UPDATES

വായന/സംസ്കാരം

മന്‍സിയ ജയിച്ചു കാണിക്കുകയാണ്; ഊരുവിലക്കിയും പെറ്റമ്മയുടെ ഖബറടക്കം തടഞ്ഞും തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്കു മുന്നില്‍

മദ്രാസ് സര്‍വകലാശാല എം എ ഭരതനാട്യത്തില്‍ ഒന്നാം റാങ്ക് സ്വന്തമാക്കി മന്‍സിയ

അതിജീവനം ഒരു കലയാണ്. ഡാര്‍വിന്റെ അര്‍ഹതയുള്ളവയുടെ അതിജീവന സിദ്ധാന്തത്തിലാണ് ആധുനിക മനുഷ്യ വംശത്തിന്റെ വേരുകള്‍ പോലും. അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ് മാനവികതയുടെ, മനുഷ്യോല്പത്തിയുടെ നില നില്‍പിന് ആധാരം. ഇതൊരു സാധാരണ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ്. മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്തു നിന്നുള്ള മന്‍സിയ എന്ന മുസ്ലിം പെണ്‍കുട്ടിയുടെയും ക്ഷേത്ര കലകളെ ഉപാസിച്ചതിന്റെ പേരില്‍ ഊരു വിലക്കപ്പെട്ട, അടക്കം ചെയ്യപ്പെടാനുള്ള ആറടി മണ്ണ് പോലും നിഷേധിക്കപ്പെട്ട ഒരു കുടുംബത്തിന്റെ പോരാട്ടത്തിന്റെയും കഥ.

മൂന്നാം വയസ്സ് മുതല്‍ നെഞ്ചോട് ചേര്‍ത്ത നൃത്തം സ്വന്തം ജീവിതം തന്നെയെന്ന് തീരുമാനിച്ചു മന്‍സിയ. ചെറുപ്പം മുതല്‍ ഭരതനാട്യവും മോഹിനിയാട്ടവും കഥകളിയും കേരളനാടനവുമെല്ലാം ഒരു പോലെ വഴങ്ങിയ മനസിയക്ക് എട്ടാം ക്ലാസ്സു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സ്‌കൂള്‍ കലോത്സവ വേദികളില്‍ ഒന്നാം റാങ്കു തന്നെയായിരുന്നു. അതായിരുന്നു യാഥാസ്തിക മത വാദികള്‍ക്ക് ദഹിക്കാതെ പോയ സത്യവും. ദൈവികമായ ഒരു കഴിവില്‍ തന്റെ മാറ്റു തെളിയിച്ചതിന്റെ പേരില്‍ മത മൗലിക വാദികള്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ച മന്‍സിയ സ്വന്തം മാതാപിതാക്കളുടെ മാത്രം പിന്തുണയുടെ ബലത്തിലാണ് പിടിച്ചു നിന്നത്. മന്‍സിയയുടെ പിതാവ് അലവിക്കുട്ടിയും മാതാവ് ആമിനയും തങ്ങളുടെ മക്കളുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങു നില്‍ക്കാത്തതിന്റെ പേരില്‍ ഏറെ അവഗണനകളും എതിര്‍പ്പുകളും ഏറ്റു വാങ്ങേണ്ടി വന്നു. ഇസ്ലാം മത വിശ്വാസിയായിരുന്നിട്ടും, കാന്‍സര്‍ ബാധിതയായി മരണപ്പെട്ട ഉമ്മയുടെ കബറടക്കം അടക്കമുള്ള മരണാനന്തര കര്‍മങ്ങള്‍ നടത്താനനുവദിക്കാതെ, ഈ കുടുംബത്തെയൊന്നാകെ ഒറ്റപ്പെടുകയായിരുന്നു അന്നാട്ടിലെ മതാന്ധത ബാധിച്ച പ്രമാണിമാരും പുരോഹിതരും.

"</p

കൊലപാതകി മുതല്‍ ബലാത്സംഗ കുറ്റവാളി വരെയുള്ളവര്‍ക്കെല്ലാം ‘പൂര്‍വ ചരിത്രം’ നോക്കാതെ പ്രാര്‍ത്ഥന ചൊല്ലി കബറടക്കുന്ന പ്രമാണിമാര്‍ക്കെല്ലാം, സ്വന്തം മകളുടെ ഇഷ്ടങ്ങളെ സ്‌നേഹിച്ച ഒരുമ്മയുടെ വാത്സല്യം പൊറുക്കാനാവാത്ത തെറ്റായിരുന്നു. അങ്ങനെ പടച്ചോന് വേണ്ടി അവര്‍ ഈ കുടുംബത്തിന്റെ ‘വിധി’ തീരുമാനിച്ചു. മരണപ്പെട്ട മുസ്ലിമിന്റെ കര്‍മങ്ങള്‍ വിലയിരുത്താതെ (വിധിക്കാതെ) പരേതന്റെ പരലോക മോക്ഷത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന ആഗോള ഇസ്ലാമിക വഴക്കത്തെ (Universal Islamic Practice) കാറ്റില്‍ പറത്തിയാണ് ഇവിടെ ചിലര്‍ ‘പടച്ചോന്റെ’ ജോലി സ്വയം ഏറ്റെടുത്തത്. ഈ പഴയ കഥ ഇവിടെ വീണ്ടും പറയാനൊരു കാരണമുണ്ട്. നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും നില നില്‍ക്കുന്ന സ്ത്രീ വിവേചനത്തിന്റെയും, മുസ്ലിം സമുദായത്തില്‍ ഇപ്പോഴും നില നില്‍ക്കുന്ന സങ്കുചിത മനോഭാവത്തിന്റെയും നേര്‍ക്കാഴ്ചയാണിത്. ഒരു പക്ഷെ ‘മന്‍സിയ’ക്കു പകരം ‘മന്‍സൂര്‍’-ഉം ‘ഭരതനാട്യ’ത്തിന് പകരം കണ്ടംപററി (Contemporary)ഡാന്‍സുമായിരുന്നെങ്കില്‍ ഈ കഥ ഇങ്ങനെയാവുമായിരുന്നില്ല. ചലച്ചിത്ര, നൃത്ത, ടെലിവിഷന്‍ മേഖലകളില്‍ നിന്ന് നിങ്ങള്‍ക്കതിനു ഏറെ ഉദാഹരണങ്ങള്‍ കാണാനാവും, താര ചക്രവര്‍ത്തിമാരടക്കം.

തിരിഞ്ഞു നോക്കാനോ ആരെയെങ്കിലും കുറ്റപ്പെടുത്താനോ ശ്രമിക്കുന്നില്ല മന്‍സിയ ഇന്നും. കല ദൈവികമാണെങ്കില്‍ കലകള്‍ക്കെല്ലാം ഒരു മതമേ ഉള്ളുവെന്നും, മതം നോക്കാതെ കലയെ ആസ്വദിക്കാന്‍ നമുക്ക് കഴിയണമെന്നും മാത്രമേ ഈ വിജയത്തിളക്കത്തിലും മന്‍സിയക്ക് പറയാനുള്ളു. പുതിയ കാലത്തു മറ്റൊരു ‘മന്‍സിയ’ നൃത്തവുമായി വരികയാണെങ്കില്‍ അതിനെ അംഗീകരിക്കാനാവുന്ന തലത്തിലേക്ക് സമുദായം/നാട്ടുകാര്‍ എത്തിയിട്ടുണ്ടോ എന്ന് ചോദ്യത്തിന് ഉത്തരം- ‘ഇല്ല, പുതിയ കാലത്തു ഞാന്‍ നേരിട്ട എതിര്‍പ്പുകളുണ്ടാവില്ലായിരിക്കാം, പക്ഷെ അംഗീകരിക്കാനുള്ള മനസ്സ് സമുദായത്തിനും മറ്റും ഇനിയും പാകപ്പെടേണ്ടിയിരിക്കുന്നു. എങ്കിലും പ്രതീക്ഷയുണ്ട്, ഏറെ ശുഭാപ്തി വിശ്വാസവും’ മന്‍സിയ വേദനിപ്പിക്കുന്ന ചിരി സമ്മാനിച്ചുകൊണ്ടാണ് പറഞ്ഞു നിര്‍ത്തിയത്.


നിയമസഭ സ്പീക്കര്‍പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ-യുടെ പിന്തുണയോടെയാണ് മന്‍സിയ, നൃത്തത്തില്‍  മദ്രാസ് സര്‍വകലാശാലയില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കിയത്. നൃത്ത കലയെ അത്രമേല്‍ സ്‌നേഹിച്ചതിന്റെ പേരില്‍ എതിര്‍പ്പുകളുടെ ‘ബദര്‍ യുദ്ധം’ നേരിടേണ്ടി വന്ന ഈ പെണ്‍കുട്ടിയ്ക്കായിരുന്നു ഇത്തവണത്തെ മദ്രാസ് സര്‍വകലാശാല എം എ ഭരതനാട്യത്തിന് ഒന്നാം റാങ്കും. കേരള കലാമണ്ഡലത്തില്‍ എം ഫില്‍ ഭരതനാട്യത്തിന് ചേര്‍ന്ന മന്‍സിയയുടെ സ്വപ്നം പിഎച്ച്ഡി (PhD Dance) നേടണമെന്നാണ്. മന്‍സിയയുടെ സഹോദരി റൂബിയയും ചേച്ചിയുടെ പിന്നാലെ നൃത്തത്തിന്റെ വഴിയിലാണ്.

നൃത്തത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിനോടൊപ്പം വെള്ളിത്തിരയിലും സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ് മന്‍സിയ. സാമൂഹിക പ്രസക്തിയുള്ള, സമൂഹത്തിന്റെ ജീര്‍ണതകളെ ചോദ്യം ചെയ്യുന്ന ‘മമ്മാലി എന്ന ഇന്ത്യക്കാരന്‍’ എന്ന ചിത്രത്തിന്റെ ഭാഗമാണ് മന്‍സിയ. മതത്തിനുമപ്പുറത്താണ് കലയെന്നും അതിജീവനത്തിന്റെ ആദ്യ പാഠം സ്വയം തിരിച്ചറിവുകളാണെന്നും ഈ പെണ്‍കുട്ടി ജീവിതം കൊണ്ട് തെളിയിക്കുന്നു. ഒപ്പം പടിയടച്ചു പിണ്ഡം വച്ചവര്‍ക്കു മുന്നില്‍, ഇരുട്ടിന് മറയ്ക്കാനാവാത്ത സത്യം പോലെ അവള്‍ നാള്‍ക്കുനാള്‍ തെളിഞ്ഞു കത്തുന്ന വിളക്കാവുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഷ്‌റഫ് പുളിക്കമത്ത്

അഷ്‌റഫ് പുളിക്കമത്ത്

മദ്രാസ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷക വിദ്യാര്‍ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍