UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഞ്ചേശ്വരത്ത് അവസാന ലാപ്പില്‍ താമര കരിഞ്ഞു

അഴിമുഖം പ്രതിനിധി

കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ക്കുന്നുവെന്ന് ആരോപണമുള്ള മഞ്ചേശ്വരത്ത് ഇത്തവണയും ബിജെപിക്ക് പരാജയം. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പരാജയം കേവലം 89 വോട്ടുകള്‍ക്കാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെ സുന്ദര 467 വോട്ടുകള്‍ പിടിച്ചതും ഈ മണ്ഡലത്തില്‍ നിര്‍ണായകമായി. നോട്ടയ്ക്ക് 646 വോട്ടുകളും പിഡിപിക്ക് 759 വോട്ടുകളും ലഭിച്ചു. സുരേന്ദ്രന്റെ മുന്നേറ്റം ഒരുഘട്ടത്തില്‍ നിയമസഭയില്‍ ബിജെപിക്ക് രണ്ട് സീറ്റുകള്‍ ലഭിക്കുമെന്ന തോന്നല്‍ ഉണ്ടാക്കിയിരുന്നുവെങ്കിലും ലീഡ് നില പരസ്പരം മാറിമറിഞ്ഞ് അവസാന നിമിഷം വിജയം കൈവിടുകയായിരുന്നു.

മുസ്ലിംലീഗിന്റെ സിറ്റിങ് എംഎല്‍എ പി ബി അബ്ദുള്‍ റസാഖ് ഏറെ വിയര്‍ത്ത് മണ്ഡലം നിലനിര്‍ത്തി. റസാഖിന് 56,870 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കെ സുരേന്ദ്രന്‍ 56,781 വോട്ടുകള്‍ പിടിച്ച് പോരാട്ടം ഫോട്ടോഫിനിഷിലെത്തിച്ചു. എല്‍ഡിഎഫിന്റെ സിഎച്ച് കുഞ്ഞമ്പു 42,565 വോട്ടുകളും പിടിച്ചു. ഇത്തവണ സിപിഐഎം യുഡിഎഫിന് വോട്ടുമറിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അതിനാല്‍ വോട്ടെടുപ്പ് കഴിയുന്നതിന് മുമ്പു തന്നെ മുസ്ലിംലീഗ് സിപിഐഎം ബിജെപിയെ സഹായിക്കുന്നുവെന്ന് ആരോപിച്ചിരുന്നു.

കഴിഞ്ഞ തവണ 5982 വോട്ടുകള്‍ക്കാണ് മുസ്ലിംലീഗ് വിജയിച്ചത്. 2011-ല്‍ റസാഖ് 49,817 വോട്ടുകളും സുരേന്ദ്രന്‍ 43,989 വോട്ടുകളും സി എച്ച് കുഞ്ഞമ്പുവിന് 35,067 വോട്ടുകളുമാണ് ലഭിച്ചിരുന്നത്. ലോകസഭ തെരഞ്ഞെടുപ്പിലും ഈ ക്രമത്തില്‍ തന്നെയായിരുന്നു പാര്‍ട്ടികള്‍ ഫിനിഷ് ചെയ്തത്. കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്ന ചുരുക്കം ചില മണ്ഡലങ്ങളിലൊന്നായിരുന്നു മഞ്ചേശ്വരം. എന്നാല്‍ ചരിത്രം നേമത്തിനാണ് ആ പദവി നല്‍കിയത്. റീകൗണ്ടിംഗ് നടത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍