UPDATES

സിനിമ

ഏത് സിനിമ കാണണമെന്ന്‍ തീയേറ്ററുകാരാണോ നിര്‍ദേശിക്കേണ്ടത്?

Avatar

അഴിമുഖം പ്രതിനിധി 


സിനിമ കാണാനെത്തുന്നവരെ ടിക്കറ്റ് കൗണ്ടറിലുള്ളവര്‍ തന്നെ നിരുത്സാഹപ്പെടുത്തി മടക്കി അയയ്ക്കുകയും മറ്റൊരു സിനിമക്കു കയറാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രവണത എത്രത്തോളം ശരിയാണ്? അതും ഒരു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തീയേറ്ററിലാണ് സംഭവിക്കുന്നതെങ്കിലോ? നിരവധി സന്ദര്‍ഭങ്ങളില്‍ ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട് എന്ന്‍ കേട്ടിട്ടുണ്ട്. അതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം നിളയില്‍ ഉണ്ടായത്. ഇതിനെക്കുറിച്ച് നടി അഭിജ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

 

അതിവിടെ: “ഒരു നല്ല സിനിമ ഉണ്ടാക്കുക എന്നതില്‍ നിന്ന്, അത് കാഴ്ചക്കാരിലേക്ക് എത്തിച്ചേരുക എന്നതു വരെയുള്ള പ്രൊസസ്സ് നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് സംഭവിക്കുന്നതാണെന്ന് നമുക്കറിയാം. പ്രത്യേകിച്ചും വമ്പന്‍ ബാനറുകളുടെ പിന്‍ബലത്തോടെ അല്ലാതെ വരുന്നവ. അതില്‍ കലാമൂല്യമുള്ള ചിത്രങ്ങള്‍ നിരവധിയുണ്ട്. അവ തിയേറ്ററുകളില്‍ എത്തുന്നത് കാത്തിരിക്കുന്ന ആള്‍ക്കാരുണ്ട്, അത് കണ്ടേ തീരൂ എന്ന് വിചാരിച്ചു തന്നെ അതിനായി സമയം കണ്ടെത്തി വരുന്ന ആളുകളുണ്ട്, അവര്‍ വിജയിപ്പിച്ച സിനിമകളുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ, പൊതുജന പ്രാതിനിധ്യമുള്ള അന്തര്‍ ദേശീയ ചലച്ചിത്ര മേള, ഐഎഫ്എഫ്‌കെ, അതിന്റെ പ്രത്യക്ഷ ഉദാഹരണവുമാണ്. കച്ചവടതാതപര്യങ്ങള്‍ കുത്തിനിറയ്ക്കാത്ത നല്ല സിനിമകള്‍ക്ക് കാഴ്ചക്കാര്‍ ഇല്ല എന്ന കാഴ്ചപ്പാട് മാറി വരുന്നതും നമ്മള്‍ അറിയുന്നുണ്ട്. അത്തരം മാറ്റങ്ങളെ സ്വാഗതം ചെയ്യുന്ന സംരംഭങ്ങളും കാഴ്ചാ ശീലങ്ങളും ഉണ്ടായി വരുന്ന ഈ കാലഘട്ടം പ്രധാനപ്പെട്ടതാണെന്നിരിക്കെ തന്നെ ഇന്നലെ, സര്‍ക്കാര്‍ തിയേറ്ററായ തിരുവനന്തപുരം നിളയില്‍ ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യം അല്‍പം ആശങ്ക സൃഷ്ടിക്കുന്നു.

മിനിമം ആറു പേര്‍ സിനിമ കാണാന്‍ ഉണ്ടെങ്കില്‍ ആ സിനിമ പ്രദര്‍ശിപ്പിക്കപ്പെടേണ്ടതാണല്ലോ. ഇപ്പോള്‍ നിളയില്‍ ദിവസവും രണ്ടു ഷോകള്‍ ഉള്ള ‘മണ്‍ട്രോത്തുരുത്ത്’ എന്ന സിനിമയ്ക്ക് ടിക്കറ്റെടുക്കാന്‍ 12 പേര്‍ എത്തിയിരുന്നു. പതിമൂന്നാമത്തെ ടിക്കറ്റെടുക്കാന്‍ ചെന്ന എന്റെ സുഹൃത്തിനോട് കൗണ്ടറിലുള്ള ആള്‍, സിനിമയ്ക്ക് ആളു കുറവാണെന്നും ഇന്നു ഷോ ഇല്ല എന്നും അറിയിച്ചു. നിരാശയായി പുറത്തിറങ്ങിയ സുഹൃത്തിനോട്, അതിനു മുന്‍പു തിയേറ്ററില്‍ എ്ത്തിയ മറ്റു ചിലര്‍ കാര്യംതിരക്കി. അവര്‍ അപ്പോഴേക്കും കൗണ്ടറിലുള്ളവര്‍ ഉപദേശിച്ചതനുസരിച്ച് അന്നു റിലീസായ മറ്റൊരു ചിത്രത്തിനു ടിക്കറ്റ് എടുത്തും കഴിഞ്ഞിരുന്നു. സ്വാഭാവികമായും മണ്‍ട്രോത്തുരുത്തിന്റെ ആ ഷോ കാന്‍സലായി (ക്കി). 

ഇതെന്തു പ്രവണതയാണ്? ടിക്കറ്റ് കൗണ്ടറില്‍ ഇരുന്ന് ടിക്കറ്റ് ഇഷ്യൂ ചെയ്യുക എന്ന ജോലി ചെയ്യേണ്ട ആള്‍, ആളുകള്‍ ഈ സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുക! മുന്‍പ് ‘കരി’ എന്ന സിനിമ കാണാന്‍ ചെന്നപ്പോള്‍ എനിക്ക് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ഞാന്‍ ആ സിനിമ നന്നായി ആസ്വദിച്ചു. ആറു പേരില്‍ കുറവുള്ളപ്പോള്‍ ഷോ നടത്താന്‍ സാധിക്കില്ല എന്ന നിയമം മനസിലാക്കാം. പക്ഷേ ഇന്നലെ സംഭവിച്ച വിധമാണു കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത് എന്നുണ്ടെങ്കില്‍ അത് അത്ര പന്തിയല്ല. ഇതേ അനുഭവം സിനിമക്കാരും കാഴ്ചക്കാരുമായ സുഹൃത്തുക്കള്‍ മുന്‍പും പറഞ്ഞു കേട്ടിട്ടുണ്ട്. ഞാന്‍ കാഴ്ചക്കാരി ആയാണ് ഈ വിഷയം ചൂണ്ടിക്കാണിക്കുന്നത്. 

മണ്‍ട്രോതുരുത്ത് കാണാനാഗ്രഹിക്കുന്ന ഒട്ടേറെപ്പേരെ എനിക്ക് നേരിട്ടറിയാം. കറന്‍സി പ്രതിസന്ധിയില്‍ പെട്ടുപോയതു കൊണ്ട് അവര്‍ വെയ്റ്റ് ചെയ്യുകയാണ്. ഈ സാഹചര്യങ്ങള്‍ പോലും താണ്ടി ചിത്രം രണ്ടാം വാരം ഓടുന്നു! നോട്ടു പ്രതിസന്ധി മറികടന്ന് ആളുകള്‍ സിനിമക്ക് എത്തുന്നു. അപ്പോഴാണു ഈ ‘കൗണ്ടര്‍’ ഇടപെടല്‍! 

ഇതിനെതിരേ പ്രതികരിക്കേണ്ടതുണ്ട് എന്ന് തോന്നി. ദൗര്‍ഭാഗ്യകരമാണ് ഇത്”

 

 

കരി, മണ്‍ട്രോതുരുത്ത്, ഒഴിവുദിവസത്തെ കളി തുടങ്ങിയ ചിത്രങ്ങള്‍ കാണാന്‍ എത്തുന്ന പ്രേക്ഷകര്‍ കച്ചവട സിനിമകളോടുള്ള അതേ ആസ്വാദനബോധത്തോടെയുള്ളവരായിരിക്കില്ല, തങ്ങള്‍ കാണാന്‍ പോകുന്ന സിനിമ എന്താണ് എന്ന്‍ മനസിലാക്കി തന്നെയെത്തുന്നവരാണ്. അങ്ങനെയുള്ളവരെ തടഞ്ഞാല്‍ അതെന്തുതരം പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്നത് ചിന്തിക്കണം. ഇന്നു വന്നവര്‍ നാളെയും വരുമായിരിക്കും, സിനിമയോടുള്ള താത്പര്യംകൊണ്ട് ഒരു ദിവസം കൂടി അവര്‍ തിയേറ്ററില്‍ എത്തുമായിരിക്കും, അന്നും അവര്‍ നിരാശരാകേണ്ടി വന്നാല്‍?

 

സിനിമ ഒരു ബിസിനസ് പ്രൊഡക്ട് മാത്രമല്ല, കച്ചവടത്തോടൊപ്പം കലാമൂല്യമുള്ള സിനിമകളും ഉണ്ടായിക്കൊണ്ടിരുന്നാലാണ് നമ്മുടെ ഇന്‍ഡസ്ട്രിക്ക് അതിന്റെതായ വളര്‍ച്ചയും മഹത്വും ഉണ്ടാവുക. നമുക്കെല്ലാമറിയാവുന്നതാണ് മണ്‍ട്രോതുരുത്ത് പോലുള്ള ഒരു സിനിമയയ്ക്ക് വിതരണക്കാരെ കിട്ടുന്നതും പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ അനുവദിക്കപ്പെടുന്നതുമെല്ലാം എന്തെല്ലാം കടമ്പകള്‍ കടന്നിട്ടാണെന്ന്. ഈ സിനിമയ്ക്ക് തന്നെ കേരളത്തില്‍ രണ്ടു തിയേറ്ററുകളാണ് കിട്ടിയത്. അതില്‍ നിളയില്‍ രണ്ടാമത്തെ വാരമാണ് മണ്‍ട്രോതുരുത്ത് പ്രദര്‍ശിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ തന്നെ അവയുടെ പ്രേക്ഷകനെ ഈ വിധത്തില്‍ തിരിച്ചയച്ചാല്‍, അത് കേവലം മണ്‍ട്രോതുരുത്ത് എന്ന സിനിമയോട് മാത്രം ചെയ്യുന്ന തെറ്റല്ലെന്നു മനസിലാക്കുക.

 

ഒരാസ്വദകന്റെ സ്വാതന്ത്ര്യം കൂടിയാണ് അവിടെ ഹനിക്കപ്പെടുന്നത്. ഒരാള്‍ ഏതു സിനിമ കാണണമെന്നത് അയാളുടെ തീരുമാനമാണ്. ഏതെങ്കിലുമൊരു സിനിമ കണ്ടേക്കാം എന്ന മാനസികാവസ്ഥയില്‍ വരുന്ന ഒരു കാഴ്ച്ചക്കാരനല്ല, മണ്‍ട്രോതുരുത്ത് പോലുള്ള ചിത്രങ്ങള്‍ കാണാനെത്തുന്നത്. അവിടെയാണ് തിയേറ്റര്‍ ജീവനക്കാരന്‍ ഇടപെടലുകള്‍ നടത്തുന്നത്. ഒരു തിയറ്റര്‍ ജീവനക്കാരന്‍, മണ്‍ട്രോതുരുത്ത് പോലെയുള്ള സിനിമകള്‍ ആസ്വദിക്കുന്ന ആയിരിക്കണമെന്നു പറയുന്നില്ല, പക്ഷേ തീയേറ്ററില്‍ എത്തുന്ന പ്രേക്ഷകര്‍ അത് കാണാണോ വേണ്ടയോ എന്നു തീരുമാനിച്ചു തുടങ്ങുന്നത് നല്ല പ്രവണതയല്ല. പുലിമുരുകന്‍ പോലൊരു സിനിമ ഇറങ്ങുമ്പോള്‍ സ്വാഭാവികമായി പ്രേക്ഷകരുടെ തള്ളല്‍ ഉണ്ടാകും. എന്നാല്‍ മണ്‍ട്രോതുരുത്ത് പോലൊരു സിനിമ ഇപ്പോഴും ആസ്വാദകതലത്തിലെ അബദ്ധധാരണകളാല്‍ അകറ്റി നിര്‍ത്തപ്പെടുന്നവയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ അത് കാണാന്‍ എത്തുന്നവരെ കൂടെ അകറ്റി നിര്‍ത്തിയാലോ? 

 

വാല്‍ക്കഷ്ണം: വെടിവഴിപാട് എന്ന ചിത്രം കാണാന്‍ എത്തിയ അതിന്റെ സംവിധായകന്‍ ശംഭു പുരുഷോത്തമാനെയും കുടുംബത്തെയും വാതില്‍ക്കല്‍ നിന്ന ടിക്കറ്റ് പരിശോധകന്‍ തടഞ്ഞു എന്നു കേട്ടിട്ടുണ്ട്; കുടുംബത്തിന് ഒരുമിച്ച് കാണാന്‍ പറ്റിയ പടമല്ല എന്നായിരുന്നുവത്രെ ന്യായം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍