UPDATES

ട്രെന്‍ഡിങ്ങ്

ആര്‍എസ്എസിന്റെ സംവരണവിരുദ്ധ പ്രസ്താവന; മോദിയെ കാത്തിരിക്കുന്നത് ബിഹാറോ?

വൈദ്യയുടെ പ്രസ്താവന യാദൃശ്ചികമായതോ അബദ്ധത്തില്‍ പറഞ്ഞതോ ആയി കാണാനാവില്ല. ബിജെപിയേയും മോദിയേയും പ്രതിരോധത്തിലാക്കുന്നതിലൂടെ ആര്‍എസ്എസ് ലക്ഷ്യമിടുന്നത് എന്താണ് എന്ന് സംശയമുയരുന്നുണ്ട്.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആര്‍എസ്എസ് നേതാക്കള്‍ സംവരണ വിരുദ്ധ പ്രസ്താവന നടത്തുന്നത് പതിവാവുകയാണോ?. മുതിര്‍ന്ന നേതാവും ആര്‍എസ്എസ് അഖില്‍ ഭാരതീയ പ്രചാര്‍ പ്രമുഖുമായ മന്‍മോഹന്‍ വൈദ്യയാണ് പുതിയ ബോംബിട്ടിരിക്കുന്നത്. ജയ്പൂര്‍ സാഹിത്യോത്സവത്തിനിടെയാണ് വിവാദ പ്രസ്താവന. എല്ലാവര്‍ക്കും തുല്യനീതി വേണം, അംബേദ്കര്‍ പോലും സംവരണം ദീര്‍ഘകാലത്തേയ്ക്ക് തുടരാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. സംവരണം എല്ലാ കാലത്തും തുടര്‍ന്നാല്‍ അത് വിഭാഗീയതയും വിദ്വേഷവും വളര്‍ത്തും. അതിന് സമയപരിധി വേണമെന്നും വൈദ്യ അഭിപ്രായപ്പെട്ടു. ജാതി സംവരണത്തിനെതിരെ ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവതിന്‌റെ പ്രസ്താവന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വളരെയധികം ദോഷം ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ആര്‍എസ്എസ് നേതാവിന്‌റെ പ്രസ്താവന തിരിച്ചടിയാകുമോ എന്ന ആശങ്ക ബിജെപി വൃത്തങ്ങളിലുണ്ട്.

മന്‍മോഹന്‍ വൈദ്യയുടെ പ്രസ്താവന അപലപനീയമാണെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. വൈദ്യയുടെ പ്രസ്താവന യുപിയിലും ബിജെപിയെ തകര്‍ക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും അഭിപ്രായപ്പെട്ടു. ബ്രാഹ്മണരാണ് എക്കാലവും ആര്‍എസ്എസിനെ നിയന്ത്രിച്ചിരുന്നത്. സംവരണം ഭരണഘടനാപരമായ അവകാശമാണ്. അല്ലാതെ ജാതി വെറിയന്‍മാരായ ആര്‍എസ്എസുകാരുടെ ഔദാര്യമല്ല. മോദിജീ, നിങ്ങളുടെ ആര്‍എസ്എസ് വക്താക്കള്‍ സംവരണം സംബന്ധിച്ച് വീണ്ടും അസംബന്ധം പറയുന്നു. ബിഹാറില്‍ നിങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി. യുപിയിലും നിങ്ങള്‍ അതാണ് നേരിടാന്‍ പോകുന്നത് – ലാലു ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

വൈദ്യയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി. ബിജെപിയുടേയും ആര്‍എസ്എസിന്‌റേയും ദളിത് വിരുദ്ധത വീണ്ടും തുറന്നുകാട്ടപ്പെടുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സൂര്‍ജെവാല അഭിപ്രായപ്പെട്ടു. പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറക്കുന്നതിലടക്കം ആര്‍എസ്എസിന്‌റെ കൃത്യമായ അജണ്ടയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇത്തരം പ്രസ്താവനകളുടെ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുമുണ്ട്. പ്രധാനമന്ത്രി മോദിയും ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തേണ്ടതാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അസീം വഖാര്‍ തുടങ്ങിയവരും വൈദ്യയുടെ വിവാദ പ്രസ്താവനയില്‍ ബിജെപിക്കെതിരെ രംഗത്തെത്തി.

വൈദ്യയുടെ പ്രസ്താവന വിവാദമായതോടെ വിവേചനം തുടരുന്ന കാലത്തോളം ഭരണഘടനാപരമായ അവകാശമായ സംവരണം നിലനിര്‍ത്തണമെന്നാണ് ആര്‍എസ്എസ് നിലപാടെന്ന് ജയ്പൂരിലുള്ള നേതാക്കള്‍ പറഞ്ഞു. കര്‍ഷക പ്രശ്‌നവും സംവരണ പ്രശ്‌നവും ചൂണ്ടിക്കാട്ടി ഇത്തവണ ബിജെപിക്ക് വോട്ടില്ലെന്ന് പശ്ചിമ യുപിയിലെ ജാട്ടുകള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. യുപി ജനസംഖ്യയില്‍ 17 ശതമാനം ജാട്ടുകളുണ്ട്. ഇതിനിടയിലാണ് ജാതി സംവരണത്തിനെതിരായ വൈദ്യയുടെ പരാമര്‍ശം. വിവാദ പ്രസ്താവന ബിജെപി നേതാക്കളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. യുപിയിലെ ദളിത് വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും കിണഞ്ഞ് പരിശ്രമിക്കുന്നതിനിടയിലാണ് ആര്‍എസ്എസ് നേതാവിന്‌റെ സംവരണ വിരുദ്ധ പരാമര്‍ശമെന്നത് ശ്രദ്ധേയം. അംബേദ്കറുടെ പേര് പദ്ധതികളിലെല്ലാം ഉപയോഗിച്ചും അംബേദ്കറുടെ ആശയങ്ങളാണ് തങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് അവകാശപ്പെട്ടുമാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പ്രധാനമന്ത്രി പുറത്തിറക്കിയ ഡിജിറ്റല്‍ പേയ്‌മെന്‌റ് ആപ്പിന്‌റെ പേര് ഭീം എന്നാണ്. ഭീം റാവു അംബേദ്കറോടുള്ള ആദരസൂചകമാണിതെന്ന് മോദി പറയുകയും ചെയ്തിരുന്നു.

വൈദ്യയുടെ പ്രസ്താവന യാദൃശ്ചികമായതോ അബദ്ധത്തില്‍ പറഞ്ഞതോ ആയി കാണാനാവില്ല. ബിജെപിയേയും മോദിയേയും പ്രതിരോധത്തിലാക്കുന്നതിലൂടെ ആര്‍എസ്എസ് ലക്ഷ്യമിടുന്നത് എന്താണ് എന്ന് സംശയമുയരുന്നുണ്ട്. ബിഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവനയും സംവരണം സംബന്ധിച്ച് ചോദ്യത്തിന് മറുപടിയായിട്ടായിരുന്നില്ല എന്നതും ശ്രദ്ധേയം. ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും മോദി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ട് എന്നതും ഭരണത്തില്‍ ആര്‍എസ്എസിന് ശക്തമായ സ്വാധീനം ഉണ്ട് എന്നതും യാഥാര്‍ത്ഥ്യം ആണെങ്കിലും ആര്‍എസ്എസിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തേക്കാള്‍ സംഘപരിവാര്‍ അനുഭാവമുള്ളതും തനിക്ക് താല്‍പര്യമുള്ളതുമായ ഒരു ഉദ്യോഗസ്ഥവൃന്ദത്തെയാണ് മോദി രൂപീകരിച്ചിരിക്കുന്നത്. മോദിയുടെയും അമിത് ഷായുടെയും അപ്രമാദിത്വം ആര്‍എസ്എസിനെ അസ്വസ്ഥമാക്കുന്നുണ്ടോ എന്നും സംശയിക്കെണ്ടതുണ്ട്. യുപി തിരഞ്ഞെടുപ്പിലെ വിജയമോ മികച്ച പ്രകടനമോ മോദി – അമിത് ഷാ കൂട്ടുകെട്ടിന്‍റെ അപ്രമാദിത്യം നിലനിര്‍ത്താന്‍ അനിവാര്യമാണ്.

മറ്റൊരു കാര്യമുള്ളത്‌ ഗുജറാത്തില്‍ ആര്‍എസ്എസിന്‌റെ പ്രാന്ത് പ്രമുഖ് എന്നറിയപ്പെടുന്ന പ്രാദേശിക തലവനായിരുന്നു മന്‍മോഹന്‍ വൈദ്യ എന്നതാണ്. മോദിയുമായി ഒട്ടും രസത്തിലല്ലായിരുന്ന വൈദ്യയെ ഗുജറാത്തില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പ്രചാരണ വിഭാഗത്തിന്‌റെ ചുമതലയുമായി മാറ്റുകയായിരുന്നു. യുപിയില്‍ മാത്രമല്ല പഞ്ചാബിലും തിരഞ്ഞെടുപ്പില്‍ വൈദ്യയുടെ പരാമര്‍ശം സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ യുപിയിലാണ് ഏറ്റവുമധികം ദളിതരുള്ളത്. എന്നാല്‍ ശതമാനക്കണക്ക് നോക്കുമ്പോള്‍ പഞ്ചാബാണ് മുന്നില്‍. പഞ്ചാബില്‍ ജനസംഖ്യയുടെ 30.9 ശതമാനം ദളിതരാണ്. ഏതായാലും യുപി, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ അടിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് നല്ലൊരു വടി കൊടുത്തിരിക്കുകയാണ് ആര്‍എസ്എസ് നേതാവ് മന്‍മോഹന്‍ വൈദ്യ. ഇതിനെ ഫലപ്രദമായി എതിരാളികള്‍ എങ്ങനെ ഉപയോഗിക്കും എന്നും ബിജെപി ഇതിനെ എങ്ങനെ പ്രതിരോധിക്കും എന്നുമാണ് ഇനി കാണാനുള്ളത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍