UPDATES

സിനിമാ വാര്‍ത്തകള്‍

എന്റെ സൂര്യപുത്രിക്ക് കണ്ട് മുടിമുറിക്കാന്‍ ആഗ്രഹിച്ചു; ഞാനന്ന് ആറില്‍ പഠിക്കുകയായിരുന്നു-മഞ്ജു വാര്യര്‍

1991ല്‍ പുറത്തിറങ്ങിയ ഫാസില്‍ ചിത്രം ‘എന്റെ സൂര്യപുത്രിക്ക്’ അക്കാലത്ത് പെണ്‍കുട്ടികള്‍ക്കിടയില്‍ ഹരമായി മാറിയ ചിത്രമായിരുന്നു

‘ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ എന്റെ സൂര്യപുത്രിക്ക്’ കാണുന്നത്. അന്ന് സൂര്യപുത്രിയെ കണ്ടിട്ട് മുടിമുറിച്ച് നടക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എനിക്കു നല്ല മുടി ഉണ്ടായിരുന്നു.’ സൂര്യപുത്രി കണ്ട് അസ്വസ്ഥരായ കേരളത്തിലെ ലക്ഷക്കണക്കിന് പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു താനെന്നും മഞ്ജു പറഞ്ഞു.

അന്നത്തെ ആരാധനാപാത്രത്തിന്റെ കൂടെ സൈറാ ബാനുവില്‍ അഭിനയിക്കാന്‍ സാധിച്ചതിലുള്ള സന്തോഷം പങ്കുവെയ്ക്കുകയായിരുന്നു മഞ്ജു. അമലയും മഞ്ജു വാര്യരും പങ്കെടുത്ത അഭിമുഖ പരിപാടി മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്തു.

നവാഗതനായ ആന്‍റണി സോണി സംവിധാനം ചെയ്ത C/o സൈറാ ബാനുവില്‍ ആനി ജോണ്‍ തറവാടി എന്ന വക്കീല്‍ കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. മഞ്ജു അവതരിപ്പിക്കുന്ന പോസ്റ്റ് വുമണ്‍ കഥാപാത്രത്തോടൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രമാണ് അമലയുടേത്.

അമല അഭിനയിക്കാനെത്തിയതിനെ കുറിച്ച് മഞ്ജു നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.

“ഇന്ന് അമല മാഡത്തെ ആദ്യമായി നേരില്‍കണ്ടു. കാലം അവരെ സ്പര്‍ശിച്ചിട്ടേയില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് സൂര്യപുത്രിയായി എന്നെ മോഹിപ്പിച്ച, പാതിരാമഴ പോലെ ഉള്ളില്‍ കണ്ണീര്‍ പെയ്യിച്ച ആ മുഖം ഇന്നും അതേ പോലെ തന്നെ. കാല്‍നൂറ്റാണ്ടിനുശേഷം മലയാളത്തിലേക്കുള്ള അവരുടെ മടങ്ങിവരവില്‍ അതുകൊണ്ടുതന്നെ ഒട്ടും അകലം അനുഭവപ്പെടില്ല. ഇന്നലെ യാത്രപറഞ്ഞുപോയ ഒരാള്‍ ഇന്ന് വീണ്ടും പടികടന്നുവരുന്നതുപോലെയൊരു അനുഭവം. അപരിചിതത്വം ഒട്ടുമില്ലാത്ത ഇടപെടലില്‍ വര്‍ഷങ്ങളുടെ പഴക്കമുള്ളതുപോലൊരു സൗഹൃദമാണ് അവര്‍ സമ്മാനിച്ചത്… കെയര്‍ ഓഫ് സൈറാബാനുവിന്റെ ലൊക്കേഷന്‍ ഇപ്പോള്‍ കൂടുതല്‍ മധുരിക്കുന്നു.”

Also Read: C/o സൈറാ ബാനു: ഇരട്ട ചങ്കുള്ള പെണ്ണ്; ഈ ഇമേജ് അത്ര ഭാരമല്ല മഞ്ജുവിന്

1991ല്‍ പുറത്തിറങ്ങിയ ഫാസില്‍ ചിത്രം ‘എന്റെ സൂര്യപുത്രിക്ക്’ അക്കാലത്ത് പെണ്‍കുട്ടികള്‍ക്കിടയില്‍ ഹരമായി മാറിയ ചിത്രമായിരുന്നു. ജീന്‍സും ടോപ്പുമിട്ട്  അമല അവതരിപ്പിച്ച മായാവിനോദിനി എന്ന മോഡേണ്‍ കോളേജ് കുമാരിയെ പെണ്‍കുട്ടികള്‍ ഏറ്റെടുക്കുക മാത്രമല്ല അനുകരിക്കാന്‍ ശ്രമിച്ചതും വാര്‍ത്തയായി മാറിയിരുന്നു. ചിത്രത്തിലെ കെഎസ് ചിത്ര പാടിയ ‘രാപ്പാടി പക്ഷിക്കൂട്ടം ചേക്കേറാൻ കൂട്ടിൽ നിന്ന് പറന്നകന്നേ’ എന്ന ഗാനം മലയാളത്തിലെ എവര്‍ ഗ്രീന്‍ ഹിറ്റുകളില്‍ ഒന്നാണ്. അമലയോടൊപ്പം ശ്രീവിദ്യ, സുരേഷ് ഗോപി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍