UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണ്ണാമൂല ഭൂസമരം; എസ് സി/എസ് ടി ഹൌസിംഗ് കോളനിയെ ആര്‍ക്കാണ് പേടി?

Avatar

ഉണ്ണികൃഷ്ണന്‍ വി

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ മണ്ണാമൂല ജി സി നഗറിലുള്ള രണ്ടേക്കര്‍ ഭൂമി ഇന്നറിയപ്പെടുന്നത് ‘സമരഭൂമി’ എന്നാണ്. തുറസ്സായി കിടന്നിരുന്ന ഈ സ്ഥലം ഇന്ന് ടാര്‍പ്പാളിന്‍ കെട്ടി മറച്ച കുടിലുകള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു. നഗര പരിധിയില്‍പ്പെട്ട നേമം, തമലം, പാപ്പനംകോട്, പോങ്ങുമൂട് എന്നിവിടങ്ങളില്‍ നിന്നും എത്തിയ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ട 570ലധികം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്, പലരും മുഴുപ്പട്ടിണിയിലും. ഒരു കാറ്റടിച്ചാല്‍ തകര്‍ന്നു വീഴുന്ന, മഴപെയ്താല്‍ ചോര്‍ന്നൊലിയ്ക്കുന്ന കൂരകള്‍ക്കുള്ളില്‍ ഇവര്‍ കഴിഞ്ഞ അഞ്ചു മാസമായി കഴിഞ്ഞു കൂടുകയാണ്. ഗവണ്‍മെന്റിന്‍റെയും പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും വേണ്ടത്ര ശ്രദ്ധ പതിയാത്ത കിടപ്പാടത്തിനു വേണ്ടിയുള്ള ഈ സമരം ബാബു എന്ന മധ്യവയസ്കന്‍റെ മരണത്തോടെ വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുന്നു. അതിലേക്ക് വഴി തെളിച്ചത് സമരക്കാരുടെ ഇടയില്‍ തന്നെയുള്ള രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും. 

മണ്ണാമൂല പാര്‍പ്പിട പദ്ധതിയുടെ തുടക്കം

നഗരപരിധിക്കുള്ളില്‍ താമസിക്കുന്ന ഭൂരഹിതരായ പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ആള്‍ക്കാര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കാന്‍ 1998ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തതായിരുന്നു ഈ സ്ഥലം. 53 ലക്ഷം രൂപയോളം ചെലവാക്കിയാണ് അന്ന് ഈ ഭൂമി ഏറ്റെടുക്കുന്നത്. എന്നാല്‍ സമീപവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ മെല്ലെ പോക്ക് തുടങ്ങി. തുടര്‍ന്ന് പ്രത്യേക വിഭാഗം കോളനി എന്നുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയെങ്കിലും എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും താമസിക്കാനുള്ള ഒരു കോളനി എന്ന പദ്ധതി നടപ്പിലാക്കുമെന്ന തീരുമാനത്തിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു. അതോടെ എസ് സി/എസ് ടി വിഭാഗക്കാര്‍ക്കു മാത്രമായുള്ള ഹൌസിംഗ് കോളനി എന്നുള്ള പദ്ധതിക്കു തിരശ്ശീല വീണു.

എന്നാല്‍ പിന്നീട് ഈ സ്ഥലം  കോര്‍പറേഷന്റെ കീഴിലുള്ള  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കരാര്‍ പണിക്കാര്‍ക്ക് താമസിക്കുവാനും സാമഗ്രികള്‍ സൂക്ഷിക്കുവാനുമായി 45000 രൂപ പ്രതിവര്‍ഷ വാടകയില്‍ നല്‍കി. അതേസമയം  വീടുകള്‍ നിര്‍മ്മിച്ചു നല്‍കും എന്ന സര്‍ക്കാര്‍ വാഗ്ദാനം വിശ്വസിച്ച് ഇപ്പോഴത്തെ ‘സമരഭൂമി’യിലെ അന്തേവാസികള്‍ 17  വര്‍ഷത്തോളം ജില്ലയുടെ പലഭാഗങ്ങളിലായി അഭയാര്‍ത്ഥികളെപ്പോലെ താമസിച്ചുവരികയായിരുന്നു. മുന്‍ മേയര്‍ കെ. ചന്ദ്രികയുടെ അധ്യക്ഷതയില്‍ പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഇവരുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടായില്ല.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 28 ന് കേരള സംയുക്ത ഭൂസമര സമിതി സെക്രട്ടറി വികെ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഇവര്‍ ‘സമരഭൂമി’യിലേക്കെത്തുന്നത്. ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി)    കാന്‍ഷിറാം വിഭാഗവും, അംബേദ്‌കര്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ് ഇന്ത്യയും (എഡിപിഐ) ചേര്‍ന്നതാണ് സമര സമിതി. സമരഭൂമിയിലേക്ക് കുടിയേറിപ്പാര്‍ക്കുന്നത് മുതലുള്ള തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതും നടപ്പിലാക്കിയിരുന്നതും ഈ സമിതിയായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതിനും ഇവര്‍ തീരുമാനിച്ചിരുന്നു.

പിന്നീട് ഭാരതീയ ദളിത്‌ കോണ്‍ഗ്രസ്സ് ഇന്ത്യ (ബിഡിസിഐ), കേരളാ ഡെമോക്രാറ്റിക്‌ ഫെഡറേഷന്‍ (കെഡിഎഫ്) എന്നീ രണ്ടു പാര്‍ട്ടികള്‍ കൂടി സമരത്തിന്റെ ഭാഗമായി. 

പുതിയ ആളുകള്‍ സമരഭൂമിയിലെക്കെത്തിയപ്പോള്‍ ആശയങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഭിന്നതയുണ്ടാവുകയും ഇവര്‍ രണ്ടു ചേരികളായി തിരിയുകയും ചെയ്തു. എങ്കിലും ഇപ്പോഴും ഇവരില്‍ നല്ലൊരു വിഭാഗം കേരള സംയുക്ത ഭൂസമര സമിതി സെക്രട്ടറി രാജേന്ദ്രനൊപ്പം തന്നെയാണ്. എന്നാല്‍ പരസ്പര സംഘര്‍ഷവും ബാബുവിന്‍റെ മരണവും സമരത്തെ വല്ലാത്ത ഒരു അനിശ്ചിതത്വത്തിലേക്കു തള്ളിവിട്ടിരിക്കുകയാണ് ഇപ്പോള്‍.   

ബാബുവിന്‍റെ മരണം

സമരസമിതി സെക്രട്ടറിയായ വികെ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗവും അംബിക, വസന്ത എന്നിവരും മറ്റു ചിലരും ചേര്‍ന്ന വേറൊരു വിഭാഗവും തമ്മില്‍ നടന്ന തര്‍ക്കത്തിനിടയിലാണ് ബാബുവിനു പരിക്കേല്‍ക്കുന്നത്‌. രണ്ടു കഥകളാണ്  മരണത്തിന്‍റെ കാരണത്തേക്കുറിച്ച് പ്രചരിക്കുന്നത്.

 ഒരു വിഭാഗത്തിന്‍റെ വിശദീകരണം ഇതാണ്

“വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ്  സംഭവങ്ങളുടെ തുടക്കം. സമരസമിതി നേതാവ് രാജേന്ദ്രന്‍റെ നേതൃത്വത്തിലുള്ള വിഭാഗവും മറുപക്ഷവും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്കു വഴി തെളിക്കുകയായിരുന്നു. രാജേന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം കുടിലുകള്‍ പൊളിക്കാന്‍ ശ്രമിക്കുകയും തടയാനെത്തിയവരെ മര്‍ദിക്കുകയും സമീപത്തു കിടന്ന കല്ലുകള്‍ ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു. ഇതിനിടെ ബാബുവിന്‍റെ തലയില്‍ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. തുടര്‍ന്നു മാരകമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍കോളെജ് ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ രാജേന്ദ്രനും അംബിക എന്ന സ്ത്രീയ്ക്കും പരിക്കു പറ്റുകയായിരുന്നു.”

എന്നാല്‍ എതിര്‍ വിഭാഗത്തിനു പറയാനുള്ള കഥ മറ്റൊന്നാണ്.

ബാബുവിനു പറ്റിയ അത്യാഹിതത്തിനു ദൃക്സാക്ഷിയായ സുരേന്ദ്രന്‍ പറയുന്നത് ഇതിനു പിന്നില്‍ വസന്തയും അംബികയും കൂട്ടരുമാണെന്നാണ്. സമീപവാസികളുടെ എതിര്‍പ്പിനു കാരണവും ഇവര്‍ കാരണമുണ്ടായ അനിഷ്ട സംഭവങ്ങളാണെന്നും ബിഡിസിഐ, കെഡിഎഫ് എന്നിവരുടെ പിന്തുണയും ഇവര്‍ക്കുണ്ടെന്ന് സുരേന്ദ്രന്‍ വിശ്വസിക്കുന്നു. സുരേന്ദ്രനെപ്പോലെ മറ്റു ചിലരും.

“രാജേന്ദ്രന്‍ കുടില്‍ പൊളിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞു കേള്‍ക്കുന്നുണ്ട് എന്നാല്‍ അന്ന് സംഭവിച്ചത് മറ്റൊന്നാണ്. വസന്തയുടെയും അംബികയുടെയും നേതൃത്വത്തില്‍ ഒരു കൂട്ടം ആള്‍ക്കാര്‍ വന്നു പ്രശ്നമുണ്ടാക്കിയിരുന്നു. അവര്‍ സമരഭൂമിയുടെ കവാടത്തിനു മുന്‍പില്‍ ഒരു പുതിയ ബാനര്‍ കെട്ടുകയും ഭീഷണി മുഴക്കുകയും ചെയ്തു. തര്‍ക്കത്തിലേക്കു നീങ്ങിയപ്പോഴാണ് ഞങ്ങള്‍ രാജേന്ദ്രനെയും സമര സമിതി പ്രവര്‍ത്തകയായ ഗീതയെയും വിളിച്ചത്. രാജേന്ദ്രന്‍ ബാനര്‍ അഴിച്ചുമാറ്റി. അപ്പോഴേക്കും അക്രമാസക്തരായ മറുവിഭാഗമാണ് സംഭവത്തിന്‍റെ ഗതി മാറ്റുന്നത്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും നേരെ കല്ലേറുണ്ടായി. ബാബുവിനെ കല്ല് കൊണ്ട് ഇടിക്കുകയായിരുന്നു എന്നു പറയുന്നതും തെറ്റാണ്. വസന്തയുടെ കൂടെയുണ്ടായിരുന്ന അംബി എന്ന വ്യക്തി എറിഞ്ഞ സിമന്‍റ്  കട്ട നെഞ്ചിന്‍റെ മധ്യഭാഗത്തായി കൊണ്ടതാണ്‌ ബാബുവിന്‍റെ നില ഗുരുതരമാകാന്‍ കാരണം.” സുരേന്ദ്രന്‍ പറയുന്നു.

തുടര്‍ന്നാണ് പേരൂര്‍ക്കട പൊലീസ് സ്ഥലത്തെത്തുന്നത്. രാജേന്ദ്രനെ അറസ്റ്റ് ചെയ്യാനൊരുങ്ങവെ സമരം ചെയ്യുന്നവരിലുള്ള  ലിനി എന്ന യുവതി മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. ലിനിക്കെതിരെ പേരൂര്‍ക്കട പൊലീസ് ആത്മഹത്യാശ്രമത്തിനു കേസെടുത്തിട്ടുണ്ട്. കൂടാതെ സമരക്യാംപില്‍ അക്രമം നടത്തിയെന്ന കുറ്റത്തിന്  സമരസമിതി നേതാവ് രാജേന്ദ്രന്‍, വിശ്വംഭരന്‍, ഗീത, ലിനി എന്നിവരെ റിമാന്‍ഡ്‌ ചെയ്യുകയും ചെയ്തു.

സുരേന്ദ്രന്‍ പറഞ്ഞ കഥ തന്നെയാണ് സമരഭൂമിയില്‍ പലര്‍ക്കും പറയാനുള്ളത്. ശേഖരന്‍, പ്രിന്‍സ്, രാധാകൃഷ്ണന്‍, ജയന്തി, ഉഷാകുമാരി എന്നിങ്ങനെ പട്ടിക നീളുന്നു. ഇവരില്‍ പലരും അന്നത്തെ സംഭവത്തിനു ദൃക്സാക്ഷികളാണ്. 

അംബികയെയും സഹോദരി വസന്തയെയും സമരസമിതി പുറത്താക്കിയതാണെന്നും സമിതി പണപ്പിരിവ് നടത്തുന്നു എന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. സമരസമിതി നേതാവ് കമലാസനന്‍ ഇതു നിഷേധിക്കുന്നു. അംബികയും സഹോദരി വസന്തയും സ്വമേധയാ ഇവിടെനിന്ന് പോയതാണെന്നും ഒരു മുന്നറിയിപ്പുമില്ലാതെയാണ് പ്രതിഷേധവും അക്രമവും നടത്തിയതെന്നും കമലാസനന്‍ പറഞ്ഞു. അവര്‍ പറയുന്നത് പോലെ സമിതി പണപ്പിരിവ് നടത്തിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മരണത്തിനു കാരണം ന്യൂമോണിയ ആണെന്നും മരിച്ച ദിവസം ബാബു മദ്യപിച്ചിരുന്നു എന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതായി   ബാബുവിന്‍റെ ഭാര്യ ലില്ലി പറഞ്ഞു. അക്കാര്യം ആശുപത്രിയില്‍ വെച്ചു ബാബു നിഷേധിച്ചിരുന്നതായും അവര്‍ ഓര്‍മ്മിക്കുന്നു. മരിക്കുന്നതിന് മുന്‍പ് വരെയും നെഞ്ചില്‍ ഏറ്റ ക്ഷതം ബാബുവിന് ശരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാക്കിയിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മരണത്തേക്കുറിച്ചുള്ള ദുരൂഹതകള്‍ ഇപ്പോഴും അവശേഷിക്കുന്നു.

സമരക്കാരുമായി ചര്‍ച്ച നടത്തി ഈ വിഷയത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കും എന്ന് മേയര്‍ വി.കെ. പ്രശാന്ത് നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. തങ്ങളുടെ സമരം തകര്‍ക്കാനുള്ള ചിലരുടെ ഗൂഢശ്രമങ്ങളുടെ ഭാഗമാണ് നടന്ന സംഭവങ്ങളെന്നു സമരക്കാര്‍ ആരോപിക്കുന്നുണ്ട്. എന്തുവന്നാലും ഭൂമിക്കായുള്ള സമരം അവസാനിപ്പിക്കില്ലെന്നും വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നും സമരസമിതി വ്യക്തമാക്കി. 

ചെങ്ങറ-അരിപ്പ ഭൂസമരങ്ങള്‍ പോലെ മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും അടിയന്തിര ശ്രദ്ധ പതിയേണ്ട ഒന്നായി മണ്ണാമൂല ഭൂസമരം മാറിയിരിക്കുന്നു. 

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍