UPDATES

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

ദ്രാവിഡ മണ്‍ട്രം

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

മദ്യം, റിയൽ എസ്റ്റേറ്റ്, സിനിമ… മന്നാര്‍ക്കുടി മാഫിയയ്ക്ക് ഇനി തമിഴ്നാടും സ്വന്തം

മദ്യ വ്യവസായം, സിനിമ, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലാണ് മന്നാര്‍ക്കുടി മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നത്. ഇവരൊക്കെ മടങ്ങി വന്നതോടെ ശശികലയുടെ വ്യവസായ സാമ്രാജ്യം പതിന്മടങ്ങു വര്‍ദ്ധിക്കുമെന്നാണ് പാര്‍ട്ടിയിലെ സാധാരണക്കാര്‍ പറയുന്നത്.

മറീനാ ബീച്ചിലെ ജയലളിത സമൃതിമണ്ഡപത്തില്‍ മൂന്നു തവണ ആഞ്ഞടിച്ചുകൊണ്ട് ശശികല പ്രഖ്യാപിച്ചു: ‘എന്നെ ആര്‍ക്കും പരാജപ്പെടുത്താനാവില്ല. ഞാന്‍ മടങ്ങിവരും.’ ബംഗലൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് പോകുന്നതിനു മുന്‍പാണ് തന്റെ ഉറ്റതോഴിയുടെ ആത്മാവിനു മുന്നില്‍ ചിന്നമ്മയുടെ അഹന്തയുടെ കെട്ടഴിഞ്ഞുവീണത്. പുരട്ശ്ചിത്തലൈവി ജയലളിതയുടെ മരണത്തിനു ശേഷം ആള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (എഐഎഡിഎംകെ) സര്‍വശക്തിയും ആവാഹിക്കണമെന്ന ദുരാഗ്രഹമാണ് ശശികലയെ നയിച്ചിരുന്നത്.  സുപ്രീംകോടതിയുടെ അനധികൃതസ്വത്ത് സമ്പാദനക്കേസിന്റെ സുപ്രധാനവിധി വരുന്നതിനു മുമ്പുതന്നെ അധികാരം കൈയാളമെന്ന പിണിയാളുകളുടെ തലയണമന്ത്രമാണ് ചിന്നമ്മയെ ചിന്താവിഷ്ടയാക്കിയത്. അധികാരത്തില്‍ നിന്ന് ജയിലിലേക്ക് പോകേണ്ടിവന്നാല്‍ ലഭിക്കാവുന്ന ആനുകൂല്യങ്ങളും അവരെ പ്രലോഭിപ്പിച്ചു. എന്നാല്‍ പെട്ടെന്നുണ്ടായ കോടതിവിധി അവരുടെ അടവുകളെയൊക്കെ തകിടം മിറച്ചു.

പക്ഷേ അധികാരം നേരിട്ടല്ലെങ്കിലും പാര്‍ട്ടിയുടെ കടിഞ്ഞാണുകളെല്ലാം തന്റെ കൈവശം ഉണ്ടായിരിക്കണമെന്ന വാശിയാണ് അവരെ തുടര്‍ന്ന് നയിച്ചത്. അതിനവര്‍ കണ്ടെത്തിയ മാര്‍ഗ്ഗങ്ങളെല്ലാം തന്ത്രപൂര്‍വമായിരുന്നു. ജനറല്‍ സെക്രട്ടറിയാണ് പാര്‍ട്ടിയുടെ അവസാനവാക്കെന്നും അത് കൈവിട്ടുപോയാല്‍ പാര്‍ട്ടിതന്നെ തനിക്ക് അന്യമായിത്തീരുമെന്നും ഉള്ള ചിന്തയാണ് ശശികലയെ വ്യാകുലപ്പെടുത്തിയത്. അതിനനുസരിച്ചായിരുന്നു തുടര്‍ന്നുള്ള മുന്നേറ്റം. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ടിടിവി ദിനകരനെ പാര്‍ട്ടിയുടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം. ചിന്നമ്മയുടെ സഹോദരി വനിതാമണിയുടെ മകനാണ് ദിനകരന്‍. തന്റെ അഭാവത്തില്‍ പാര്‍ട്ടിയെ ഏതൊക്കെ കുടിലതകളിലൂടെ നയിക്കണം എന്ന് മുന്‍ എംപിയായ  ദിനകരന് അറിയാം. ഇതൊക്കെ നേരത്തേ അയാള്‍ തെളിയിച്ചിട്ടുള്ളതുമാണ്. ജനറല്‍ സെക്രട്ടറിയുടെ പൂര്‍ണ ചുമതലകളാണ് ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ദിനകരന്‍ വഹിക്കേണ്ടത്. അപ്പോള്‍ മന്നാര്‍ക്കുടി മാഫിയാസംഘത്തിന്റെ ശക്തിക്ക് ഇളക്കം തട്ടില്ലെന്ന് ഉറപ്പാക്കാന്‍ കഴിയും.

ഭരണകാര്യങ്ങളില്‍ കൈകടത്തുന്നു എന്ന് 2011 ല്‍ ചീഫ് സെക്രട്ടറി ദേബേന്ദ്രനാഥ് സാരംഗിയുടേയും ഡിജിപി രാമാനുജത്തിന്റേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയലളിത പുറത്താക്കിയവരില്‍ ശശികലയും ദിനകരനും അയാളുടെ സഹോദരന്മാരായ സുധാകരനും  ഭാസ്‌ക്കരനും അടങ്ങുന്ന മന്നാര്‍ക്കുടി മാഫിയാസംഘത്തിലെ പന്ത്രണ്ട് പേരാണ് ഉണ്ടായിരുന്നത്. ജയലളിത ജെജെ ടിവി ആരംഭിച്ചപ്പോള്‍ അതിന്റെ ചുമതലക്കാരന്‍ ഭാസ്‌ക്കരനായിരുന്നു. ജയടിവി ആരംഭിച്ചപ്പോള്‍ ഭാസ്‌ക്കരന്‍ പുറത്തായി. ദത്തുപുത്രനായി ഏറ്റെടുത്ത് കോടികള്‍ ചിലവിട്ട് ആര്‍ഭാടപൂര്‍വം വിവാഹംവരെ നടത്തിക്കൊടുത്ത സുധാകരനെ ജയാമ്മ താമസിയാതെ തള്ളിപ്പറഞ്ഞു. അയാള്‍ ഇപ്പോള്‍ ശശികലയോടൊപ്പം പരപ്പന അഗ്രഹാര ജയിലിലാണ്.

ശശികലയെ മാത്രം മാപ്പെഴുതി വാങ്ങി വേദനിലയത്തില്‍ മടക്കി പ്രവേശിച്ചപ്പോഴും മന്നാര്‍ക്കുടി മാഫിയാസംഘത്തെ പരിസരത്തെങ്ങും അടുപ്പിക്കാതിരിക്കാന്‍ ജയലളിത പ്രത്യേകം ശ്രദ്ധിച്ചിരുന്നു.  പോണ്ടിച്ചേരിയിലും വിദേശത്തുമായി ഒളിവിലായിരുന്ന ദിനകരനെ ജയലളിതയുടെ മൃതശരീരം കിടത്തിയിരുന്ന രാജാജി ഹാളില്‍ കണ്ടപ്പോള്‍ പാര്‍ട്ടിയിലെ ചില തലത്തൊട്ടപ്പന്മാര്‍ അന്തംവിട്ടു.  വഴിവിട്ടുള്ള വളര്‍ച്ചക്ക് പാര്‍ട്ടിയെ അയാള്‍ അത്രമാത്രം ഉപയോഗിച്ചിരുന്നു. തന്നെപ്പോലും അഴിമതിയുടെ ചെളിക്കുണ്ടുകളില്‍ തള്ളിയിട്ടത് ഈ സംഘമാണെന്ന് മനസ്സിലാക്കാന്‍ ജയാമ്മ മനസ്സിലാക്കാന്‍ വൈകിയിരുന്നു. അന്നൊക്കെ സര്‍ക്കാരില്‍ എന്തും കാര്യം സാധിക്കണമെങ്കിലും ദിനകരന്‍ വിചാരിക്കണം. 50 ജില്ലാ സെക്രട്ടറിമാരില്‍ 36 പേരെയും ദിനകരന്‍ മാറ്റി നിയമിച്ചു. സെയ്ദാപ്പെട്ടി മുത്തയ്യ, കുറുപ്പുസാമി പാണ്ഡ്യന്‍, എസ് രഘുപതി തുടങ്ങിയ സീനിയര്‍ നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ദിനകരന്‍ 1999 ല്‍ പെരിയകുളം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനും ജയിക്കാനും കാരണം ശശികലയായിരുന്നു. പെരിയകുളം മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന ഒ പനീര്‍ശെല്‍വമായിരുന്നു അന്നത്തെ ദിനകരന്റെ പോള്‍ മാനേജര്‍. ഒപിയുടെ വീട്ടില്‍ താസിച്ചുകൊണ്ടാണ് 45,000 വോട്ടിനു അയാള്‍ ജയിച്ചത്. 2004 ല്‍ 21,565 വോട്ടിനു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോടു തോറ്റു. താമസിയാതെ ജയലളിത ദിനകരനെ രാജ്യസഭാംഗമാക്കി.

ദിനകരനും അനധികൃത സ്വത്ത് സമ്പാദനക്കേസിലെ അനുബന്ധ കുറ്റപത്രത്തില്‍ പ്രതിയായിരുന്നു. വിചാരണ നേരിടേണ്ടി വന്നില്ല. 280 കോടി വിലമതിക്കുന്ന ഹോട്ടല്‍ ലണ്ടനില്‍ വാങ്ങിയെന്നായിരുന്നു കേസ്. എന്നാല്‍ അനധികൃത സ്വത്ത് കേസുമായി ലണ്ടന്‍ ഹോട്ടല്‍ക്കേസ് പരിഗണിക്കേണ്ടതില്ല എന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ബി വി ആചാര്യ നിര്‍ദ്ദേശിച്ചതിനാല്‍ ഒഴിവാക്കുകയായിരുന്നു. ഹോട്ടല്‍ക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ ഫയല്‍ അടച്ചു. കേസിലെ ഒന്‍പതു സാക്ഷികള്‍ വിദേശത്തായിരുന്നു. മൂന്നു പേരാകട്ടെ കൂറുമാറുകയും ചെയ്തിരുന്നു. 1994 – 95 കാലഘട്ടത്തില്‍ എണ്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (എഫ്ഡി) ഫയല്‍ ചെയ്ത ഒരു കോടി ഡോളര്‍ കേസില്‍ ഫെറ ലംഘനപ്രകാരം 28 കോടി രൂപ ഫൈന്‍ അടയ്ക്കാന്‍ അടുത്തിടെ ഉത്തരവായിരുന്നു.

ടിടിവി ദിനകരനെ പാര്‍ട്ടിയുടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കിതോടൊപ്പം മറ്റൊരു ബന്ധുവായ ഡോക്ടര്‍ വെങ്കിടേഷിനെ യുവജനവിഭാഗം നേതാവായും ശശികല പ്രതിഷ്ഠിച്ചിട്ടാണ് ജയിലിലേക്ക് പോയത്. ശശികലയുടെ സഹോദരന്‍ സുന്ദരവദനത്തിന്റെ മകനാണ് വെങ്കിടേഷ്. ജയലളിതയുടെ മരണത്തിനു ശേഷം ശശികലയുടെ ഭര്‍ത്താവ് രംഗത്തു വന്നു ചരടുവലി തുടങ്ങിയപ്പോള്‍ തന്നെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ വെറുപ്പ് പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയിലെ സീനിയര്‍ നേതാവും ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ വി കുപ്പുസാമി പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു. മദ്യ വ്യവസായം, സിനിമ, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലാണ് മന്നാര്‍ക്കുടി മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നത്. ഇവരൊക്കെ മടങ്ങി വന്നതോടെ ശശികലയുടെ വ്യവസായ സാമ്രാജ്യം പതിന്മടങ്ങു വര്‍ദ്ധിക്കുമെന്നാണ് പാര്‍ട്ടിയിലെ സാധാരണക്കാര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍