UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനാധിപത്യത്തിന് ചില ജാഗ്രതകള്‍ ആവശ്യമാണ്; തല്‍ക്കാലം അതിങ്ങനെയാണെന്നേയുള്ളൂ

Avatar

പ്രിയന്‍ അലക്‌സ്

സ്വാതന്ത്ര്യസമരം ജനാധിപത്യത്തിനുവേണ്ടിയുള്ള സമരമായിരുന്നു. ഇത് നന്നായി മനസിലാക്കിയ ഒരാള്‍ ഇ എം എസ് ആണ്. അതാണല്ലോ ബാലറ്റ് പെട്ടിയിലേക്ക് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ എത്തിച്ചത്. മറുവാദങ്ങളുണ്ട്: (ജനാധിപത്യം ഒരു ഉല്പന്നമല്ല, ഒരു പ്രക്രിയയാണ് എന്നതാണ് കൂടുതല്‍ ശരി, ആ പ്രക്രിയയിലാണ് നമ്മളും). സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ജ്ഞാനഘടനയില്‍നിന്ന് മുക്തരായ ഒരു ജനസഞ്ചയത്തില്‍മാത്രമേ ഭീകരവാദത്തെക്കുറിച്ചും മാവോയിസ്റ്റുകളെക്കുറിച്ചും ‘പഠിപ്പീര്’ നടത്തി സ്‌റ്റേറ്റിന് പൗരന്മാരെ സാന്ത്വനിപ്പിക്കാനാവൂ. സ്വാതന്ത്ര്യത്തിനുമുമ്പും ഇവിടെ സ്‌റ്റേറ്റ് ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. ഇനിയും ഉണ്ടാവും. ജനാധിപത്യത്തിന്റെ ബൃഹദ്ഘടനയില്‍ എല്ലാ അഭിപ്രായങ്ങള്‍ക്കും സ്ഥാനമുണ്ട്. നാമത് നിഷേധിക്കരുത്. വ്യക്തിപരമായ തിരഞ്ഞെടുപ്പ് (individual option) ഒരു പൗരാവകാശമാണ്. അത് മാവോയിസമായാലും മാണിസമായാലും. Vox populi vox dei എന്നാണല്ലോ (അതായത് തല്‍ക്കാലം ഷൈനയും രൂപേഷുമാണ്, മാവോയിസമല്ല, അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക).

സ്‌റ്റേറ്റ് ആയുധങ്ങള്‍ സംഭരിക്കുന്നുണ്ട്. പൗരന് വേണ്ടി പ്രതീകവല്‍ക്കരിച്ച് അധികാരപൂര്‍വ്വം ആയുധങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ആ നിലയ്ക്ക് സായുധപോരാട്ടത്തെ സൈദ്ധാന്തികത കൊണ്ട് നേരിടാനാവുമോ? അങ്ങനെയൊരു എതിര്‍ പ്രതീതി സ്‌റ്റേറ്റും പൗരനും തമ്മിലുണ്ടോ? പൗരന്റെ നിസ്സഹായതയല്ലാതെ. അത് മാത്രമേ പ്രതീക്ഷിക്കാവൂ എന്നല്ലേ വയ്പ്പ്. തല്ലുന്നവനെ തിരിച്ചുതല്ലുക എന്നത് ഒരു നാട്ടറിവാണ്. അപ്പോള്‍ വേദനയില്‍നിന്ന് മുക്തിയുണ്ടാവുന്നുണ്ടോ? അങ്ങനെയൊരു വിമോചനം നല്‍കാന്‍ ജനാധിപത്യത്തിന് കഴിയണമെങ്കില്‍ അതിന്റെ വ്യാജപരിവേഷത്തെയും പൊയ്ക്കാലുകളെയും പറിച്ചെറിയേണ്ടതുണ്ട്. അതായത് കോമാളിത്തരത്തിന് പ്രകടമായ ഒരു രൂപമുണ്ട്. അത് കോമാളിയാണെന്നറിയാം. എന്നാലോ ഹാസ്യനടന്‍ ഗൗരവമുള്ള കാര്യങ്ങളെ തമാശയാക്കുകയാണ്. അതില്‍ കാല്‍പ്പനികതയില്ല, കാലുഷ്യമുണ്ട്. അത് കണ്ട് ചിരിക്കേണ്ടിവരുന്ന ഗതികേടുണ്ട്. അത് നാഗരികതയെ നശിപ്പിക്കുന്നു. നമ്മുടെ കോമഡി ഷോകളുടെ സാമൂഹികവിമര്‍ശനം അത്രയും നിസാരവും നിഷ്‌കളങ്കവുമാണ്. അത് അഴുക്കിനെ വളമാക്കുകയാണ്. നാണമില്ലാത്ത ആസനത്തിലെ അരയാലിനുചുറ്റും പാട്ടകൊട്ടി ഉത്സവമാഘോഷിക്കുകയാണ്. നമ്മുടെ ജ്ഞാനഘടനയിലെ ഈ നിഷ്‌കളങ്കതയാണ് ഇടതും വലതും തമ്മില്‍ എന്ത് വ്യത്യാസം എന്ന് ചോദിപ്പിക്കുന്നത്.

എതിരഭിപ്രായമുണ്ട്. അത് സൈദ്ധാന്തികമാണ്. അതിന് സ്‌റ്റേറ്റുമായും സ്‌റ്റേറ്റിന്റെ വര്‍ഗതാല്പര്യങ്ങളുമായും ബന്ധമുണ്ട്. പക്ഷെ അത് പ്രകടിപ്പിക്കുന്നവരെ ആ നിലയ്ക്കല്ല, തടങ്കല്‍പ്പാളയങ്ങള്‍ത്തീര്‍ത്ത്, കള്ളക്കേസുകള്‍ ചുമത്തി മര്‍ദ്ദകസ്വഭാവമുള്ള തരത്തില്‍ അധ:പതിക്കുമെങ്കില്‍ മാവോയിസം തെറ്റാവുന്നതെങ്ങനെ? മദ്ധ്യവര്‍ഗം എപ്പോഴും ഒരു രക്ഷകനെ കാത്തിരിക്കുന്നുണ്ട്. അത് നിശ്ചയമായും ചെഗുവേരയല്ല, (വര്‍ഗീസിനെ പണ്ടേ മദ്ധ്യവര്‍ഗത്തിനുവേണ്ട, മനോരമ കുറച്ചധികം കോപ്പികള്‍ വിറ്റതാണ്, ഐ ജി ലക്ഷ്മണയ്ക്കും മനോരമയ്ക്കും ഓര്‍മ്മക്കുറവാണ്). ആ രക്ഷകന്‍ മദ്ധ്യവര്‍ഗത്തെക്കൂടി ബൂര്‍ഷ്വാവല്‍ക്കരിച്ച് രക്ഷിക്കുന്ന ഒരാളായിരിക്കണം. അത് നരേന്ദ്ര മോദി പോലുമാവാം. ജന്മിക്കുട്ടികള്‍ കമ്മ്യൂണിസ്റ്റുകാരായതിനാലാണല്ലോ എ വര്‍ഗീസിന് നക്‌സലൈറ്റാവേണ്ടിവന്നത്. നാഗരിക ബുദ്ധിജീവികള്‍ മുഖ്യധാരാപാര്‍ട്ടിപരിസരങ്ങളിലേക്ക് ഒഴുകുകയാണ്. പാര്‍ട്ടി ബ്യൂറോക്രസിയും ജനാധിപത്യവും നല്‍കുന്ന സാമൂഹിക ചലനാത്മകത (social mobiltiy) എത്ര വാഗ്ദത്തമാണ്. അതേസമയം വ്യതിയാനത്തെ (deviance) ശിക്ഷണപ്പെടുത്താന്‍ സ്‌റ്റേറ്റ് പോലീസിനെ ഉപയോഗിക്കുന്നു. അവിടെയാണ് കുഴപ്പം. ജനാധിപത്യം ഓഫര്‍ ചെയ്യുന്ന സര്‍ഗാത്മകതയും സ്വാതന്ത്ര്യവും ‘അനുവദിക്കപ്പെട്ടത്’ എന്ന പരിധിക്കകത്താണ്. ഈ പരിധിക്കകത്ത് പോലും രാഷ്ട്രീയസ്വാതന്ത്ര്യം വിനിയോഗിക്കപ്പെടുന്നത് മുഖ്യധാരാപാര്‍ട്ടികളും അവരുടെ പൊതുസമൂഹമണ്ഡലവും വഴിയാണ്. അപ്പോ പിന്നെ കാടുകയറാതെങ്ങനെയാണ് രാമരാജ്യം? 

ആദിവാസികളുടെയും അവരുടെ പെരുമാന്മാരുടെയും കഥ കുറച്ച് വ്യത്യസ്തമാണ്. നമ്മുടെ രാജ്യത്ത് സമഗ്രമായ ഒരു ആദിവാസി വിഷയമുണ്ട്. പാവങ്ങളുടെ പടത്തലവനായി എല്ലായിടത്തും (ഏതാണ്ട് ഭാരതമെമ്പാടും, കിസാന്‍ സഭയിലൂടെയും മറ്റും) ഇടപെട്ട എ കെ ജി പോലും ആദിവാസി വിഷയത്തില്‍ കണ്ണുചിമ്മി. അമരാവതിയിലെ കുടിയേറ്റക്കര്‍ഷകര്‍ക്കുവേണ്ടി ഇടപെട്ടത് (കുടിയേറ്റക്കാരിലൊരൊറ്റ കമ്മ്യൂണിസ്റ്റുകാരനുമില്ലായിരുന്നു) വര്‍ഗീസായിരുന്നില്ല. അങ്ങനെയൊരു ദുശീലം വര്‍ഗബോധത്തില്‍ മായം കലര്‍ത്തിയിട്ടുണ്ട്. എന്നിട്ടും മലയാളി മന:സാക്ഷി അനങ്ങിയില്ല. വര്‍ഗീസ് കൊല്ലപ്പെടുമ്പോള്‍ ഗള്‍ഫിലേക്ക് പോവുന്ന, എണ്ണപ്പാടത്ത് കൊയ്യുന്ന പൈങ്കിളികളായിരുന്നു നമ്മള്‍ (സാക്ഷരതാപ്രസ്ഥാനവും മനോരമ ആഴ്ച്ചപതിപ്പും നല്ല ഫോമിലായിരുന്നു). വോട്ടും നോട്ടുമുള്ളവരുടെ രാഷ്ട്രീയം മാത്രം ശീലമായത് അന്നുമുതലാണ്. ഉപഭോക്താവാണ് രാജാവെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ജനാധിപത്യം ഇന്ത്യയിലൊരുല്‍പ്പന്നമാണ്. അത് സോപ്പാണ്. ആര്‍ക്കും വാങ്ങാം. മാവോയിസ്റ്റുകള്‍ക്കും വാങ്ങിക്കുളിക്കാമെന്ന് അവര്‍ പറയുന്നു. നല്ല പരസ്യമൊക്കെയുണ്ട്. ലോകത്തിലെ ഏറ്റവും വലുതാണ്. കുളിക്കാത്തവര്‍ക്ക് സോപ്പ് എന്തിനാണ്. അപ്പോഴാണ് കുറച്ചുപേര്‍ കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്നത്. കുളിക്കാത്ത കൊച്ചിനെ തല്ലാനിട്ടോടിക്കുകയും ചെയ്യുന്നു. ഇങ്ങനെ ലോകരെമൊത്തം ജനാധിപത്യവല്‍ക്കരിക്കുന്ന മറ്റൊരു മഹാന്‍ അമേരിക്കന്‍ പ്രസിഡന്റാണ്. അതെയതെ, എല്ലാം അതിന്റെയൊരിതാണ്. ആദിവാസികളെ സംബന്ധിച്ച് വലിയ വലിയ പഠനങ്ങള്‍ നടക്കെണ്ടതുണ്ട്. ആന്ത്രപ്പോളജിയെ നമ്മള്‍ കാട്ടിലേക്കയക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ‘ നട്ടുച്ചയ്ക്ക് ഞാന്‍ ഇരുട്ടു കാണുന്നു’ എന്ന സച്ചിദാനന്ദന്‍ കവിത വീണ്ടുമാലപിക്കേണ്ടിവരും. അപ്പോഴുമിതാണ്, മനുഷ്യന്‍ അവന്റെ അവകാശങ്ങള്‍ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ അവശേഷിക്കുവോളം, നമ്മുടെ ജനാധിപത്യം ചതുരചക്രങ്ങളിലാണ്, ഒന്നുകൂടി ഉന്തണം, കാലമൊന്നുരുളട്ടെ.

‘വിട, വെടിമരുന്ന് ചുവയ്ക്കുന്ന 
ചരിത്രത്തിന്റെ മഴകള്‍ക്ക്
മുന്തിരിത്തോപ്പുകളേ, തിരിച്ചുവരൂ
തിരിച്ചുവരൂ ആട്ടിന്‍കുട്ടികളേ,
കുരുവികളേ, താമരപ്പൊയ്കകളേ,
മണല്‍ത്തരിക്കരിക്കകത്തുനിന്നു വിളിക്കുന്നു
(ചിദാകാശം’ സച്ചിദാനന്ദന്‍)

ആദിവാസികള്‍ക്ക് ഇനി പെരുമന്മാരെ ആവശ്യമില്ലെന്നും അവരായി അവരുടെ പാടായി എന്നും നാഗരിക ബുദ്ധിജീവികള്‍ പറഞ്ഞുകഴിഞ്ഞു. ഫാസിസത്തിനെ നേരിടുകയാണ് അവര്‍. ഫാസിസത്തിന്റെ കുറുവടിക്ക് മാര്‍ക്‌സിസ്റ്റുകാരന്റെ ആറടിച്ചൂരല്‍, റെഡ് വോളന്റിയര്‍ മാര്‍ച്ച്, ദേശാഭിമാനി പത്രത്തില്‍ മുഴുപ്പേജ് ലേഖനങ്ങള്‍. ഇതിനിടയിലാണ് മാവോയിസ്റ്റുകാരുടെ ഇല്ലാത്ത തോക്ക്. ഇല്ലാത്ത അണുബോംബിനുവേണ്ടി ഇറാഖില്‍ യുദ്ധം നടന്നപ്പോള്‍ ഇന്ത്യമൊത്തം ഇളകി മറിഞ്ഞതാണ്. എന്നിട്ടും ആദിവാസികളെ തോക്കിന്മുനയില്‍ നിര്‍ത്തിയ ആ തോക്കിനുവേണ്ടി ആരുമില്ലേ ഇവിടെ? പോലീസ് സ്‌റ്റേഷനിലും ബോംബുണ്ടാക്കും എന്ന് പറഞ്ഞയാള്‍ പിന്നെ ആഭ്യന്തരമന്ത്രിയായി, പാര്‍ട്ടി സെക്രട്ടറിയായി. അല്ലെങ്കില്‍പ്പിന്നെ ഈഴവര്‍ക്കും, ക്രിസ്ത്യാനിക്കും (മുന്നോക്കം പിന്നോക്കം വെവ്വേറെ), മുസ്ലിമിനും ( മുടിയുള്ളതും ഇല്ലാത്തതും) താക്കോലുള്ളതും ഇല്ലാത്തതുമായ നായര്‍ക്കും വോട്ടില്ലേ, അതെല്ലാം പല കോമ്പിനേഷനിലുണ്ട്. സൈദ്ധാന്തികവിഷയങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യുന്നവര്‍ ഭീകരരാണ്. അതെ, മാവോയിസ്റ്റുകള്‍ ഭീകരരാണല്ലോ? കൊടും ഭീകരര്‍. വേണമെങ്കില്‍ ശാസ്ത്രസാഹിത്യപരിഷത്തിനെയോ ബാലസംഘത്തെയോ ഇറക്കി ഒരു തെരുവുനാടകമാവാം ‘മക്കളേ മാവോയിസ്റ്റാവരുതേ’ എന്ന ടൈറ്റിലില്‍. അല്ലാതെന്ത് വിപ്ലവം, അതിപ്പോ ഏമ്പക്കമായാല്‍പ്പോലും (ഏമ്പക്കം വയറുനിറച്ചുണ്ടവര്‍ക്കല്ലേ?). പണ്ടൊക്കെ പോലീസ് പരാതിയില്‍, കുട്ടനാട്ടിലൊക്കെ സ്വാതന്ത്ര്യത്തിനുമുമ്പ് ടിയാള്‍ സര്‍വ്വോപരി കമ്മ്യൂണിസ്റ്റുകാരനുമാണ് എന്ന് കുറ്റമാരോപിച്ചിരുന്നു, അതൊക്കെ ഒരു കാലം; (അല്ലെങ്കിലും നൊസ്റ്റാള്‍ജിയ ഒരു ഇടുക്കി ഗോള്‍ഡാണ്). ജനാധിപത്യം തല്‍ക്കാലം ബോണ്‍സായ് രൂപത്തില്‍ ചെടിച്ചട്ടിയിലാക്കി വളര്‍ത്താം. അങ്ങനെയിപ്പോ വേറാരും തിന്നണ്ട എന്ന മട്ടിലാണ്.

പക്ഷെ ഒരു കുഴപ്പമുണ്ട്, എലിക്കെണി വെച്ചതുപോലെയാണ്. എലി വരണം എന്ന മട്ടിലാണ് കാര്യങ്ങള്‍. ഇടയ്ക്കിടയ്ക്ക് വിപ്ലവത്തെക്കുറിച്ച് ആരെങ്കിലുമൊന്നോര്‍മ്മിക്കണം. എങ്കിലേ ജനാധിപത്യം ഒന്നുഷാറാവൂ, പുതിയ എലിക്കെണികളുണ്ടാവൂ. അതാണല്ലോ ജാഗ്രത. അതെയതേ. പറഞ്ഞപോലെ, ജനാധിപത്യത്തിന്റെ അന്തിമരൂപമെന്താണെന്ന്, അത് മുകളിലിരിക്കുന്നവനും പിന്നെ ശിവന്‍കുട്ടിക്കുമേ അറിയൂ.

മറവിക്കാര്‍ക്കുവേണ്ടിയാണ്. ജനാധിപത്യത്തിലും ഒരു വിപ്ലവമുണ്ട്. ബൂര്‍ഷ്വാസിയുടെ വര്‍ഗതാല്പര്യങ്ങള്‍ക്കുവേണ്ടിയുള്ള കമ്മിറ്റിയാണ് ഭരണകൂടം എന്ന് മാനിഫെസ്‌റ്റോയില്‍ പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഭരണകൂടം എന്തിനാണ്? സ്വയം അപകടപ്പെടുത്തുന്ന ഒരു വിമോചനത്തെ അത് സ്വന്തം ചെലവില്‍ സംരക്ഷിക്കുമോ? എന്നിരുന്നാല്‍പ്പോലും ജനകീയപ്രശ്‌നങ്ങളെ അവഗണിച്ച് പാര്‍ശ്വവല്‍ക്കരിക്കുമ്പോള്‍പ്പിന്നെ അങ്ങനെയൊരു രൂപേഷ് വേണ്ടതല്ലേ. Long live Revolution എന്ന് വെറുതെ ഒന്നുമല്ലല്ലോ പറയുന്നത്. സര്‍ഗാത്മകതയും സ്വാതന്ത്ര്യവും വിപ്ലവവും തുടരേണ്ടതാണ്. ഒന്നും അവസാനിക്കില്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

‘ലക്ഷ്യത്തില്‍ എത്താന്‍ എനിക്ക് കഴിഞ്ഞില്ലെന്ന് വരും. പക്ഷെ എന്റെ സഖാക്കള്‍ എന്റെ മാര്‍ഗത്തില്‍ കൂടുതല്‍ ആവേശത്തോടെ മുന്നേറുകയും ലക്ഷ്യത്തില്‍ എത്തുകയും ചെയ്യും. ഭാരതത്തില്‍ ദരിദ്രരുടെയും ഭാരം ചുമക്കുന്നവരുടെയും കഷ്ടപ്പെടുന്ന എല്ലാ ഇടത്തരക്കാരന്റെയും വസന്തകാലം വിരിയും. ഈ വസന്തത്തിന്റെ പിറവി കാണാന്‍ അതിനായി ആഗ്രഹിക്കുന്ന എനിക്ക് അതിന് കഴിഞ്ഞില്ലെങ്കിലും ദു:ഖമുണ്ടാവില്ല. കാരണം എന്റെ സഖാക്കള്‍ക്ക് അത് കാണാന്‍ കഴിയും. അത് നിശ്ചയമാണ്.’ പറഞ്ഞത് എ കെ ജിയാണ്. ഇടതുപക്ഷ ബോധ്യമുള്ള എല്ലാവരും കാല്പനികരാവട്ടെ എന്നാശിക്കുന്നു. വീണ്ടും വീണ്ടും. അതാവട്ടെ ജാഗ്രത.

 

(പയ്യന്നൂര്‍ സ്വദേശിയായ പ്രിയന്‍ അലക്‌സ് വെറ്ററിനറി സര്‍ജനായി ജോലി ചെയ്യുന്നു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍