UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഞ്ജു വാര്യര്‍ വാര്‍ത്തയിലെ താരമാകുമ്പോള്‍ അവഹേളിക്കപ്പെടുന്നവര്‍

Avatar

വി കെ അജിത്‌ കുമാര്‍


Fame should be depicted covered with tongues instead of with feathers and in the form of a bird.-Leonardo Da Vinci


മലയാളി നിങ്ങള്‍ എത്ര ചെറിയവനാണ്. കൊട്ടിഘോഷിക്കപ്പെട്ട നിങ്ങളുടെ ബുദ്ധിപരത, ചിന്താശക്തി ഇവയെല്ലാം നീ ഉപേക്ഷിച്ചുവോ? നല്ലതിനെ സ്വീകരിക്കാനുള്ള മനസും നല്ല വാക്കുകളും വഴിയില്‍ നഷ്ടപ്പെടുത്തിയോ?

ഇതെന്താണിങ്ങനെ? ചാനല്‍ സംസ്കാരത്തെപ്പറ്റി ഇതിനുമുന്‍പ് നമ്മള്‍ സംവദിച്ചിട്ടുണ്ട്-പലവട്ടം. എന്നാലും ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് കരുതിയില്ല. സുഹൃത്തെ, മഞ്ജു വാര്യര്‍ നിങ്ങള്‍ക്ക് പ്രിയതാരമാകാം; നിരവധി വേഷങ്ങളില്‍ അവര്‍ നിങ്ങളെ സന്തോഷിപ്പിച്ചു. പെട്ടെന്നൊരു ദിവസം അഭിനയം നിര്‍ത്തി അവര്‍ ഗൃഹസ്ഥാശ്രമത്തിലേക്ക് പോയി. പിന്നെ ഒരു പതിനാല് വര്‍ഷം; അങ്ങനെ ജനം അവരില്ലാതെ സിനിമ കണ്ടുകൊണ്ടിരുന്നു. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത വിധത്തില്‍ കാര്യങ്ങളിങ്ങനെ പോകുമ്പോള്‍ അവര്‍ വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് വരുന്നു. ഗാര്‍ഹികമായും സാംസ്കാരികമായും  നിലപാടുകള്‍ വ്യക്തമാക്കി- സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കൊണ്ട് വിവിധ വേദികളിലേക്ക് പകര്‍ന്നാടി- തിരിച്ചെത്തിയ മഞ്ജുവിന്‍റെ രണ്ടാം വരവ് ആഘോഷമാക്കിയതാര്? ഇവിടത്തെ ഏതെങ്കിലും പാവപ്പെട്ട വീട്ടമ്മമാരാണോ? ബിവറേജസിന് മുന്‍പില്‍ ക്യു നില്‍ക്കുന്നവര്‍ എന്ന് എഴുതി തള്ളിയ കൂലിവേലക്കാരോ? (ഇവരൊക്കെയല്ലേ സാധാരണ ജനങ്ങള്‍?).  

 

അവരെ വിണ്ടും ജനങ്ങളിലേക്ക് എത്തിച്ചത് മാധ്യമങ്ങളിലൂടെ കൃത്യമായി അസൂത്രണം ചെയ്ത ചില മാനേജുമെന്റ് തന്ത്രങ്ങള്‍ തന്നെയാണ്. വിവാഹ മോചനത്തിലും പരസ്യ ചിത്രങ്ങളിലും പിന്നെ സിനിമാ പ്രവേശനത്തിന്‍റെ കടമ്പകളിലും ഒടുവില്‍ തിരഞ്ഞെടുത്ത സിനിമയിലുമെല്ലാം ഈ കൃത്യത പാലിച്ചുവെന്നതാണ്‌ അവരുടെ വിജയം. കേരളത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നില്‍ ഇന്ത്യയിലെത്തന്നെ വലിയ താരത്തോടൊപ്പം പ്രത്യക്ഷപ്പെട്ടപ്പോള്‍ മുതല്‍ അവര്‍ സൃഷ്ടിക്കപ്പെട്ട താരമായി മാറുകയായിരുന്നു. ദേശിയ പരിവേഷം എന്ന ചിന്തയില്‍ മാത്രമാണ് ഇത് വിജയിക്കാതെപോയത്. കേരളത്തിലെ വിട്ടമ്മമാര്‍ ബച്ചന്‍റെ മകളായി മഞ്ജുവിനെ സ്വീകരിച്ചു.അവരുടെ ഇനിയും നഷ്ടമാകാത്ത പ്രസരിപ്പിനെപ്പറ്റി ചര്‍ച്ചചെയ്തു. ഒടുവില്‍ How old are you? എന്ന് സ്വയം ചോദിച്ച ചോദ്യത്തിലൂടെ ഇനിയും ഒരുപാട് അങ്കത്തിനുള്ള ബാല്യം ഇവളില്‍ അവശേഷിക്കുന്നുവെന്ന് മലയാളിയെക്കൊണ്ടു ഉത്തരം പറയിപ്പിച്ചു.

 

മഞ്ജു വാര്യരുമായി ബന്ധപ്പെട്ട് അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍

സ്വപ്നങ്ങളുടെ നോട്ടുപുസ്തകം മഞ്ജു വാര്യര്‍ വീണ്ടും തുറക്കുമ്പോള്‍
മഞ്ജു എന്ന സൂപ്പര്‍സ്റ്റാറും സ്മിത എന്ന അശ്ലീല നടിയും
കാവ്യാ മാധവനും മഞ്ജു വാര്യരും മാങ്ങാട് രത്നാകരന്റെ യാത്രയില്‍
മഞ്ജുവാര്യര്‍ ചെങ്ങറയില്‍ വരുമോ? സി ആര്‍ നീലകണ്ഠന്‍ എഴുതുന്നു
സദാചാരസമ്പന്നരായ സൈബര്‍ സാറന്‍മാര്‍ വായിച്ചറിയാന്‍

ഇങ്ങനെ സ്വയം ഒരു മാര്‍ക്കറ്റിംഗ് തന്ത്രം രൂപികരിച്ച അവരുടെ പിന്നാലെ ചാനലുകളും ബ്രാന്റുകളും സര്‍ക്കാര്‍ വകുപ്പുകളും പായുന്ന കാഴ്ചയും നമ്മള്‍ കണ്ടത് പോയ വര്‍ഷത്തിലായിരുന്നു. ഇതില്‍ കടുത്ത പാതകമായി തോന്നിയത് ഒരു സിനിമാ കഥാപാത്രത്തിന്‍റെ ലേബലില്‍ അവരെ ബ്രാന്‍ഡ്‌ അംബാസിഡറാക്കിയ പ്രവര്‍ത്തിയാണ്. അങ്ങനെ കോര്‍പ്പറേറ്റുകളെയും മാധ്യമത്തെയും സര്‍ക്കാര്‍ വകുപ്പുകളേയും തന്‍റെ രണ്ടാം വരവില്‍ ഒപ്പം നിര്‍ത്താന്‍ സാധിച്ചിടത്താണ് മഞ്ജുവിന്‍റെ വിജയം. കലാരംഗത്ത് ഒരു നര്‍ത്തകിയായ ഇവര്‍ക്ക് അതിന്‍റെ തലത്തില്‍ വേണ്ട പരിഗണന ലഭിക്കതെയോ ഉപയോഗിക്കപ്പെടതെയോ പോകുമ്പോഴാണ്  മഞ്ജു വാരിയര്‍ എന്ന പുതിയ പ്രൊഡക്ട് എന്തായിരുന്നു ഈ രണ്ടാംവരവില്‍ ലക്ഷ്യമിട്ടിരുന്നത് എന്ന് വ്യാഖ്യാനിക്കപ്പെടുന്നത്. അത് കഴിഞ്ഞ പതിനാല് വര്‍ഷം അടച്ചിടപ്പെട്ട സര്‍ഗ്ഗാത്മകതയുടെ കവിഞ്ഞൊഴുക്കോ തിരസ്കാരത്തിന്റെ വേദനയോ അല്ല പെട്ടെന്ന് നഷ്ടമായ പ്രശസ്തിയെപ്പറ്റിയുള്ള അസ്വസ്ഥതകള്‍ മാത്രമാണ്‌.

 

വാര്‍ത്തയിലൂടെ സൃഷ്ടിക്കപ്പെട്ട താരം തന്നെയാണ് മഞ്ജു; എന്നാല്‍ ഇവര്‍ പിന്നിലാക്കിയത് ആരെ എന്നതാണു നമ്മെ ശരിക്കും ലജ്ജിപ്പിക്കുന്നത്. ഒരു പക്ഷെ ആ ചാനലിനെ സംബന്ധിച്ച് ISRO ചെയര്‍മാന്‍ ഒന്നുമല്ലായിരിക്കാം. ഒരു ചെറിയ പേടകം മംഗള്‍യാന്‍ എന്നപേരുമിട്ട് വെറും 450 കോടി രൂപ മാത്രം ചെലവില്‍ പരിക്ഷണം നടത്തിയ ആള്‍. എന്നാല്‍ ലോകമെമ്പാടും ശിരസു നമിക്കുന്ന മലയാളിയാണ് ഡോ. കെ രാധാകൃഷ്ണന്‍ എന്ന്‍ എസ് എം എസ്  അയച്ചുവെന്നവകാശപ്പെടുന്ന മലയാളികള്‍ മനസിലാക്കണമായിരുന്നു. തൃശൂരിന് തെക്ക് ചുവപ്പിന്‍റെ സാന്നിധ്യം ശക്തനായ ഒരു ദേശീയ നേതാവിനെ പരാജയപ്പെടുത്തിക്കൊണ്ടറിയിച്ച, ജിവിതത്തില്‍ കഠിനമായ രോഗാവസ്ഥയെ ചിരിച്ചുകൊണ്ട് നിസംഗതയോടെ നേരിട്ട ഒരു സാധാരണ മലയാളിയുമായ ഇന്നസന്‍റ്, ഒരുപക്ഷെ ഇപ്പോള്‍ അദ്ദേഹം ആ ചാനലിന് അനഭിമതനായിരിക്കാം. 2008ല്‍ ജൂനിയര്‍ ഏഷ്യാകപ്പ് ഹോക്കിയില്‍ മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട ചെറുപ്പക്കാരന്‍ എഴുതി തള്ളിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ കായിക വിനോദമായിരുന്ന ഹോക്കിയില്‍ മുഴുകിയെന്നതാണ് അയാള്‍ ചെയ്ത തെറ്റ്’. അതില്‍ ദേശിയവും അന്തര്‍ദേശീയവുമായ ഒരുപാട് മത്സരങ്ങളില്‍ ഈ മലയാളിയായ ചെറുപ്പക്കാരന്‍ രാജ്യത്തിനുവേണ്ടി പോരുതിയിരുന്നു. പി ആര്‍ ശ്രീജേഷ് അയാള്‍ ഒന്നിന്‍റെയും ബ്രാന്‍ഡ്‌ അംബാസിഡറാകില്ല. കാരണം വ്യക്തമാണല്ലോ. ഇവരെയൊക്കെ പിടിച്ചിരുത്തി ഒരുവിധത്തില്‍ അവഹേളിക്കുകയായിരുന്നു ഇവിടെ നമ്മള്‍ മലയാളികള്‍.

മലയാളിയുടെ ചുരുങ്ങിയ മനസിന്റെയും കാര്യഗൌരവമില്ലായ്മയുടെയും തെളിവാണ് ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പുകള്‍. ദയവായി പ്രിയ ചാനല്‍കാരെ നിങ്ങളും ഏതെങ്കിലും ഒരു സെല്‍ഫോണ്‍ കമ്പനിയും കൂടി ലാഭ, നഷ്ടം കണക്കാക്കി തെരഞ്ഞെടുക്കുന്ന ഇത്തരം താരങ്ങളെ താരതമ്യപ്പെടുത്തുവാന്‍, അവരോട് മത്സരിക്കുവാന്‍ ദയവായി ലോകമൊമ്പാടും യാതൊരു മാധ്യമങ്ങളുടെയും പിന്ബലമില്ലാതെയും മാനേജ്മെന്റ് തന്ത്രങ്ങളില്ലാതെയും വരവറിയിക്കുന്ന പ്രതിഭാശാലികളെ കൊണ്ടുവരരുത്. ഒരു പക്ഷെ നിങ്ങളുടെ ഈ സംവിധാനത്തെപ്പറ്റി അവര്‍ക്ക് കാര്യമായ പരിജ്ഞാനമില്ലായിരിക്കാം. അത് നിങ്ങള്‍ മുതലാക്കരുത്.

 

*Views are personal

(ഐ എച്ച് ആര്‍ ഡിയിലെ ഉദ്യോഗസ്ഥനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍