UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോവയില്‍ പരീഖറുടെ സത്യപ്രതിജ്ഞ തടയണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

എത്ര പേരുടെ പിന്തുണയുണ്ടെന്നും സുപ്രീംകോടതിയിലും ഗവര്‍ണര്‍ക്ക് മുന്നിലും രേഖാമൂലം ഇത് തെളിയിക്കാന്‍ കഴിയാത്തതെന്തെന്നും ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ കോണ്‍ഗ്രസിനോട് ചോദിച്ചു. ഗവര്‍ണര്‍ക്ക് മുന്നില്‍ തെളിയിക്കേണ്ട വസ്തുത സുപ്രീംകോടതിക്ക് മുന്നിലെത്തിച്ച നടപടിയേയും കോടതി വിമര്‍ശിച്ചു.

ഗോവ മുഖ്യമന്ത്രിയായി ബിജെപി നേതാവ് മനോഹര്‍ പരീഖര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പരീഖറുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതി പ്രത്യേക ബെഞ്ച് ഹര്‍ജിക്കെതിരെ കടുത്ത വിമര്‍ശനവും ഉയര്‍ത്തി. മറ്റ് കക്ഷികളുടെ പിന്തുണയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഗവര്‍ണര്‍ക്ക് മുന്നില്‍ അത് തെളിയിക്കാനാകാത്തതെന്ന് കോണ്‍ഗ്രസിനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. എത്ര പേരുടെ പിന്തുണയുണ്ടെന്നും സുപ്രീംകോടതിയിലും ഗവര്‍ണര്‍ക്ക് മുന്നിലും രേഖാമൂലം ഇത് തെളിയിക്കാന്‍ കഴിയാത്തതെന്തെന്നും ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ചോദിച്ചു. ഗവര്‍ണര്‍ക്ക് മുന്നില്‍ തെളിയിക്കേണ്ട വസ്തുത സുപ്രീംകോടതിക്ക് മുന്നിലെത്തിച്ച കോണ്‍ഗ്രസ് നടപടിയേയും കോടതി വിമര്‍ശിച്ചു. എന്നാല്‍ ഗോവയില്‍ അടിയന്തരമായി വിശ്വാസവോട്ട് തേടാന്‍ പരീഖറോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് വിശ്വാസവോട്ട് തേടാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മനോഹര്‍ പരീഖര്‍ ഗോവയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ അടിയന്തരമായി സുപ്രീംകോടതി ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഹോളി ആഘോഷം പ്രമാണിച്ച് സുപ്രീംകോടതി അവധിയാണെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് ഉടന്‍ വാദം കേള്‍ക്കുമെന്നും പ്രത്യേക ബഞ്ച് ഇതിനായി രൂപീകരിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അറിയിക്കുകയായിരുന്നു.

ഗോവയില്‍ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് വന്നിട്ടും രണ്ടാം സ്ഥാനക്കാരായ ബിജെപിയെ ഗവര്‍ണര്‍ മൃദുല സിന്‍ഹ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് നിയമവിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. കോണ്‍ഗ്രസിന് വേണ്ടി ഗോവ നിയമസഭാകക്ഷി നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കറാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഭരണഘടനാ രീതികള്‍ക്ക് വിരുദ്ധമാണ് ഗവര്‍ണറുടെ നടപടിയെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ഭരണകക്ഷിയായിരുന്ന ബിജെപിക്ക് 13 സീറ്റുകളാണ് ഗോവയില്‍ നേടാന്‍ കഴിഞ്ഞത്. കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകളാണ് 40 അംഗ നിയമസഭയില്‍ വേണ്ടത്. കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്ന ഗോവ ഫോര്‍വേഡ് പാര്‍ട്ടി ബിജെപി മനോഹര്‍ പരീഖറെ ഇറക്കി കളിച്ചതോടെ കാലുമാറി. ഇതോടെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞത്. മൂന്ന് അംഗങ്ങള്‍ വീതമുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും, മഹാരാഷ്ട്രവാദി ഗോമന്തകും രണ്ട് സ്വതന്ത്രരും പരീക്കര്‍ മന്ത്രിസഭയിലുണ്ടാവും. എംഎല്‍എമാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍