും വൃത്തിയാക്കാത്ത രീതിയില്‍ ഇങ്ങനെ കിടക്കും. നേറെ മറിച്ച് ആ രണ്ട് കോടി രൂപ കുറച്ച് കാര്യങ്ങള്‍ക്ക് മാത്രം ചെലവഴിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഒരു വലിയ വ്യത്യാസം സമൂഹത്തില്‍ കാണാനുണ്ടാകും. കൂടാതെ കൃഷിക്ക് ഇത്ര അതിന് ഇതിന് ഇങ്ങനെയും നിബന്ധനകള്‍ ഉണ്ട്. കൃഷിയില്ലാത്ത എത്ര പഞ്ചായത്തുകള്‍ ഉണ്ട്. കൃഷി തീരെയില്ലാത്ത ടൗണിനോട് ബന്ധപ്പെട്ട് കിടക്കുന്ന എത്രയോ പഞ്ചായത്തുകള്‍ ഉണ്ട്. അവരെങ്ങനെ ഈ പണം ചെലവഴിക്കും. ചെയ്യാന്‍ പറ്റില്ല. അതുപോലെ എസി എസ്ടി വിഭാഗത്തിന് ഇത്ര എന്നുണ്ട്. അത് എസ് ടി ഇല്ലാത്തതുകൊണ്ട് അത് പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നില്ല. അപ്പോള്‍ അങ്ങനെയൊക്കെയുള്ള ചില തകരാറുകള്‍ ഈ ജനകീയാസൂത്രണത്തിലുണ്ട്. അതിലൊക്കെ മാറ്റം വരുത്തേണ്ടതാണെന്നാണ് എന്റെ അഭിപ്രായം.

ലോകം തന്നെ വലിയ രീതിയില്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ മാത്രം പഴഞ്ചന്‍ നിയമങ്ങളും വെച്ചുകൊണ്ട് നമുക്ക് ഇരിക്കാന്‍ പറ്റുമോ? നാല് നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ ഇവിടെയാരും ഉണ്ടാക്കേണ്ട എന്നു പറഞ്ഞാല്‍ ശരിയാകുമോ?  ഇവിടെ ഇരുപത് നിലയും ഇരുപത്തിയഞ്ച് നിലയുമുള്ള കെട്ടിടങ്ങള്‍ ഇല്ലേ? ഇത് സര്‍ക്കാരാണ് ഫയര്‍ ഫൈറ്റിംഗിനുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത്. സര്‍ക്കാരാണ് ഫയറിനുള്ള എക്യുമെന്റ്‌സ് വാങ്ങേണ്ടത്. അതില്ലാത്തതുകൊണ്ട് ഇല്ല പറ്റില്ല എന്നു പറഞ്ഞാല്‍ പറ്റുമോ? അനുസരിച്ച് നമ്മുക്ക് കാല്‍ മുറിക്കാന്‍ പറ്റുമോ? ഇല്ല പറ്റില്ല. അങ്ങനെയൊരു നിലപാട് തന്നെ ശരിയല്ല. അത് സ്വാഭാവികമായുള്ള ചര്‍ച്ച വരുമ്പോള്‍ ബില്‍ഡേഴ്‌സിന് കുറേ പ്രശ്‌നങ്ങള്‍ ഉണ്ടായി. ഇങ്ങനെ കുറേ ആള്‍ക്കാള്‍ കെട്ടിടം ഉണ്ടാക്കി 15ഉം 14ഉം നിലയുണ്ടാക്കി. അപ്പോള്‍ ലൈസന്‍സിന് ചെല്ലുമ്പോള്‍ അത് തരാന്‍ പറ്റില്ല എന്നു പറഞ്ഞു. അത് എങ്ങനെ സാധിക്കും. അവരാദ്യം ബില്‍ഡിംഗ് പെര്‍മിറ്റ് എടുത്തിട്ടാണ് തുടങ്ങുന്നത്.  പല ആള്‍ക്കാര്‍ക്കും വിറ്റതാണ്. നിരവധി ലക്ഷങ്ങള്‍ ചെലവഴിച്ചവര്‍ പെരുവഴിയിലാവില്ലേ. അങ്ങനെയൊന്ന് ഗവണ്‍മെന്റിന് ചെയ്യാന്‍ പറ്റുമോ? പറ്റില്ല. അതാണ് ഇതിലെ പ്രശ്‌നം.

ഞാന്‍ എപ്പോഴും പറയുന്നുണ്ട്. സര്‍ക്കാരാണ് നിയമങ്ങള്‍ ഉണ്ടാക്കുന്നതും അതുപോലെതന്നെ ഭരണം നടത്തുന്നതും ഇത് ജനാധിപത്യ രാജ്യമാണ്. കേരളം പോലുള്ള സ്ഥലത്ത്, ഇത്രയധികം ആള്‍ക്കാര്‍ എജ്യൂക്കേറ്റഡ് ആയിട്ടുള്ള സ്ഥലത്ത്,  ജനാധിപത്യം നല്ല നിലയില്‍ നില്‍ക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥന്‍മാര്‍ കേറി ഇറങ്ങി ഭരിക്കുന്നുവെങ്കില്‍ പിന്നെ നമ്മള്‍ എന്തിനാണ്?

ഫ്ലാറ്റ് മാഫിയ എന്നൊക്കെയാണ് പറയുന്നത്?
പഴയ കാലത്ത് 20 ലക്ഷമായിരുന്നു ഫ്ലാറ്റുകളുടെ വില. ഇപ്പോള്‍ അത് 60ഉം 70ഉം ലക്ഷമായി. ഇവിടെ ഒരു വീട് വെയ്ക്കണമെങ്കില്‍ എത്ര രൂപ വരും. ഒരു ഫ്‌ളാറ്റ് ഉണ്ടാക്കിയാല്‍ ചുരുങ്ങിയത് 100 കുടുംബങ്ങള്‍ക്ക് താമസിക്കാം. ഒരു ഏക്കര്‍ സ്ഥലത്ത് അതിന്റെ വഴിയും മറ്റും എല്ലാം പോയിട്ട് കൂടിപ്പോയാല്‍ പത്തോ പതിനഞ്ചോ വീടുകള്‍ മാത്രമേ വെയ്ക്കാന്‍ പറ്റുകയുള്ളൂ. അവരുടെ എല്ലാ കാര്യങ്ങളും നോക്കണം. അവരുടെ ഡ്രൈനേജ്, റോഡ് ടാര്‍ ചെയ്യണം. സ്ട്രീറ്റ് ലൈറ്റ് വേണം. ഓരോരുത്തര്‍ക്കും ചുറ്റുമതില്‍ ഉണ്ടാക്കിക്കൊടുക്കണം. കുടിവെള്ളം, ഇലക്ട്രിസിറ്റി അതൊക്കെ മാനേജ് ചെയ്യണം. തിരുവനന്തപുരം സിറ്റിയില്‍ ടു ത്രീ ബെഡ്‌റൂം വീട് വെയ്ക്കണമെങ്കില്‍ ഇപ്പോള്‍ എത്ര രൂപ വരും. അതും ഫ്‌ളാറ്റും തമ്മില്‍ എത്ര തമ്മില്‍ വ്യത്യാസം ഉണ്ട് എന്നു നോക്കുക. അപ്പോള്‍ ഫ്‌ളാറ്റാണ് ലാഭം. അതുകൊണ്ട് കുറച്ച് ഉയരത്തില്‍ ഇരിക്കുന്ന ആള്‍ക്കാര്‍ വലിയ പണക്കാരെന്ന് പറയുന്നത് ശരിയല്ല. ഫ്‌ളാറ്റുകളില്‍ പകുതിയോളം പേരും പുറം രാജ്യങ്ങളില്‍ താമസിക്കുന്നവരാണ്. അവര്‍ക്ക് പെട്ടെന്ന് ഇങ്ങോട്ട് വന്നാല്‍ താമസിക്കാന്‍ ഒരിടം വേണം. കൃത്യമായും ടാക്‌സും മറ്റും അടയ്ക്കുന്നുണ്ട്.

പക്ഷെ പരിസ്ഥിതി പ്രശ്‌നം, വയനാട് പോലുള്ളടത്ത് ഇത് നിയന്ത്രണം വേണ്ട?
ചരിവുള്ള സ്ഥലങ്ങളില്‍ വേണം.  വയനാട്ടിലും ഇടുക്കിയിലും നിയന്ത്രണം വേണം . നമ്മള്‍ അവിടത്തെ കാര്യങ്ങള്‍ പഠിക്കാനും പുനപരിശോധിക്കാനും വേണ്ടി ഒരു കമ്മറ്റിയെ വെച്ചിട്ടുണ്ട്. അത് അവര്‍ ചെയ്യും. ചരിവായ സ്ഥലങ്ങളില്‍ ഇത് ഉണ്ടാക്കണമെന്നല്ല പറയുന്നത്. ലെവലായ സ്ഥലങ്ങള്‍ എത്രയോ ഉണ്ട് വയനാട്ടിലും ഇടുക്കിയിലും. അവിടെ എന്താ ഭൂമിയ്ക്ക് വിലയില്ലേ? 

കഴിഞ്ഞ പ്രാവശ്യം ഫ്‌ളാറ്റുകള്‍ക്ക് ചില കര്‍ശനമായ കുറേ നിയമങ്ങള്‍ കൊണ്ടുവന്നപ്പോള്‍ കുറേ ബില്‍ഡേഴ്‌സ് വില്ലകളിലേക്ക് കടക്കുകയുണ്ടായി. മലകള്‍ ഇടിച്ചും, കുന്ന് ഇടിച്ചും പാടവും പറമ്പും നികത്തിയും വീടുകള്‍ വെച്ചു. നേരത്തെ കണ്ടിരുന്ന ചില കുന്നുകള്‍ ഇപ്പോള്‍ കാണുന്നില്ല. അതൊക്കെ ഇടിച്ച് വീടുകള്‍ വെച്ചു. നമ്മുടെ തലമുറകള്‍ക്ക്  ഇവിടെ വളര്‍ന്നുവരണ്ടേ. ഇവിടെ മുഴുവന്‍ വീടുകള്‍ ഉണ്ടാക്കിയാല്‍ മതിയോ?

പ്രവാസികള്‍ക്കുവേണ്ടി വോട്ടവകാശം പോലുള്ള കാര്യങ്ങള്‍ വളരെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടല്ലോ?
കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത് ഒരു ഡോക്ടര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയില്‍ കേസ് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് അത് നടക്കുന്നത്. ഇരുപത് ലക്ഷത്തോളം പ്രവാസികള്‍ ഉണ്ട്. ഈ പ്രവാസികളാണ് നമ്മുടെ കേരളത്തെ പട്ടിണിക്കിടാതെ കൊണ്ടുപോകുന്നത്. ഇവിടെ മാറി മാറി ഗവണ്‍മെന്റുകളൊക്കെ ഭരിച്ചിട്ടുണ്ടെങ്കിലും നിങ്ങളും ഞാനും ഒക്കെ പട്ടിണിയാകാതെ കഴിയുന്നത് ഈ പ്രവാസികള്‍ അയക്കുന്ന പണം കൊണ്ടാണ്. ഇപ്പോള്‍ ഒരു ലക്ഷത്തി നാല്‍പ്പത്തിയയ്യായിരം കോടി രൂപയാണ് വരുന്നത്. അവരെ പണം മാത്രം തരുന്ന എടിഎം മെഷീന്‍ എന്ന് പറയുന്നത് ശരിയല്ല. നമ്മുടെ വളര്‍ച്ചയില്‍ അവരും ഉള്‍പ്പെടണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം.

മന്ത്രി എന്ന നിലയില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഇവിടെ ചെയ്യാന്‍ കഴിയുന്നുണ്ടോ?
അതില്‍ വലിയ പ്രയാസമുണ്ട്. പല ഉദ്യോഗസ്ഥരും ഒന്നും ചെയ്യാതെ ഇങ്ങനെ മാറി നടക്കുന്ന സ്ഥിതിയിലാണ്. ഇങ്ങനെ തട്ടിക്കളിക്കും. ഇതിന് കാരണം പാമോയില്‍ കേസൊക്കെയാണ്. എത്രയോ വര്‍ഷമായി ഇങ്ങനെ നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ സത്യാവസ്ഥ എല്ലാപേര്‍ക്കും അറിയാം. പലപ്പോഴും ഇവിടെ ഉദ്യോഗസ്ഥന്മാര്‍ രക്ഷപ്പെടുകയാണ്. ഒന്ന് അങ്ങോട്ട് നീട്ടി ഇങ്ങോട്ട് നീട്ടി നമ്മള്‍ സെക്രട്ടറിയേറ്റിലെ ചില ഫയലുകള്‍ നോക്കിയാല്‍ അറിയാം. എഴുതി എഴുതി കുറേയുണ്ടാകും. ഒന്നുകില്‍ നോ, അല്ലെങ്കില്‍ എസ് ഇത് ആരും എഴുതുകയില്ല.എന്റടുത്ത് വരുന്ന ഫയലുകളുടെ കാര്യത്തില്‍ തന്നെ ഞാന്‍ പറയും. ഒരു ജീവിതം തന്നെ ഇതില്‍ആള്‍ക്കാര്‍ വേസ്റ്റ് ചെയ്യുന്നുവെന്ന്. നമ്മുടെ സിസ്റ്റമാണിത്. അത് ഒരു വലിയ പ്രശ്‌നമാണ്.മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ തന്നെ ഓരോ ചെറിയ ചെറിയ കാര്യങ്ങളിലെ നൂലാ മാലകള്‍ സോള്‍വ് ചെയ്യാന്‍ സാധിച്ചു. 

ജനസമ്പര്‍ക്ക പരിപാടിയെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉണ്ടല്ലോ?
വില്ലേജ് ഓഫീസര്‍ ചെയ്യുന്ന പണി മുഖ്യമന്ത്രി ചെയ്യുന്നു എന്നാണ് വിമര്‍ശനം. അതാണ് കേരളത്തിന്റെ ഭാഗ്യം എന്നു ഞാന്‍ പറയും. മാത്രമല്ല. ജനങ്ങളുടെ അടുത്ത് ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുമ്പോള്‍  കൃത്യമായി മനസ്സിലാകും. ഉദ്യോഗസ്ഥന്മാര്‍ പറയുന്നെങ്കില്‍ അത് കൃത്യമായി മനസ്സിലാക്കികൊള്ളണമെന്നില്ല. ഉദാഹരണത്തിന് ഞങ്ങള്‍ ശബരിമലയ്ക്ക് പോയപ്പോള്‍ ഞങ്ങളുടെ കൂടെയുള്ള ഒരാള്‍ മരിച്ചു അയാളുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഒരിടത്തുനിന്നും കിട്ടുന്നില്ല എന്നുള്ള കാര്യങ്ങള്‍ ഒക്കെ. ഇങ്ങനെയുള്ള പല നൂലാമാലകളും മാറ്റാനുള്ള ശ്രമം മുഖ്യമന്ത്രി ഉണ്ടാക്കിയിട്ടുണ്ട്.  അതുവഴി ജനങ്ങള്‍ക്ക് വളരെ സൗകര്യങ്ങള്‍ ഉണ്ടായി.

അഴിമതിയുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ ആളുകള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്?
അത് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നുവെന്നല്ലാതെ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രൂവ് ചെയ്യാന്‍ പറ്റിയോ? എല്ലാവരെ പറ്റിയും അങ്ങനെ പറഞ്ഞൂടേ. മുഖ്യമന്ത്രി ഇത് ചെയ്തു. പഞ്ചായത്ത് മന്ത്രി അത് ചെയ്തു. നഗരകാര്യവകുപ്പ് മന്ത്രി അത് ചെയ്തു. ധനകാര്യമന്ത്രി അത് ചെയ്തു. ആരെങ്കിലും അതിന്റെ തെളിവ് കൊണ്ടുവരണ്ടേ. അല്ലെങ്കില്‍ ഇത് ചെയ്തു എന്ന് പറയണ്ടേ. ഇതല്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍വേണ്ടി അവരുടെ ലാഭത്തിന് വേണ്ടി ഓരോന്ന് പറയുന്നത് ശരിയാണോ? ആരെങ്കിലും എന്തെങ്കിലും പറഞ്ഞതുകൊണ്ട് കോടതിയില്‍ കേസെടുക്കാന്‍ പറ്റില്ലല്ലോ?  

ഇവിടെ തിരുവനന്തപുരത്ത് കരിമഠം കോളനിയില്‍ ആള്‍ക്കാര്‍ സഹകരിച്ച് അവിടെ വീടുകള്‍ പൊളിച്ചിട്ട് അവിടെ വേറൊരു ബില്‍ഡിംഗ് കെട്ടിക്കൊടുത്തു. അതല്ല ചെങ്കല്‍ചൂള കോളനിയിലെ അവസ്ഥ. അവിടെ പത്ത് പതിനൊന്ന് ഏക്കര്‍ സ്ഥലമുണ്ട്. അവിടെ ചെന്ന് കണ്ടാല്‍ ഇവിടെ താമസിക്കുന്നത്  മനുഷ്യരല്ലേ എന്ന് തോന്നിപ്പോകും. അത്രയ്ക്ക് വൃത്തികേടാണ് മഴയൊക്കെ ഉണ്ടാകുമ്പോള്‍. അവിടെ കക്കൂസ് ഇല്ല.  നഗരകാര്യ വകുപ്പിന്റെ കീഴില്‍ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും സഹായിക്കുന്ന അല്ലെങ്കില്‍ പണം കടം കൊടുക്കുന്ന ഒരു സ്ഥാപനമാണ് കെ യു ആര്‍ ടി സി. ഞങ്ങള്‍ ഇവരോട് പറഞ്ഞു നല്ല ഫ്‌ളാറ്റുകള്‍ ഉണ്ടാക്കാം. പകുതി സ്ഥലം മതി. അവിടെ 971 ഓളം വീടുകള്‍ ഉണ്ട്. ഇവരെ മുഴുവന്‍ നല്ല ഫ്‌ളാറ്റുകള്‍ ഉണ്ടാക്കി അതിലോട്ട് പാര്‍പ്പിക്കാം. നല്ല ഫെസിലിറ്റീസ് ഉണ്ടാക്കാം. കിച്ചന്‍ ഗാര്‍ഡന്‍ ഉണ്ടാക്കാം. എല്‍ കെ ജിയുണ്ടാക്കാം. അങ്ങനെയുള്ള സൗകര്യങ്ങളൊക്കെ ഉണ്ടാക്കിക്കൊടുക്കാം. പകുതി സ്ഥലം കെ യു ആര്‍ ടി സി കോപ്ലക്‌സ് ഉണ്ടാക്കാന്‍ ഉപയോഗിക്കും. അവിടെ ഷോപ്പുകള്‍ ഉണ്ടാക്കി വാടകയ്ക്ക് കൊടുക്കാം. എന്നിട്ട് ആ വാടകകൊണ്ട് ഇത് മെയിന്റനന്‍സ് ചെയ്യാമെന്ന് പറഞ്ഞു. അവിടെയുള്ള ജനങ്ങളുമായി ആദ്യം സംസാരിച്ചപ്പോള്‍ ജനങ്ങള്‍ വളരെ ഹാപ്പി.  ഇപ്പോള്‍ പ്രതിപക്ഷം അതില്‍ ഇടപെട്ടപ്പോള്‍ അവര് പറയുന്നത് ഇവിടെ ഭൂമി വില്‍ക്കാനാണ്, എവിടെ വില്‍ക്കാനാണ്. കേരളത്തിലെ നഗരകാര്യവകുപ്പിന്റെ കീഴിലുള്ള അതല്ലെങ്കില്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഒരു കമ്പനിയാണിത്. 

ലീഗിലെ ഗ്രൂപ്പ് പ്രശ്നത്തെക്കുറിച്ച്….?
അതിപ്പോള്‍ എല്ലാ പാര്‍ട്ടികളിലും അവിടെയും ഇവിടെയും ഒക്കെ ഗ്രൂപ്പുകള്‍ ഉണ്ടാവാറുണ്ട്.  ഇങ്ങനത്തെ ഒരു ഗ്രൂപ്പൊന്നും എന്റെ പാര്‍ട്ടിയിലില്ല. പക്ഷേ സ്വാഭാവികമായിട്ടും വിരുദ്ധ അഭിപ്രായങ്ങളും രണ്ടഭിപ്രായങ്ങളും എല്ലാവര്‍ക്കും ഉണ്ടാകും. അതിപ്പോള്‍ എല്ലാ സ്ഥലത്തുമില്ലേ. ഞാന്‍ ഇല്ല എന്ന് പറഞ്ഞാല്‍ അത് വെറുതേ പറയുന്നതാവില്ലേ.

അപ്പോള്‍ സ്ഥിരമായി രണ്ടഭിപ്രായം വരുമ്പോഴാണല്ലോ പ്രശ്‌നം?
സ്ഥിരമായി രണ്ടഭിപ്രായം എന്റെ സ്ഥലത്തില്ല. ഞങ്ങളുടെ ഏറ്റവും വലിയ സമാധാനം എന്നു പറഞ്ഞാല്‍  ഒരാള്‍ പറഞ്ഞുകഴിഞ്ഞാല്‍ അത് എല്ലാവരും അനുസരിക്കും. ഞങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകുകയോ ഡിസിഷന്‍ എടുക്കുകയോ ആണെങ്കില്‍ അതിനെ ഞങ്ങള്‍ പ്രസിഡന്റിനെ ഏല്‍പ്പിക്കും. അദ്ദേഹം പറഞ്ഞ് കൃത്യമായൊരു ഡിസിഷന്‍ എടുക്കും. ഞങ്ങള്‍ എല്ലാവരും അതില്‍ ആക്ടീവാകും. ഒരാളും അതിനെ എതിര്‍ത്തു പറയുകയോ, നോ എന്ന് പറയുകയോ ഇല്ല. അതാണ് ഈ പാര്‍ട്ടിയുടെ ഏറ്റവും വലിയ ഗുണം. ഒരു ലീഡറുണ്ട്. അദ്ദേഹത്തെ ഞങ്ങള്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു.

തങ്ങള്‍ കുടുംബവും പാര്‍ട്ടിയിലുള്ള ഒരു വിഭാഗവും തമ്മില്‍ ഐക്യമില്ലെന്ന് പറയുന്നത് ശരിയാണോ?
ഒരിക്കലുമില്ല, തങ്ങള്‍ കുടുംബമാണ് ഞങ്ങളുടെ പാര്‍ട്ടിയെന്നു പറയുന്നത്. അവരാണ് ഇതിനെ നിയന്ത്രിക്കുന്നത് അതിന് ഒരു സംശയവുമില്ല. 

പേമെന്റ് സീറ്റിനെക്കുറിച്ച്…?
ലീഗിനെപ്പറ്റി പലപ്പോഴും പലതും ഇങ്ങനെ പറയുന്നുണ്ട്. ലീഗ് പണക്കാരുടെ പാര്‍ട്ടിയാണ്. ലീഗ് നിലനില്‍ക്കുന്നത് പൂര്‍ണ്ണമായിട്ടും പാവപ്പെട്ടവരുടെ പാര്‍ട്ടിയായതുകൊണ്ടാണ്. മുസ്ലീങ്ങളില്‍ ചിലര്‍ വലിയ കുപ്പായമൊക്കെയിട്ടിട്ട് മന്ത്രിമാരുടെ അടുത്തും മറ്റും ബെന്‍സ് കാറിലും മറ്റും വരുന്നുണ്ടാകും. അതൊക്കെ സ്വാഭാവികമായിട്ടും ഉണ്ട്. എല്ലായിടത്തും ഉണ്ട്. എല്ലാവര്‍ക്കും അവരുമായി ബന്ധമുണ്ടാകും. പക്ഷേ അവരാണ് ഈ പാര്‍ട്ടിയെ കണ്‍ട്രോള്‍ ചെയ്യുന്നതെന്ന് പറയുന്നത് വെറുതെയാണ്. അതും സത്യവുമായി യാതൊരുവിധ ബന്ധവുമില്ല.

അറബിക് യൂണിവേഴ്‌സിറ്റിയുടെ കാര്യത്തില്‍ ഉയര്‍ന്ന ചര്‍ച്ചകള്‍…? 
അതാണ് ഇവിടെ പ്രശ്‌നം. ബീഫ് ഫ്രിഡ്ജില്‍ വെച്ചുവെന്ന് ആരോപിച്ച് ഒരാളെ അടിച്ചുകൊന്നു.  നോര്‍ത്ത് ഇന്ത്യയിലൊക്കെ വലിയ ഒരു ന്യൂസാണിത്. സ്വാഭാവികമായിട്ടും അതിനെക്കുറിച്ച് ഇവിടത്തെ മുസ്ലീം സംഘടനകള്‍ പറയാതിരിക്കില്ല. ഞാന്‍ അതിനെപ്പറ്റി പലപ്പോഴും പേടിക്കാറുണ്ട്. നോര്‍ത്ത് ഇന്ത്യയില്‍ ഒരിക്കല്‍ ഒരു പോത്ത് ഒരു ആളിനെ കുത്തിയെന്ന് പറഞ്ഞിട്ടാണ് അവിടെ ഒരു വലിയ കലാപം തുടങ്ങിയത്. അതേ രീതിയില്‍ ഇത് പോയാല്‍ എവിടെചെന്ന് നില്‍ക്കും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ കേരളത്തില്‍ അത് കണ്‍ട്രോള്‍ ചെയ്ത് ഇവര് പിടിക്കുന്നത്  ലീഗ് തന്നെയാണ് അതിന് ഒരു സംശയവുമില്ല.

മുസ്ലീം ലീഗ് എന്ന പാര്‍ട്ടി ഏറ്റവും ശക്തി കൂടിയിട്ടുള്ളത് കേരളത്തില്‍ തന്നെയാണ്. പഴയകാലത്ത് ബംഗാളില്‍ ഉണ്ടായിരുന്നു, ആസാമില്‍ ഉണ്ടായിരുന്നു, ബീഹാറില്‍ ഉണ്ടായിരുന്നു. അവിടെയൊക്കെ ഇല്ലാതായി, അവിടത്തെ മുസ്ലീംങ്ങള്‍ മറ്റുള്ള പല പാര്‍ട്ടികളിലും പോയി. ഇവിടെ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണം ഇവിടത്തെ ലീഡേഴ്‌സ് ആള്‍ക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കി. മുസ്ലീം ലീഗിലെ നേതാക്കള്‍ വളരെ താല്‍പ്പര്യപൂര്‍വ്വം പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇവിടത്തെ ന്യൂനപക്ഷക്കാര്‍ക്ക് അതായത് മുസ്ലീംങ്ങള്‍ക്ക് വിദ്യാഭ്യാസവും നല്ല ഉയര്‍ച്ചയും ഉണ്ടായത്. ഇതേ സി പി എമ്മുകാര്‍ ബംഗാളില്‍ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് അവിടത്തുകാര്‍ കല്ലുവെട്ടുകാരായും ലേബേഴ്‌സായും ഒരു പണിയും ഇല്ലാത്തവരായി നടക്കുന്നത്. ഇപ്പോള്‍ സി പി എമ്മിനെക്കൊണ്ടല്ല അത് ലീഗിനെക്കൊണ്ട് തന്നെയാണ്. ലീഗ് എന്ന പാര്‍ട്ടി ഇവിടെ വിദ്യാഭ്യാസം നല്‍കി. ആ വിദ്യാഭ്യാസം കൊണ്ട് പല രീതിയിലും നമ്മള്‍ കാര്യങ്ങള്‍ പഠിച്ചു. ഇന്ത്യയില്‍ തന്നെ ഏതൊരു സംസ്ഥാനത്ത് ചെന്നാലും ഇത്രയധികം റിഫൈന്റായിട്ടുള്ള അതായത് എജ്യൂക്കേറ്റഡ് ആയിട്ടുള്ള വേറെ ഒരു മുസ്ലീംങ്ങളെയും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. 

സി പി എം പോലുള്ള ഒരു പാര്‍ട്ടിയില്‍ നിന്ന് എങ്ങനെയാണ് ഈ മതവുമായി ബന്ധപ്പെട്ട പാര്‍ട്ടിയില്‍….?
എനിക്ക് ഒരു വ്യത്യാസവും ഫീല്‍ ചെയ്തിട്ടില്ല. ഞാന്‍ ഒരിക്കലും സി പി എമ്മിലെ ഒരു പാര്‍ട്ടി മെമ്പറായിരുന്നില്ല. ഞാന്‍ സ്വതന്ത്രനായിരുന്നു. ഞാന്‍ ഇതില്‍ വന്നതിനുശേഷം ഞാന്‍ ഒരിക്കലും ഈ പാര്‍ട്ടിയില്‍ മതത്തിനോ പറ്റിയോ മറ്റോ ഞാന്‍ കേട്ടിട്ടേയില്ല. പാണക്കാട് കുടുംബവുമായി എന്റെ കുടുംബത്തിന് ഏകദേശം നൂറ്റിചില്ല്യാനം വര്‍ഷത്തെ ബന്ധമുണ്ട്.  ഞാന്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുന്ന സമയത്തും എനിക്ക് തങ്ങളോട് ബന്ധമുണ്ട്. 

ഈ പാര്‍ട്ടിക്ക് സി പി എമ്മുമായി വലിയ വ്യത്യാസങ്ങളൊന്നു ഇല്ല അല്ലേ?
മനുഷ്യരുടെ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് പരിഹരിക്കും. അതിന് ഒരു വ്യത്യാസവുമില്ല. എന്നാല്‍ ലീഗ് കുറച്ചുകൂടി മുന്‍പിലാണ് ഈ കാര്യത്തില്‍. പാവങ്ങള്‍ക്ക് വീട് ഉണ്ടാക്കിക്കൊടുത്തും, ഹോസ്പിറ്റല്‍ സൗകര്യം ഉണ്ടാക്കിക്കൊടുത്തും താമസ സൗകര്യം ഫ്രീ, മറ്റ് മരുന്നുകള്‍ ഫ്രീ ഒരു ദിവസം എത്രയോ കോടി രൂപയാണ് ഈ നാട്ടുകാരില്‍ നിന്ന് പിരിച്ചിട്ട് ഈ പാര്‍ട്ടി ചെലവഴിക്കുന്നത്. ഇത്രയധികം പ്രവര്‍ത്തനം നടത്തുന്ന ഒരു പാര്‍ട്ടിയും നമുക്ക് കാണാന്‍ കഴിയില്ല. 

എജ്യൂക്കേഷനില്‍ വലിയ സംഭവമായി എന്നു പറയുന്നു. എന്നാലും വാക്‌സിനേഷന്‍ എടുക്കാതെ മലപ്പുറത്ത് ഒരു കുട്ടി മരിച്ചു. അതുമായി ബന്ധപ്പെട്ട് …?
എല്ലാ കാര്യത്തിലും മലപ്പുറം മുന്‍പിലാണ്. കമ്പ്യൂട്ടര്‍ സാക്ഷരത നമ്മളാണ് ആദ്യമായി സ്‌കൂളുകളില്‍ ആദ്യമായി കൊണ്ടുവന്നത്. പക്ഷേ വാക്‌സിനേഷനുമായി എന്തോ തരക്കേടില്ലാത്ത പേടി. എന്റെ കുഞ്ഞ് ആരോഗ്യവാനാണ്, കുഴപ്പമൊന്നുമില്ല, നന്നായി വളരുന്നുണ്ടെന്ന തോന്നല്‍ ഉണ്ടായിരിക്കുകയാണ്. അത് വളരെ വലിയൊരു പ്രശ്‌നമാണ്. ഇപ്പോള്‍ എജ്യൂക്കേറ്റഡ് ആയിട്ടുള്ള കുറേ ആള്‍ക്കാരുടെ മക്കളൊക്കെ ഇത് ചെയ്തിട്ടുണ്ട്. പക്ഷേ ഗള്‍ഫിലുള്ളവരുടെ ഭാര്യമാര്‍ അവരാണ് വേറൊരു പ്രശ്‌നം. അവരുടെ ഭാര്യമാര്‍ ഒറ്റയ്ക്ക് പോകാനും ഇത് കൊടുക്കാനും തയ്യാറാവുന്നില്ല.

അഞ്ചാം മന്ത്രി എന്നായിരുന്നു താങ്കളെക്കുറിച്ചുള്ള ഒരു പറച്ചില്‍… സത്യത്തില്‍ അങ്ങനെയൊന്നുണ്ടോ? 
എനിക്ക് വളരെയധികം അത് ഫീല്‍ ചെയ്തിട്ടുണ്ട്.  എനിക്ക് വളരെ അപമാനമായിതന്നെ തോന്നിയിരുന്നു. കാരണം മുസ്ലീംലീഗ് എന്ന പാര്‍ട്ടിക്ക് 5 മന്ത്രിമാരും ഒരു സംശയവുമില്ലാതെ അര്‍ഹതപ്പെട്ടതാണ്. പഴയകാലത്ത് നാല് മന്ത്രിമാരും ഒരു ചീഫ് വിപ്പും കൊടുത്തു. 20 എം എല്‍ എമാരുള്ള ഒരു പാര്‍ട്ടിക്ക് എന്തുകൊണ്ട് 5 മന്ത്രിമാരെ കൊടുത്തുകൂടാ. അത് ഇത്തരത്തില്‍ ബഹളമുണ്ടാക്കേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. മാത്രമല്ല, നമ്മുടെ നാട്ടിലൊന്നും ഇങ്ങനെ ജനം ചിന്തിക്കാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായം. ഈയടുത്ത കാലത്ത് അത് വളരെ കൂടുതലായി വരുന്നു. അവിടെയൊക്കെയാണ് സിപിഎമ്മിന്റെ വീഴ്ചയൊക്കെ നമുക്ക് ഭയങ്കരമായി സങ്കടം തോന്നുന്നത്. 

അടുത്ത തവണ എന്തായാലും എം എല്‍ എയായി ഉണ്ടാവില്ലേ?
വരാന്‍ പോകുന്ന കാര്യങ്ങള്‍ ഇപ്പോള്‍ നമ്മള്‍ക്ക് പറയാന്‍ പറ്റുമോ? എന്റെ വ്യക്തിപരമായ അഭിപ്രായം കുറേ കാലം നിന്ന ആള്‍ക്കാരൊക്കെ വഴിമാറിക്കൊടുത്ത് യുവാക്കള്‍ വരണമെന്നാണ്. 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍