UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: മന്‍മോഹന്‍ സിംഗും മാച്ചു പിച്ചുവും

Avatar

1991 ജൂലായ് 24
ഡോ: മന്‍മോഹന്‍ സിംഗ് തന്റെ കന്നി ബഡ്ജറ്റ് അവതരിപ്പിച്ചു

“1991-92 ലേക്കുള്ള ബഡ്ജറ്റ് അവതരിപ്പിക്കാനാണ് ഞാന്‍ എഴുന്നേറ്റത്. എന്നാല്‍ ഞാന്‍ ക്ഷീണിതനാണ്; എന്നെ പൊതിഞ്ഞ എകാന്തതയാല്‍. വലിയൊരു ശൂന്യത ഇവിടെയുണ്ട്. സുഭഗമായ, പുഞ്ചിരിക്കുന്ന ഈ ബഡ്ജറ്റ് പ്രസംഗം ഏറ്റവും അധികം ശ്രദ്ധയോടെ വീക്ഷിക്കുമായിരുന്ന ഒരു മുഖം സൃഷ്ടിച്ച ശൂന്യത. അതേ, രാജീവ് ഗാന്ധിയെ നമുക്ക് നഷ്ടമായിരിക്കുന്നു. പക്ഷേ, അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ ജീവിച്ചിരിക്കുന്നു. 21-ആം  നൂറ്റാണ്ടിലേക്ക് ഇന്ത്യയെ വളര്‍ത്തുക. കരുത്തുറ്റ, ഏകീകൃതമായ, സാങ്കേതികത്തികവുള്ള, മാനുഷിക മുഖമുള്ള ഒരു ഇന്ത്യയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ഈ ബഡ്ജറ്റ് ഞാന്‍ അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.”

1991ജൂലായ് 24ന് ധനമന്ത്രിയെന്ന നിലയില്‍ തന്റെ കന്നി ബഡ്ജറ്റ് പ്രസംഗത്തിന്റെ ആമുഖമായി ഡോ.മന്‍മോഹന്‍ സിംഗ് പറഞ്ഞ വാക്കുകളാണ് ഇത്.  നരസിംഹ റാവു ഗവണ്‍മെന്റില്‍ ധനമന്ത്രി സ്ഥാനത്തേക്ക് എത്തുമ്പോള്‍ മന്‍മോഹന്‍ സിംഗ് ഡല്‍ഹി രാഷ്ട്രീയ വൃത്തത്തില്‍ തീര്‍ത്തും അപരിചിതനായിരുന്നു. എന്നിരിക്കിലും ഈ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പൊതു ബഡ്ജറ്റ് കടുത്ത പ്രതിസന്ധികള്‍ക്കിടയിലും സാമ്പത്തിക ഉദാരവത്കരണത്തിന്റെ തരംഗങ്ങള്‍ രാജ്യത്ത് സൃഷ്ടിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മികച്ച ധനകാര്യ മന്ത്രി എന്ന വിശേഷണവും സാമ്പത്തികവിദഗ്ധനായ ഡോ.സിംഗ് നേടിയെടുത്തു; പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ മാറ്റങ്ങളുണ്ടായെങ്കിലും.

രണ്ട് വട്ടം ഇന്ത്യയുടെ പ്രധാനമന്തിയായ ഡോ: സിംഗിന് പക്ഷേ ആ സ്ഥാനം നേടികൊടുത്തത് വിമര്‍ശകരുടെ പഴിവാക്കുകളാണ്. അഴിമതിയോട് ചേര്‍ത്തുവായിക്കാവുന്ന ഒരു ഗവണ്‍മെന്റിനെ നയിച്ചു എന്ന അപഖ്യാതിയാണ് ഡോ. സിംഗ് എന്ന മികവുറ്റ ധനമന്ത്രിയുടെ പില്‍ക്കാല ജീവിതത്തെ തേടിയെത്തിയത്. ഇന്ത്യയുടെ ഭാവി മാറ്റിയെഴുതിയ തന്റെ കന്നി ബഡ്ജറ്റ് പ്രസംഗത്തിന്റെ പതിനഞ്ചാണ്ടുകള്‍ക്കിപ്പുറം ഡോ. മന്‍മോഹന്‍ സിംഗ്  അഴിമതി പ്രോത്സാഹിപ്പിക്കുന്ന ഒരു ടീമിന്റെ നെടുനായകത്വത്തിന്റെ പിഴയേല്‍ക്കേണ്ടി വന്നത് കാലം നല്‍കിയ ദൗര്‍ഭാഗ്യം. 2012ല്‍ ടൈം മാഗസിന്‍ അവരുടെ കവര്‍ പേജില്‍ നല്‍കിയ ഡോ. സിംഗിന്റെ ഫോട്ടോയ്ക്ക് താഴെ കൊടുത്തത് ‘പരാജിതന്‍’ എന്ന പ്രയോഗമായിരുന്നു. ഇന്ത്യ ടുഡെ മാഗസിനും ഡോ. സിംഗിനെ വിമര്‍ശിക്കാന്‍ മടിച്ചില്ല. ‘എന്തുകൊണ്ട് മന്‍മോഹന്‍ സിംഗ് പരാജയപ്പെട്ടു’ എന്ന തലക്കെട്ടില്‍ അവര്‍ നല്‍കിയ കവര്‍ സ്റ്റോറിയും ലോകം വായിച്ചു.

ഇതൊക്കെയാണെങ്കിലും ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സാമ്പത്തിക വിദഗ്ധനായ ഡോ. മന്‍മോഹന്‍ സിംഗ് പ്രത്യാശിക്കുന്നുണ്ട്- ചരിത്രം തന്നോട് നീതി കാണിക്കുമെന്ന്. 

1911 ജൂലായ് 24
ലോകത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ മാച്ചു പിച്ചു കണ്ടെത്തുന്നു

ലോകം അതിന്റെ ഭൂപടത്തില്‍ വിനോദ സഞ്ചാരികള്‍ക്കായി ഒരു പ്രദേശം അടയാളപ്പെടുത്തിയത് 1911 ജൂലായ് 24-നായിരുന്നു. അമേരിക്കന്‍ പുരാവസ്തു ശാസ്ത്രജ്ഞനായ ഹിറം ബിന്‍ഗാം പുരാതന ഇന്‍കാ വംശത്തിന്റെ ഭൂമികയായിരുന്ന പെറുവിലെ മാച്ചു പിച്ചു കണ്ടെത്തിയത് അന്നായിരുന്നു. ഇന്‍കാ സംസ്‌കാരത്തിലെ മുഖ്യന്മാര്‍ തങ്ങളുടെ വേനല്‍ക്കാല വാസത്തിനായി തെരഞ്ഞെടുത്തിരുന്ന പ്രദേശമായിരുന്നു മാച്ചു പിച്ചു. ക്യൂസ്‌കോയുടെ വടക്കു പടിഞ്ഞാറുള്ള ഉര്‍ബാമ താഴ്‌വരയിലാണ് മാച്ചു പിച്ചു സ്ഥിതി ചെയ്യുന്നത്. ഇന്‍കാ സംസ്‌കാരത്തിന്റെ അവശേഷിപ്പുകള്‍ തേടിയുള്ള ബിന്‍ഗാമിന്റെ യാത്രയാണ് അദ്ദേഹത്തെ മാച്ചു പിച്ചുവില്‍ എത്തിക്കുന്നത്. ഈ കണ്ടെത്തലിനെക്കുറിച്ച് ബിന്‍ഗാം പിന്നീട് ഒരു പുസ്തകം രചിച്ചിട്ടുണ്ട്. മാച്ചു പിച്ചുവിന്  ‘ഓള്‍ഡ് പീക്ക്’ എന്നാണ് ഖുഷ്വാ ഭാഷയില്‍ അര്‍ത്ഥം. മൂന്നുലക്ഷത്തോളം സന്ദര്‍ശകരാണ് ഓരോ വര്‍ഷവും ഒരു സംസ്‌കാരാവശിഷ്ടത്തിന്റെ ബാക്കി പത്രമായി നിലനില്‍ക്കുന്ന മാച്ചു പിച്ചുവിലേക്ക് ഒഴുകിയെത്തുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍