UPDATES

ട്രെന്‍ഡിങ്ങ്

മഞ്ജു, തൊഴിലെടുക്കുക നിങ്ങളുടെ അവകാശമാണ്; പേടിക്കുകയോ തല കുനിക്കുകയോ അരുത്

ഇപ്പോഴുള്ള ഈ എതിര്‍പ്പുകള്‍ ഗര്‍ഭത്തില്‍ ഇരിക്കുന്ന കുട്ടിയുടെ ലിംഗം ഊഹിച്ച് അതിനെ കുരുതി കൊടുക്കണം എന്നുപറയുന്ന ചിന്തയ്ക്കു തുല്യമാണ്

പ്രിയപ്പെട്ട മഞ്ജു വാര്യര്‍ക്ക്,

‘എനിക്കു ജോലി ചെയ്യാനുള്ള അവസരമനുവദിക്കൂ…’ എന്നു പറഞ്ഞ് താങ്കള്‍ ഇന്നലെയിട്ട പോസ്റ്റ് വായിച്ചപ്പോള്‍ വളരെയധികം സങ്കടം തോന്നി. ഭരണഘടനപോലും അനുവദിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശങ്ങളിലൊന്നാണ് തൊഴിലെടുക്കാനുള്ള അവകാശം. എന്നാല്‍ അതിനെ പോലും രാഷ്ട്രധ്വംസനമായി കാണുന്ന, നിങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കാത്ത ഒരു രാഷ്ട്രീയസാഹചര്യം നിങ്ങളെ മാത്രമല്ല സുഹൃത്തേ, ഞങ്ങളെ ഓരോരുത്തരെയും പേടിപ്പിക്കുന്നു.

മനുഷ്യർ സ്വതന്ത്രരായി ജനിക്കുമ്പോഴും അവർ ചങ്ങലകളാല്‍ ബന്ധിതരാണെന്ന് Jean-Jacques Rousseau പറഞ്ഞ കാലത്തുനിന്നും ചരിത്രം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു, എന്നിട്ടും മനുഷ്യർ ഈ ചങ്ങലകളില്‍ നിന്നും മോചിതരാകുന്നില്ലല്ലോ?

നീ പറഞ്ഞു നിനക്ക് രാഷ്രീയമില്ലെന്ന്, നിനക്ക് രാഷ്ട്രീയം ഉണ്ടായിക്കോട്ടെ കുട്ടീ… ആ രാഷ്ട്രീയത്തിന്റെ ഭാഗമായിത്തന്നെ നീ നിന്റെ ജീവിതത്തില്‍ ഒരു തെരഞ്ഞെടുപ്പു നടത്തുകയോ ഒരു വാക്ക് ഉറക്കെപ്പറയുകയോ ചെയ്യുന്നുവെങ്കില്‍ അതില്‍ എവിടെയാണ് തെറ്റ്? ഓരോ പൗരനും ഈ രാജ്യത്തെ ഭരണസംവിധാനം ചില നിബന്ധനകള്‍ക്ക് അനുസൃതമായ രാഷ്ട്രീയപ്രവര്‍ത്തനം വരെ അനുവദിക്കുമ്പോഴും ‘ഞാന്‍ ഒരു സ്വതന്ത്രചിന്തയുള്ള സ്ത്രീയാണ്’ എന്ന് പറയാന്‍, ‘എനിക്കു രാഷ്ട്രീയമുണ്ട്’ എന്ന് പറയാന്‍ ഒരു സ്ത്രീക്ക് (പലപ്പോഴും ഒരു മനുഷ്യന്) പേടിക്കേണ്ട അവസ്ഥ.

ആമിയായി ഞാന്‍ വരുന്നു; വിവാദമുണ്ടാക്കുന്നവരുടെ ലക്ഷ്യം മറ്റ് ചിലത്: മഞ്ജു വാര്യര്‍

ഒരാളുടെ തൊഴിലിടങ്ങളില്‍ വരെ അവരെ ചങ്ങലക്കിട്ടു തെരുവിലൂടെ വലിക്കാന്‍ വിലങ്ങുമായി ഓടിയടുക്കുന്നവര്‍. നിങ്ങളുടെ ഫേസ്ബുക്കിന്റെ ചുവരും ഒരു പൊതു ഇടമാകുമ്പോള്‍ അവിടെ നിങ്ങള്‍ക്കെതിരെ ഉയര്‍ന്ന ഓരോ ശബ്ദത്തിലും മുഴങ്ങിയത് അടിച്ചമര്‍ത്തലിന്റെ ചങ്ങലക്കിലുക്കമാണ്.

ഏതൊരു രാജ്യത്തിന്റെയും ചരിത്രം പരിശോധിച്ചാല്‍ അന്നാട്ടിലെ സാധാരണക്കാരോട് ഏറ്റവും ചേര്‍ന്നുനിന്ന് അവരെ രാഷ്ട്രബോധവും സാമൂഹികയാഥാര്‍ത്ഥ്യങ്ങളും പഠിപ്പിച്ചതില്‍ അന്നാട്ടിലെ കലാരൂപങ്ങള്‍ക്കും കലാകാരന്മാര്‍ക്കും വളരെ നിര്‍ണ്ണായകമായ പങ്കാണുള്ളത്. കേരളത്തിന്റെ ഇന്നുവരെയുള്ള ചരിത്രവും പറയുന്നത് മറ്റൊന്നല്ല. പ്രസംഗപീഠങ്ങളില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്ന ചലനങ്ങളേക്കാള്‍ സാംബശിവനും കെപിഎസിയും സാധാരണക്കാരുടെ പൊതുബോധത്തെ സ്വാധീനിച്ചിരുന്നു എന്നത് ചരിത്ര സത്യം. വിവിധ സാഹിത്യകാരന്മാരുടെ സംഭാവനകള്‍ കാലാതീതമായ (ഇന്നും തുടരുന്ന) പരിവര്‍ത്തങ്ങള്‍ക്കു തുടക്കം കുറിച്ചു.

ആ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു ഏടു തന്നെയാണ് ലോകസാഹിത്യത്തില്‍ കേരളത്തിന്റെ ഭൂപടത്തിനു കൂടി ഇടം നേടിക്കൊടുത്ത മാധവിക്കുട്ടിയുടെ/ കമലാസുരയ്യയുടെ ജീവിതം. ആ കലാകാരി അവരുടെ ജീവിതം കൊണ്ടും എഴുത്തുകൊണ്ടും മലയാളിയുടെ രാഷ്ട്രീയവിചാരധാരകളെ പ്രചോദിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ആ കലാകാരിയുടെ ജീവിതം മറ്റൊരു കലാരൂപമായി രൂപാന്തരം പ്രാപിക്കുമ്പോള്‍ അതിനു ജീവന്‍ നല്‍കാന്‍ കഴിവുകൊണ്ടും തൊഴില്‍പരമായും ഏറ്റവും അനുയോജ്യമായ ഒരു വ്യക്തിയ്ക്ക് അതിനുള്ള അവസരം നിഷേധിക്കുന്നത് എന്ത് രാഷ്ട്രീയപ്രവര്‍ത്തനമാണ്?

പ്രസ്തുത കലാരൂപം പുറത്തു വന്നതിനു ശേഷം, അതില്‍ നിയമം അനുശാസിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി രാഷ്ട്രത്തിനോ ഇതര വ്യക്തികള്‍ക്കോ എതിരായ പരാമര്‍ശങ്ങളുണ്ടെകില്‍ രാഷ്ട്രീയമായി വിമര്‍ശിക്കാം, ഒരു കലാകാരി എന്ന നിലയില്‍ താങ്കള്‍ സ്വന്തം ജോലിയില്‍ വീഴ്ചവരുത്തിയെങ്കില്‍ അനുവാചകരെന്ന നിലയിലും അതിനെ നിരൂപണം ചെയ്യാം. എന്നാല്‍ ഇപ്പോഴുള്ള ഈ എതിര്‍പ്പുകള്‍ ഗര്‍ഭത്തില്‍ ഇരിക്കുന്ന കുട്ടിയുടെ ലിംഗം ഊഹിച്ച് അതിനെ കുരുതി കൊടുക്കണം എന്നുപറയുന്ന ചിന്തയ്ക്കു തുല്യമാണ്. അതിനെ ദയവായി അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക.

‘എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം’: മഞ്ജു വാര്യര്‍

തൊഴിലെടുക്കുക എന്നത് നിങ്ങളുടെ അവകാശമാണ്. പിന്നെ കലാകാരിയെന്ന നിലയില്‍ ‘ആമി’യ്ക്ക് ജീവന്‍ കൊടുക്കാന്‍ കഴിയുന്നുവെങ്കില്‍ അത് താങ്കളുടെ അഭിനയ ജീവിതത്തിലെ ഒരു പുതിയ നാഴികക്കല്ലാവും. നിങ്ങളുടെ മനവും ശ്രദ്ധയും ധ്യാനവും താങ്കളുടെ ജോലിയില്‍ കൂടുതലായി കേന്ദ്രീകരിക്കാന്‍ കഴിയട്ടെ (അതിനു കഴിയാത്ത ഒരു രാഷ്ട്രീയ സാമൂഹിക അന്തരീക്ഷമുണ്ട് എന്നത് സങ്കടമെങ്കിലും).

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമവാക്യമാണ് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള, തൊഴിലെടുക്കാനുള്ള അവസരം. തങ്ങളുടെ ജീവിതത്തിലെ തീരുമാനങ്ങള്‍ക്ക് അവകാശികളാകാനുളള അവസരം. അതിന് എതിരായി വരുന്ന ശബ്ദങ്ങള്‍ക്കു ദയവു ചെയ്തു ചെവി കൊടുക്കരുതേ.

പെണ്ണിന്റെ തിരഞ്ഞെടുപ്പുകളുടെ പേരില്‍, അവളുടെ വ്യത്യസ്തമായ ചിന്തകളിന്മേല്‍, അവള്‍ ഉറക്കെ പറയുന്ന അവളുടെ ശരികളുടെ പേരില്‍, അവളെ തേജോവധം ചെയ്യാന്‍ ആഞ്ഞടുക്കുന്ന, അവളുടെ ജീവിതത്തിനും ശരീരത്തിനും വിലയിടുന്ന ഒരുപാട് പേരുടെ ഇടയിലാണ് നല്ലൊരു ശതമാനം സ്ത്രീകളും ജീവിക്കുന്നത്. അവര്‍ക്ക് ആശ്വാസവും പ്രതീക്ഷയുമാണ് ജീവിതത്തില്‍ ഉറച്ച ചുവടുവെപ്പുകള്‍ നടത്തുന്ന, തനിക്ക് പ്രിയപ്പെട്ട ജോലിചെയ്ത് ആത്മാഭിമാനത്തോടെ തന്റെ ജീവിതം ജീവിച്ചു കാണിക്കുന്ന താങ്കളെ പോലെ ഒരു സഹയാത്രിക. നിങ്ങള്‍ അതിനാല്‍ തന്നെ ഒരു പാട് സ്ത്രീകളുടെ പ്രതീക്ഷ കൂടിയാണ്.

നിങ്ങള്‍ക്കൊപ്പം ഒരു കലാരൂപത്തെ കലാരൂപമായി കാണാന്‍ കഴിയുന്ന അനേകം മനസ്സുകള്‍ ഉണ്ട്. നിങ്ങളിലെ കലാകാരിയെ ബഹുമാനിക്കുന്ന, മാതൃകയാക്കുന്ന വളര്‍ന്നു വരുന്ന അനേകം പ്രതിഭകള്‍ ഉണ്ട്. കേരളത്തിലെ ഒരുപാട് സ്ത്രീകളുടെ സ്‌നേഹമുണ്ട്. അവര്‍ കാത്തിരിക്കുന്നു നിങ്ങള്‍ ‘ആമി’യാകുന്നത് കാണാന്‍. അതിനായി എല്ലാ ഭാവുകങ്ങളും.

എന്ന്,
ദീപാ പ്രവീൺ

(നിയമത്തിലും (എം ജി യൂണിവേഴ്സിറ്റി) ക്രിമിനോളജിയിലും (സ്വാൻസി യൂണിവേഴ്സിറ്റി,യു കെ) ബിരുദാനന്തര ബിരുദം. ഇപ്പോൾ വെയില്‍സില്‍ താമസിക്കുന്നു. സ്വാൻസി യൂണിവേഴ്‌സിറ്റിയിൽ റിസർച്ച് അസോസിയേറ്റായും,  ഗാര്‍ഹിക പീഡന ഇരകള്‍ക്ക് വേണ്ടിയും സ്ത്രീകള്‍ക്കുമായി പ്രവർത്തിക്കുന്ന Llanelli  Womens  Aid- ട്രസ്റ്റീ ആയും ഡയറക്ടർ ബോർഡ് മെമ്പർ ആയും പ്രവർത്തിച്ചിട്ടുണ്ട്.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

 

 

ദീപ പ്രവീണ്‍

ദീപ പ്രവീണ്‍

നിയമത്തിലും (എം ജി യൂണിവേഴ്സിറ്റി) ക്രിമിനോളജിയിലും (സ്വാൻസി യൂണിവേഴ്സിറ്റി,യു കെ) ബിരുദാനന്തര ബിരുദം. ഇപ്പോൾ വെയില്‍സില്‍ താമസിക്കുന്നു. സ്വാൻസി യൂണിവേഴ്‌സിറ്റിയിൽ റിസർച്ച് അസോസിയേറ്റായും, ഗാര്‍ഹിക പീഡന ഇരകള്‍ക്ക് വേണ്ടിയും സ്ത്രീകള്‍ക്കുമായി പ്രവർത്തിക്കുന്ന Llanelli Womens Aid- ട്രസ്റ്റീ ആയും ഡയറക്ടർ ബോർഡ് മെമ്പർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍