UPDATES

ട്രെന്‍ഡിങ്ങ്

മാവോയിസ്റ്റുകള്‍ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചവരാണ്; പക്ഷേ അവരെ സംഹരിച്ചല്ല പരിഹാരം കാണേണ്ടത്

അവര്‍ സമൂഹത്തിന്റെ ശത്രുക്കളുമല്ല മറിച്ചു സമൂഹത്തിലെ നീറുന്ന പ്രശ്‌നങ്ങളുടെ നേര്‍ക്കുള്ള അവരുടെ വ്യത്യസ്തമായ സമീപനമാണ് അവരെ നമ്മളിൽ നിന്നും വ്യത്യസ്തരാക്കുന്നത്

ഏറെ ദുരൂഹതകൾ അവശേഷിപ്പിച്ചാണ് നിലമ്പൂര്‍ കരുളായി വനമേഖലയില്‍ രണ്ട് ഉന്നത മാവോവാദിനേതാക്കൾ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.  ഈ നേതാക്കളാരും കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് സ്വാഭാവികമായി ഉണ്ടായവരല്ല, മറിച്ചു അന്യസംസ്ഥാനത്തു നിന്നും സുരക്ഷിത താവളം തേടി കേരളത്തിന്റെ ഉൾക്കാടുകളിൽ അഭയം തേടിയവരാണ്. മാറിമാറിവന്ന സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയും കേരളാപൊലീസിന്റെ നിസ്സംഗതയും അമിത ആത്മവിശ്വാസവുമാണ് അതിനു പ്രധാന കാരണം. കാരണം കേരളത്തിന്റെ കാടുകളില്‍ ഒളിത്താവളങ്ങൾ മെനയുന്ന മാവോവാദികൾ മറ്റു സംസ്ഥാനങ്ങളിലെ താവളങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ഇവിടുത്തെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതി മുതലെടുത്തു കൊണ്ട് സുരക്ഷിതത്വം നേടുക മാത്രമാണ് ചെയ്യുന്നത്.

കേരളത്തിലെ നക്സൽ പ്രസ്ഥാനങ്ങൾ ഇന്ന് തികച്ചും ദുർബലമാണ്. കേരളത്തിലെ പുത്തൻ തലമുറയിലെ ആരുംതന്നെ ഈ പ്രസ്ഥാനത്തിലേക്ക്  ഇപ്പോൾ ആകർഷിക്കപ്പെടുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് നമ്മുടെ കുത്തക മാധ്യമങ്ങൾ ഭീതിജനകമായ വ്യാജ വാർത്തകൾ മെനഞ്ഞ്  നക്‌സലിസം കേരളത്തെ പിടിച്ചെടുക്കാന്‍ പോകുന്നുവെന്നും ഭീകരമായ ഒരു അവസ്ഥ കേരളത്തില്‍ സംജാതമാകാന്‍ പോകുന്നുവെന്നുമുള്ള ഭയം കേരളത്തിലെ സാധാരണക്കാരുടെ മനസ്സില്‍ സൃഷ്ടിക്കുകയായിരുന്നു. കൂടാതെ ഈ  മാധ്യമങ്ങൾ തന്നെ കേരളത്തിലെ അന്നത്തെ നക്സൽ നേതാക്കളെ കൊടുംഭീകരരാക്കി ചിത്രീകരിച്ചു. അടിയന്തരാവസ്ഥയുടെ തണലിൽ  അന്നത്തെ സർക്കാർ തങ്ങളുടെ മർദ്ദനോപകാരണമായ പോലീസിനെ ഉപയോഗിച്ച് നിരപരാധികൾ ഉൾപ്പടെ ഒട്ടനവധിപേരെ വെടിവെച്ചും, തല്ലിച്ചതും, ഉരുട്ടിയും കൊലപ്പെടുത്തി.

ബംഗാളിലെ നേപ്പാള്‍ അതിര്‍ത്തിക്കടുത്ത നക്‌സല്‍ബാരി ഗ്രാമത്തില്‍ അറുപതുകളുടെ അവസാനം ജന്മിത്വത്തിനും പട്ടിണിക്കുമെതിരെയുള്ള സായുധ പോരാട്ടമായി ആരംഭിച്ചതാണ് നക്‌സല്‍ പ്രസ്ഥാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ 2004 സപ്തംബര്‍ 21-നാണ് ലയിച്ച് സിപിഐ (മാവോവാദി) എന്നപേരില്‍ അറിയപ്പെടാന്‍ ആരംഭിച്ചത്. ദരിദ്രരും അശരണരുമായ ആദിവാസികളുടെ നിര്‍ലോഭമായ പിന്തുണയാണ് മാവോവാദി പ്രസ്ഥാനത്തെ നിലനിര്‍ത്തുന്നത്. രാജ്യത്തെ 626 ജില്ലകളില്‍ 231 ജില്ലകളും നക്‌സല്‍ ബാധിതമാണെന്നാണ് കണക്കെങ്കിലും ചുവപ്പന്‍ ഇടനാഴിയിലൂടെ (റെഡ് കോറിഡോര്‍) വളർന്നു ഏകദേശം ഇന്ത്യയുടെ മൂന്നിലൊന്ന് ഭാഗത്ത് ശക്തമായ സ്വാധീനം ഉണ്ടാക്കിയിരിക്കുകയാണ് അവരിന്ന്. എങ്കിലും പ്രധാനമായും‍ ആന്ധ്ര, തെലുങ്കാന, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളാണ് മാവോവാദികളുടെ പ്രധാന പ്രവർത്തന മേഖല. ഈ സംസ്ഥാനങ്ങളിലുമുള്ള വനപ്രദേശവും അവികസിത ഗ്രാമങ്ങളുമാണ് മാവോവാദികൾക്ക് സുരക്ഷാ കവചമാകുന്നത്. ഈ സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ആദിവാസികളും പിന്നാക്ക വിഭാഗങ്ങളുമാണ്. വന ഉത്പന്നങ്ങളും കൃഷിയും ജീവിതമാര്‍ഗമായ ഇവിടത്തെ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസവും പ്രാഥമിക ആരോഗ്യ സംവിധാനവും ഇനിയും എത്തിയിട്ടില്ല. തന്നെയുമല്ല ഈ ഗ്രാമവാസികള്‍ക്കെല്ലാം ‘സര്‍ക്കാര്‍’ എന്നതിനര്‍ഥം സർക്കാരിന്റെ ‘മർദ്ദനോപകരണമായ പോലീസ്’ എന്നു മാത്രമാണ്. കാരണം ഗ്രാമങ്ങളില്‍ മാവോവാദികളുടെ വിവരം നല്‍കാന്‍ ആവശ്യപ്പെട്ടെത്തുന്ന പോലീസിനെയല്ലാതെ മറ്റൊരു സര്‍ക്കാര്‍ പ്രതിനിധികളേയും അവര്‍ അവരുടെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല.

ഛത്തീസ്ഗഢില്‍ ബസ്തര്‍മേഖലയില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവായ മഹേന്ദ്ര കര്‍മയുടെ നേതൃത്വത്തില്‍ ആരംഭിച്ച പോലീസിന്‍േറയും പ്രാദേശിക ഗുണ്ടാസംഘങ്ങളുടെയും സംയുക്തസേനയായ ‘സല്‍വാ ജൂദും’ തന്നെ ഇതിനു ഒരു പ്രത്യക്ഷ ഉദാഹരണമാണ്. ഇതിന്റെ ആവിര്‍ഭാവത്തിനുശേഷം ഈ മേഖലയില്‍ നക്‌സല്‍ പ്രസ്ഥാനത്തിന്റെ ശക്തി 22 മടങ്ങാണ് വര്‍ധിച്ചതെന്നാണ് പോലീസിന്റെ തന്നെ കണക്കുകൾ സൂചിപ്പിക്കുന്നത്.  തന്നെയുമല്ല നിരപരാധികളായ ആദിവാസികളെയും ഗോത്രവർഗക്കാരെയും ക്രൂരമായ രീതിയിൽ കൊലപ്പെടുത്തി മാവോവാദികളുടെ മേൽ “കെട്ടിവക്കുന്ന” ഇത്തരം പോലീസ് – ഗുണ്ടാ കൂട്ടുകെട്ടിന്റെ പ്രവർത്തനവും ഈ മേഖലകളിൽ മാവോയിസം വളർത്തി.

mao1

പാക്കിസ്ഥാന്‍റെ ഐഎസ്ഐയുടെയും നേപ്പാൾ വഴി ചൈനയുടെയും ഇടപെടലും ഇവിടെ ഉണ്ടായിട്ടുണ്ട്. നിലനിൽപ്പിനായി അറിഞ്ഞോ അറിയാതെയോ ഇന്ത്യയിലെ മാവോവാദി പ്രസ്ഥാനങ്ങൾ ആ ചതിയിൽ പെട്ടുപോവുകയും ചെയ്തു.

മാവോവാദികൾ രാജ്യത്തിനെതിരായി യുദ്ധം പ്രഖ്യാപിക്കുന്നവരാണ്. അനീതിയെ ആയുധംകൊണ്ടു നേരിടുക എന്ന ഇവരുടെ തീവ്ര ചിന്താഗതി രാജ്യത്തു കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. എന്നിരുന്നാലും അവർ നമ്മുടെ സമൂഹത്തിന്റെ തന്നെ ഭാഗമാണ് എന്ന തിരിച്ചറിവില്ലായ്മയാണ് അവർക്കെതിരെ യുദ്ധം പ്രഖ്യാപിക്കാൻ നമ്മുടെ ഭരണകൂടങ്ങളെ പ്രേരിപ്പിക്കുന്നത്. ഒരിക്കലും അവര്‍ സമൂഹത്തിന്റെ ശത്രുക്കളുമല്ല, മറിച്ച് സമൂഹത്തിലെ നീറുന്ന പ്രശ്‌നങ്ങളുടെ നേര്‍ക്കുള്ള അവരുടെ വ്യത്യസ്തമായ സമീപനമാണ് അവരെ നമ്മളിൽ നിന്നും വ്യത്യസ്തരാക്കുന്നത്. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതും അവര്‍ ചൂണ്ടിക്കാട്ടുന്ന സാമൂഹ്യപ്രശ്‌നങ്ങളെ ശരിയായ തലത്തില്‍ പഠിച്ച് അതിനു പരിഹാരം കാണേണ്ടതും ഭരണകൂടങ്ങളുടെ ബാധ്യതയും ഇന്ത്യയുടെ നിലനിൽപ്പിനും, അഖണ്ഡതക്കും അത്യാവശ്യവുമാണ്. അല്ലാതെ അവരെ രാജ്യത്തിന്റെ ശത്രുക്കളായി കണ്ട് പ്രത്യേക സേനയുടെ സഹായത്തോടെ “സംഹരിക്കുകയല്ല” വേണ്ടത്. നമ്മുടെ ഭരണകൂടങ്ങൾ അവരെ അങ്ങനെ സംഹരിക്കാൻ ശ്രമിച്ചാൽ പരോക്ഷമായി രാജ്യത്തിന്റെ യഥാർഥ ശത്രുക്കൾക്ക് രാജ്യം തന്നെ ചെയ്യുന്ന ഏറ്റവും വലിയ ഉപകാരമായിരിക്കും അത്.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ബി ശ്രീകുമാര്‍

ബി ശ്രീകുമാര്‍

സാമൂഹ്യ നിരീക്ഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍