UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സി പി ഐ എം മഞ്ചേശ്വരത്ത് താമര വിരിയിക്കുമോ?

Avatar

കെ എ ആന്റണി

(കേരള നിയമ സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രചാരണവും സംവാദങ്ങളും അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു. ഇടതു വലതു മുന്നണികള്‍ക്കൊപ്പം ഒരു ഡസന്‍ മണ്ഡലങ്ങളിലെങ്കിലും നിര്‍ണ്ണായക ശക്തിയായി ബി ജെ പി മാറിക്കഴിഞ്ഞിട്ടുണ്ട്. ബിഡിജെഎസ്സിന്റെ രംഗപ്രവേശവും തെരഞ്ഞെടുപ്പ് ചിത്രത്തെ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. അഴിമതിയും മദ്യവും വര്‍ഗീയതയുമൊക്കെ പ്രധാന ചര്‍ച്ചാ വിഷയമായി ഉയര്‍ന്നു വരുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് 25 മണ്ഡലങ്ങളിലേയെങ്കിലും പോരാട്ടം മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമാണ്. തെരഞ്ഞെടുത്ത 25 മണ്ഡലങ്ങളിലെ രാഷ്ട്രീയ ഗതിവിഗതികളെ വിശകലനം ചെയ്യുകയാണ് അഴിമുഖം. തൃപ്പൂണിത്തുറനേമം, ഇടുക്കി
മണ്ഡലങ്ങളെക്കുറിച്ചുള്ള വിശകലനങ്ങള്‍ ഇവിടെ വായിക്കാം)

കേരള കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം നിയമസഭ മണ്ഡലം ജനശ്രദ്ധ ആകര്‍ഷിച്ചു തുടങ്ങിയത് 1991-ലെ തെരഞ്ഞെടുപ്പ് കാലത്താണ്. കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായി ബിജെപി നേതൃത്വം കെ കരുണാകരനുമായി ചില നീക്കു പോക്കുകള്‍ നടത്തിയത് ആ തെരഞ്ഞെടുപ്പിലായിരുന്നു. ബേപ്പൂര്‍ നിയമസഭ മണ്ഡലത്തിലും വടകര മണ്ഡലത്തിലും പൊതു സ്വതന്ത്രര്‍, മഞ്ചേശ്വരത്ത് ബിജെപിയുടെ കേരളത്തിലെ അനിഷേധ്യ നേതാവ് കെജി മാരാര്‍. 1072 വോട്ടുകള്‍ക്കാണ് മാരാര്‍ തോല്‍ക്കുന്നത്.

നീക്കുപോക്ക് പരസ്യമായതോടെ അന്നത്തെ ആ രാഷ്ട്രീയ തന്ത്രം പാളി. എങ്കിലും ബേപ്പൂരിലും വടകരയിലും കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് നടത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഡോക്ടര്‍ കെ മാധവന്‍ കുട്ടിയും അഡ്വക്കേറ്റ് രത്‌നസിംഗും കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോള്‍ മഞ്ചേശ്വരത്ത് കെ ജി മാരാര്‍ വിജയത്തിന്റെ വക്കോളമെത്തി. മാരാരെ തോല്‍പിക്കാന്‍ എല്‍ഡിഎഫ് പ്രത്യേകിച്ചും സിപിഐഎം മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി ചെര്‍ക്കളം അബ്ദുള്ളയ്ക്ക് അനുകൂലമായി വോട്ടു മറിച്ചതിനാലായിരുന്നു മാരാരുടെ തോല്‍വി.

91-ലെ പരീക്ഷണം പാളിയെങ്കിലും അന്നുമുതല്‍ കേരളത്തില്‍ ബിജെപി ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന ഒരു മണ്ഡലമായി മഞ്ചേശ്വരം മാറുകയായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരത്ത് വാനോളമുണ്ട് ബിജെപിയുടെ പ്രതീക്ഷ. മഞ്ചേശ്വരത്ത് നിന്നും താമര വിരിയിക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ തന്നെയാണ് ബിജെപി ഇത്തവണയും കളത്തില്‍ ഇറക്കിയിരിക്കുന്നത്. യുഡിഎഫിനുവേണ്ടി നിലവിലെ എംഎല്‍എയും മുസ്ലിംലീഗുകാരനുമായ പി ബി അബ്ദുള്‍ റസാഖ് വീണ്ടും ജനവിധി തേടുമ്പോള്‍ മഞ്ചേശ്വരം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യവുമായി മുന്‍ എംഎല്‍എ സിഎച്ച് കുഞ്ഞമ്പുവിനെയാണ് എല്‍ഡിഎഫ് നിയോഗിച്ചിരിക്കുന്നത്. 2006-ലെ തെരഞ്ഞെടുപ്പില്‍ 20 വര്‍ഷം തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച ചെര്‍ക്കളം അബ്ദുള്ളയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ചെങ്കൊടി പാറിച്ചയാള്‍ എന്ന പരിഗണനയാണ് കുഞ്ഞമ്പുവിനെ ഇത്തവണ ലഭിക്കുന്നത്.

വ്യത്യസ്ത മതങ്ങളുടേയും ഭാഷകളുടേയും സംഗമ ഭൂമി കൂടിയാണ് മഞ്ചേശ്വരം. കന്നഡ, തുളു ഭാഷകള്‍ സംസാരിക്കുന്നവര്‍ ധാരാളം. കന്നഡ വോട്ടര്‍മാരിലാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ കോഴിക്കോട് സ്വദേശിയായ സുരേന്ദ്രന്‍ തുടര്‍ച്ചയായി മഞ്ചേശ്വരത്തു നിന്നും മത്സരിക്കുന്നതില്‍ മണ്ഡലത്തിലേയും ജില്ലയിലേയും ബിജെപിക്കാര്‍ക്ക് ഇടയില്‍ അസംതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പില്‍ ഇതൊന്നും പ്രതിഫലിക്കില്ലെന്നാണ് സുരേന്ദ്രന്റെ വാദം. സുരേന്ദ്രന്റെ വാദത്തെ പൂര്‍ണമായും തള്ളിക്കളയേണ്ടതില്ല. ഭാഷാ ന്യൂനപക്ഷങ്ങള്‍ മാത്രമല്ല മഞ്ചേശ്വരത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിച്ചിരുന്നത് എന്നത് സിപിഐഎമ്മിനും യുഡിഎഫിനും തുണയാകാമെങ്കിലും സുരേന്ദ്രന്റെ കാര്യത്തില്‍ ഇത് എത്ര കണ്ട് നടക്കുമെന്ന് ബിജെപി ജില്ലാ നേതൃത്വത്തിനും അല്‍പം ഒരു ആശങ്കായില്ലാതെയില്ല.

1991 മുതല്‍ തുടര്‍ന്നിങ്ങോട്ട് നടന്ന എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകളിലും ബിജെപി തന്നെയായിരുന്നു മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത്. 91-ല്‍ കെ ജി മാരാര്‍ ജയിക്കാതിരിക്കാനായി സിപിഐഎം നടത്തിയ അത്യുത്സാഹം സ്വന്തം അണികള്‍ക്കിടയില്‍ പ്രത്യേകിച്ചും കന്നഡയും തുളുവും സംസാരിക്കുന്ന ഭാഷ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ അവമതിപ്പ് ചില്ലറയൊന്നുമായിരുന്നില്ല. കന്നഡിഗ വിഭാഗത്തില്‍ നിന്നും സിപിഐഎമ്മിന്റെ മുഖമായിരുന്ന എം രാമണ്ണറേയായിരുന്നു ബിജെപി വിരുദ്ധ സിപിഐഎം നയത്തിന്റെ മഞ്ചേശ്വരത്തെ ആദ്യ ബലിയാട്. ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ ഭൂരഹിത കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ നടത്തിയ എണ്ണമറ്റ നിയമ പോരാട്ടങ്ങളാണ് രാമ്മണ്ണറേയെ ശ്രദ്ധേയനാക്കിയത്.

എകെജിയുടേയും കൃഷ്ണപിള്ളയുടേയും കാലത്തു തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി അലിഞ്ഞു ചേര്‍ന്ന രാമണ്ണറേ അവരുടെ മുഖമായപ്പോള്‍ ഐ രാമറേയായിരുന്നു ഏറെക്കാലം കോണ്‍ഗ്രസിന്റെ ജില്ലയിലെ മുഖം. പിന്നീട് മക്കള്‍ വിവാഹത്തിലൂടെ ബന്ധുക്കളായി മാറിയ രാമണ്ണറേയും രാമറേയും കാസര്‍ഗോഡ് നിയമസഭ മണ്ഡലത്തെ കോണ്‍ഗ്രസിനും സിപിഐഎമ്മിനും വേണ്ടി പ്രതിനിധീകരിച്ചിട്ടുണ്ട്.

മാരാരെ തോല്‍പ്പിക്കാന്‍ രാമ്മണ്ണറേയെ കാലുവാരേണ്ടി വന്ന സിപിഐഎമ്മിന് ഈ അതിര്‍ത്തി മണ്ഡലത്തില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നു ആ ദുഷ്‌പേര് ഒന്നു മാറ്റിയെടുക്കാന്‍. 1977-ല്‍ രാമപ്പ മാസ്റ്ററിലൂടേയും 1980-ല്‍ സുബ്ബറാവുവിലൂടെയും കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ശക്തി പ്രകടമാക്കിയ മഞ്ചേശ്വരത്ത് ചെങ്കൊടി പാറിക്കാന്‍ 2006 വരെ കാത്തിരിക്കേണ്ടി വന്നു സിപിഐഎമ്മിന്. എന്നാല്‍ 2011-ലെ തെരഞ്ഞെടുപ്പോടെ സ്ഥിതി മാറി. ബിജെപി രണ്ടാം സ്ഥാനത്തു നിന്നും ഒന്നാമതെത്തുമെന്ന തോന്നല്‍ കുഞ്ഞമ്പുവിനേയും കാലുവാരാന്‍ പ്രേരിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. കര്‍ണാടക അതിര്‍ത്തി കടന്ന് ബിജെപി കേരള മണ്ണില്‍ കാലുറപ്പിക്കാതിരിക്കാന്‍ സിപിഐഎം കാണിക്കുന്ന ഈ ജാഗ്രതയൊന്നും കോണ്‍ഗ്രസിനോ യുഡിഎഫിന്റെ ഭാഗമായ മുസ്ലിംലീഗിനോ കാസര്‍ഗോഡ് ജില്ലയില്‍ ഇല്ലെന്നത് വ്യക്തമാണ്. ബിജെപി-സിപിഐഎം ഗുസ്തിയുടെ പ്രധാന ഗുണഭോക്താവ് ആകാന്‍ ലീഗിന് കഴിയുന്നുവെന്നിടത്താണ് അവരുടെ സ്ഥാനാര്‍ത്ഥി അബ്ദുള്‍ റസാഖ് ഇത്തവണയും വിജയം പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ലീഗ് ആ കസേര കണ്ട് കൊതിക്കേണ്ടതില്ലെന്നാണ് സിപഐഎം വോട്ടര്‍മാര്‍ നല്‍കുന്ന സന്ദേശം. കുമ്പളയിലേയും പുത്തിഗയിലേയും മംഗള്‍പാഡിയിലേയും കന്നഡിഗ വോട്ടര്‍മാര്‍ തങ്ങളുടെ ജില്ലയെന്ന ഒരു ആശയവുമായി മുന്നോട്ടു പോകുമ്പോള്‍ കന്നഡിഗയും തുളുവും വശമായിട്ടുള്ള തദ്ദേശീയനായ കുഞ്ഞമ്പുവിനെ അവര്‍ പിന്തുണയ്ക്കും എന്നു തന്നെയാണ് നിലവില്‍ ലഭിക്കുന്ന സൂചന. വരത്തന്‍മാരെ കണ്ടു കൂടാത്ത ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എത്ര കണ്ട് കുഞ്ഞമ്പുവിനെ തുണയ്ക്കാനാകുമെന്നത് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ മാത്രമേ പറയാനാകൂ.

ഇക്കഴിഞ്ഞ പഞ്ചായത്തിലെ വോട്ടിങ് നില വച്ചു നോക്കിയാല്‍ യുഡിഎഫ് തന്നെയാണ് മുന്നില്‍. മഞ്ചേശ്വരം, മംഗല്‍പാഡി, കുമ്പള, ഓര്‍ക്കാഡി, മീഞ്ച എന്നീ പഞ്ചായത്തുകള്‍ യുഡിഎഫ് ഭരണത്തിലാണ്. പുത്തിഗെ, പൈവളിഗെ എന്നീ പഞ്ചായത്തുകള്‍ എല്‍ഡിഎഫ് ഭരിക്കുന്നു. എന്‍മകജെയില്‍ എല്‍ഡിഎഫും ബിജെപിയുമായിരുന്നു മുഖ്യ എതിരാളികള്‍. നറുക്കെടുപ്പിലൂടെ പഞ്ചായത്തു ഭരണം ബിജെപിക്ക് ലഭിച്ചു. പഞ്ചായത്തുകളിലെ കണക്കുകളല്ല നിയമസഭ, ലോകസഭ തെരഞ്ഞെടുപ്പുകളിലേക്ക് വരുമ്പോള്‍ മഞ്ചേശ്വരം മണ്ഡലം നല്‍കുന്നത്. ഇത്തരം മത്സരങ്ങള്‍ സ്വാഭാവികമായും സിപിഐഎമ്മും ബിജെപിയുമാണ് മുഖ്യഎതിരാളികള്‍. മുസ്ലീംലീഗിന്റെ വോട്ടിന്റെ ബലത്തില്‍ മാത്രമാണ് ഭൂരിപക്ഷ പഞ്ചായത്തുകളിലും യുഡിഎഫ് വിജയമുറപ്പിക്കുന്നത്. കാലാകാലമായി തുടര്‍ന്നുവരുന്ന മുസ്ലിം വിരോധം തന്നെയാണ് ബിജെപി ഈ അതിര്‍ത്തി മണ്ഡലത്തില്‍ മുഖ്യആയുധമാക്കി മാറ്റുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍