UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാവോയും മോദിയെപ്പോലെ വലിയ ശക്തനായിരുന്നു, പക്ഷേ നാടിളക്കാന്‍ നോക്കി പരാജയപ്പെട്ടു

ഡോ. അജയ് ബാലചന്ദ്രന്‍

1958ല്‍ ചൈനയില്‍ ചെയര്‍മാന്‍ മാവോയുടെ ഭരണത്തിന്‍ കീഴില്‍ ഒരു പഞ്ചവത്സര പദ്ധതി ആരംഭിച്ചു. ആവേശമുയര്‍ത്തുന്ന ലക്ഷ്യങ്ങള്‍. പഴയ രീതിയില്‍ കൃഷി നടത്തുന്ന കര്‍ഷകരുടെ കൂട്ടായ്മകള്‍ രൂപീകരിച്ച് ആധുനിക രീതിയില്‍ കൃഷി നടത്തുക. ഇതിലൂടെ ധാന്യോത്പാദനം ഉയര്‍ത്തുക. ഗ്രാമീണ മേഖലയില്‍ വ്യവസായവത്കരണം നടത്തുക. ശരിക്കും മുന്നോട്ടുള്ള ഒരു കുതിച്ചുചാട്ടം തന്നെ! 

പദ്ധതി നടത്തിപ്പില്‍ ജനങ്ങള്‍ക്ക് വലിയ തോതില്‍ ബുദ്ധിമുട്ടുകളുണ്ടായി. ഗ്രാമപ്രദേശങ്ങളിലെ കമ്യൂണുകളിലെ സ്റ്റീല്‍ ഉത്പാദന ലക്ഷ്യങ്ങള്‍ നേടാന്‍ വീട്ടിലെ പാത്രങ്ങള്‍ വരെ ഉരുക്കേണ്ടി വന്നു. രാത്രിയിലും ജനങ്ങള്‍ കൃഷിയിടങ്ങളൊരുക്കി കൃഷി ചെയ്തു. നല്ല ഒരു കാര്യം ചെയ്യുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കുമോ? ഈ മരുന്ന് കയ്ക്കുന്നുണ്ടല്ലോ, അതുകൊണ്ട് ഇതിന് ഫലമുണ്ടാകും എന്നൊക്കെയുള്ള വിശദീകരണങ്ങള്‍ ഒരുപക്ഷേ അന്നും ഉണ്ടായിക്കാണും. 

എന്തായാലും പദ്ധതി വന്‍ പരാജയമായിരുന്നു. ആദ്യമൊക്കെ ജനങ്ങള്‍ക്ക് കമ്യൂണുകളില്‍ സൗജന്യമായി ഭക്ഷണം കൊടുക്കുന്നുണ്ടായിരുന്നു. പിന്നീടത് ചുരുങ്ങിവന്നു. പാരിസ്ഥിതികപ്രശ്‌നങ്ങളും സാമ്പത്തിക ആസൂത്രണത്തിന്റെ പിഴവുമെല്ലാം കാരണങ്ങളായി പറയപ്പെടുന്നു. പരാജയ കാരണം എന്തായാലും അതിന്റെ ഫലമെന്തായിരുന്നു? നാലരക്കോടിയോളം ജനങ്ങള്‍ ചൈനയില്‍ പട്ടിണികിടന്ന് മരിച്ചു!! 


ചൈനയില്‍ ഗ്രേറ്റ് ലീപ്പ് ഫോര്‍വേഡ്പദ്ധതിയുടെ ഭാഗമായി ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജനങ്ങള്‍

വമ്പന്‍ പദ്ധതികളുടെ പ്രശ്‌നങ്ങള്‍
നവംബര്‍ എട്ടാം തിയതി നടപ്പിലാക്കിയ കറന്‍സി പിന്‍വലിക്കല്‍ ഒരു ധീരമായ പദ്ധതിയായാണ് ചിലര്‍ കാണുന്നതെങ്കില്‍ ആസൂത്രണമില്ലാതെ നടപ്പിലാക്കിയ ഭോഷ്‌ക്കായാണ് മറുപക്ഷം അതിനെക്കാണുന്നത്. വാദപ്രതിവാദങ്ങള്‍ ഇരുവശത്തും കാര്യമായി നടക്കുന്നുണ്ട്. അതിലെ ശരിതെറ്റുകള്‍ എന്തൊക്കെയാണെങ്കിലും ഒരു വ്യക്തിക്ക് കറന്‍സി രൂപത്തില്‍ പിന്‍വലിക്കാവുന്നതോ മാറിയെടുക്കാവുന്നതോ ആയ തുക പരിമിതമാണ് എന്നത് വസ്തുതയാണ്.

ഇത് വലിയ തോതില്‍ ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹം കര്‍ഷകരാണ് എന്നതാണ് നിഷേധിക്കാനാവാത്ത മറ്റൊരു വസ്തുത. ഒരു ദിവസത്തെ ജോലി മാറ്റിവച്ച് മൈലുകള്‍ യാത്ര ചെയ്ത് ഏറ്റവും അടുത്തുള്ള ബാങ്കുകളില്‍ പോയി വരിയായി കാത്തുനില്‍ക്കുന്ന കര്‍ഷകരും അവരുടെ മുന്നില്‍ തിരക്കില്ലാതെ കിടക്കുന്ന പണം നിറഞ്ഞ എ.ടി.എമ്മുകളും യാഥാര്‍ത്ഥ്യങ്ങളാണ്. എ.ടി.എമ്മില്‍ നിന്നോ മൈക്രോ എ.ടി.എമ്മില്‍ നിന്നോ പണമെടുക്കാന്‍ അവരുടെ കയ്യില്‍ ഡെബിറ്റ് കാര്‍ഡില്ല! അടുത്ത വിളയിറക്കാനുള്ള വിത്തുകളും വളവും മറ്റും വില്‍ക്കുന്ന കടകളില്‍ കാര്‍ഡ് സ്വൈപ്പിഗ് യന്ത്രം സ്ഥാപിച്ചാല്‍ പോലും പുതിയ ബാങ്കിങ് രീതികള്‍ക്ക് പുറത്തുനില്‍ക്കുന്ന മനുഷ്യരുടെ പ്രശ്‌നം പരിഹരിക്കാനാവില്ല. തന്റെ ഭൂമിയില്‍ മറ്റുള്ളവരെ തൊഴിലാളികളായി വയ്‌ക്കേണ്ടിവരുന്ന ചെറിയ കര്‍ഷകര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ല! രാജ്യത്താകമാനം ഇത്തരം നൂറ് നൂറ് പ്രശ്‌നങ്ങള്‍ പുകയുകയാണ്. 

ഗുജറാത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ 19ആം തിയതി സൂറത്തില്‍ പ്രതിഷേധ സമ്മേളനം നടത്തുവാന്‍ പദ്ധതിയിട്ടിട്ടുണ്ട്. വില്‍ക്കാന്‍ സാധിക്കാതെ കൈവശം ഇരുന്നുപോയ ട്രക്കുകണക്കിന് പച്ചക്കറികളും കരിമ്പും ധാന്യങ്ങളും തെരുവില്‍ ഉപേക്ഷിക്കാനാണ് അവര്‍ പദ്ധതിയിടുന്നത്. സഹകരണ ബാങ്കുകള്‍ 1000ന്റെയും 500ന്റെയും പഴയ കറന്‍സി സ്വീകരിക്കുന്നത് നിര്‍ത്തലാക്കുവാന്‍ റിസര്‍വ് ബാങ്ക് ഉത്തരവിട്ടത് കര്‍ഷകര്‍ക്ക് തീര്‍ച്ചയായും സഹായകമായ കാര്യമല്ല. 

ജനങ്ങള്‍ക്ക് കറന്‍സിയായി പിന്‍വലിക്കാവുന്നതോ മാറ്റിയെടുക്കാവുന്നതോ ആയ പണത്തിന്റെ അളവിലെ നിയന്ത്രണം (പണ ലഭ്യത പ്രശ്‌നം) മാത്രമാണ് മുകളില്‍പ്പറഞ്ഞ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഒരുപാട് പുതിയ കറന്‍സി അച്ചടിച്ചാല്‍ കള്ളപ്പണക്കാര്‍ വിവരമറിയില്ലേ? എ.റ്റി.എമ്മുകളില്‍ പുതിയ അളവുകളിലുള്ള കറന്‍സി നല്‍കാനുള്ള സംവിധാനം നേരത്തേ തന്നെ സ്ഥാപിച്ചാല്‍ രഹസ്യം പുറത്താകില്ലേ? കള്ളപ്പണം പിടിക്കാന്‍ സാധാരണ ജനങ്ങളും ഇത്തിരി ബുദ്ധിമുട്ടൊക്കെ സഹിക്കണ്ടേ? എന്നൊക്കെ വാദിക്കുന്ന ആളുകളുടെ അടിസ്ഥാനപരമായ ചോദ്യം ‘കയ്ച്ചാലല്ലേ മരുന്നിന് ഫലമുണ്ടാകൂ?’ എന്നുതന്നെയാണ്.

കര്‍ഷകര്‍ക്ക് കൃഷിയില്‍ നിന്ന് ലഭിക്കുന്ന പണത്തിന് വരുമാന നികുതിയില്ല എന്നതാണ് ഈ പശ്ചാത്തലത്തില്‍ കാണേണ്ട ക്രൂരമായ ഒരു തമാശ. നിയമപരമായി വരുമാന നികുതി വെട്ടിക്കാന്‍ ഒരു സാദ്ധ്യതയുമില്ലാത്ത ചെറുകിട കര്‍ഷകരാണ് കള്ളപ്പണക്കാരായ വ്യാപാരികളെയും മറ്റും പിടിക്കാന്‍ വീശിയ വലയില്‍ കിടന്ന് പിടയുന്നത്. 

മോദിയെപ്പോലെ മാവോയും ഒരു ശക്തനായ ഭരണാധികാരിയായാണ് അറിയപ്പെട്ടിരുന്നത്. ശക്തി തെളിയിക്കാനുള്ള നല്ലൊരു മാര്‍ഗ്ഗമാണല്ലോ രാജ്യത്തെ മുഴുവന്‍ ഇളക്കി മറിക്കുന്ന വലിയ പദ്ധതികള്‍ ആരംഭിക്കുക എന്നത്? മാവോ ഇത് പലപ്രാവശ്യം പയറ്റിയിട്ടുണ്ട്. ആദ്യം പരാമര്‍ശിച്ച ഗ്രേറ്റ് ലീപ്പ് ഫോര്‍വേഡ്, സാംസ്‌കാരിക വിപ്ലവം എന്നിങ്ങനെയുള്ള പദ്ധതികള്‍ പലതും ജനങ്ങള്‍ക്ക് വലിയ ദുരിതങ്ങളാണ് സമ്മാനിച്ചത്. പിന്നീട് വന്ന ഡെങ് ഇനി ഇത്തരം വലിയ പദ്ധതികള്‍ ചൈനയില്‍ നടപ്പിലാക്കുകയില്ല എന്ന തീരുമാനമെടുക്കുന്നതിലാണ് ചൈനയിലെ കഥ അവസാനിക്കുന്നത്. ഇന്ത്യയിലെ കഥയും ജനങ്ങളുടെ ദുരിതത്തിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇത് കൃഷി നാശത്തിലും പട്ടിണി മരണത്തിലും അവസാനിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

(അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഫോറന്‍സിക് & ടോക്‌സിക്കോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഫസറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍