UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തെ ഹിപ്പോക്രസിയുടെ സമൂഹമാക്കിയത് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍-അഭിമുഖം/കെ.പി സേതുനാഥ്

Avatar

കേരളത്തിന്‍റെ വനമേഖലകളില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന സര്‍ക്കാര്‍ പ്രചരണം അനുദിനം ശക്തിപ്പെട്ടുവരികയാണ്. ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ട് എന്ന പേരില്‍ മാവോയിസ്റ്റ് വേട്ടയ്ക്കുണ്ടാക്കിയ പ്രത്യേക സേന തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.  ഇതിനിടയില്‍ വയനാട്ടിലെയും മറ്റുമുള്ള ചില ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് ചില ലഘുലേഖകളും ചുമരെഴുത്തുകളും കണ്ടെടുക്കുന്നു. ചില വെടിയൊച്ചകള്‍, ഒറ്റപ്പെട്ട ആക്രമണങ്ങള്‍, ജനകീയ സമരങ്ങളുടെ പക്ഷത്തു നിന്ന് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന കേരളീയം ഓഫീസില്‍ മാവോ വേട്ടയുടെ പേരില്‍ പോലീസ് റെയ്ഡ്. 70 കളിലെയും 80 കളിലെയും നക്സലൈറ്റ് മൂവ്മെന്‍റിന് ശേഷം കേരളം വീണ്ടും തീവ്രഇടതുപക്ഷ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് നീങ്ങുന്നു. കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തെയും വര്‍ത്തമാനത്തെയും വിശകലന വിധേയമാക്കുകയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കെ പി സേതുനാഥ് ഈ അഭിമുഖത്തില്‍. അഭിമുഖത്തിന്റെ ഒന്നാം ഭാഗം ഇവിടെ വായിക്കാം, മാവോയിസത്തിന് കേരളത്തില്‍ എന്തു പ്രസക്തി?

എന്തുകൊണ്ടാണ് ആധുനിക വികസന സമ്പ്രദായങ്ങളുമായിട്ട്  മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിന് സംവദിക്കാന്‍ പറ്റാത്തത്?

ആന്ധ്രയില്‍ ഇന്നത്തെ തെലങ്കാനയിലാണ് 80-കളില്‍ ഇവര്‍ വരുന്നത്. 2000 വരെ ഏതാണ്ട് സജീവമായിട്ട് അവര്‍ അവിടെയുണ്ടായിരുന്നു. ചിലസമയങ്ങളില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത റാലികള്‍ വരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞു. ഇതിനിടയില്‍ നേതൃത്വനിരയിലുള്ള ഒരുപാടുപേര്‍ കൊല്ലപ്പെട്ടു. കൊണ്ടപ്പള്ളിക്ക് പ്രായമായതിന്റെ പ്രശ്നങ്ങള്‍. സത്യമൂര്‍ത്തിയാണെങ്കില്‍ നേരത്തെ തെറ്റിപ്പിരിഞ്ഞു പോവുകയും പിന്നീട് ചിരജ്ഞീവിയുടെ പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു.  ആദ്യകാലത്ത് ഇവരുടെ സഹയാത്രികനും പിന്നീട് വിമര്‍ശകനുമായി മാറിയ അന്തരിച്ച കെ.ബാലഗോപാലനെപ്പോലുള്ളവരുടെ ലേഖനങ്ങളില്‍ പറയുന്നത് പ്രസ്ഥാനം ഡെഡ് എന്‍ഡില്‍ നില്‍ക്കുന്നു എന്നാണ്.  വയലന്‍സിലൂടെ ഇവര്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സ്വാധീനം നോണ്‍വയലന്റായിട്ടുള്ള നിലയില്‍ ഇവര്‍ പ്രകടിപ്പിച്ചിരുന്നെങ്കില്‍ മെച്ചമുണ്ടാകുമായിരുന്നോ എന്ന ഒരു ചോദ്യം അദ്ദേഹം ഉന്നയിക്കുന്നുണ്ട്. ആന്ധ്രയിലെ ഏറ്റവും നല്ല മനുഷ്യരാണ് ഇതില്‍ കൊല്ലപ്പെട്ടുപോയിട്ടുള്ളത്. ഒരുപക്ഷേ ഒരു സമൂഹത്തിലെ ഏറ്റവും അഭിമാനിക്കാവുന്നവര്‍. കൊല്ലപ്പെട്ടുപോകുന്ന ഒരു മനുഷ്യനെ റീപ്ലേയ്‌സ് ചെയ്യാനായിട്ട് വേറൊരു മനുഷ്യന്‍ വരുന്നില്ല.  ആന്ധ്രയില്‍ 80കള്‍ മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ ഏകദേശം നാലായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്. 

ഇവരുടെ സ്വാധീനത്തിന്റെ ഫലമായി ഭൂപരിഷ്ക്കരണ പ്രശ്‌നം സര്‍ക്കാര്‍ തലത്തില്‍ തന്നെ സ്പീഡപ്പ് ചെയ്യുന്നുണ്ട്. 6 ലക്ഷം ഹെക്ടറോളം ഭൂമി പുനര്‍വിതരണം ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. വിപ്ലവത്തിന്റെ ഘട്ടത്തില്‍ ചില തിരിച്ചടികള്‍ ഉണ്ടാകുമെന്നാണ് അവര്‍ പറയുന്നത്. തിരിച്ചടിയെന്ന് പറയുമ്പോള്‍ അള്‍ട്ടിമേറ്റ്‌ലി ഇത് മനുഷ്യരുടെ ജീവിതമാണ്. മുന്‍പൊരിക്കല്‍ ഒ.വി.വിജയന്‍ പറഞ്ഞൊരു കമന്റുണ്ട്. ‘ജീവിതം ഒന്നേയുള്ളു.. കുറ്റം ഏറ്റുപറയുമ്പോള്‍ നമ്മുടെ ജീവിതം കഴിഞ്ഞുകാണും. അടുത്ത ജനറേഷനോട് നമ്മള്‍ കുമ്പസരിച്ചിട്ട് കാര്യമില്ലല്ലോ.’ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പറയുന്നത് തെറ്റുപറ്റിയാല്‍ തങ്ങള്‍ തിരുത്തുമെന്നാണ്. തിരുത്തല് കഴിയുമ്പോഴായിരിക്കും ആ തിരുത്തലിനു വേണ്ടി കൊടുത്ത വില വളരെ വലുതാണെന്ന് തിരിച്ചറിയുന്നത്.

കേരളത്തിലെ ആദ്യകാല നക്‌സലൈറ്റ് പ്രവര്‍ത്തകനായിരുന്ന ടി.എന്‍.ജോയിയുടെ ഒരു കുറിപ്പുണ്ട്. എല്ലാ ജനറേഷനും അതിന്റേതായ തെറ്റുകള്‍ ചെയ്യാനുള്ള  അവകാശമുണ്ട്. സായുധ കലാപമൊന്നുമല്ല, ഒരു പൊതു ഇടതുപക്ഷത്തിന്റെ വഴിയെന്ന നിലയിലാണ് ജോയി പറയുന്നത്. പഴയ രീതിയിലുള്ളൊരു പാര്‍ട്ടി പ്രവര്‍ത്തനവും വിപ്ലവവും നടക്കുമെന്ന് അവരുപോലും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. ലോകത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ അത്രയധികം മാറിയിട്ടുണ്ട്. അല്ലെങ്കില്‍ മനുഷ്യരുടെ ഭാവനകള്‍ മാറിയിട്ടുണ്ട്. ആ മാറിയ ഭൗതികസാഹചര്യങ്ങള്‍ അനുസരിച്ചിട്ട് വേണം പ്രവര്‍ത്തിക്കാന്‍. ഇപ്പോള്‍ സംസാരിക്കുന്നതു തന്നെ മനുഷ്യര്‍ തമ്മിലല്ല. മെഷീനുകള്‍ തമ്മില്‍ സംസാരിക്കുന്ന ഒരു കാലഘട്ടമാണ്. ഒരു എസ്.എം.എസ്. അയക്കുമ്പോള്‍ നമ്മള്‍ ഒരു മെഷീനോടാണ് സംസാരിക്കുന്നത്. കോണ്‍വര്‍സേഷന്റെ രീതികള്‍ തന്നെ മാറുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. 

ആദിവാസികളും കര്‍ഷകരുമൊക്കെയാണ് ഇവരുടെ  ടാര്‍ജറ്റ് ഗ്രൂപ്പ്. കേരളത്തില്‍ ആദിവാസികളുടെ ശത്രുപക്ഷത്താണ് കര്‍ഷകര്‍. ഈ രണ്ടുഗ്രൂപ്പുകളെയും ഒന്നിച്ച് ചേര്‍ത്ത് എങ്ങനെയാണ് മോചനത്തിന്റെ പാതയിലേക്ക് നയിക്കുക?

ഇവര്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിതെല്ലാമായിരിക്കും ഇത്. മാര്‍ക്‌സ് പറയുന്നതനുസരിച്ച് തൊഴിലാളിവര്‍ഗ്ഗമെന്ന് പറയുന്നതാണ് ഉത്പാദന സമ്പ്രദായത്തില്‍ ഏറ്റവും അഡ്വാന്‍സ്ഡ് ആയിട്ടുള്ളൊരു ക്ലാസ്. അതിന് മറ്റ് വര്‍ഗ്ഗ താല്‍പ്പര്യങ്ങളില്ല. സ്വയം താല്‍പ്പര്യങ്ങളുണ്ടാവില്ല. ഒരു എംപിരിക്കല്‍ റിയാലിറ്റി എന്ന നിലയിലല്ല മാര്‍ക്‌സ് തൊഴിലാളി വര്‍ഗ്ഗമെന്ന ഒരു കണ്‍സെപ്റ്റ് തന്നെ വയ്ക്കുന്നത്. പുതിയൊരു അവബോധമെന്നുള്ള നിലയിലാണ്.  അതുകൊണ്ടാണ് അതിനെയെല്ലാ അതിജീവിച്ചുകൊണ്ടുള്ള ഒരു രാഷട്രീയ നിലപാടിലേക്ക് അതിന് പോകാന്‍ പറ്റുന്നത്. മാവോയിസ്റ്റുകള്‍ പൊതുവേ നേരിടുന്ന ഒരു ചോദ്യമിതാണ്.  രാഷ്ട്രീയപരമായും സാമൂഹ്യപരമായും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന ഒരു വിഭാഗം ജനങ്ങളുടെയിടയിലാണ് നിങ്ങളുടെ സ്വാധീനമുള്ളത്. ഇതിനെ എങ്ങനെയാണ് ഇന്ത്യന്‍ റിയാലിറ്റിയുമായി ബന്ധപ്പെടുത്തുക. ഛത്തീസ്ഗഡിലെ ഒരു ആദിവാസി ഊരിലെ യാഥാര്‍ത്ഥ്യമാണോ മുംബൈയിലോ ഡല്‍ഹിയിലോ നമ്മുടെ കോഴിക്കോട്ടോ എറണാകുളത്തോ ഉള്ള യാഥാര്‍ത്ഥ്യം? ഇതിന് കൃത്യമായ ഒരു ഡിവിഷനുണ്ട്. ഈ ഡിവിഷനെ നിങ്ങളെങ്ങനെയാണ് അഡ്രസ് ചെയ്യുന്നത്. അങ്ങനെയുള്ള വിഷയങ്ങള്‍ ഇവര്‍ അഭിമുഖീകരിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അവര്‍ പറയുന്നത് ഞങ്ങള്‍ക്ക് നഗരങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല എന്നാണ്.  അത് ഒരു പരിധിവരെ ശരിയാണ്. ഏറ്റവുമധികം രൂക്ഷമായിട്ടുള്ള  അടിച്ചമര്‍ത്തലുണ്ട്. ഉദാഹരണത്തിന് ഈയിടെ ആന്ധ്രാപ്രദേശില്‍ വച്ച് ആള്‍ട്ടര്‍നേറ്റീവ് പൊളിറ്റിക്കല്‍ ഫോറം എന്ന ഒരു സംഘമുണ്ടാക്കി. മാവോയിസ്റ്റുകളൊന്നുമല്ല, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ തന്നെയാണ് എല്ലാവരെയും ഇന്‍വൈറ്റ് ചെയ്തത്. പക്ഷേ ആ മീറ്റിംഗ് പോലും നടത്താന്‍ അനുവദിച്ചിട്ടില്ല. ഡല്‍ഹി, ബോംബെ, ഫരീദാബാദ് തുടങ്ങിയ പ്രദേശങ്ങളില്‍ ഇവര്‍ പല തരത്തിലുള്ള പ്രവര്‍ത്തനങ്ങളും നടത്തുകയും അറസ്റ്റിലാവുകയും ചെയ്യുന്നുണ്ട്. കബീര്‍ കലാ മഞ്ച്പോലുള്ള ആര്‍ട്ടിസ്റ്റ് ഗ്രൂപ്പുകള്‍ ഉദാഹരണം.  

കേരളത്തിലും അങ്ങനെയുള്ള സാഹചര്യം ഉണ്ടല്ലോ?

കേരളത്തിലുമുണ്ട്. ഇപ്പോള്‍ പൗരന്‍ അടക്കമുള്ള ആളുകള്‍ക്ക് ലുക്കൗട്ട് നോട്ടീസ് വന്നിട്ടുണ്ട്. ഭരണകൂടത്തിന്റെ വല്ലാത്ത തരത്തിലുള്ളൊരു അടിച്ചമര്‍ത്തല്‍ വേറൊരുനിലയില്‍ നിലനില്‍ക്കുന്നുണ്ട്. ധൈഷണികമായ നിലയിലായിരുന്നു ഇവര്‍ നേരത്തെ ഇത്തരം അടിച്ചമര്‍ത്തലുകളെ നേരിട്ടത്. സൈനികമായ തിരിച്ചടിയിലൂടെമാത്രമേ ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ പറ്റൂ എന്ന ഒരു നിലപാടുമുണ്ട്. ഇപ്പോള്‍ കേരളത്തിന്റെ പ്രശ്‌നമാണോ, തമിഴ്‌നാടിന്റെ പ്രശ്നം? മഹാരാഷ്ട്രയുടെ പ്രശ്നം?ഗ്ലോബലൈസേഷന്‍ ഉണ്ടാക്കുന്ന ഒരു പൊതു സ്വഭാവം ഉണ്ടെന്നുള്ളത് ശരിയാണ്. പക്ഷേ കേരളം പോലുള്ളൊരു സ്ഥലത്ത് വളരെ സവിശേഷമായിട്ടുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പാരിസ്ഥിതികമായ വിഷയം, കേരളം അനുഭവിക്കുന്ന അതേ തീവ്രതയോടുകൂടിയിട്ട് മഹാരാഷ്ട്രയില്‍ അനുഭവപ്പെടണമെന്നില്ല. ആന്ധ്രയില്‍ അനുഭവപ്പെടണമെന്നില്ല. അത്തരം വിഷയങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഏതെല്ലാം നിലയിലായിരിക്കും രാഷ്ട്രീയപരമായിട്ടുള്ള ഒരു കാഴ്ച്ചപ്പാട് വയ്ക്കുകയെന്നുള്ളതാണ് പ്രസക്തമായ കാര്യം. വിപ്ലവം കഴിഞ്ഞിട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന ചിന്തയെ  ഇനിയാരെങ്കിലും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. വിപ്ലവം കഴിഞ്ഞതിന്റെ തിക്തഫലങ്ങള്‍ നമ്മള്‍ ഒരുപാട് കണ്ടിട്ടുള്ളതാണ്.  

തലശ്ശേരി, പുല്‍പ്പള്ളി, കേണിച്ചിറ ഇത്തരം നക്‌സലൈറ്റ് ഇന്‍വോള്‍വ്‌മെന്റുണ്ടായിരുന്ന സംഭവങ്ങളിലെ  നേതാക്കള്‍ പിന്നെ അതിനെ തള്ളിക്കളയുകയോ അതിന്റെ പോരായ്മകള്‍ തുറന്നുകാട്ടുകയോ ചെയ്യുന്നുണ്ട്. പിന്തുണയ്ക്കാന്‍ ഒരു കൂട്ടമില്ലാതെ പത്തോ മുപ്പതോ പേരെവച്ചിട്ട് എങ്ങനെയാണൊരു സൈനിക നീക്കം… ?

കേരളത്തിന്റെ കാര്യത്തില്‍ ഒരു പക്ഷേ ശരിയായിരിക്കാം. പക്ഷേ ഛത്തീസ്ഗഡിലും ആന്ധ്രയിലും ഒറീസയിലും ബീഹാറിലുമൊക്കെ ഇവര്‍ പത്ത് മുപ്പത് വര്‍ഷങ്ങളായിട്ട് വന്‍ ജനസ്വാധീനം ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. ബസ്തര്‍ പോലുള്ള സ്ഥലങ്ങളില്‍ അവരുടെ സമാന്തര ഗവണ്‍മെന്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. നക്‌സലുകള്‍ ശക്തമായിരുന്ന കാലത്തുപോലും കേരളത്തില്‍ അങ്ങനെയൊരു സംഘടനാനേതൃത്വം ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ല. കേരളത്തിലെ സവിശേഷമായ ചില കാര്യങ്ങളുണ്ട്. അത് കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന് ഗള്‍ഫ് മലയാളിയെന്ന തിരിച്ചുവരുന്ന മലയാളി… ഈ പ്രശ്‌നം ആന്ധ്രാപ്രദേശിലോ മഹാരാഷ്ട്രയിലോ ഇല്ല. കേരളത്തില്‍ വന്നടിയുന്നതുപോലെ അന്യസംസ്ഥാന തൊഴിലാളികള്‍ വേറൊരു സംസ്ഥാനത്ത് വന്നടിയുന്നില്ല. നാളെ ഈ പ്രശ്‌നം എങ്ങനെയായിരിക്കും കേരള സംസ്ഥാനത്തെ ബാധിക്കുക എന്നറിയില്ല. കേരളത്തില്‍ ജനസംഖ്യാപരമായിട്ടുള്ള ചില മാറ്റങ്ങള്‍ വരുന്നുണ്ട്. കേരളം വയസ്സന്‍മാരുടെ ഒരു സമൂഹമായിട്ട് മാറിക്കൊണ്ടിരിക്കുകയാണ്. ഇതൊന്നും ഇന്ത്യന്‍ റിയാലിറ്റിയുമായി നേരിട്ട് ബന്ധമുള്ളതല്ല. കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങളാണ്. കേരളത്തിലെ ബദല്‍ രാഷ്ട്രീയം മുന്നോട്ട് വയക്കുന്നുവെന്ന് പറയുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനം ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതുണ്ട്. അവര്‍ പഴയതുപോലെ ചൂഷണമാണ്, ഇമ്പീരിയലിസമാണ്, സാമ്രാജ്യത്വമാണ്, ഫ്യൂഡലിസമാണ് എന്ന് പറയുന്നതുപോലെ കോഡായിട്ടുള്ള ചില വാക്കുകള്‍ പറഞ്ഞാല്‍പോരാ. കേരളത്തിലെ തൊഴിലില്ലായ്മ ഇവര്‍ ഏതുനിലയില്‍ പരിഹരിക്കും. അത് സൈദ്ധാന്തികമായിട്ടുള്ള അവരുടെ പോരായ്മ തന്നെയാണ്. അവര്‍ പരിഹരിക്കേണ്ട പ്രശ്‌നം തന്നെയാണ്.   

കേരളത്തിലെ പൗരസമൂഹത്തിന് മുന്നില്‍ ഇത്തരം മുദ്രാവാക്യം, സന്ദേശം വയ്ക്കാന്‍ കഴിയുന്നില്ലല്ലോ?

കേരളത്തിലെ രാഷ്ട്രീയമെന്ന് പറഞ്ഞാല്‍ യു.ഡി.എഫ്. എല്‍.ഡി.എഫ്. എന്നു പറയുന്ന  കാറ്റഗറിയില്‍ കിടന്ന് കറങ്ങുകയാണ്. കേരള രാഷ്ട്രീയത്തിന് ഒരുപാട് പോരായ്മകളുണ്ട്. കേരളത്തില്‍ എന്ത് സിവില്‍ സമൂഹം എന്ന് നമ്മള്‍ അന്തംവിടേണ്ടിവരും. 32000 കോടി രൂപ നികുതി കുടിശ്ശിക കിടക്കുന്ന ഒരു സ്ഥലം.  ഇവിടത്തെ വ്യാപാരി വ്യവസായികളാണ് ഇതില്‍ കൂടുതലും കൊടുക്കേണ്ടത്.  ഇതിന് കണ്‍സെഷന്‍ കൊടുക്കുന്നത് ഗവണ്‍മെന്റാണ്. എന്തുകൊണ്ടിത് സംഭവിക്കുന്നു എന്ന് ചോദിക്കാന്‍ പോലും പറ്റാത്ത ഒരു സിവില്‍ സമൂഹമാണിവിടെയുള്ളത്. എന്നിട്ടിതിനെ റവന്യൂകമ്മിയുടെയും റവന്യൂ വരുമാനത്തിന്റെയും സാങ്കേതികം മാത്രമായിട്ട് ചുരുക്കുന്നു.  സിവില്‍ സമൂഹം എന്ന് പറയുന്ന ഒരു സാധനത്തിനകത്ത് അതിന്റെ അജ്ഞതയുണ്ട്. ജോണ്‍ എബ്രഹാം പണ്ട് പറഞ്ഞ മൂന്ന് ജാട്ടുകള്‍ ആഫ്രിക്കന്‍ സഫാരിയെന്ന സിനിമ കാണാന്‍ പോയതുപോലെയാണത്. ആദ്യത്തെ ജാട്ട് സ്‌ക്രീനില്‍ ആനയെ കണ്ട് പുറത്തിറങ്ങാന്‍ ശ്രമിക്കുകയും രണ്ടാമത്തെ ജാട്ട് അത് സിനിമയല്ലേയെന്ന് പറയുകയും മൂന്നാമത്തെ ജാട്ട് സിനിമയാണെന്ന് നമുക്കല്ലേ അറിയാവൂ ആനയ്ക്ക് അറിയില്ലല്ലോ എന്ന് പറയുകയും ചെയ്ത കഥ. ആന വന്ന് കുത്തിയാലും അവിടെയിരുന്ന് സിനിമ കണ്ടാല്‍ മതിയെന്ന് ചിന്തിക്കുന്ന രീതിയിലേക്കാണ് മലയാളി. മലയാളികള്‍ക്ക് വളരെയധികം ഹിപ്പോക്രസിയുണ്ട്. രണ്ടുമുന്നണിയിലും ജനം മടുത്തതുകൊണ്ടാണ് കേരളത്തില്‍ മാവോയിസ്റ്റുകള്‍ എന്തെങ്കിലും ഒരു സ്വാധീനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. മടുപ്പിന്റെ ഈ സ്വാധീനം എങ്ങനെ കണ്‍സ്ട്രക്ടീവായിട്ട് വളര്‍ത്തിയെടുക്കാം എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും മാവോയിസ്റ്റുകളുടെയോ മറ്റേത് റാഡിക്കല്‍ ആയിട്ടുള്ള പൊളിറ്റിക്കല്‍ സംഘടനകളുടെയോ വളര്‍ച്ച.

ഹിപ്പോക്രസിതന്നെയല്ലേ മാവോയിസം പോലെയുള്ള ഒരു പ്രത്യയശാസ്ത്രത്തിന്റെ തടസ്സവും ?

ഇന്ത്യയിലെ മറ്റൊരു സമൂഹത്തിനും അനുഭവിക്കാന്‍ പറ്റാത്ത ഒരു റാഡിക്കല്‍ സ്വഭാവം നമ്മളിലുണ്ട്. ഏറ്റവും വൃത്തികെട്ട ജാതിസമ്പ്രദായമുണ്ടായിരുന്ന ഒരു സമൂഹത്തില്‍ നിന്നും ഇത്രയും പെട്ടെന്ന് മാറിയിട്ടുള്ള മറ്റൊരു സമൂഹമില്ല. മലയാളിയുടെ മാറ്റത്തിന്റെ സ്വഭാവത്തെ മുഴുവന്‍ മുരടിപ്പിക്കുകയും വള്‍ഗറൈസ് ചെയ്യുകയും മലയാളിയെ ഏറ്റവും വലിയ ഒരു ഹിപ്പോക്രാറ്റായ സൊസൈറ്റിയാക്കി മാറ്റുകയും ചെയ്തു എന്നതാണ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയം നല്കിയ സംഭാവന. അതിനി മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന നിലയിലെത്തുമ്പോഴാണ് ഒരു ഫാസിസ്റ്റ് സമൂഹമായിട്ട് മാറുന്നത്. അതിന്റെ ലക്ഷണമാണ് സിഗരറ്റുവലിക്കുന്നവനെയും കള്ളുകുടിക്കുന്നവനെയും പിടിക്കാന്‍ പോലീസിനെ ഏര്‍പ്പെടുത്തുന്നത്. തൊഴില്‍, ശുദ്ധമായ കുടിവെള്ളം, ഗതാഗത സംവിധാനം ഇങ്ങനെ ഒരു ഗവണ്‍മെന്റില്‍ നിന്നും പ്രതീക്ഷിക്കുന്ന അടിസ്ഥാനപരമായിട്ടുള്ള സംഗതികള്‍ നല്‍കുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെടുകയാണ്. പരാജയപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അതിന്റെ ലെജിറ്റമസി ഉണ്ടാക്കാനാണ് ഇത്തരം മോറല്‍ നിലപാടുകളിലേക്ക് വരുന്നത്. കേരളത്തിന്റെ സര്‍ക്കാരിന്റെ ജോലിയെന്ന് പറയുന്നത് ഡിസിപ്ലിന്‍ ആന്റ് പണീഷ്‌മെന്റ് എന്ന മോഡിലേക്ക് മാറിയിട്ടുണ്ട്. അതുകൊണ്ടാണ് സുധീരന് കീജെയ് വിളിക്കാന്‍, ഉമ്മന്‍ചാണ്ടിക്ക് കീജെയ് വിളിക്കാന്‍, എം.എ. ബേബിക്ക് കീജെയ് വിളിക്കാന്‍ പോകുന്നത്.   ജീര്‍ണ്ണിച്ച ഒരു അവസ്ഥയിലാണ് ഈ സമൂഹം. ഈ ജീര്‍ണ്ണാവസ്ഥയില്‍ നിന്ന് വളരെ പെട്ടെന്നായിരിക്കും ഒരു എക്‌സ്‌പ്ലോയിറ്റേഷന്‍ വരുന്നത്. ആ ഒരു സ്‌പെയിസിനെ ഉപയോഗിക്കാന്‍ പറ്റിയ ധൈഷണികവും കള്‍ച്ചറലും ആയിട്ടുള്ള ഒരു നേതൃത്വം ഇവര്‍ക്കുണ്ടെങ്കില്‍ ഇവര്‍ക്കതില്‍ കയറി പിടിക്കാന്‍ പറ്റും.  

(തുടരും)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍