UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിശാഖ് ശങ്കര്‍

ന്യൂസ് അപ്ഡേറ്റ്സ്

മഞ്ജു ജയരാജ്: അനോണി അസ്തിത്വത്തിലെ അന്യ!

പ്രകടമായ മര്യാദകേടുകളെ വരെ സങ്കീര്‍ണ്ണവത്ക്കരിച്ച് വെളുപ്പിച്ചെടുക്കുന്ന തന്ത്രത്തില്‍ മല്ലു ബുജികളെ വെല്ലാന്‍ മനുഷ്യരായി പിറന്നവരില്‍ ആരുമില്ല.

 

സുനിതാ ദേവദാസ് എന്ന ഫേസ് ബുക്ക് ഐഡി ഏതാനും ദിവസം മുമ്പ് ഇട്ട ഒരു പോസ്റ്റാണ് ഇതിന്റെ ഏറ്റവും പുതിയ സാക്ഷ്യം. തന്നോട് ഒരു അര്‍ദ്ധരാത്രി ചാറ്റില്‍ വന്ന് പരിചയപ്പെടുകയും ചുരുങ്ങിയ കാലം കൊണ്ട് അടുത്ത സുഹൃത്തായിത്തീരുകയും ചെയ്ത ‘മഞ്ജു ജയരാജ്’ ഒരു വ്യാജ ഐഡി ആയിരുന്നുവെന്നും അതിന് പിന്നില്‍ ഒരു പുരുഷനായിരുന്നു എന്നും വെളിപ്പെടുന്നതോടെയാണ് സുനിത അയാള്‍ക്കെതിരെ പ്രസ്തുത പോസ്റ്റിടുന്നത്. മഞ്ജു ജയരാജ് യഥാര്‍ത്ഥത്തില്‍ ആരായിരുന്നു എന്ന് അവര്‍ അന്വേഷിച്ച് കണ്ടുപിടിക്കുകയായിരുന്നില്ല, പ്രസ്തുത ഐഡിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തി തന്നെ സുനിതയോട് അത് കുമ്പസരിക്കുകയായിരുന്നു എന്നതും സത്യം.

 

ഇത്തരം വെളിപ്പെടുത്തലുകള്‍ മുമ്പും സൈബര്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. അതൊക്കെ അന്നും വിവാദമാകുകയും അതിലും പല പക്ഷങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവിടെ വെളിപ്പെട്ട വ്യക്തി മീഡിയാ വണ്‍ എന്ന ചാനലിലൂടെ വാര്‍ത്താ അവതാരകന്‍ എന്ന നിലയില്‍ പ്രശസ്തനായ ഒരാള്‍ ആയതുകൊണ്ട് തന്നെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. അയാള്‍ വ്യക്തി എന്ന നിലയില്‍ ചെയ്ത ഈ കൃത്യത്തിന് അയാളെ ജോലിക്ക് വച്ച ചാനല്‍ ഉത്തരവാദിയല്ലെങ്കിലും അതിന്റെ പേരും പരാമര്‍ശിക്കപ്പെടുന്നത് അതുകൊണ്ടാണ്.

 

വാദി പ്രതിയാകുവാന്‍ എത്ര നേരം!
തന്റെ യഥാര്‍ത്ഥസ്വത്വത്തെ മറച്ചുവച്ച്, മറ്റൊരാളാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഒരാളുമായി വ്യക്തിബന്ധം ഉണ്ടാക്കുന്നത് പ്രകടവും പ്രത്യക്ഷവുമായ തെറ്റ് തന്നെയാണ്. അത്തരം ഒരു കൃത്യത്തെയാണ് വിശ്വാസവഞ്ചന എന്ന് വിളിക്കുന്നത്. അതിനെയാണ് വിചിത്രമായ വാദങ്ങള്‍ ഉന്നയിച്ച് പലരും ചേര്‍ന്ന് ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്.

 

ഒന്നാമത്തെ വാദം ഇത്തരത്തില്‍ വ്യജമായി ഉണ്ടാക്കിയെടുത്ത വ്യക്തിബന്ധത്തെ അയാള്‍ ലൈംഗികമോ സാമ്പത്തികമോ ഒന്നും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലല്ലോ, പിന്നെ എന്തിന് ഇത് ഇത്ര ഗൗരവത്തില്‍ എടുക്കണം എന്നതാണ്. ആ വാദം യഥാര്‍ത്ഥത്തില്‍ ഇരയുടെ വൈകാരികസ്വത്വത്തിനുമേല്‍ കാഴ്ചക്കാര്‍ നടത്തുന്ന ഒരു കടന്നുകയറ്റം തന്നെയാണ്. ഈ പ്രശ്‌നത്തിന്റെ ഒരു വൈകാരിക ബാദ്ധ്യതയും പേറേണ്ടതില്ലാത്ത നമ്മള്‍ ചിലര്‍ തീരുമാനിക്കും ഇരയായ സ്ത്രീക്ക് അത് ഏത് നിലയ്ക്ക്, എത്രത്തോളം തീവ്രമായി അനുഭവപ്പെടണമെന്ന്!

 

മറ്റൊരു വാദം അജിംസ് കുമ്പസരിച്ചില്ലായിരുന്നുവെങ്കില്‍ സുനിത ഇത് ഒരിക്കലും അറിയുമായിരുന്നില്ല എന്നതാണ്. മഞ്ജു ജയരാജിനോട് സുനിത ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരു സ്ത്രീയുടെ നമ്പര്‍ കൊടുക്കുകയും വിളിക്കുമ്പോള്‍ പറയാന്‍ മുന്‍കൂറായി ആ സ്ത്രീയ്ക്ക് ‘സിപിഎം നേതാവിന്റെ പരിമിതികളുള്ള ഭാര്യ’യുടെ കഥ മെനഞ്ഞ് നല്‍കുകയും ചെയ്ത അജിംസിന് അന്നൊന്നും ഇത്തരം ഒരു കൃത്യത്തിലെ രാഷ്ട്രീയ ശരികേടിനെക്കുറിച്ച് വെളിപാടുണ്ടാവുകയോ, കുമ്പസാരിക്കാന്‍ തോന്നുകയോ ചെയ്തില്ല. പിന്നീട് അയാള്‍ താനാണ് മഞ്ജു എന്ന് ഏറ്റ് പറഞ്ഞെങ്കില്‍ അതില്‍ തിരിച്ചറിവിന്റെ നിഷ്‌കളങ്കത മാത്രമല്ല ഇങ്ങനെ പോയാല്‍ പിടിക്കപ്പെടും, അതിനുമുമ്പ് കുമ്പസാരിച്ചുകളയാം എന്ന തന്ത്രവും സംശയിക്കാം.

 

താന്‍ വ്യാജ ഐഡിയാണെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം ചാറ്റ് തുടങ്ങുന്നത് തന്നെ എന്ന മറ്റൊരു വിചിത്രമായ വാദവുമുണ്ട്. സാംസ്‌കാരിക വിനിമയങ്ങള്‍ക്കായി വ്യാജ ഐഡി ഉണ്ടാക്കുന്നതിന്റെ രാഷ്ട്രീയ പശ്ചാത്തലം നമുക്ക് മനസിലാക്കാം. പക്ഷേ സ്വന്തം ഐഡി ഉള്ളപ്പോള്‍ വ്യക്തിഗതബന്ധങ്ങള്‍ക്കായി എന്തിന് വ്യാജ ഐഡി ഉപയോഗിക്കണം? അതും വ്യാജ ഐഡി ആണെന്ന് ആദ്യമേ സമ്മതിച്ചുകൊണ്ട്? ഇനി വാദത്തിന് അത് സമ്മതിച്ചാല്‍ പോലും താന്‍ അജിംസിന്റെ വ്യാജ ഐഡിയാണ് എന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് മഞ്ജു ജയരാജ് ചാറ്റ് തുടങ്ങുന്നത് തന്നെ എന്ന വാദം അയാളുമായി ചാറ്റ് ചെയ്ത സുനിതയുള്‍പ്പെടെ ഒന്നിലധികം പേര്‍ നിഷേധിച്ചിട്ടുമുണ്ട്.

 


മഞ്ജു ജയരാജ് ആരായിരുന്നു? സുനിതയുടെ ഫേസ്ബുക് പോസ്റ്റ് ഇവിടെ വായിക്കാം

 

 

ഇവള്‍ക്കെന്താ കൊമ്പുണ്ടോ?
നാളുകളായി തുടരുന്ന വിശ്വാസവഞ്ചന എന്ന തെറ്റ് ഒരു ദിവസം അയാള്‍ കുമ്പസാരിച്ചു എന്നതുകൊണ്ട് തെറ്റല്ലാതാകുന്നില്ല. അതിനോടുള്ള ആ വ്യക്തിയുടെ പ്രതികരണം അവള്‍ക്ക് / അവന് അതെങ്ങനെ അനുഭവപ്പെട്ടു എന്നതിനെ ആശ്രയിച്ചിരിക്കും. അല്ലാതെ അതിനോട് അവര്‍ എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കുന്നത് കാഴ്ചക്കാരല്ല, അത് ഇരയുടെ അവകാശമാണ്.

 

ഒന്നിലധികം പേരോട് ഒരാള്‍ ഇതേ തെറ്റ് ആവര്‍ത്തിച്ചിട്ടുണ്ട് എന്ന് വയ്ക്കുക. അങ്ങനെയെങ്കില്‍ സ്വാഭാവികമായും പ്രതികരണവും വ്യത്യസ്തമായിരിക്കും. മഞ്ജു ജയരാജ് ചാറ്റ് ചെയ്ത പുരുഷന്മാര്‍ക്കൊന്നും ഇല്ലാത്ത പ്രശ്‌നം സുനിതയ്ക്ക് മാത്രമായി എന്താണ് എന്ന നിലക്കുമുണ്ട് വിമര്‍ശനം. മറ്റുള്ളവര്‍ എല്ലാം ഇത് ഒരു തമാശയായെടുത്ത് ക്ഷമിച്ചില്ലേ, നിനക്ക് മാത്രം എന്താ കൊമ്പുണ്ടോ എന്ന തരം, അപ്പോള്‍ ഇതിന് പിന്നില്‍ എന്തോ ഗൂഡാലോചനയുണ്ടാവണം എന്ന തരം നിഗമനങ്ങള്‍ വാദിയെ പ്രതിയാക്കുകയാണ്.

 

നാളിതുവരെ അച്ചടി മാധ്യമലോകവും, സൈബര്‍ലോകവും കണ്ടിട്ടുള്ള തൂലികാ നാമധാരികളെയും, അനോണികളെയും ഒക്കെ ഓര്‍ത്തെടുത്ത് നിരത്തിക്കൊണ്ടാണ് പ്രകടമായ ഈ മര്യാദകേടിനെതിരെ ഉണ്ടാകുന്ന വിമര്‍ശനങ്ങള്‍ മുഴുവന്‍ പ്രതി അജിംസായതുകൊണ്ടാണ്, അയാള്‍ മീഡിയാ വണ്ണില്‍ പ്രവര്‍ത്തിയ്ക്കുന്നതു കൊണ്ടാണ് എന്നൊക്കെ വരുത്തിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ കൊണ്ടുപിടിക്കുന്നത്.

 

ഇതിലുമുണ്ടോ ഇസ്ലാമോഫോബിയ?
ഇതിനെയൊക്കെ കടത്തിവെട്ടുന്ന നിരീക്ഷണങ്ങളും ഉണ്ട്. ‘അജിംസ്’ എന്ന ‘മുസ്ലീം’ ‘പുരുഷന്‍’ പറയുന്ന കാര്യങ്ങള്‍ സെക്കുലര്‍ നാമധാരിയായ സ്ത്രീ പറയുമ്പോള്‍ കൂടുതല്‍ സ്വീകാര്യമാകുന്നു. ഈ സ്വീകാര്യത മുന്നേ മനസിലാക്കിയാവാം അജിംസ് ‘ഫേക്ക് ഐഡി’ ക്രീയേറ്റു ചെയ്യുന്നത്. പ്രചോദനമായത് പല സ്ത്രീ നാമങ്ങളും എഴുതുന്നതിന് കിട്ടുന്ന സ്വീകാര്യതയാകാം. എന്നാല്‍ കിട്ടുന്ന സ്വീകാര്യതയുടെ രാഷ്ടീയം പരിശോധിക്കുന്നിടത്താവാം അജിംസ് തന്റെ ‘ഫേക്ക്’ ഐഡി ഡിയാക്റ്റിവേറ്റ് ചെയ്യുന്നത്’- എന്നാണ് രാജേഷ് പോള്‍ പറയുന്നത്. സുദീപിനെപ്പോലെയുള്ളവര്‍ക്കും അതാണ് ശരിയായി തോന്നുന്നത്. പക്ഷെ ഇവരൊക്കെയും ഇവിടത്തെ പ്രശ്‌നം ഫെയ്ക്ക് ഐഡിയുടെ നൈതികത എന്നതേ അല്ല എന്ന് കാണാതെ പോകുന്നു.

 

സാംസ്‌കാരിക സംവാദങ്ങളില്‍ പലപ്പോഴും മുസ്ലീം നാമധാരികള്‍ മുന്‍വിധിയോടെയാണ് വായിക്കപ്പെടുന്നത് എന്നത് അംഗീകരിക്കുമ്പോഴും അതിന് പരിഹാരമായി നിര്‍മ്മിക്കപ്പെടുന്ന ‘സെക്കുലര്‍ നാമധാരിണിയായ സ്ത്രീ’ പ്രസക്തമാകേണ്ടുന്നത് സാംസ്‌കാരിക മണ്ഡലത്തിലാണ്, വ്യക്തിബന്ധങ്ങളിലല്ല. അര്‍ദ്ധരാത്രി സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു എന്നു പറഞുകൊണ്ട് ഒരു സ്ത്രീയുമായി ചാറ്റ് തുടങ്ങുകയും അതിനെ തന്റെ വ്യാജമായ ലിംഗസ്വത്വത്തിന്റെയും, സാംസ്‌കാരിക സ്വത്വത്തിന്റെയും കല്പിത കഥകള്‍ പറഞ്ഞ് വികസിപ്പിക്കുകയും ചെയ്തത് ഇസ്ലാമോഫോബിയെ സാംസ്‌കാരികമായി നേരിടുന്നതിനുള്ള വഴിതേടലിന്റെ ഭാഗമായിരുന്നു എന്നൊക്കെ വ്യാഖ്യാനിക്കണമെങ്കില്‍ ചില്ലറ പാടവം പോര.

 


അജിംസിന്റെ വിശദീകരണം ഇവിടെ വായിക്കാം

 

അനോണികളുടെ ചരിത്രവും രാഷ്ട്രീയവും.
വിലാസിനി തൊട്ട് മറിയാമ്മയും രാജേശ്വരിയും വരെ നിരവധി തൂലികാനാമങ്ങളുണ്ടായിട്ടുണ്ട് അച്ചടി മാദ്ധ്യമങ്ങളുടെ ചരിത്രത്തില്‍. അവര്‍ക്കൊക്കെ അവരുടെതായ കാരണങ്ങളും ഉണ്ടാവാം. പക്ഷെ അതൊന്നും അത്തരം ഒരു കല്പിത സാംസ്‌കാരിക സ്വത്വം ഉപയോഗിച്ച് അവര്‍ വ്യക്തിജീവിതത്തില്‍ നടത്തുന്ന ‘തിരിമറി’കള്‍ക്ക് ന്യായീകരണമാകുന്നില്ല.

 

സൈബര്‍ ലോകത്തും ‘മഞ്ജു ജയരാജ് ‘ എന്നത് ആദ്യത്തെ അജ്ഞാത ഐഡി അല്ല എന്ന് പഴയ ദ്രൗപദി വര്‍മ്മ വിവാദമൊക്കെ ഓര്‍ക്കുന്നവര്‍ക്കറിയാം. അനോണികള്‍ പെണ്‍ മാത്ര നാമധാരികളുമല്ല. അനോണി ആന്റണി, ലാപുട, വെള്ളെഴുത്ത്, വിശാലമനസ്‌കന്‍, ഓലപ്പീപ്പി, നൊടിച്ചില്‍, ഉറുമ്പ്, മാരീചന്‍, ജാഗ്രത, രാവണന്‍ എന്ന് തുടങ്ങി കരിമീന്‍ പൊള്ളിച്ചത് എന്നുവരെ പേരുള്ള സൈബര്‍ വ്യക്തിത്വങ്ങളുണ്ട്. വ്യത്യസ്തമായ കാരണങ്ങളാല്‍ സ്വന്തം വ്യക്തിത്വം പരസ്യപ്പെടുത്തണ്ടാ എന്ന് തീരുമാനിച്ച് ഇത്തരം പേരുകളില്‍ എഴുതിപ്പോരുന്ന ഇവരില്‍ പലരെയും സൈബര്‍ ലോകത്തുള്ള പലര്‍ക്കും വ്യക്തിപരമായി അറിയുകയും ചെയ്യാം. ദ്രൗപദീ വര്‍മ്മ വിവാദം നടക്കുന്നതിനിടയില്‍ ഉണ്ടായി അതിനൊപ്പം ഒടുങ്ങിയ മഞ്ഞ ഒതളങ്ങ വര്‍മ്മ ഉള്‍പ്പെടെയുള്ള വര്‍മ്മാണ്ഡ ഐഡികള്‍ പോലെ പ്രശ്‌നാധിഷ്ഠിതമായി നിലനിന്ന് അവസാനിക്കുന്ന മറ്റൊരു വിഭാഗവും ഉണ്ട്.

 

കലാകാരന്റെ വ്യക്തിത്വമല്ല, കലാസൃഷ്ടിയുടെ വ്യക്തിത്വമാണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സ്വന്തം പേര് വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്ന ഗസ്സ് ഹൂവിനെപ്പോലെയുള്ള ഗ്രാഫിറ്റി കലാകാരന്മാര്‍ക്ക്/കാരികള്‍ക്ക് അനോണിമിറ്റി കലാപരവും രാഷ്ട്രീയവുമായ ഒരു ദാര്‍ശനിക ഉപകരണമാണ്. താനായിരുന്നു അനോണി ആന്റണി എന്ന് വ്യക്തമാക്കിക്കൊണ്ട് ജിതിന്‍ ദാസ് ഇട്ട പോസ്റ്റില്‍ ജിതിന്‍ ദാസ് തന്നെയും ഒരു കല്പിത വ്യക്തിത്വമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഫാസിസം വന്ന് വാതില്ക്കല്‍ മുട്ടിനില്ക്കുന്ന ഇന്ന് ഉറപ്പായും നിലനില്ക്കുന്ന കായികമായ ഭീഷണികളെ മാത്രം മുന്‍നിര്‍ത്തിയല്ല അന്നും ഇന്നും അനോണി ഐഡികള്‍ ഉണ്ടാകുന്നതെന്ന് ആ പോസ്റ്റില്‍ നിന്ന് വ്യക്തമാണ്.

 

വ്യക്തിഗത ബന്ധങ്ങളും, പരിചയങ്ങളും എഴുത്തിന്റെയും, നിലപാടുകളെയും വിശകലനത്തെ സ്വാധീനിക്കരുത് എന്നത് കൊണ്ട്, ഔദ്യോഗികമായ കാരണങ്ങള്‍ കൊണ്ട്, സുരക്ഷാ ഭീഷണികള്‍ കൊണ്ട് എന്നിങ്ങനെ അനോണിമിറ്റിയുടെ കാരണങ്ങള്‍ വ്യക്തികള്‍ക്കനുസരിച്ച്, സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു. സ്വാഭാവികമായും അതിന്റെ രാഷ്ട്രീയവും.

 

ഇവിടെ പ്രശ്‌നം ഇത്തരം ഐഡികളോ അവയുടെ നൈതികതയോ ഒന്നുമല്ല. അനോണിയായിരിക്കുന്നത് അതില്‍ തന്നെ വലിയൊരു അപരാധമാണെന്ന, പണ്ട് ബ്ലോഗില്‍ സുകുമാരന്‍ അഞ്ചരക്കണ്ടിയെ പോലെയുള്ളവര്‍ ഉന്നയിച്ചിരുന്നതുപോലെയുള്ള ഒരു വാദവുമല്ല സുനിതയുടെത്. ആ നിലയ്ക്ക് അവര്‍ ഉന്നയിക്കുന്ന വിഷയത്തെ ഫെയ്ക്ക് ഐഡികള്‍ ഉണ്ടാകുന്നതിന്റെ രാഷ്ട്രീയവും, അനോണികളുടെ ചരിത്രവും പറഞ്ഞുകൊണ്ട് സമീപിക്കുന്നവര്‍ മനപ്പൂര്‍വമായാലും, അല്ലെങ്കിലും ചര്‍ച്ചയെ വഴിതെറ്റിക്കുക തന്നെയാണ്. (ഈ പറഞ്ഞത് വിഷയത്തില്‍ നിന്ന് മാറി അനോണി ഐഡി സ്വയം ഒരു വിവാദമാകുന്ന പശ്ചാത്തലത്തില്‍ അതിനെക്കുറിച്ച് തങ്ങളുടെ ഉള്‍ക്കാഴ്ചകള്‍ പങ്കുവച്ച ജിതിന്‍ ദാസ് ഉള്‍പ്പെടെയുള്ളവരെക്കുറിച്ചല്ല എന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ/ ഉണ്ടല്ലൊ)

 

അനോണി അസ്തിത്വവാദം
താന്‍ ഒരു സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് മറ്റൊരു സ്ത്രീയുമായി ചങ്ങാത്തത്തിലാവുകയും ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ പോലും അത് വെളിപ്പെടുത്താതെ മൂന്നാമതൊരു സ്ത്രീയുടെ നമ്പര്‍ കൊടുക്കുകയും വിളിക്കുമ്പോള്‍ ഇന്ന രീതിയിലൊക്കെ സംസാരിക്കണമെന്ന് ശട്ടം കെട്ടുകയും വരെ ചെയ്തിട്ടും ടിയാന്‍ അശ്ലീലം പറയുകയോ, ഈ ബന്ധത്തെ ലൈംഗീകമായി ദുരുപയോഗപ്പെടുത്താന്‍ ശ്രമിക്കുകയോ ഒന്നും ചെയ്തില്ലല്ലോ, പിന്നെ എന്താ ഇതില്‍ ഇത്ര വലിയ തെറ്റ് എന്ന തരം ഒത്താശകള്‍ നമ്മുടെ പാട്രിയാര്‍ക്കിക് സമൂഹത്തില്‍ നിന്ന് ഉണ്ടാകുന്നതില്‍ വലിയ അതിശയമൊന്നുമില്ല. എന്നാല്‍ അതിശയിപ്പിക്കുന്നത് പുരോഗമനവാദികളെന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്നവരില്‍ നിന്ന് പോലും ഉണ്ടാകുന്ന അഴകൊഴമ്പന്‍ നിലപാടുകളാണ്.

 

ചര്‍ച്ചകളും, വിശകലനങ്ങളും വികസിച്ച് വികസിച്ച് എന്താണ് മനുഷ്യന്റെ സ്വത്വം, അത് എത്രത്തോളം യഥാര്‍ത്ഥമാണ്, വ്യാജം, യഥാര്‍ത്ഥം തുടങ്ങിയ ദ്വന്ദ്വങ്ങളുടെ സത്യമെന്താണ്, മിഥ്യയെന്താണ്, അതിന്റെ രാഷ്ട്രീയമെന്താണ് തുടങ്ങിയ നിരവധി സൈദ്ധാന്തിക, ദാര്‍ശനിക സമസ്യകളില്‍ ചെന്ന് തലയിടിച്ച് നില്‍ക്കുകയാണ് ഇപ്പോള്‍. കടുത്ത അസ്തിത്വ പ്രതിസന്ധിയിലേയ്ക്ക് സമൂഹം തള്ളിവിട്ട നിസ്സഹായനായ അന്യനാകുന്നു അജിംസ് ഈ വ്യവഹാരങ്ങളിലൂടെ!

 

പ്രകടവും വ്യക്തവുമായ വിശ്വാസവഞ്ചന എന്ന തെറ്റിനെ, അതിന്റെ കര്‍ത്താവിന്റെയും കര്‍മ്മത്തിന്റെയും സ്വത്വങ്ങളെ തങ്ങളുടെ അജണ്ടകള്‍ക്കനുസരിച്ച് അപനിര്‍മ്മിച്ചുകൊണ്ട് വ്യാജമായ സങ്കീര്‍ണ്ണതയുടെ പരിവേഷം നിര്‍മ്മിക്കുന്ന ബൗദ്ധികവ്യായാമത്തിന് ഇത് ആദ്യത്തെ തെളിവൊന്നുമല്ല. അതിനുപിന്നില്‍ വെറും നിഷ്‌കളങ്കതയോ, നിഷ്പക്ഷതയോ അല്ല. പറഞ്ഞുവരുമ്പോള്‍ ഒടുവില്‍ സുനിത വേട്ടക്കാരിയും അജിംസ് ഇരട്ട ഇരയുമാകുന്ന അവസ്ഥ ഉണ്ടാകുമ്പോള്‍ പ്രത്യേകിച്ചും.

 

നമിക്കുന്നു ബ്രഹ്മാണ്ഡസൈദ്ധാന്തികരേ നിങ്ങളുടെ മഹാമസ്തിഷ്‌ക വ്യാപ്തികള്‍ക്ക് മുമ്പില്‍….

 

മഞ്ജു ജയരാജ് എന്ന പേരില്‍ അജിംസ് 2015 ഫെബ്രുവരി എട്ടിന് അഴിമുഖത്തില്‍ എഴുതിയ ലേഖനം: ഈ രാഷ്ട്രീയ അപഹാസ്യതയെയും മാവോയിസം എന്നു വിളിക്കണോ?

 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

 

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍