UPDATES

യാത്ര

മകരം മഞ്ഞുകോര്‍ക്കുമ്പോള്‍ മഞ്ചൂരിയിലേക്ക്

Avatar

എഴുത്തും ചിത്രങ്ങളും /ശബരി വര്‍ക്കല 

ജീവിതത്തിന്റെ നിര്‍വ്വചിക്കാനാവാത്ത ചില മുഹൂര്‍ത്തങ്ങളില്‍ നമ്മുടെ ഉള്ളിലേക്ക് ചിലര്‍ കയറിവരും. കാലത്തിന് ഒരിക്കലും മായ്ച്ചു കളയാന്‍ കഴിയാത്തവണ്ണം ചില അടയാളങ്ങള്‍ സൃഷ്ടിച്ച് മടങ്ങിപ്പോവുകയും ചെയ്യും. അങ്ങനെയുള്ള ഒന്നാണ് ഈ യാത്രയും. പഠിത്തം കഴിഞ്ഞ് സ്വന്തം കാലില്‍ നിന്നു തുടങ്ങിയത് കടലിനക്കരെ മരുഭൂമിയില്‍. മണലാരണ്യങ്ങളില്‍ ജോലി ചെയ്ത് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജീവിതം തന്നെ ഒരു മരുഭൂമി ആയേക്കാമെന്ന് ഭയന്ന് നീണ്ട അവധി എടുത്ത് നാട്ടിലെത്തിയ മൂന്നു പ്രവാസികള്‍ ആണ് ഇത്തവണത്തെ യാത്രയിലെ കൂട്ടുകാര്‍. കോണ്‍ക്രീറ്റ് കാടുകള്‍ കണ്ടുമടുത്ത അവര്‍ക്ക് നാടിന്റെ സൗന്ദര്യം എന്താണെന്ന് കാണിച്ചു കൊടുക്കുക, അതിലൂടെ മനസിനു കിട്ടുന്ന കുളിര്‍മ്മ അറിയിക്കുക എന്നതായിരുന്നു ലക്ഷ്യം. മകരമാസമായതിനാല്‍ അതിനു പറ്റിയ സ്ഥലം മഞ്ചൂരാണെന്ന് മനസ്സ് മന്ത്രിച്ചു. പിന്നെ രണ്ടാമതൊന്ന് ആലോചിക്കാന്‍ നിന്നില്ല. ഒരു ശനിയാഴ്ച നേരം പുലരുംമുമ്പ് കോഴികൂവും മുന്നെ, കോര്‍പ്പറേറ്റ് ഭാഷയില്‍ പറഞ്ഞാല്‍ ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷനും വാട്ട്‌സപ്പ് മെസേജും സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുമ്പുതന്നെ ഞങ്ങള്‍ നാലുപേരടങ്ങുന്ന സംഘം തൃശ്ശൂരില്‍ നിന്നും മഞ്ചൂരിലേക്ക് പുറപ്പെട്ടു. നേരം പരപരാ വെളുത്തപ്പോള്‍ തന്നെ പാലക്കാട് ജില്ലയിലെ വലിയ ടൗണും പിന്നിട്ട് അട്ടപ്പാടി വനമേഖലയിലേക്ക് കടന്നിരുന്നു.

തലമുറകള്‍ക്ക് കൈമാറാന്‍ പ്രകൃതി നല്‍കുന്ന അതീവ ഹൃദ്യമായ കണിയാണ് വനങ്ങള്‍. മനസ്സിനെ എന്നെന്നും വശീകരിക്കുന്ന അത്ഭുതചാരുതയാണ് ഇവയ്ക്ക് ഉള്ളത്. അത്തരത്തിലുള്ള ആ വനപാതയിലൂടെ ചുരംകയറി മുകളിലെത്തിയപ്പോള്‍ റോഡിനരികിലൂടെ ഒഴുകുന്ന ഭവാനിപ്പുഴ മാടിവിളിച്ചു. എന്തായാലും ഈ കൊച്ചുവെളുപ്പാംകാലത്ത് ഭവാനിയുടെ കുളിരണിഞ്ഞിട്ടാകാം ബാക്കിയാത്ര എന്നു മനസ്സിലുറപ്പിച്ചു വണ്ടി സൈഡാക്കി.

വളരെ കൗതുകത്തോടെയാണ് പുഴയുടെ അരികിലേക്ക് നടന്നത്. അടുക്കുന്തോറും ഓരോ കാല്‍വയ്പ്പിലും തണുപ്പിന്റെ തീക്ഷ്ണത കൂടികൂടിവന്നു. പളുങ്കിനേക്കാള്‍ തെളിമയാര്‍ന്ന നീര്‍ത്തുള്ളികളെ കൈക്കുമ്പിളില്‍ കോരിയെടുത്തപ്പോള്‍ അറിയാതെ ദേഹമാസകലം കോരിത്തരിച്ചുപോയി. എന്തെന്നില്ലാത്ത ആഹ്ലാദത്തോടും ഉന്മാദത്തോടുമാണ് ഞങ്ങള്‍ നാലുപേരും പുഴയില്‍ മുങ്ങിനിവര്‍ന്നത്. ഗള്‍ഫ് നാടുകളിലെ ഉപ്പുവെള്ളത്തില്‍ കുളിച്ചുമടുത്ത പ്രവാസികള്‍ക്ക് നാട്ടിലെ പുഴയിലെ തണുത്തവെള്ളം ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത നവോന്മേഷം നല്‍കി. ഒടുവില്‍ വിശപ്പിന്റെ വിളി എത്തുന്നതുവരെ ആ കുളി നീണ്ടു.

അവിടെ നിന്നും ഏകദേശംഒന്‍പതു മണിയോടുകൂടി തൊട്ടടുത്തുള്ള താവണം എന്ന ചെറുകവലയില്‍ എത്തി. അവിടെ നിന്നും വഴി രണ്ടായി പിരിയുന്നു. മാഞ്ചൂരിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ ഇടത്തേയ്ക്കുള്ള റോഡിലൂടെ പോയാല്‍ മതിയെന്ന് ഒരു കൂട്ടര്‍,  അതിലേ പോകാന്‍ പറ്റില്ല വലത്തേയ്ക്ക് പോകണമെന്ന് മറ്റുചിലര്‍ . ഒടുവില്‍ രണ്ടുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. ഈ സമയം അതിനു കാരണക്കാരായ ഞങ്ങള്‍ ഞങ്ങളൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്നമട്ടില്‍ വണ്ടി പതുക്കെ മുന്നോട്ടെടുത്ത് അവിടെ തൊട്ടടുത്തുള്ള ഒരു ചായക്കടയില്‍ കയറി പ്രഭാതഭക്ഷണം പറഞ്ഞു. നല്ല ചൂട് ദോശയും ഒപ്പം എരിവുംപുളിയുമുള്ള ചമ്മന്തിക്കറിയും ഒപ്പം ഓരോ ഓംലെറ്റും കഴിച്ചു. പ്രവാസികള്‍ക്ക് അത് ഡെലീഷ്യസ് ഫുഡ് ആയി.

അപ്പോഴേക്കും അവിടെയുള്ള ഒരു ജീപ്പ് ഡ്രൈവര്‍ ഞങ്ങളുടെ സഹായത്തിന് എത്തി. ഇടത്തേയ്ക്കുള്ള വഴി പോയാല്‍ മതിയെന്നും, മുള്ളി എത്തുന്നതിന് മുന്പ് അവസാനത്തെ രണ്ട് കിലോമീറ്റര്‍ റോഡ് ടാര്‍ ചെയ്തിട്ടില്ല, കല്ലുറോഡാണ് പതുക്കെ പോയാല്‍ മതിയെന്നും പറഞ്ഞു. പുള്ളിക്കാരന്‍ പറഞ്ഞതുപോലെ മുള്ളി എത്തുന്നതിന് രണ്ടു കി.മി മുന്നെ റോഡ് അവസാനിച്ചു. പിന്നീട് അങ്ങോട്ട് ആളനക്കമില്ലാത്ത കല്ലും മണ്ണും നിറഞ്ഞ പാതയിലൂടെ രണ്ട് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ റോഡരികില്‍ കണ്ട ഒരു മഞ്ഞനിറത്തിലുള്ള കല്ലില്‍ മദ്രാസ് സ്റ്റേറ്റ് ബൗണ്ടറി എന്നെഴുതിയിരിക്കുന്നു. കേരളം രൂപീകരണ കാലത്തെ ചരിത്രകഥ പറയുന്ന ഒരതിര്‍ത്തി കല്ലായിരുന്നു അത്. ആ കല്ലിനിപ്പുറം കേരളവും അപ്പുറം തമിഴ്‌നാടുമാണ്. അങ്ങനെ നമ്മള്‍ കേരളത്തിന്റെ പടി ഇറങ്ങി തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ചു. അവിടെ ഞങ്ങള്‍ക്ക് കുറുകെ തമിഴ്‌നാട് ചെക്ക്‌പോസ്റ്റ് വീണു കിടപ്പുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ചെക്ക്‌പോസ്റ്റിനരികില്‍ ഒരു സ്ഥിരം പതിവുണ്ട്. അതുകടക്കണമെങ്കില്‍ അവര്‍ക്ക് ചായക്കാശ് കൊടുക്കണം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം പലപ്പോഴും വണ്ടിയിലെ മീഡിയ സ്റ്റിക്കര്‍ രക്ഷിക്കാറുണ്ട്. ഇത്തവണയും അത് ആവര്‍ത്തിച്ചു.

ചെക്ക്‌പോസ്റ്റ് തുറന്ന് മഞ്ചൂരിലേക്കുള്ള കാട്ടുപാതയില്‍ കുറച്ചു ദൂരം വണ്ടിയോടി കഴിഞ്ഞപ്പോഴേക്കും ഹെയര്‍പ്പിന്‍ വളവുകള്‍ എത്തി. മൊത്തം 43 എണ്ണം, ഓരോ ഹെയര്‍പിന്‍ പിന്നിടുമ്പോഴും യാത്രയുടെ ഹരവും കൂടികൂടിവന്നു. ഒപ്പം ചെറുചാറ്റല്‍മഴയും കോടയും കൂട്ടിനായി എത്തി. പോകുന്ന വഴിക്കാണ് കാനഡ പവര്‍ ഹൗസ്. ഒരു വലിയ മലയുടെ മുകളില്‍ നിന്നും കൂറ്റന്‍ പെന്‍സ്റ്റാക്ക് പൈപ്പുകള്‍ വഴി വെള്ളം താഴത്തെ പവര്‍ഹൗസില്‍ എത്തിച്ച് വൈദ്യുതി ഉണ്ടാക്കുന്നു. അത്യപൂര്‍വ്വമായ ആ മനോഹര ദൃശ്യം ക്യാമറയില്‍ പകര്‍ത്തി വീണ്ടും മലക്കയറ്റം ആരംഭിച്ചു. ഹെയര്‍പിന്‍ വളവുകള്‍ എണ്ണിത്തീര്‍ന്നപ്പോഴേയ്ക്കും അന്നമല ക്ഷേത്രത്തിന്റെ ബോര്‍ഡ് കണ്ടു. വണ്ടി നേരെ അങ്ങോട്ടേയ്ക്ക് തിരിഞ്ഞു.

നട്ടുച്ചയ്ക്ക് സൂര്യന്‍ തലയ്ക്ക് മീതെ നിലക്കുന്ന സമത്തും ഒരിറ്റു ചൂടുപോലും ഏല്‍പ്പിക്കാതെ ക്ഷേത്രത്തെ പൊതിഞ്ഞുനില്‍ക്കുന്ന കോടമഞ്ഞ് യാത്രയ്ക്ക് നവവസന്തമേകി. അന്നമല എന്നാല്‍ ഭക്ഷണമല എന്നര്‍ത്ഥം. ഇവിടെ കാര്‍ത്തികനാളില്‍ നടത്തുന്ന അന്നദാനം വളരെ പ്രസിദ്ധമാണ്. 7000 പേരെങ്കിലും അതില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തിച്ചേരുമെന്നാണ് കണക്ക്. ഊട്ടിയുടെയും നീലഗിരിയുടെയും സുന്ദരദൃശ്യങ്ങള്‍ ഇവിടെ നിന്നാല്‍ ആസ്വദിക്കാന്‍ പറ്റും. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഞങ്ങള്‍ ചെന്നപ്പോള്‍ ആ കാഴ്ചകളെല്ലാം കോടമഞ്ഞ് മറച്ചിരുന്നു.

അന്നമലയില്‍ നിന്നതുകൊണ്ടാകാം ഞങ്ങള്‍ക്കെല്ലാം അന്നത്തിന്റെ വിളി വന്നത്. വണ്ടി നേരെ മാഞ്ചൂരേയ്ക്ക് വിട്ടു. ലോകത്തിന്റെ അതു മൂലയില്‍ ചെന്നാലും മലയാളിയുണ്ടാകും എന്നു പറയുന്നത് എത്ര ശരിയാണ്. മഞ്ചൂര്‍ ടൗണിലും ഉണ്ട് ഒരു മലയാളി ഹോട്ടല്‍. ഹോട്ടല്‍ നീലഗിരി. പന്തളംകാരനായ സജിയാണ് അതിന്റെ ഉടമസ്ഥന്‍. 43 വര്‍ഷം മുന്നെ 43 ഹെയര്‍പ്പിന്‍ വളവുകള്‍ കയറി ഇവിടെ ഹോട്ടല്‍ തുടങ്ങിയതാണ് സജിയുടെ കുടുംബം. നാവില്‍ കൊതിയൂറുന്ന ഭക്ഷണം മാത്രമല്ല കണ്ണിനു വിരുന്നൊരുക്കുന്ന കാഴ്ച സമ്മാനിക്കാനും സജി മറന്നില്ല. സജിയുടെ നിര്‍ദ്ദേശപ്രകാരം അപ്പര്‍ ഭവാനി ഡാമിലേയ്ക്കുള്ള വഴിയിലൂടെ കുറച്ചുദൂരം സഞ്ചരിച്ചതും ഞങ്ങള്‍ തേടിനടന്നതെന്താണോ അത് കണ്‍മുന്നില്‍ തെളിഞ്ഞിരിക്കുന്നു.

മീശപ്പുലി മലയിലും ടോപ്പ് സ്റ്റേഷനിലും കണ്ട ആ മഞ്ഞിന്‍ പാല്‍ക്കടല്‍ ഇതാ വീണ്ടും എനിക്കു മുന്നില്‍. ഇവിടെ ആകാശവും മേഘങ്ങളും ഒക്കെ താഴെയാണ്. അതിനും മുകളിലാണ് ഞങ്ങള്‍. മേഘങ്ങള്‍ നിരവധി രൂപത്തില്‍ എണ്ണിയാലൊടുങ്ങാത്തത്രയും മാലാഖമാരെപ്പോലെ വന്നു ഭൂമിയെ ചുംബിക്കുന്നു. എല്ലാ ദിവസവും സ്വര്‍ഗ്ഗം അല്‍പ്പസമയത്തേക്ക് തുറന്നുവയ്ക്കുന്നത് ഇവിടെയാണെന്ന് തോന്നിപ്പോകും. മലകളില്‍ നിന്നും മലകളിലേയ്ക്ക് മേഘങ്ങള്‍ പാലങ്ങള്‍ തീര്‍ത്തിരിക്കുന്നു. ഒരു നിമിഷമെങ്കിലും ആ പാലത്തിലൂടെ നടക്കാന്‍ കൊതിച്ചുപോയി. മകരം മഞ്ഞു കോര്‍ക്കുമ്പോള്‍ മാഞ്ചൂര്‍ ഒരു മഞ്ഞിന്‍ പാല്‍ക്കടലായി മാറിയിരിക്കുന്നു. സൂര്യന്റെ അവസാനത്തെ രശ്മിയും പിന്‍വാങ്ങുന്നതുവരെ ഞങ്ങളാ മഞ്ഞിന്‍ പാല്‍ക്കടലില്‍ നീന്തിനടന്നു. മണലാരണ്യങ്ങളിലെ കൊടുംചൂടും തണുപ്പും കൊണ്ട് ജീവിതം മരവിച്ചിരുന്ന കൂടെയുള്ള പ്രവാസികള്‍ക്ക് ആദ്യമായി സുഖമുള്ള തണുപ്പ് അനുഭവിക്കാനായതിന്റെ സന്തോഷത്തില്‍ അടുത്ത മകരമാസത്തില്‍ വീണ്ടും കാണാം എന്ന ശുഭപ്രതീക്ഷയില്‍ മലയിറങ്ങി.

കൂടുതല്‍ ചിത്രങ്ങള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍