UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഞ്ജുള്‍ ഭാര്‍ഗവ ക്ഷമിക്കുക, ഞങ്ങളുടെ യുജിസി ചട്ടങ്ങള്‍ കര്‍ക്കശമാണ്!

Avatar

ടീം അഴിമുഖം

നല്ല സമൂഹങ്ങള്‍ തങ്ങളുടെ പ്രതിഭകളെ എങ്ങനെ പരിചരിക്കുന്നു എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഗണിത ശാസ്ത്രത്തിലെ നോബല്‍ സമ്മാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫീല്‍ഡ്‌സ് മെഡല്‍ നേടിയ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല പ്രൊഫസറും പയ്യന്നൂര്‍ക്കാരന്‍ വിപി മുരളീധരന്റെ പുത്രനുമായ മഞ്ജുള്‍ ഭാര്‍ഗവിന്റെ കഥ. ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായം എത്രത്തോളം ശോചനീയമാണ് എന്നതിന്റെ ഉദാഹരണം കൂടിയാണത്.

28-ആം വയസിലാണ് മഞ്ജുളിനെ അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല ഫുള്‍ ടൈം പ്രൊഫസര്‍ ആയി നിയമിച്ചത്. 22-ആം വയസില്‍ ഫ്രൊഫസറായ മറ്റൊരു ഗണിതശാസ്ത്ര പ്രതിഭ ചാള്‍സ് ഫെഡെര്‍മാന് ശേഷം വിശ്രുത സര്‍വകലാശാലയില്‍ ഫുള്‍ പ്രൊഫസര്‍ ആവുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളാണ് മഞ്ജുള്‍. പ്രിന്‍സ്റ്റണ്‍ ഈ ബാലപ്രതിഭകളെ അക്കാദമികമായി വളര്‍ത്തിയെടുക്കുകയും അവരുടെ നിര്‍ണായക ഗവേഷണങ്ങളും കിറുക്കുകള്‍ക്കുമുള്ള സ്വാതന്ത്ര്യവും സ്ഥാനവും നല്‍കുകയും ചെയ്യുന്നു. 

ഭാര്‍ഗവയെ നോക്കൂ: അദ്ദേഹം നല്ലൊരു തബല വാദകനാണ്. സാമ്പത്തിക ശാസ്ത്രത്തിലും ഭാഷാശാസ്ത്രത്തിലും മാത്രമല്ല മല കയറ്റത്തിലും പ്രാവീണ്യം ഉള്ളയാള്‍. എന്നാല്‍ ഗണിതശാസ്ത്രത്തിലാണ് അദ്ദേഹം ശരിയായ ആനന്ദം കണ്ടെത്തുന്നത്. പ്രിന്‍സ്റ്റണില്‍ തലമുറകളായി വിശ്രുത ചിന്തകരെയും നേതാക്കളെയും ശാസ്ത്രജ്ഞരെയും വളര്‍ത്തിയെടുക്കുകയും അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നു. ഇവരുടെ ഇങ്ങേ തലമുറയില്‍ ഉള്ള ആളാണ് മഞ്ജുള്‍.

ഒരു ഇന്ത്യന്‍ സര്‍വകലാശാല 20 കളിലുള്ള ഒരാളെ ഫുള്‍ പ്രൊഫസറായി നിയമിക്കുന്നത് സങ്കല്‍പിക്കാനാവുമോ? ഒരു ഫ്രൊഫസറോ ഫാക്കല്‍ട്ടിയോ ആകുന്നതിന് ഗൗരവപൂര്‍ണവും ഇടുങ്ങിയതുമായ യോഗ്യതകളാണ് ഇന്ത്യന്‍ സര്‍വകലാശാലകള്‍ നിശ്ചയിച്ചിരിക്കുന്നത്. സ്വതന്ത്രചിന്തകളെയോ അക്കാദമിക് വട്ടുകളെയോ നമ്മുടെ സര്‍വകലാശാലകള്‍ അങ്ങനെ പ്രോത്സാഹിപ്പിക്കാറില്ല. യഥാര്‍ത്ഥ അധ്യാപനത്തെ അത്രയൊന്നും ഉദ്ദീപിക്കാത്ത വിധത്തില്‍ മോശമായി എഴുതപ്പെട്ട പുസ്തകങ്ങള്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കണമെന്നാണ് നമ്മുടെ സര്‍വകലാശാലകള്‍ അധ്യാപകരോട് ആവശ്യപ്പെടുന്നത്. 

യുഎസ് സര്‍വകലാശാലകള്‍ എന്തുകൊണ്ട് ആഗോള പ്രതിഭകളെ ആകര്‍ഷിക്കുന്നു എന്നതിനും വര്‍ഷാവര്‍ഷം അതുല്യരായ ബിരുദധാരികളെ സൃഷ്ടിക്കുന്നു എന്നതിനുമുള്ള തിളക്കമാര്‍ന്ന ഉദാഹരണമാണ് ഭാര്‍ഗവ. ഹാര്‍വാര്‍ഡും പ്രിസ്റ്റണും പോലെയുള്ള സര്‍കലാശാലകള്‍ ഇത്തരം പ്രതിഭകള്‍ക്കും അത്ഭുതങ്ങള്‍ക്കും ഇടം നല്‍കുകയും അവര്‍ക്ക് അക്കാദമിക് സ്വാതന്ത്ര്യവും പിന്തുണയും നല്‍കുകയും ചെയ്യുന്നു.

ഇന്ത്യയില്‍ ഇങ്ങനെ ഒരു ബാലപ്രതിഭയോ അല്ലെങ്കില്‍ അത്യാവശ്യം കഴിവുള്ള കുട്ടിയോ ഉണ്ടെങ്കില്‍ നമ്മള്‍ അവരെ ടിവി ചാനലുകളിലും മുഖ്യധാര മാധ്യമങ്ങളിലും പ്രദര്‍ശിപ്പിച്ച് തൃപ്തിയടയും. നമ്മള്‍ അവരില്‍ മലീമസമായ പുകഴ്ത്തലുകള്‍ ചൊരിയും. പക്ഷെ അവരെ വളര്‍ത്തിയെടുക്കാനും സംരക്ഷിക്കാനും മറന്നുപോവുകയും ചെയ്യും.

ഇവിടെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി കിടക്കുന്നത്. ശരാശരി പ്രായം 25 – ജനസംഖ്യയിലെ പകുതിയും 25 വയസില്‍ താഴെ എന്നര്‍ത്ഥം- ആയ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം പൂര്‍ണമായും കാലഹരണപ്പെട്ടതും ഭാവനാരഹിതവും ചീഞ്ഞതുമായ ഒരു വിദ്യാഭാസ സമ്പ്രദായമാണ് നിലനില്‍ക്കുന്നത്. 

സര്‍വകലാശാലകളുടെ ആഗോള റാങ്കിംഗ് നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. ആദ്യത്തെ നൂറില്‍ വരുന്ന ഒരൊറ്റ സര്‍വകലാശാല പോലും നമുക്കില്ല.

അതിന്റെ ഊര്‍ജ്ജസ്വലതകൊണ്ട് വര്‍ദ്ധിച്ച രീതിയില്‍ അംഗീകരിക്കപ്പെട്ടു വരുന്നതും ചൈനയില്‍ നിന്നും പ്രസിദ്ധീകരിക്കുന്നതുമായ ലോക സര്‍വകലാശാലകളുടെ അക്കാദമിക് റാങ്കിംഗ് പ്രകാരം, ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മാത്രമാണ് ആഗോള തലത്തില്‍ 500ല്‍ താഴെ റാങ്കിനകത്ത് വരുന്ന ഏക ഇന്ത്യന്‍ സ്ഥാപനം. ചൈനീസ് റാങ്കിംഗ് പ്രകാരം ടാറ്റാ ഗ്രൂപ്പ് സ്ഥാപിച്ച ഈ ഇന്‍സ്റ്റിറ്റ്യൂട്ട് 301-400 റാങ്ക് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. 

ഈ വര്‍ഷം ലണ്ടനില്‍ പുറത്തിറക്കിയ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ വേള്‍ഡ് റപ്യൂട്ടേഷന്‍ റാങ്കിംഗിനകത്ത് ആദ്യ നൂറ് സ്ഥാനങ്ങളില്‍ ഇന്ത്യയിലെ 700 സര്‍വകലാശാലകളിലും 35,000 കോളേജുകളിലും പെട്ട ഒന്നു പോലും ഇടം നേടിയില്ല. 

വിദഗ്ധര്‍ക്കും മുന്‍ വിദ്യാര്‍ത്ഥികള്‍ക്കുമിടയിലുള്ള സ്ഥാപനത്തിന്റെ സ്വീകാര്യത, ജീവനക്കാരുടെ ഗുണനിലവാരം, പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണ ലേഖനങ്ങളുടെ എണ്ണം മുതലായവയുടെ അടിസ്ഥാനത്തിലാണ് ഇത്തരം റാങ്കിംഗുകള്‍ നടത്തുന്നത്. ഇന്ത്യന്‍ സര്‍വകലാശാലകള്‍ ഇത്തരം മാനദണ്ഡങ്ങളിലൊന്നും ആഗോള നിലവാരത്തില്‍ എത്തുന്നില്ല.

ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ബഹുമതികളുടെ കാര്യത്തിലും ചിത്രം വ്യത്യസ്തമല്ല. നോബല്‍ സമ്മാനം പോലെയുള്ള ബഹുമതികളുടെ പട്ടികയില്‍ ഇടം പിടിക്കുന്ന ഇന്ത്യന്‍ അക്കാദമിക്കുകളുടെ എണ്ണം തുലോ തുച്ഛമാണ്. ലോകത്താകമാനം ചലനങ്ങള്‍ സൃഷ്ടിക്കുന്ന മൗലിക ഗവേഷണങ്ങള്‍ അപൂര്‍വമായി മാത്രമേ ഇന്ത്യയില്‍ സംഭവിക്കുന്നുള്ളു എന്നാണ് ഇതിനര്‍ത്ഥം.

പരീക്ഷകളെയും ഉന്നത മാര്‍ക്കുകളെയും മാത്രം പ്രോത്സാഹിപ്പിക്കുകയും മറ്റൊന്നിനെയും കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന നമ്മുടെ വിദ്യഭ്യാസ സങ്കല്‍പത്തില്‍ തന്നെയാണ് അടിസ്ഥാന പ്രശ്‌നം പതിയിരിക്കുന്നത്. 

ബെസ്റ്റ് ഓഫ് അഴിമുഖം

WTO സമ്മര്‍ദ്ദം അതിജീവിക്കാന്‍ ഇന്ത്യക്കാവുമോ?
സിവില്‍ സര്‍വ്വീസ്; വേണ്ടത് അടിസ്ഥാനമാറ്റങ്ങള്‍
കളക്ടര്‍ക്ക് പത്താം ക്ളാസ് ഇംഗ്ളീഷ് എങ്കിലും അറിയേണ്ടേ?
ഒരുറാങ്ക്, ഒരു പെന്‍ഷന്‍; പല വോട്ട്
അമേരിക്കക്കാർക്ക് മോശമായത് ഇന്ത്യക്കാർക്കെങ്ങനെ നല്ലതാവും?

ഇന്ത്യ ഒരു ആഗോള ശക്തിയായി വളരണമെങ്കില്‍ അതിന്റെ ക്യാമ്പസുകളില്‍ മൗലിക ചിന്തകളെ പ്രോത്സാഹിപ്പിക്കുകയും പ്രതിഭകളെ വളര്‍ത്തിയെടുക്കുകയും ജീനിയസുകളെ ഉള്‍ക്കൊള്ളിക്കുകയും ചെയ്യുന്ന ഒരു ആഗോള വിദ്യാഭ്യാസ നിലവാരം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. അങ്ങനെയൊരു അന്തരീക്ഷത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഉജ്ജീവിപ്പിക്കുകയും മനുഷ്യ പുരോഗതിയെ പ്രോജ്ജ്വലിപ്പിക്കുകയും ചെയ്യുന്ന സ്‌ഫോടനാത്മകമായ ഗവേഷണങ്ങളും നവീകരണങ്ങളും സംഭവിക്കുകയുള്ളു. 

ഒരു ദിവസത്തിനുള്ളില്‍ ചില ആയിരം സീറ്റുകള്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ മത്സരിക്കുന്ന തരത്തിലുള്ള പരീക്ഷകളിലേക്ക് നമ്മുടെ യുവതലമുറയെ വലിച്ചിഴയ്ക്കുന്ന ബാലിശമായ ഇടപാടുകള്‍ നമ്മള്‍ നിറുത്തലാക്കുക തന്നെ വേണം. ഒരു ദിവസത്തെ ചില പരീക്ഷകള്‍ കൊണ്ട് മാത്രം യുവതയുടെ പ്രതിഭ അളക്കാന്‍ നമുക്ക് സാധിക്കില്ല. വിമര്‍ശനാത്മകമായി ചിന്തിക്കാനും നിലവിലുള്ള ചട്ടങ്ങളെ ചോദ്യം ചെയ്യാനും മൊത്തത്തിലുള്ള അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനും നാം അവരെ പ്രോത്സാഹിപ്പിക്കണം.

ഒരു മഞ്ജുള്‍ ഭാര്‍ഗവയെ അദ്ദേഹത്തിന്റെ 28-ആം വയസില്‍ പ്രൊഫസറാക്കാന്‍ ഒരു ഇന്ത്യന്‍ സര്‍വകലാശാലയും തയ്യാറാവില്ലെന്ന് മാത്രമാണ് ഇപ്പോള്‍ നമുക്ക് ധൈര്യമായി പറയാന്‍ കഴിയുന്ന കാര്യം. നമുക്ക് കര്‍ക്കശമായ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍