UPDATES

സിനിമ

‘എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം’; സംഘപരിവാര്‍ ഭയപ്പെടുത്തി വാങ്ങിക്കുന്ന ദേശീയതയുടെ സര്‍ട്ടിഫിക്കറ്റ്

കമലില്‍ നിന്നും മഞ്ജുവാര്യറിലേക്ക് ഭീഷണിയുടെ സംഘപരിവാര്‍ രാഷ്ട്രീയം

Avatar

ഇന്ദു

ഉദയായിലെ ഒരു ഷൂട്ടിംഗ് അനുഭവത്തെ കുറിച്ച് ശാരദ പറഞ്ഞു കേട്ടതാണ്- മലയാള സിനിമയില്‍ തുടക്കമാണ്. ഉദയായിലാണു ഷൂട്ടിംഗ്. തിരക്കഥാകൃത്ത് ശാരംഗപാണിയടക്കം എല്ലാവരും കൂടിയിരുന്നു സംസാരിക്കുകയാണ്. വളരെ പെട്ടെന്നാണ് എല്ലാവരും ആരെയോ കണ്ടു ഭയന്നെന്നപോലെ ഇരുന്നിടത്തു നിന്നും ഓടി മാറിയത്. എനിക്ക് കാര്യമൊന്നും മനസിലായില്ല. അമ്പരപ്പും അത്ഭുതവും തോന്നിയെങ്കിലും ഇരുന്നിടത്തു നിന്ന് എഴുന്നേല്‍ക്കാന്‍ പോയില്ല. ഒരു കാര്‍ അവിടെ വന്നു നില്‍ക്കുകയും അതില്‍ നിന്നും കറുത്തു കുറിയൊരു മനുഷ്യന്‍ ഇറങ്ങിപ്പോകുന്നതും കണ്ടു. കുറച്ചു സമയം കഴിഞ്ഞു നേരത്തെ ഓടിപ്പോയവരില്‍ ഓരോരുത്തരായി തിരികെ വരാന്‍ തുടങ്ങി. ഒരാള്‍ എന്നോടു തിരക്കി, ഇത്ര ധൈര്യത്തോടെ എങ്ങനെ ഇവിടിരിക്കാന്‍ കഴിഞ്ഞു? എനിക്കപ്പോഴും കാര്യം മനസിലായില്ല. പിന്നീടാണ് ഒരാള്‍ പറഞ്ഞത്, ആ കാറില്‍ വന്നിറങ്ങിയ ആളെ മനസിലായില്ലേ? അങ്ങേരെ കണ്ടു പേടിച്ചാണ് എല്ലാവരും ഓടിയതെന്ന്. കാറില്‍ വന്നിറങ്ങിയ മനുഷ്യനാണ് ഈ പടത്തിലെ നായകനെന്നും പേര് സത്യന്‍ എന്നാണെന്നും ഞാന്‍ മനസിലാക്കി. എന്നാല്‍ എന്തിനാണ് അദ്ദേഹത്തെ ഇവരെല്ലാം പേടിക്കുന്നതെന്നു തിരക്കിയപ്പോഴാണു സത്യനേശന്‍ എന്ന പൊലീസ് ഇന്‍സ്‌പെക്ടറുടെ കഥ കേട്ടത്. ഒരു കാലത്ത് കമ്യൂണിസ്റ്റുകാരെയും അനുഭാവികളെയും പൊതിരെ തല്ലിയിരുന്ന പൊലീസുകാരന്‍. ആ ജോലി വിട്ടു സിനിമ നടന്‍ ആയപ്പോഴും പലര്‍ക്കും ആ മനുഷ്യനോടുണ്ടായിരുന്ന പേടി മാറിയിരുന്നില്ല. ഈ കഥ കേട്ടപ്പോള്‍ ഞാനും പേടിച്ചു. പക്ഷേ ആ പേടി മാറ്റിയത് സത്യന്‍ എന്ന നല്ല മനുഷ്യന്‍ തന്നെയായിരുന്നു.

ശാരദയുടെ ഓര്‍മയില്‍ വന്ന സത്യന്‍ കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ നിയോഗിക്കപ്പെട്ട ഒരു പൊലീസുകാരന്‍ തന്നെയായിരുന്നു. അതേ മനുഷ്യന്‍ തന്നെയാണു മലയാള സിനിമയിലെ ഏറ്റവും ശക്തനായ കമ്യൂണിസ്റ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചതും. ഇനി പ്രേം നസീറിന്റെ കാര്യമെടുക്കാം. നിത്യഹരിതനായകനും രാഷ്ട്രീയമുണ്ടായിരുന്നു. സിനിമയില്‍ വരുന്നതിനു മുമ്പല്ല, സിനിമാനടനെന്ന നിലയില്‍ അതിപ്രശസ്തനായ ശേഷം. കോണ്‍ഗ്രസ് രാഷ്ട്രീയത്തോടായിരുന്നു അദ്ദേഹത്തിന്റെ കൂറ്. അതൊടുവില്‍ അദ്ദേഹത്തെ വല്ലാത്ത രീതിയില്‍ അപമാനപ്പെടുത്തിയെങ്കില്‍ കൂടി. സത്യനിലും നസീറിലും തുടങ്ങുന്ന രാഷ്ട്രീയം പിന്നീടും പല പ്രഗത്ഭരായ നടീനടന്മാരിലും കണ്ടു. മുരളി തികഞ്ഞൊരു കമ്യൂണിസ്റ്റായിരുന്നു. പക്ഷേ മുരളി കോണ്‍ഗ്രസുകാരനായും കമ്യൂണിസ്റ്റു വിരുദ്ധനായുമൊക്കെ സിനിമയില്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. അതിലൊന്നും ആരും തെറ്റും ശരിയും കണ്ടെത്താന്‍ പോയില്ല. അഭിനേതാവ് സര്‍വതന്ത്രസ്വതത്രമായൊരു മാധ്യമം മാത്രമാണ്.

ഇപ്പോള്‍ കാര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. കലാകാരന്റെ രാഷ്ട്രീയം അയാളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നു. അല്ലെങ്കില്‍ അയാള്‍ ആ രീതിയില്‍ മുദ്രകുത്തപ്പെടുന്നു. മോഹന്‍ലാലിലും സുരേഷ്‌ഗോപിയിലും മമ്മൂട്ടിയിലുമെല്ലാം രാഷ്ട്രീയം കണ്ടെത്തുന്നു. ആ രാഷ്ട്രീയം അവരുടെ കലാപ്രവര്‍ത്തനത്തെ തന്നെ ചോദ്യം ചെയ്യാന്‍ നാം ഉപയോഗിക്കുന്നു. അതേ ദുര്‍ഘടസന്ധിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ് മഞ്ജു വാര്യര്‍.

കലാകാരന്മാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ മാക്ടയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കയും ചെയ്തതോടെ മഞ്ജു വാര്യര്‍ സംഘപരിവാര്‍ കേന്ദ്രങ്ങളുടെ കണ്ണില്‍ ‘ ദേശവിരുദ്ധ സംഘ’ത്തിന്റെ അംഗമായി മാറിയിരുന്നു. അരാഷ്ട്രീയതയും അസത്യപ്രചരണങ്ങളും നിറഞ്ഞ പ്രതിരോധങ്ങളാണു സംഘപരിവാര്‍ തങ്ങളുടെ ഇഷ്ടക്കേട് വാങ്ങിയവര്‍ക്കു നേരെ നടത്തുന്നതെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. മഞ്ജു വാര്യര്‍ ബിജെപി അനുകൂലിയാണെന്ന തരത്തില്‍ അവര്‍ പോലും അറിയാതെ പ്രചാരണം നടത്തിയവരാണ് പിന്നീട് മഞ്ജുവിനെതിരേ തിരിഞ്ഞതും. ഒരു ഉദാഹരണം പറയാം. ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ സ്മാരക ഫൗണ്ടേഷന്‍ പുരസ്‌കാരം മഞ്ജുവിനാണ്. ഇങ്ങനെയൊരു പുരസ്‌കാരം പ്രഖ്യാപിക്കപ്പെടുന്നതു നിര്‍ഭാഗ്യവശാല്‍ മാക്ടയുടെ പരിപാടിയില്‍ മഞ്ജു പങ്കെടുത്തിനുശേഷവും. സംഘപരിവാര്‍ ആക്ഷേപം എന്തായിരുന്നു, സംഘപരിവാറിനെതിരേ നിലപാട് എടുത്തതിനു കിട്ടിയ പാരിതോഷികമാണ് ആ പുരസ്‌കാരമെന്ന്! സംസ്ഥാന സര്‍ക്കാരിനോ സിപിഎമ്മിനോ, അതല്ലെങ്കില്‍ ഏതെങ്കിലും മുസ്ലിം സംഘടനകള്‍ക്കോ നിയന്ത്രണം ഉള്ളതല്ല വയലാര്‍ രാമവര്‍മ സ്മാരക ഫൗണ്ടേഷന്‍. ഈ കാര്യം സാമാന്യവിവരമുള്ളവര്‍ക്ക് അറിയാം എന്നിരിക്കെ തന്നെ, സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ പ്രചാരകരായവര്‍, മാധ്യമപ്രവര്‍ത്തകര്‍ വരെ ഉള്‍പ്പെടുന്ന സംഘം- മഞ്ജുവിനെ ആക്ഷേപിക്കാന്‍ പടച്ചുവിടുന്ന നുണകള്‍ വലിയൊരു വിഭാഗം, അല്ല ഏതാണ്ട് എല്ലാ സംഘപരിവാര്‍, ഹിന്ദു മൗലിക ഗ്രൂപ്പുകാര്‍ എല്ലാം തന്നെ വിശ്വസിക്കുന്നു.

ഈ എതിര്‍പ്പ് ഇപ്പോള്‍ അതിന്റെ പാരമ്യതയില്‍ എത്തിയിരിക്കുന്നത്, കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തില്‍ മാധവിക്കുട്ടിയായി മഞ്ജു വാര്യര്‍ അഭിനയിക്കുന്നൂ എന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ്. കമല്‍ എന്ന വ്യക്തിയോടുള്ള വിദ്വേഷം, കമല സുരയ്യ എന്ന മാധവിക്കുട്ടിയോടുള്ള എതിര്‍പ്പ്- ഇതും രണ്ടുംകൂടി ചേര്‍ന്നുണ്ടായ ആക്രമണമാണു സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളായി മഞ്ജുവിനു നേരെ നടക്കുന്ന ഉപദേശങ്ങളും മുന്നറിയിപ്പും ഭീഷണിയും. ഒടുവില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കി മഞ്ജുവിനു തന്നെ രംഗത്തു വരേണ്ടി വന്നു. അങ്ങനെയൊരു കീഴടങ്ങലിനു മഞ്ജു വാര്യരെ പോലൊരു കലാകാരിക്കു തയ്യാറാകേണ്ടി വന്നെങ്കില്‍ സംഘപരിവാര്‍ അസഹിഷ്ണുതയ്ക്ക് ഇതു മറ്റൊരു ഉദ്ദാഹരണമായി കാണാം. സഞ്ജയ് ലീല ബന്‍സാലിയുടെ മുടി പിഴുത അതേ രാക്ഷസീയത തന്നെയാണു കമലിന്റെ സിനിമയില്‍, അതും മതം മാറിയ മാധവിക്കുട്ടിയുടെ വേഷത്തില്‍ അഭിനയിക്കാന്‍ തയ്യാറാകുന്ന മഞ്ജു വാര്യരോടു കാണിക്കുന്നതും. ശാരീരികമായി ഉപദ്രവിക്കപ്പെടുന്നില്ല എന്നതില്‍ മാത്രമെ വ്യത്യാസമുള്ളു.

‘എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം’ എന്നു പറയാന്‍ മഞ്ജു നിര്‍ബന്ധിക്കപ്പെട്ടെങ്കില്‍ അതൊരുതരം കീഴടങ്ങല്‍ തന്നെയാണെന്ന് ഈയവസരത്തില്‍ മഞ്ജുവിനോടും പറഞ്ഞുകൊള്ളട്ടെ. സംഘപരിവാര്‍ സമക്ഷം സമര്‍പ്പിക്കുന്ന ദേശീയബോധത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആയി മാത്രമെ അതിനെ കാണാനാകൂ. എന്റെ രാഷ്ട്രീയം എന്റെ വ്യക്തിത്വം ആണെന്നു പറയാനുള്ള ആര്‍ജ്ജവം കാണിച്ചില്ല. പകരം രണ്ടുനേരം ദീപാരാധന തൊഴാന്‍ പോകുമെന്ന സത്യപ്രസ്താവന നടത്തി. ഒപ്പം മസ്ജിദിനും പള്ളിക്കും മുന്നില്‍ പ്രണമിക്കാറുണ്ടെന്ന മതേതരത്വ ക്ലീഷേയും. ഇവിടെ മഞ്ജുവിലെ കലാകാരിയെ കാണാനേയില്ല, മറിച്ച് മഞ്ജു വാര്യര്‍ എന്ന സാമാന്യ വ്യക്തിയുടെ അനുനയ തന്ത്രമാത്രമാണ് പ്രകടമായത്. ഈ ഭയം തന്നെയാണു സംഘപരിവാര്‍ ലക്ഷ്യമിടുന്നതും. ഭയപ്പെടുത്തി വരുതിയിലാക്കുക. അതായത് ഫാസിസം തന്നെ. അതിനെതിരേയായിരുന്നു മഞ്ജു വാര്യര്‍ പ്രതികരിക്കേണ്ടതും പോസ്റ്റ് ഇടേണ്ടിയിരുന്നതും.

‘കമാലുദ്ദീന്‍ എന്ന മറയ്ക്കുള്ളില്‍ നിന്നും കമല്‍ പിടിക്കപ്പെടുന്നതു നരേന്ദ്ര മോദിയേയും സുരേഷ് ഗോപിയേയും വിമര്‍ശിച്ചതിനു ശേഷമാണെന്നും കമല സുരയ്യയെ കുറിച്ചുള്ള സിനിമയില്‍ അഭിനയിച്ചാല്‍ മഞ്ജു വാര്യര്‍ ലൗവ് ജിഹാദിന് ഇരയാകുമെന്നുമൊക്കെ’ യാതൊരു കുറ്റബോധവുമില്ലാതെ നുണ പറയുന്നുണ്ട് ഒരു ചാനലിന്റെ പ്രോഗ്രാം എഡിറ്ററായി സേനവമനുഷ്ഠിക്കുകയും സാഹിത്യകാരനാണെന്ന് അവകാശപ്പെടുകയുമൊക്കെ ചെയ്യുന്നയാള്‍. സംഘപരിവാര്‍ നുണക്കഥക്കാരില്‍ ഒരാള്‍ മാത്രമാണിദ്ദേഹം. ഇതുപോലെ എത്രയോപേര്‍. സോഷ്യല്‍ മീഡിയ എന്ന ആയുധം കൈവശമുണ്ടെന്നു കരുതി ഏതൊരാളെയും ആക്രമിക്കാമെന്നു ധരിച്ചുവച്ചിരിക്കുന്ന ഇത്തരം കുബുദ്ധികള്‍ക്കു മുന്നില്‍ അനുനയം അല്ല എതിര്‍പ്പു തന്നെയായിരുന്നു മഞ്ജു വാര്യരുടെ നിലപാട് ആകേണ്ടിയിരുന്നത്. മാധവിക്കുട്ടിയുടെ വേഷം ചെയ്യാന്‍ പോകുന്നയാള്‍, ആദ്യം അവരുടെ നിലപാടുകള്‍ എങ്ങനെയുള്ളതായിരുന്നൂവെന്നു കൂടി മനസിലാക്കേണ്ടതാണ്. ഇപ്പോള്‍ കഴിഞ്ഞില്ലെങ്കിലും ഇനിയെങ്കിലും അങ്ങനെ പെരുമാറാന്‍ ശ്രമിക്കുക. കാരണം, സംഘപരിവാരത്തിന്റെ ഉപദേശങ്ങളും ഭീഷണികളും വന്നുകൊണ്ടേയിരിക്കും.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

ഇന്ദു

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍