UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ക്കാണ് മനുഷ്യരെ പേടി? മനുഷ്യ സംഗമത്തെ വിമര്‍ശിക്കുന്നവരോട്

Avatar

സംഗീത ചേനംപുല്ലി

സമീപകാലത്ത് കേട്ടതില്‍ ഏറ്റവും പുരോഗമനപരവും ലളിതവും അതെ സമയം ഏറെ മനോഹരവുമായ ഒരു ആഹ്വാനമാണ് മനുഷ്യനായി വരിക എന്നത്. വിവിധ ജാതികളും മതങ്ങളും അവയുടെ രാഷ്ട്രീയ പ്രച്ഛന്ന രൂപങ്ങളും മനുഷ്യനെ പങ്കുവെച്ചെടുക്കാന്‍ എല്ലാ അടവുകളും പയറ്റുന്ന സമീപകാല അശ്ലീലങ്ങള്‍ക്കിടയില്‍ മാനവികതയുടെ അടയാളമാകുന്ന വാക്കുകള്‍. കലുഷിതമായിക്കൊണ്ടിരിക്കുന്ന കാലത്തും ഇത്തരം പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യതകളും ഊര്‍ജ്ജവും നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം വിഭജനങ്ങള്‍ക്കതീതമായ മാനവിക രാഷ്ട്രീയ പക്ഷത്ത് നില്‍ക്കുന്ന എല്ലാവരെ സംബന്ധിച്ചും ആവേശം പകരേണ്ടതാണ്.

സദാചാര പോലീസിങ്ങിനെതിരായ കാഴ്ചപ്പാട് സമൂഹത്തില്‍ വ്യാപിപ്പിക്കുന്നതില്‍ ചുംബന സമരം എങ്ങനെ വിജയിച്ചുവോ അതേപോലെ ഫാസിസത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ പലവിധ രാഷ്ട്രീയ, ആശയപര നിലപാടുകള്‍ പുലര്‍ത്തുന്നവരുടെ സംഗമം എന്ന നിലയില്‍ ഫാസിസത്തിനെതിരായ മനുഷ്യ സംഗമവും ഒരു അടയാളപ്പെടുത്തലാണ്. പക്ഷേ, പരോക്ഷമായി ഫാസിസത്തെ സഹായിക്കുന്ന പരാമര്‍ശങ്ങള്‍ മീന കന്തസ്വാമിയെപ്പോലെ എന്നും പുരോഗമന പക്ഷത്ത് നിലയുറപ്പിക്കാറുള്ള എഴുത്തുകാരി/ആക്റ്റിവിസ്റ്റില്‍ നിന്നുണ്ടാകുമ്പോള്‍ അത് ഈ കൂട്ടായ്മ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളോട് പുറം തിരിഞ്ഞു നില്ക്കാന്‍ ചില വിഭാഗങ്ങളെ പ്രേരിപ്പിച്ചേക്കാം. അത് തന്നെയാണ് ആ പ്രസ്താവനയുടെ അപകടവും പ്രതിലോമപരതയും.

മനുഷ്യസംഗമം ജാതി,മത, വര്‍ണ്ണ, ലിംഗ ഭേദങ്ങള്‍ക്ക് അതീതമായ കൂട്ടായ്മ ആണെന്നാണ്‌ അതിന്‍റെ മുന്‍നിരക്കാരുടെ വാക്കുകളില്‍ നിന്നും പങ്കെടുക്കുന്നവരുടെ പ്രതിനിധാനത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. അതില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഏതെങ്കിലും പ്രത്യേക വിഭാഗത്തെ വിലക്കിയിട്ടുമില്ല. മുസ്ലീം സംഘടനകളെ പ്രത്യേകമായി ഇത്തരം ഒരു വിശാല സംഗമത്തിലേക്ക് ക്ഷണിക്കുന്നത് ആ സംഗമം മുന്നോട്ടുവെയ്ക്കുന്ന മനുഷ്യോന്മുഖ രാഷ്ട്രീയത്തെ നിഷേധിക്കുന്നതിന് തുല്യമാണ്. പരാമര്‍ശിക്കപ്പെട്ട മുസ്ലിം ലീഗ്, സോളിഡാരിറ്റി, എസ് ഡി പി ഐ, പി ഡി പി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ക്ക് സമൂഹത്തിന്‍റെ പൊതുവായ പ്രശ്നങ്ങളെ  മാത്രമല്ല തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന സമുദായത്തിന്‍റെ പ്രശ്നങ്ങളെ പോലും വേണ്ട വിധത്തില്‍ അഭിസംബോധന ചെയ്യാനായിട്ടില്ല. തങ്ങള്‍ക്ക് ആധിപത്യം പുലര്‍ത്താന്‍ കഴിയുന്ന ഇടങ്ങളില്‍ ഫാസിസ്റ്റുകളേക്കാള്‍ ഒട്ടും പിന്നിലല്ല തങ്ങളെന്ന് അവര്‍ നിരന്തരം തെളിയിക്കുന്നുണ്ട്. ഇത്തരക്കാരുടെ വര്‍ഗ്ഗീയ നിലപാടുകള്‍ ഫാസിസത്തിന്‍റെ വളര്‍ച്ചക്ക് വളമാകുന്നുണ്ട് എന്നും കാണാതിരുന്നുകൂട. ചുംബന സമരം, ഫാറൂഖ്‌ കോളേജ് പ്രശ്നം തുടങ്ങിയ സമീപ കാല  സംഭവങ്ങളിലെ നിലപാടുകള്‍ മാത്രം മതി ഇത്തരക്കാരുടെ പൂച്ച് പുറത്ത് കാണാന്‍. ജനാധിപത്യ വ്യവസ്ഥിതിയെ അംഗീകരിക്കാതെ മൗദൂദി വിഭാവനം ചെയ്ത മതാധിഷ്ഠിത ഭരണകൂടത്തെ സ്വപ്നം കാണുന്നവരോട് ഐക്യപ്പെടുക മനുഷ്യപക്ഷത്ത് നില്‍ക്കുന്ന ആര്‍ക്കും എളുപ്പമാകില്ല. ജോസഫ് മാഷുടെ കൈവെട്ടിയവരുമായി വിശാല മനുഷ്യക്കൂട്ടായ്മ്മയുടെ വേദി പങ്കിടേണ്ടതില്ല എന്ന് സംഘാടകര്‍ തീരുമാനിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.

സ്വത്വവാദം ചില പ്രത്യേക കള്ളികള്‍ക്കുള്ളില്‍ മനുഷ്യനെ തിരിച്ചിട്ട് ആ വിഭാഗത്തിന്‍റെ ആവശ്യങ്ങളുടെയും. പരാധീനതകളുടെയും അടിസ്ഥാനത്തില്‍ അവനെ നിര്‍വ്വചിക്കാനാണ്  ശ്രമിച്ചുപോരുന്നത്. ബഹുസ്വരമായ ഒരു സമൂഹത്തിന്‍റെ ആവശ്യങ്ങളെ തിരിച്ചറിയാനും വെല്ലുവിളികളെ പ്രതിരോധിക്കാനും അതുകൊണ്ട് തന്നെ പലപ്പോഴും സ്വത്വവാദികള്‍ക്ക് സാധിക്കാതെ വരുന്നു.മാത്രമല്ല വിവിധ സ്വത്വങ്ങളുടെ നിലനില്‍പ്പ്‌ സാമൂഹിക സാഹചര്യങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെടുന്നു. അതിനാലാണ് ഒരിടത്തെ ഇര തന്നെ മറ്റൊരിടത്ത് വേട്ടക്കാരന്‍ ആകുന്നത്. ലോകമെമ്പാടും മനുഷ്യന്‍റെ അവസ്ഥകള്‍ സമാനമാണെന്നും ഇത്തരം പ്രശ്നങ്ങളെ സ്വത്വപരം എന്നതിലുപരി വര്‍ഗ്ഗപരമായാണ് വീക്ഷിക്കേണ്ടത് എന്നും തിരിച്ചറിയാതെ പോകുന്നതിലൂടെ  സ്വത്വവാദം സ്വയം പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ സ്വത്വവാദികള്‍ക്ക് ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിനോ അതിനോട് ഐക്യപ്പെടുന്നതിനോ ഏതെങ്കിലും തരത്തില്‍ പ്രയാസം തോന്നേണ്ടതുമില്ല, കാരണം അവര്‍ കൂടി ഉള്‍പ്പെടുന്ന മനുഷ്യകുലത്തെ ഒട്ടാകെയാണ് സംഘാടകര്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നത്. ഫാസിസത്തിനെതിരായ പ്രതിരോധം കാലഘട്ടത്തിന്‍റെ ആവശ്യമാകുമ്പോള്‍ തന്‍റെ  സ്വത്വത്തെ വേറിട്ട്‌ അഭിസംബോധന ചെയ്യുന്നില്ല എന്നതുകൊണ്ട് മാറിനില്‍ക്കാന്‍ ആരെങ്കിലും തീരുമാനിച്ചാല്‍ അത് അവരുടെ ആശയപരമായ  പരാജയമായേ കാണാനാകൂ.

ഇടതുപക്ഷത്തിന്‍റെ പ്രതിനിധാനത്തെ വിമര്‍ശിക്കുന്നവര്‍ ചരിത്രത്തോട് മനപൂര്‍വ്വം മുഖം തിരിക്കുന്നതാവാനേ വഴിയുള്ളൂ. ഫാസിസത്തിനെതിരെ ആശയപരമായി വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ളതും സുധീരം പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടുള്ളതും എന്നും ഇടതുപക്ഷമാണ്. അവര്‍ ഒരുക്കിയ നിലം ആയതു കൊണ്ടാണ് കേരളത്തില്‍ ഇത്തരം ഒരു സംഗമവും പ്രതിരോധവും സാധ്യമാകുന്നതും. സമസ്ത മേഖലകളിലേക്കും കടന്നുകയറാനുള്ള ഫാസിസത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ ഇടതുപക്ഷം സദാ ജാഗ്രത പുലര്‍ത്തിപ്പോരുന്നുണ്ട്. ഫാസിസത്തിനെതിരായ മനോഭാവം രൂപപ്പെടുന്നതില്‍ സമീപകാല ഇടതുപക്ഷ ഇടപെടലുകള്‍ വഹിച്ച പങ്ക് നിഷേധിക്കാനാവാത്തതാണ്.ശ്രദ്ധേയമായ മറ്റൊരുകാര്യം സംഘാടകരിലേയും പ്രാസംഗികരിലേയും സ്ത്രീപ്രാതിനിധ്യമാണ്. മനുഷ്യന്‍ എന്ന വിശാല നിര്‍വ്വചനത്തില്‍ സ്ത്രീക്കുകൂടി ഇടമുണ്ടെന്ന് സമൂഹത്തോട് പ്രഖ്യാപിക്കാന്‍ അതിലൂടെ കഴിയുന്നുണ്ട്. കേരളത്തിന്‍റെ സാമൂഹ്യമണ്ഡലത്തില്‍ ആശാവഹമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ മനുഷ്യസംഗമത്തിന് കഴിയും എന്ന് തന്നെയാണ് മാനവികതയുടെ പക്ഷത്ത് നില്‍ക്കുന്നവരുടെ പ്രത്യാശ.

(കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപികയും കോഴിക്കോട് എന്‍.ഐ.ടി യില്‍ പാര്‍ട്ട് ടൈം ഗവേഷകയുമാണ്. ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍