UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചവിട്ടിനില്‍ക്കുന്ന മണ്ണൊലിച്ചു പോകുന്നതറിയാത്ത ജനത -അഭിമുഖം/കെ പി സേതുനാഥ് – ഭാഗം 3 മാവോയിസത്തിന് കേരളത്തില്‍ എന്തു പ്രസക്തി? അഭിമുഖം/കെ.പി സേതുനാഥ്

Avatar

കേരളത്തിന്‍റെ വനമേഖലകളില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന സര്‍ക്കാര്‍ പ്രചരണം അനുദിനം ശക്തിപ്പെട്ടുവരികയാണ്. ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ട് എന്ന പേരില്‍ മാവോയിസ്റ്റ് വേട്ടയ്ക്കുണ്ടാക്കിയ പ്രത്യേക സേന തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.  ഇതിനിടയില്‍ വയനാട്ടിലെയും മറ്റുമുള്ള ചില ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് ചില ലഘുലേഖകളും ചുമരെഴുത്തുകളും കണ്ടെടുക്കുന്നു. ചില വെടിയൊച്ചകള്‍, ഒറ്റപ്പെട്ട ആക്രമണങ്ങള്‍, ജനകീയ സമരങ്ങളുടെ പക്ഷത്തു നിന്ന് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന കേരളീയം ഓഫീസില്‍ മാവോ വേട്ടയുടെ പേരില്‍ പോലീസ് റെയ്ഡ്. 70 കളിലെയും 80 കളിലെയും നക്സലൈറ്റ് മൂവ്മെന്‍റിന് ശേഷം കേരളം വീണ്ടും തീവ്രഇടതുപക്ഷ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് നീങ്ങുന്നു. കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തെയും വര്‍ത്തമാനത്തെയും വിശകലന വിധേയമാക്കുകയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കെ പി സേതുനാഥ് ഈ അഭിമുഖത്തില്‍. അഭിമുഖത്തിന്റെ ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം, മാവോയിസത്തിന് കേരളത്തില്‍ എന്തു പ്രസക്തി?കേരളത്തെ ഹിപ്പോക്രസിയുടെ സമൂഹമാക്കിയത് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍

കെ പി സേതുനാഥ്/രാംദാസ്  

ആദിവാസികളാണ് മാവോയിസ്റ്റുകളുടെ കൂടെ നില്‍ക്കുന്നുവെന്ന് പറയുന്നത്. ഈ പ്രത്യയശാസ്ത്രത്തെക്കുറിച്ച് നിരക്ഷരരായ ആദിവാസികളെപ്പോലൊരു വിഭാഗം മാവോയിസ്റ്റുകള്‍ക്കും ഗവണ്‍മെന്റിനും ഇടയിലായി പോകുന്ന ഒരു അവസ്ഥ ഉണ്ടാകില്ലേ. ആക്രമണ നീക്കത്തിന് കേരളത്തിലെ മാവോയിസ്റ്റുകള്‍ തുനിയുമോ?

ഛത്തീസ്ഗഡിലെ പോലെ, അവരുടെ ഒരു വാര്‍സോണ്‍ എന്ന നിലയില്‍ കേരളത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. കേരളത്തിലെ ഭൗതിക സാഹചര്യങ്ങള്‍ അതിന് പറ്റുന്നതല്ല. അങ്ങനെയൊരു ആക്ഷന്‍ എന്ന നിലയിലേക്ക് സമീപകാലത്ത് അവര്‍ പോകാനുള്ള സാധ്യത കുറവാണ്. ഛത്തീസ്ഗഡെന്ന് പറഞ്ഞുകഴിഞ്ഞാല്‍ കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഒരു സെറ്റില്‍മെന്റിനുള്ളില്‍ തന്നെയാണ് ഇവര്‍ താമസിക്കുന്നത്. കേരളത്തിലുള്ളത് ചെറിയ ചെറിയ ആദിവാസി കോളനികളാണ്.  പക്ഷേ ആദിവാസികള്‍ പുതിയ രാഷ്ട്രീയ ബോധത്തിന് അപ്രാപ്യരാണെന്ന് പറയുന്നത് ശരിയല്ല. 67 ല്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു എം.എല്‍.എ.യൊക്കെ ഉണ്ടായിരുന്ന ഒരു സ്ഥലമാണ് കേരളത്തിലെ ആദിവാസികള്‍. അവര്‍ക്ക് രാഷ്ട്രീയ ബോധമില്ലാഞ്ഞിട്ടല്ല. നല്ലൊരു ശതമാനം ഇവരുടെ കേഡര്‍മാര്‍ ആദിവാസി സമൂഹത്തില്‍ നിന്നുതന്നെ വന്നിട്ടുള്ളവരാണ്. അതല്ലെങ്കില്‍ അവര്‍ക്ക് നില്‍ക്കാന്‍ സാധിക്കില്ല. വര്‍ഗ്ഗീസിനെക്കുറിച്ച് പെരുമന്‍ എന്ന് ഇപ്പോഴും പറയുന്നത് അവരില്‍ അത്തരമൊരു വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ്. ആദിവാസി മേഖലകളിലൊക്കെ തന്നെ പോലീസിന്റെ സാന്നിധ്യം ഒരുപാട് വരുന്നുണ്ട്. നോര്‍ത്ത് ഈസ്റ്റ് പോലുള്ള ഒരു സ്ഥലത്ത് കഴിഞ്ഞ 50 കൊല്ലമായിട്ട് സൈനിക ഭരണമാണ്. സൈനികഭരണം ആ സൊസൈറ്റികളിലുണ്ടാക്കിയിട്ടുള്ള ഒരുപാട് പ്രശ്‌നങ്ങളുണ്ട്. മണിപ്പൂരിലൊക്കെ അമ്മമാരുടെ സംഘടനകളൊക്കെ ഡവലപ്പ് ചെയ്തിരിക്കുന്നത് ഈ പ്രശ്‌നങ്ങളുടെ ഒരു ഭാഗം കൂടിയാണ്. ആരാണ് ആരെയാണ് കൊല്ലുന്നതെന്ന് പറയാന്‍ പറ്റാത്ത രീതിയിലേക്ക് കാര്യങ്ങളെത്തുന്നത് ഒരു സമൂഹത്തിനും നല്ലതല്ല. നക്‌സലൈറ്റിന്റെ പേരില്‍ ആന്റി സോഷ്യല്‍ ആള്‍ക്കാരെ വിട്ടിട്ട് കൊലപാതകം നടത്തുന്ന ചില പ്രശ്‌നങ്ങള്‍ കല്‍ക്കത്തയിലും മറ്റും സംഭവിച്ചിരുന്നല്ലോ.    

പോരാട്ടത്തിന്റെ ഈ കാലത്ത് അറബ് രാഷ്ട്രങ്ങളിലുള്‍പ്പെടെ നടക്കുന്ന പോരാട്ടങ്ങള്‍ എടുക്കാം. ഇങ്ങനെയൊരു ലോക സാഹചര്യത്തില്‍ ഇവിടെ മാവോയിസത്തിന്റെ പ്രത്യയശാസ്ത്രത്തിന് സാധ്യതയുണ്ടോ ?

ജനാധിപത്യത്തെ കുറിച്ചുള്ള നമ്മുടെ കണ്‍സെപ്റ്റുകളില്‍ എനിക്ക് ചില വിമര്‍ശനങ്ങളുണ്ട്. എന്തിനെയാണ് നമ്മള്‍ ജനാധിപത്യമെന്ന് പറയുന്നത്. ജനാധിപത്യം ഒരു ആശയം എന്ന നിലയിലാണോ പറയുന്നത്. അതോ ഭരണപരമായ രൂപം എന്ന നിലയിലോ? ജനാധിപത്യം ഒരു ആശയം എന്ന നിലയിലാണ് പറയുന്നതെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളെല്ലാം നടക്കുന്ന ഒരു സ്ഥലത്ത് വോട്ടുചെയ്യുക എന്ന സാങ്കേതികത്വം കൊണ്ട് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോയെന്നുള്ളതാണ് ചര്‍ച്ച ചെയ്യേണ്ട പ്രശ്നം. വോട്ട് ചെയ്യുന്നുവെന്ന് വച്ച് അതിനെ ജനാധിപത്യമെന്ന് വിളിക്കാന്‍ പറ്റില്ല. ഡി.ഡി. കൊസാമ്പിയുടെ ‘കള്‍ച്ചര്‍ ആന്റ് സിവിലൈസേഷന്‍’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ അദ്ദേഹം എഴുതിയിട്ടുള്ള വാചകമുണ്ട്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വോട്ടവകാശമുള്ളതുകൊണ്ട് നമ്മളൊരു ജനാധിപത്യരാജ്യമാണെന്ന് പറയാനൊക്കില്ല. ഈ ജനാധിപത്യം നിലനില്‍ക്കുമ്പോഴാണ് നോര്‍ത്ത് ഈസ്റ്റില്‍ സൈനിക ഭരണം നടക്കുന്നത്. കാശ്മീരില്‍ അതാണ് നടക്കുന്നത്. സൈദ്ധാന്തികമായിട്ട് പറഞ്ഞാല്‍ ജനാധിപത്യം എന്നുള്ളതില്‍ ഒരു വര്‍ഗ്ഗ താത്പര്യം നിലനില്‍ക്കുന്നുവെന്നുള്ളതാണ്. വര്‍ഗ്ഗനിരപേക്ഷമായിട്ടുള്ള ഒരു ടെര്‍മിനോളജിയല്ല ജനാധിപത്യമെന്ന് പറയുന്ന സംഗതി. അത് മാര്‍ക്‌സിസസും ജനാധിപത്യവും തമ്മിലുള്ള ഒരു സൈദ്ധാന്തിക സംവാദത്തിന്റെ വിഷയമാണ്.  

  

സി.പി.എമ്മിനെ എടുത്താല്‍ അതിന്റെ ഉള്ളില്‍ തന്നെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നടക്കുന്നുണ്ട്. അധാര്‍മ്മികതയുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഒരു വലിയ കൂട്ടം ആളുകളായിട്ടാണ് അത് മാറുന്നത്. അതിനെയാണോ ജനാധിപത്യം എന്ന് പറയുന്നത്?

ജനാധിപത്യത്തെക്കുറിച്ച് നമ്മള്‍ പറയുമ്പോള്‍ നിലവിലുള്ള സംവിധാനത്തിനകത്തുള്ള ജനാധിപത്യമില്ലായ്മയെക്കുറിച്ചാണ് നമ്മള്‍ പറയുന്നത്. അത് ഭരണക്രമത്തിലാകാം. ഭരണക്രമം നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലാകാം.  ആ രാഷ്ട്രീയപാര്‍ട്ടികളാല്‍ സ്വാധീനിക്കപ്പെടുന്ന സമൂഹത്തിലാകാം. ഇത് ശരിയല്ല എന്നൊരു ബോധ്യമുള്ളതുകൊണ്ടാണല്ലോ നമ്മള്‍ വേറൊരു ജനാധിപത്യ ബോധത്തെക്കുറിച്ച് സംസാരിക്കുന്നത്.

കെ.വേണുവൊക്കെ പറയുന്നതെന്താണെന്നുവച്ചാല്‍ മനുഷ്യന്റെ സ്ഥായിയായ ഒരു സാധ്യതയാണ് ഈ ജനാധിപത്യമെന്നത് എന്നാണ്.  ഈ വാദത്തെ പൂര്‍ണ്ണമായി നിരാകരിക്കാന്‍ പറ്റുമോ?

അതിനെ പൂര്‍ണ്ണമായും നിരാകരിക്കുന്നില്ല. അത് കെ.വേണുവിനെപ്പോലുള്ള ഒരാള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഒരു നിലപാടിന്റെ പ്രശ്‌നമാണ്. കാരണം മനുഷ്യന്റെ ജൈവികമായിട്ടുള്ള ഒരു സാധ്യതയെന്നെല്ലാം പറയുമ്പോള്‍ നമ്മള്‍ തിരിച്ചറിയേണ്ടത് ജനാധിപത്യമെന്നത് കേവലമായിട്ട് നിലനില്‍ക്കുന്ന ഒന്നല്ല എന്നതാണ്. ഒരു സമൂഹത്തിന്റെ സ്ട്രക്ച്ചറ് തുടങ്ങി ഒരുപാട് ഘടകങ്ങള്‍ അതിലുണ്ട്. ഇന്നത്തെ ഒരു പ്രശ്‌നം അമ്പതിനായിരം വര്‍ഷത്തെ മനുഷ്യന്റെ പ്രശ്‌നമായിട്ട് തിയറൈസ് ചെയ്യുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അങ്ങനെയെങ്കില്‍ വളരെ മെറ്റാഫിസിക്കല്‍ ആയിട്ടുള്ള ഒരു സ്വാതന്ത്ര്യത്തെക്കുറിച്ചായിരിക്കും പറയുന്നത്. 

നിരപരാധിയോ അപരാധിയോ എന്നറിയപ്പെടാതെ മനുഷ്യരിങ്ങനെ കൊലചെയ്യപ്പെടുകയാണ്. ഇത്തരമൊരു മിലിട്ടന്‍സിയാണ് മാവോയിസവും മുന്നോട്ട് വയ്ക്കുന്നതെന്നതാണ് ഒരു വാദം. അതിനെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്?

ജനാധിപത്യമില്ലായ്മയെന്ന് പറയുമ്പോള്‍ ഈ നിലയിലേക്ക് മനുഷ്യനെക്കൊണ്ടെത്തിച്ച സാഹചര്യമെന്തെല്ലാമാണ് എന്നു പരിശോധിക്കണം. ഏറ്റവും അധികം പ്രകീര്‍ത്തിക്കുന്ന അമേരിക്കന്‍ ജനാധിപത്യമാണ് മനുഷ്യനെ ഈ നിലയിലേക്കെത്തിച്ചത്. മിഡില്‍ ഈസ്റ്റിനെ പരസ്പരം കൊല്ലാനായിട്ട് കൊണ്ടെത്തിക്കുന്നത് ഈ അമേരിക്കന്‍ ജനാധിപത്യമാണ്. നോര്‍ത്ത് ഈസ്റ്റില്‍ മുഴുവന്‍ പരസ്പരം കൊല്ലിക്കുന്നത് കെ.വേണു പ്രകീര്‍ത്തിക്കുന്ന ഇന്ത്യന്‍ ജനാധിപത്യമാണ്. ഈ സ്ട്രക്ച്ചറിനെ കേവലമായിട്ടുള്ള ഒന്നായി മാറ്റുന്നു എന്നതാണ് കെ.വേണുവിനോടുള്ള വിയോജിപ്പ്. ആന്ധ്രാപ്രദേശിലെ മാവോയിസ്റ്റുകള്‍ 80 കളില്‍ സംഘടിപ്പിക്കപ്പെട്ടപ്പോള്‍ സായുധകലാപമൊന്നുമല്ല ലക്ഷ്യം. സായുധകലാപത്തിലേക്ക് പോകുന്നത് വളരെ ലേറ്റായിട്ടാണ്. അടിച്ചമര്‍ത്തലുകളും കൊലപാതകങ്ങളും എന്‍കൗണ്ടര്‍ ഡെത്തുകളും സഹിക്കവയ്യാതെയാണ് ഈയൊരു സൈനിക ലൈനിലേക്ക് മാത്രം ഫോക്കസ് ചെയ്യുന്ന നിലയിലേക്ക് വരുന്നത്. വേണു ഇതിന്റെ ഒരു ക്ലാസ് ഡൈമന്‍ഷന്‍ വിട്ടു കളയുന്നു. ജനാധിപത്യത്തിന് വര്‍ഗ്ഗേതരമായിട്ടുള്ള ഒരു തലമുണ്ടെന്ന് പറഞ്ഞ് സൈദ്ധാന്തികമായ അവതരണമാണ് അദ്ദേഹത്തിന്റേത്. ആ സിദ്ധാന്തം ഏതിലാണ് നിലനില്‍ക്കുന്നത് എന്നതാണ് ചോദ്യം. ജനാധിപത്യമെന്നു പറയുന്നത് നമ്മള്‍ അനുഭവിക്കുന്ന ഒരു ഭരണക്രമമെന്ന നിലയില്‍ മാത്രമാണ്. നാളെ മാവോയിസ്റ്റുകളും പറയും ഞങ്ങളാണ് ഏറ്റവും വലിയ ജനാധിപത്യവാദികളെന്ന്. തെരഞ്ഞെടുപ്പ് കൊണ്ടുമാത്രം അതിനെ ന്യായീകരിക്കാന്‍ പറ്റുമോയെന്നതാണ് ഉയരുന്ന ചോദ്യം. അങ്ങനെയൊരു വിഷയം അതിനകത്തുണ്ട്. മാര്‍ക്‌സിസത്തിനകത്ത് ജനാധിപത്യമില്ല എന്ന ഒരു സംവിധാനത്തിലാണ് വേണു നില്‍ക്കുന്നത്. വേണുപറയുന്നത് പോലെ മാര്‍ക്‌സിസം ഒരു സ്ഥലത്തും നില്‍ക്കുന്ന സ്റ്റാറ്റിക്കായിട്ടുള്ള സാധനമല്ലായിരുന്നു. ലെനിനെപ്പോലൊരാള്‍ റഷ്യയില്‍ വിപ്ലവം നടത്തുന്നു. അതുകഴിഞ്ഞ് മാവോ ചൈനയില്‍ വിപ്ലവം നടത്തുന്നു. ക്യൂബയില്‍ ഇതിനെല്ലാം വിരുദ്ധമായിട്ട് വിപ്ലവം നടക്കുന്നു. ഇതെല്ലാം മാര്‍ക്‌സിസത്തിന്റെ ഡൈനാമിക്കായ ഇന്റര്‍പ്രിട്ടേഷനായിരുന്നു.  

മാവോയിസം എന്ന ഒരു സാധ്യത കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടല്ലേ.. അങ്ങനെ നമുക്ക് ഒരു അസംപ്ഷനിലെത്താമോ ?

സാധ്യതയായിട്ട് നിലനില്‍ക്കുന്നുണ്ട്. ഏത് രൂപത്തില്‍ വരുമെന്നോ എങ്ങനെയത് വരുമെന്നോ കേരളീയ ജനത അത് ആഗ്രഹിക്കുന്നുണ്ടെന്നോ ഞാന്‍ പറയില്ല. കേരള സമൂഹം എത്തിനില്‍ക്കുന്ന ഒരു ക്രൈസിസ് പോയിന്റുണ്ട്. ഈ ക്രൈസിസ് പോയിന്റ് നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ സിവില്‍ സമൂഹം തിരിച്ചറിയുന്നില്ല. കേരളം ഇക്കോളജിക്കലായിട്ട് ഏറ്റവും കൂടുതല്‍ ഭീക്ഷണി നേരിടുന്ന ഒരു സ്ഥലമാണ്. കേരളത്തിന്റെ ടോപ്പോഗ്രഫി തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. നാളെ എറണാകുളത്ത് കൊണ്ടുവയ്ക്കുന്ന ഓരോ വികസനപദ്ധതിക്കും മലപ്പുറത്തയോ കാസര്‍ഗോട്ടെയോ വയനാട്ടിലെയോ കുന്നിടിക്കണം. ഇതെത്രകാലം പോകും. ഉത്തരാഖണ്ഡിലൊക്കെ നടന്നതുപോലുള്ള ഒരു സാധ്യത കേരളത്തില്‍ നടന്നാല്‍ അത്ഭുതപ്പെടാനില്ല. കേരളത്തിലെ റോഡുകള്‍ക്ക് താങ്ങാന്‍പറ്റാത്തതിനപ്പുറമാണ് വാഹനങ്ങളുടെ പെരുപ്പം. റോഡിന് വീതികൂടിയാല്‍ അതിനെ കവര്‍ ചെയ്യാനുള്ള വാഹനങ്ങളുമെത്തും.   ഇവിടെ വേണ്ടത് എഫിഷ്യന്റായിട്ടുള്ള പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റമാണ്. പിന്നെ മലിനീകരണത്തിന്റെ പ്രശ്‌നം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത് പെട്രോള്‍ ഉപയോഗിച്ചിട്ടുണ്ടാകുന്ന ലെഡിന്റെ സാധനങ്ങളാണ്. പിന്നെ ശബ്ദ മലിനീകരണം. ഇതിനെക്കുറിച്ചൊന്നും യാതൊരു ചിന്തയുമില്ലാതെ വികസനം വികസനം എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു അന്തരീക്ഷം കേരളത്തിലുണ്ട്.

ശരാശരി ഇന്ത്യയിലെ മീഡില്‍ ഏജെന്ന് പറയുന്നത് ഇരുപത്തഞ്ച് വയസ്സാണ്. കേരളത്തില്‍ അത് 31 വയസ്സ് കഴിഞ്ഞു. ഇത് വന്‍കിട രാജ്യങ്ങളിലേത് തുല്യമാണ്. പിന്നെ അടുത്ത കാലത്ത് കണ്ടിട്ടുള്ളതെന്നുവച്ചാല്‍ കേരളത്തിലെ പൊതുസമ്പത്ത് മുഴുവന്‍ ചുരുക്കം ചില സ്വകാര്യകക്ഷികള്‍ക്ക് തീറെഴുതി കൊടുക്കുന്ന ഒരു സംഭവമാണ്. യൂസഫലിക്ക് ഗുണകരമായത് കേരളത്തിന് മുഴുവന്‍ ഗുണകരമാണെന്ന നിലയിലുള്ള ഒരു ഐഡിയോളജി ഇവിടെ വരുന്നുണ്ട്. വികസനപദ്ധതികള്‍ എന്ന പേരില്‍ കൊണ്ടുവരുന്നത് മുഴുവന്‍ ഭൂമി കച്ചവടമാണ്. പത്തോ ഇരുന്നൂറോ മുന്നൂറോ ഏക്കര്‍ ഭൂമിയെ ബള്‍ക്കായിട്ട് എടുത്തിട്ട് ഏതെങ്കിലും കക്ഷികള്‍ക്ക് കൊടുക്കുന്ന ഒരു അവസ്ഥ. ദുബായ് ഇന്‍റര്‍നെറ്റ് സിറ്റി എന്നു പറയുന്ന ഒരു കക്ഷിയെക്കൊണ്ടുവന്നിട്ട് സ്മാര്‍ട്ട് സിറ്റിയെന്ന പേരില്‍ 200-300 ഏക്കര്‍ ഭൂമി അവര്‍ക്ക് കൊടുക്കുന്ന രീതി. കേരളത്തിലെ ടെക്‌നോപാര്‍ക്കോ ഇന്‍ഫോ പാര്‍ക്കോ കൊടുക്കുന്ന ജോലിയുടെ നാലിലൊരംശം പോലും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയിലില്ല. അതൊരു സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ് സെന്ററല്ല. അവര്‍ കെട്ടിടം കെട്ടിയിട്ട് വേറെ കമ്പനികള്‍ക്ക് ലീസിന് കൊടുക്കാനുള്ള പരിപാടിയാണ്. ഇത് കേരളത്തിലെ നല്ലൊരു ബില്‍ഡറെ  ഏല്‍പ്പിച്ചാല്‍ പോരേ. ഇതില്‍ വരുന്നത് അഴിമതിയുടെ പുതിയ രൂപങ്ങളാണ്. ഇല്യൂഷന്‍ ഉണ്ടാക്കിയിട്ട് കാശുണ്ടാക്കുന്ന രീതിയില്‍ വലിയ രീതിയിലുള്ള അഴിമതിയാണ് കേരളത്തില്‍ നടക്കുന്നത്. യു.ഡി.എഫ്. ആയാലും എല്‍.ഡി.എഫ്. ആയാലും ശരി.

ഏറ്റവും കുറഞ്ഞ ചിലവില്‍ ആളെ കിട്ടുന്ന ഒരു സ്ഥലമായി മാറി കേരളം. നാസ്‌കോമിന്റെ ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ പ്രാവശ്യം അവര്‍ പ്രസിദ്ധപ്പെടുത്തിരുന്നു. അതില്‍ കൊച്ചിയും തിരുവനന്തപുരവും ഇന്ത്യയില്‍ എമര്‍ജ് ചെയ്യുന്ന പത്ത് പട്ടണങ്ങളില്‍ ഓരോന്നായിട്ട് കൂട്ടിയിട്ടുണ്ട്.  കൊച്ചിയുടെയും തിരുവനന്തപുരത്തെയും പ്രത്യേകതയെന്നു വച്ചാല്‍ ഏറ്റവും കുറഞ്ഞ റേറ്റിന് ആളിനെ കിട്ടും എന്നതാണ്. അത് കൂടുതലും കോള്‍സെന്റര്‍ എന്ന് പറയുന്ന ജോലിക്കാണ്.  കോള്‍ സെന്ററില്‍ ജോലിചെയ്യുന്ന കുട്ടികള്‍ക്ക് അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ യാതൊരു തരത്തിലുമുള്ള സ്‌കില്‍ ഡെവലപ്പ്‌മെന്റും ഉണ്ടാകില്ല.   അഞ്ച് കൊല്ലം കഴിഞ്ഞുകഴിഞ്ഞാല്‍ ഇവന്‍ റീപ്ലേസ് ചെയ്യും. ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് അവന് ആളിനെ കിട്ടുമെന്ന നിലയില്‍. ഇത് ഒരു കരിയറായിട്ട് ബില്‍ഡ് ചെയ്തുവരുന്ന ഒരു സ്റ്റേറ്റ് വലിയ പതനത്തിലേക്കാണ് എത്തിച്ചേരുക. അങ്ങനെയുള്ള ജനറേഷനാണ് മാവോയിസ്റ്റുകളിലേക്കും മതതീവ്രവാദ സംഘടനകളിലേക്കും പോകുന്നത്. ഇതെല്ലാം ഒരേ സോഷ്യല്‍ റിയാലിറ്റിയാണ് റിഫ്‌ളക്ട് ചെയ്യുന്നത്. നിലനില്‍ക്കുന്ന സിസ്റ്റത്തിനകത്ത് യാതൊരു തരത്തിലും ജനങ്ങള്‍ക്ക് വിശ്വാസമില്ലാതെ വരുന്നു. ഡെസ്‌പെറേറ്റാകുന്നു. അതിന്റെ റിഫ്‌ളക്ഷനായിട്ടാണ് ഇത് സംഭവിക്കുന്നത്. അല്ലാതെ മാവോയിസ്റ്റുകള്‍ വലിയ ഉദാത്തമായിട്ടുള്ള ഒരു ആള്‍ട്ടര്‍നേറ്റീവ് മുന്നോട്ട് വയ്ക്കുന്നു എന്ന നിലയിലല്ല.   നിലനില്‍ക്കുന്ന സിസ്റ്റത്തോടുള്ള അസംതൃപ്തി അത്രത്തോളമുണ്ടാകും. ചവിട്ടി നില്‍ക്കുന്ന മണ്ണ് എപ്പോഴാണ് ഒലിച്ചുപോകുന്നതെന്നറിയാത്ത ഒരു സ്ഥിതിയില്‍ നില്‍ക്കുന്ന അവസ്ഥയിലാണ് നമ്മള്‍.

ജനത്തിന്റെ ഏതെങ്കിലും ഒരു കാര്യം ഒരു സര്‍ക്കാര്‍ ഓഫീസില്‍ പോയാല്‍ നടക്കുമോ? ആ നിലയില്‍ സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ മൊത്തവും അലങ്കോലമായി നില്‍ക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി വിജയിക്കാന്‍ കാരണം കേരളത്തില്‍ സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ ഇല്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. വാര്‍ദ്ധക്യകാല പെന്‍ഷന്‍ കിട്ടിയില്ല. റേഷന്‍ കാര്‍ഡ് കിട്ടിയില്ല, വെല്‍ഫെയര്‍ സാധനങ്ങള്‍ കിട്ടിയില്ല ഇതൊക്കെയാണ് അവിടെ കിട്ടുന്ന പരാതികള്‍. ലോകത്തെവിടെയെങ്കിലും ഇങ്ങനെ കൊട്ടിഘോഷിച്ചുകൊണ്ട് നടക്കുന്ന സാധനമുണ്ടോ. ആയിരക്കണക്കിന് ആള്‍ക്കാര്‍ വരികയാണ് ഓരോ സ്ഥലത്തും.  എന്നിട്ടതിനെ ഒരു അച്ചീവ്‌മെന്റ് ആയിട്ട് കാണിക്കുകയാണ്. പഞ്ചായത്ത് ഓഫീസിലോ വില്ലേജ്ഓഫീസിലോ പോയാല്‍ നിയമപരമായിട്ട് നമുക്ക് അവകാശപ്പെട്ട ഒരു സംഗതി നടക്കാതെ പോകുന്ന ഒരു അവസ്ഥയുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ കാണാന്‍ മാവോയിസ്റ്റുകളും മറ്റുള്ളവരും വരുന്നു. സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ ഇല്ല. അല്ലാതെ നമ്മുടെ മുതലാളിമാരുടെ ഏതെങ്കിലും ഒരു സാധനം ഡിലേയായി നടക്കുന്നുണ്ടോ. പുതിയ ഒരുപാട് കാര്യങ്ങള്‍ നമ്മുടെ ജനങ്ങളെ മടുപ്പിക്കുകയും അസംതൃപ്തരാക്കുകയും ചെയ്യുന്നുണ്ട്.    

കേരളത്തിന്‍റെ വനമേഖലകളില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന സര്‍ക്കാര്‍ പ്രചരണം അനുദിനം ശക്തിപ്പെട്ടുവരികയാണ്. ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ട് എന്ന പേരില്‍ മാവോയിസ്റ്റ് വേട്ടയ്ക്കുണ്ടാക്കിയ പ്രത്യേക സേന തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.  ഇതിനിടയില്‍ വയനാട്ടിലെയും മറ്റുമുള്ള ചില ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് ചില ലഘുലേഖകളും ചുമരെഴുത്തുകളും കണ്ടെടുക്കുന്നു. ചില വെടിയൊച്ചകള്‍, ഒറ്റപ്പെട്ട ആക്രമണങ്ങള്‍, ജനകീയ സമരങ്ങളുടെ പക്ഷത്തു നിന്ന് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന കേരളീയം ഓഫീസില്‍ മാവോ വേട്ടയുടെ പേരില്‍ പോലീസ് റെയ്ഡ്. 70 കളിലെയും 80 കളിലെയും നക്സലൈറ്റ് മൂവ്മെന്‍റിന് ശേഷം കേരളം വീണ്ടും തീവ്രഇടതുപക്ഷ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് നീങ്ങുന്നു. കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തെയും വര്‍ത്തമാനത്തെയും വിശകലന വിധേയമാക്കുകയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കെ പി സേതുനാഥ് ഈ അഭിമുഖത്തില്‍. 

കെ.പി.സേതുനാഥ്/രാംദാസ്

കുറച്ചുകാലമായി മലബാറിലൊക്കെ, പ്രത്യേകിച്ച് വനമേഖലകളില്‍, മാവോയിസ്റ്റ് സാന്നിധ്യമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഗവണ്‍മെന്റും അത് അംഗീകരിച്ചിട്ടുണ്ട്. അതിനിടയിലാണ് മാവോയിസ്റ്റ് നേതാവ് രൂപേഷ് ഒരു വീഡിയോ പുറത്തിറക്കിയത്. മാവോയിസ്റ്റ് സാന്നിധ്യം ഈ പറയുന്ന രീതിയില്‍ കേരളത്തില്‍ സജീവമാണോ?തങ്ങളുടെ സ്വാധീനത്തെക്കുറിച്ച് അവര്‍ വലിയ അവകാശവാദമൊക്കെ ഉന്നയിക്കുന്നുണ്ട്. ഇടതു രാഷ്ട്രീയത്തെ വളരെ സൂക്ഷ്മമായി പിന്തുടരുന്ന ഒരു പത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് ഈ അവകാശവാദം എത്രത്തോളം ശരിയാവാനിടയുണ്ട് എന്നാണ് താങ്കളുടെ വിലയിരുത്തല്‍?

ഒരു തമാശ പറഞ്ഞിട്ട് തുടങ്ങാം. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതോ ഒരു പ്രസിദ്ധീകരണത്തില്‍, വയനാട് മുതല്‍ നേപ്പാള്‍ വരെ ഒരു ചുവപ്പന്‍ ഇടനാഴി-റെഡ് കോറിഡോര്‍- ഡെവലപ്പ് ചെയ്തിട്ടുണ്ടെന്നു വായിക്കുകയുണ്ടായി. അന്നത്തെ കാലത്ത് ഒരു പ്രസിദ്ധീകരണത്തില്‍ ഇതുമായി ബന്ധപ്പെട്ട് ലേഖനം എഴുതിയപ്പോള്‍ ഞാന്‍ വി.കെ.എന്‍.ന്റെ ഒരു ഫലിതം പ്രയോഗിച്ചു. കാലടിയില്‍ ജനിച്ച ശങ്കരന്‍ ഹിമാലയത്തിലാണ് തപസ്സനുഷ്ഠിച്ചത്. പക്ഷേ ഏത് വഴിക്കാണ് പോയതെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. അതുപോലെയാണ് ഈ റെഡ് കോറിഡോറിന്റെയും കാര്യം.

നമുക്ക് അറിയാവുന്നത് പോലെ കേരളത്തില്‍ ഇന്നത്തെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന് മുമ്പ് തുടങ്ങിയത് നക്‌സലൈറ്റ് മൂവ്‌മെന്റാണ്. ഇന്ത്യയില്‍ നക്‌സലൈറ്റ് മൂവ്‌മെന്റ് തുടങ്ങുന്ന ആ സമയത്ത് തന്നെ കേരളത്തിലും അതിന്റെ അനുരണനങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. തലശ്ശേരി – പുല്‍പ്പള്ളി മുതല്‍ നഗരൂര്‍ – കിളിമാനൂര്‍ വരെ 67-72 കാലഘട്ടത്തില്‍തുടര്‍ച്ചയായി നക്‌സലൈറ്റ് ആക്ഷനുകള്‍ നടന്നിരുന്നു. അതിന്റെ രണ്ടാം ഘട്ടം അടിയന്തിരാവസ്ഥ വരെ പോകുന്ന ഒന്നായിരുന്നു. അടിയന്തിരാവസ്ഥ കഴിഞ്ഞതിനുശേഷമാണ് പിന്നീട് വേറൊരു നിലയില്‍ നക്‌സലൈറ്റുകള്‍ റീഗ്രൂപ്പ് ചെയ്തത്.  70ന്റെ അവസാനവും 80ന്റെ തുടക്കത്തിലുമായാണ് അത് സംഭവിക്കുന്നത്. ജനകീയ സാംസ്‌കാരിക വേദിയുടെയൊക്കെ കാലഘട്ടം. ആ സമയത്താണ് നക്‌സലൈറ്റുകള്‍ കേരളത്തിന്‍റെ പൊതുസമൂഹത്തില്‍ ദൃശ്യമാകുന്നത്. രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിലേക്ക് വന്നിട്ടുള്ളത്. അത് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ പിളര്‍പ്പുകളും മറ്റുമായിട്ട് അസ്തമിക്കുകയായിരുന്നു. അതിന്റെ പ്രധാന നേതാക്കളിലൊരാളായ കെ.വേണു,  അന്ന്‍ കേരളത്തിലെ പ്രധാന നക്‌സലൈറ്റ് സംഘടനയായിരുന്ന സി.ആര്‍.സി-സി.പി. ഐ. എം. എല്‍. എന്ന സംഘടന തന്നെ പിരിച്ചുവിടുകയുണ്ടായി.  90കളുടെ അന്ത്യത്തില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെയൊക്കെ പശ്ചാത്തലത്തിലാണ് വേണു പാര്‍ട്ടി പിരിച്ചുവിടുന്നത്. അതിനുശേഷം ഈ ഗ്രൂപ്പുകളിലെ പ്രധാനപ്പെട്ട ചില കക്ഷികള്‍- കെ.എന്‍.രാമചന്ദ്രന്‍, റെഡ് ഫ്‌ളാഗ്- ഇവരെല്ലാം തന്നെ പാര്‍ലമെന്ററി സിസ്റ്റത്തിനകത്തു നിന്നുകൊണ്ട് വര്‍ക്ക് ചെയ്യുന്ന സംഘടനകളായിട്ട് മാറി. സായുധകലാപം എന്നുപറയുന്നത് ചുരുക്കം ചില വ്യക്തികളില്‍ മാത്രം ഒതുങ്ങി നിന്നു. ഒരു സംഘടനാരൂപം അതിനില്ലായിരുന്നു. അയ്യങ്കാളിപ്പട പാലക്കാട് കളക്ടറെ ബന്ധിയാക്കിയ സംഭവമൊക്കെ അതിന്റെ ഭാഗമായിരുന്നു. അങ്ങനെയുള്ള ചെറിയ സംഘടനകളും വ്യക്തികളുമെല്ലാം കൂടി ചേര്‍ന്നാണ് സി.പി.ഐ.എം.എല്‍. നക്‌സല്‍ബാരിയെന്നു പറഞ്ഞ കേരളത്തിലും  മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലുമൊക്കെ സാന്നിദ്ധ്യമുള്ള ചെറിയ ഗ്രൂപ്പായി നിലനിന്നിരുന്നത്. ആ ഗ്രൂപ്പ് 2014 മേയിലാണെന്ന് തോന്നുന്നു, സി.പി.ഐ. മാവോയിസ്റ്റുമായിട്ട് ലയിച്ച് ഒരൊറ്റ പാര്‍ട്ടിയായി മാറി. ആ ലയനത്തിന് മുമ്പേയാണ് രൂപേഷിന്റെ നേതൃത്വത്തില്‍ സി.പി.ഐ. മാവോയിസ്റ്റ്  എന്ന് പറയുന്നവര്‍ ഇവിടെ വര്‍ക്ക് ചെയ്യുന്നതിന്റെ സൂചനകള്‍ വരുന്നത്. 2013 ഫെബ്രുവരി മുതലാണ് അവരുടെ സായുധമായിട്ടുള്ള ധളങ്ങള്‍ പ്രത്യേകിച്ച് കണ്ണൂര്‍ മുതല്‍ നിലമ്പൂര്‍ വരെയുള്ള ഫോറസ്റ്റ് ഏരിയയില്‍ ആദിവാസികളുമായിട്ടൊക്കെ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. 


കെ. വേണു

മാവോയിസ്റ്റ് സംഘടനകള്‍ ഏത് നിലയിലാണ് കേരളത്തിലെ ഇന്നത്തെ സമൂഹത്തില്‍ പ്രസക്തമാവുന്നതെന്ന് ചോദ്യത്തെ ഇങ്ങനെ വിലയിരുത്താം. കേരളം പോലുള്ള സ്ഥലത്ത് ഇതിന് യാതൊരു പ്രസക്തിയുമില്ലാ എന്ന വാദമുണ്ട്. അത്തരം വാദമുയര്‍ത്തുന്നവരില്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ മാത്രമല്ല, പഴയ നക്‌സലൈറ്റുകളുണ്ട്. ഇടതുപക്ഷത്തിന്റെ അകത്തുതന്നെ നില്‍ക്കുന്ന പൊതുവേയുള്ള ആളുകളുണ്ട്.  ഇവരെല്ലാം തന്നെ സായുധകലാപത്തിന്റെ സാധ്യത,  മാവോയിസ്റ്റുകള്‍ വിഭാവനം ചെയ്യുന്നതുപോലെയുള്ള ഒന്നിന്, കേരളത്തില്‍ ഇല്ലായെന്നാണ് പറയുന്നത്. പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്. ഒന്ന്,  കേരളീയ സമൂഹത്തിലെ ജനാധിപത്യ പ്രക്രിയയില്‍ ഇത്തരത്തില്‍ രഹസ്യമായിട്ടുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ സായുധ പ്രസ്ഥാനത്തിന്റെയോ ആവശ്യമില്ല. രണ്ട്, കേരളത്തില്‍ നടപ്പിലാക്കിയിട്ടുള്ള ഭൂപരിഷ്‌ക്കരണം മുതല്‍ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ വരെയുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍. വടക്കേ ഇന്ത്യയില്‍, അല്ലെങ്കില്‍ മാവോയിസ്റ്റുകള്‍ക്ക് ശക്തിയോ സ്വാധീനമോ ഉള്ള സ്ഥലത്ത്,നിലനില്‍ക്കുന്നതുപോലുള്ള പ്രിമിറ്റീവായ ചൂഷണവും അടിച്ചമര്‍ത്തലും കേരളത്തില്‍ നിലനില്‍ക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് പ്രാഥമികമായ നിലയില്‍ തന്നെ ചൂഷണവും അടിച്ചമര്‍ത്തലും നേരിടുന്ന ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്നതുപോലുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കേരളത്തില്‍ സാധ്യമാവില്ല എന്ന് പറയുന്നത്. ഇത് ഒരു പരിധിവരെ ശരിയാണ്. പക്ഷേ മനുഷ്യര്‍ പലരീതിയില്‍ പ്രാന്തവല്‍ക്കരിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഇന്ന്‍ കേരള സമൂഹത്തിലുണ്ട്. കേരളത്തിലെ ആദിവാസികളില്‍ നല്ലൊരു വിഭാഗവും കേരള വികസനമാതൃകയുടെ ഗുണഫലങ്ങള്‍ അനുഭവിക്കാത്ത ഒരു സമൂഹമാണ്. ചില ആദിവാസി വിഭാഗങ്ങള്‍ വംശനാശത്തിന്റെ വഴിയിലാണ്. അപ്പോള്‍ ഈ നിലയില്‍ കേരള മാതൃകയുടെ നേട്ടങ്ങള്‍ കൊണ്ട് കേരളത്തില്‍ മാവോയിസ്റ്റ് സംഘടനകളുടെ പ്രവര്‍ത്തനം സാധ്യമല്ലെന്ന് പറയുന്നത് തീര്‍ത്തും ശരിയല്ല. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം അതിഭീകരമായ വിധത്തില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട് എന്നതാണ് ഇപ്പറയുന്ന കേരള മാതൃകയില്‍ ഇന്ന് സംഭവിക്കുന്ന ഒരു പ്രക്രിയ. ഗ്ലോബലൈസേഷന്റെ ഒരു പ്രോസസ് എന്ന് പറയുന്നത് സമ്പന്നന്‍ അതിസമ്പന്നനാവുകയും സമ്പത്തില്ലാത്തവര്‍ കൂടുതല്‍ കൂടുതല്‍ ദരിദ്രവല്‍ക്കരിക്കപ്പെടുകയും ചെയ്യുക എന്നതാണ്. ഈ പ്രക്രിയയുമായി ബന്ധപ്പെട്ട് സ്വാഭാവികമായി ഉണ്ടാകുന്ന പ്രതികരണങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. അത് മാവോയിസ്റ്റ് സംഘടനകള്‍ക്ക് ഒരു വളമായിട്ട് മാറാനുള്ള സാധ്യതയുണ്ട്.

മുന്‍പ് നക്‌സലൈറ്റ് പ്രസ്ഥാനം സജീവമായിരുന്നപ്പോള്‍ സാംസ്‌കാരിക രംഗത്തുള്ള ഒരുപാട് ആളുകളുടെ പിന്തുണ അതിനുണ്ടായിരുന്നു. പക്ഷേ ഇന്ന് അത്തരത്തിലുള്ള പരസ്യമായൊരു പിന്തുണയില്ല. അതെന്തുകൊണ്ടായിരിക്കും അങ്ങനെ സംഭവിച്ചിട്ടുള്ളത്?

അന്നത്തെ കേരളത്തിലെ അപ്പര്‍ഹാന്‍ഡ് എന്ന് പറയുന്നത് ഇടതുപക്ഷത്തിന്റേതായിരുന്നു. നമ്മുടെ കവികളായിരുന്നാലും ശരി,  സിനിമക്കാരായാലും ശരി… എല്ലാ മേഖലയിലും അങ്ങനെയൊരു മുന്നേറ്റമുണ്ടായിരുന്നു. രണ്ട് തരത്തിലായിരുന്നു അതിന്റെ സ്വാധീനം.   സി.പി.എമ്മിന്റെ അല്ലെങ്കില്‍ പു.ക.സയുടെ നേതൃത്വത്തിലുണ്ടായിരുന്ന വരട്ടുകല. മറ്റൊന്ന് നമ്മുടെ ആധുനികത എന്ന പേരില്‍ വന്നിട്ടുള്ള അത്യന്താധുനിക സാഹിത്യവും അസ്തിത്വവാദവും. സി.പി.ഐ.യുടെയോ സി.പി.എമ്മിന്റെയോ പിന്‍പറ്റി നിന്നിരുന്ന പുരോഗമന കലാ സാഹിത്യസംഘമെന്നു പറയുന്നവര്‍ കൊണ്ടുവന്ന തികച്ചും വരട്ടുവാദപരമായിട്ടുള്ള കലാ സാംസ്‌കാരിക വീക്ഷണങ്ങള്‍ മൊത്തവും നിരാകരിച്ചുകൊണ്ടുള്ളതായിരുന്നു നക്‌സലൈറ്റുകളുടെ സ്വാധീനത്തില്‍ വന്നിട്ടുള്ള കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍. സച്ചിദാനന്ദന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, ശങ്കരപ്പിള്ള ഇവരുടെ കവിതകള്‍, ബി.രാജീവനെപ്പോലുള്ളവരുടെ സാംസ്‌കാരിക വിമര്‍ശനങ്ങള്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് അങ്ങനെ നിരവധിയാളുകളുണ്ട്. സിനിമയില്‍ ജോണ്‍ എബ്രഹാമിനെപ്പോലുള്ളവര്‍ വരുന്നു. ഒഡേസ…. യാന്ത്രികമായ മാര്‍ക്‌സിസത്തിന് പകരമായിട്ട് ജൈവികവും സചേതനവുമായ ഒരു മാര്‍ക്‌സിസം ഉണ്ടെന്ന് പറയുന്ന തരത്തിലുള്ള ഒരു കാലാവസ്ഥ ഈ സംഗതികള്‍ ഉണ്ടാക്കുന്നതിന് വളരെ പ്രധാനമായിരുന്നു. പക്ഷേ അതിനെ കൊണ്ടുനടന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് അത് തിരിച്ചറിയാന്‍ പറ്റാതെ പോയതുകൊണ്ടും പാര്‍ട്ടിക്കാര്‍ക്ക് അതിനോട് വേണ്ടരീതിയില്‍ ക്രിയാത്മകമായിട്ട് പ്രതികരിക്കാനാവാതെ പോയതുമെല്ലാമായിട്ട് ആ പ്രസ്ഥാനം തീരുന്നു. അതിനു ശേഷം കേരളത്തിലെ സാംസ്‌കാരിക ജീവിതത്തില്‍ നമ്മള്‍ നോക്കുകയാണെന്നുണ്ടെങ്കില്‍ ഇടതു പക്ഷത്തിന്റെ നിര്‍ണ്ണായകമായ സ്വാധീനം ഇല്ലാതാവുകയാണ് ചെയ്തത്. പു.ക.സ പോലുള്ള സംഘടനകള്‍  പില്‍ക്കാലത്ത് ഇടതുപക്ഷത്തിന്റെ അല്ലെങ്കില്‍ മാര്‍ക്‌സിസ്റ്റ് രീതിയിലുള്ള ഒരു വിമര്‍ശനം മുന്നോട്ട് വയ്ക്കുന്നതിനോ, സാംസ്‌കാരിക പ്രവര്‍ത്തനം മുന്നോട്ട് വയ്ക്കുന്നതിനോ പകരമായിട്ട്  നേരത്തെയുണ്ടായിരുന്ന ചില എസ്റ്റാബ്ലിഷ്ഡ് സാഹിത്യകാരന്‍മാരുടെയും കലാകാരന്‍മാരുടെയും തോളില്‍ കയ്യിട്ട് നടക്കുകയായിരുന്നു. എം.എന്‍.വിജയന്‍ മാഷ് പോലും ആ നിലയില്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തനവുമായിട്ട് യാതൊരു ബന്ധവുമില്ലാതിരുന്ന ആളാണ്. അധ്യാപക ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്തതിന് ശേഷം പു.ക.സ.യുടെ നേതാവാകുന്നതിന്റെ ഭാഗമായിട്ടാണ് ഇടതുപക്ഷത്തിന്റെ സജീവപ്രവര്‍ത്തകനായിട്ടോ അല്ലെങ്കില്‍ സഹയാത്രികനായിട്ടോ അദ്ദേഹം മാറുന്നത്.  എം.മുകുന്ദനെയും ടി.പത്മനാഭനെയും പോലുള്ള ആള്‍ക്കാരെ എം.എ.ബേബിയുടെ കാര്‍മ്മികത്വത്തില്‍ വിളിച്ചു കൂടെ ചേര്‍ക്കുന്നതോടെ പു.ക.സ. ഒരു എസ്റ്റാബ്ലിഷ്‌മെന്റായി മാറി. അങ്ങനെയുള്ളൊരു സാംസ്‌കാരിക അന്തരീക്ഷമാണ് ഇപ്പോള്‍ ഇവിടെ നിലനില്‍ക്കുന്നത്. പുതിയ എഴുത്തുകാരും ഗ്ലോബലൈസേഷനും വരുമാന അസമത്വവും പ്രതിനിധീകരിക്കുന്ന എഴുത്തുകള്‍ വരണം. നമ്മുടെ പുതിയ നിലയില്‍ അങ്ങനെയുള്ള എഴുത്തുകള്‍ വരുന്നില്ല.


വയനാട് കുഞ്ഞോത്തെ ഫോറസ്റ്റ് ഓഫീസ് 

കേരളത്തിന്റെ നൂറുവര്‍ഷത്തെ ചരിത്രം എടുത്തു നോക്കുകയാണെങ്കില്‍ ഇവിടെ ഏറ്റവുമധികം ഇംപാക്ട് ഉണ്ടാക്കിയിട്ടുള്ള ഒന്ന്‍ ഗള്‍ഫ് കുടിയേറ്റമാണ്. വളരെ കാല്‍പനികമായ ചില പ്രവാസി കുറിപ്പുകള്‍ ഉണ്ടായിട്ടുണ്ടെന്നല്ലാതെ അത് ഈ സമൂഹത്തിനകത്ത് ഉണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണ്? സിനിമയിലായാലും സാഹിത്യത്തിലായാലും. സിനിമയില്‍ ഗള്‍ഫുകാരന്‍ ഒരു കോമാളി കഥാപാത്രമായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. കാശുണ്ടാക്കി പൊങ്ങച്ചം കാണിക്കുന്നുവെന്ന നിലയില്‍. കേരളത്തിലെ വലിയൊരു ശതമാനം- പത്തിരുപത് ലക്ഷത്തോളം ജനങ്ങള്‍- അവരുടെ പ്രൈം ഏജില്‍, അതായത് 20-30 വയസ്സ് പ്രായത്തില്‍, അന്യനാട്ടില്‍ പോയിട്ട് യാതൊരു സിവില്‍ റൈറ്റും ഇല്ലാതെ ജീവിക്കേണ്ടിവരുന്നു. ഇതില്‍ ആണുങ്ങള്‍ മാത്രമല്ല ഉള്ളത്. നല്ലൊരു ശതമാനം പെണ്‍കുട്ടികളുമുണ്ട്. നഴ്‌സുമാരായിട്ടും മറ്റുമൊക്കെ. കേരളത്തില്‍ ഒരുപാട് പഠിക്കേണ്ട ഒരു വിഷയമാണ് ഇത്. ഈ വിഷയങ്ങളെല്ലാം പഠിക്കുന്ന തരത്തിലുള്ള ആവിഷ്‌ക്കരിക്കുന്ന തരത്തിലുള്ള സാംസ്‌കാരിക ഉത്പന്നങ്ങള്‍ ഉണ്ടാകുന്നില്ല.

ഈജിപ്തിലെ അറബ് വസന്തം വരുന്നതിന് രണ്ട് മാസം മുമ്പ് അവിടത്തെ പുതിയ റൈറ്റിംഗ്‌സിനെ കുറിച്ചുള്ള ഒരു ലേഖനം ഞാന്‍ വായിച്ചിരുന്നു. ആ ലേഖനം വായിച്ചാലറിയാം എന്തുകൊണ്ട് ഈജിപ്തില്‍ അങ്ങനെയൊരു കലാപമുണ്ടാകുന്നുവെന്ന്. കഴിഞ്ഞ 50 കൊല്ലത്തിനിടയില്‍ കെയ്‌റോയില്‍ ജനസംഖ്യ വളര്‍ച്ച 200 ശതമാനമായിരുന്നു. ഈ വളര്‍ന്നുവന്നതില്‍ കൂടുതല്‍ പേരും ഒരുതരം ചേരികളില്‍ ജീവിക്കുന്നതുപോലുള്ള അവസ്ഥയിലാണ് കഴിയുന്നത്. അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന വയലന്‍സ് അവരുടെ സാഹിത്യത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഇങ്ങനെയുള്ള അക്രമസംഭവങ്ങളെ വളരെ വ്യക്തമായി തങ്ങളുടെ കൃതികളില്‍ പ്രകടിപ്പിക്കുന്ന ഒരു നിര എഴുത്തുകാരെ നമുക്ക് അവിടെ കാണാനാവും. ഇവരില്‍ നല്ലൊരു പങ്കും രാജ്യത്ത് നിന്നും പുറത്താക്കപ്പെട്ടവരാണ്. അവരില്‍ പലരും ഇപ്പോള്‍ ഫ്രാന്‍സ് പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്. മതപരമായ കലാപങ്ങളും അതിനോട് സന്ധിചെയ്യുന്ന യാഥാസ്ഥിതിക സൗന്ദര്യബോധവുമാണ് ഇവരെ പ്രവാസത്തിലേക്ക് നയിക്കുന്നത്. നമുക്കറിയാമല്ലോ, മലയാളത്തില്‍ അത്തരത്തില്‍ സ്പഷ്ടമായ രാഷ്ട്രീയം പറയുന്ന ഒരു സാഹിത്യം വരികയാണെങ്കില്‍, അതിനെതിരെ നമ്മുടെ എല്ലാ വിഭാഗം ആളുകളും ഒന്നിക്കും. അത് നമ്മുടെ സംസ്‌കാരമല്ല എന്നൊക്കെ പറഞ്ഞുകളയും. 70 കളിലും 80 കളിലും സാംസ്‌കാരിക വേദിയുടെ ഒക്കെ കാലത്ത് അത്തരം സാഹിത്യങ്ങള്‍ ഇവിടെയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു ഇരുപത് വര്‍ഷത്തെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ നമ്മുടെ കഥകളിലോ സിനിമകളിലോ അത്തരം ശ്രമം കാണാനാവില്ല. ഇടതുപക്ഷം ഒരു സാധ്യതയാണെന്ന് പറയുന്നത് തന്നെ കേരളത്തില്‍ ഇല്ലാതായിട്ടുണ്ട്. സി.പി.എമ്മിനും സി.പി.ഐക്കും സോവിയറ്റ് യൂണിയനായിരുന്നു സോഷ്യലിസത്തിലേക്കുള്ള ഇമാനിസിപ്പേറ്ററി ലിബറേഷന്‍. ഇത് പറഞ്ഞു പഠിച്ചിരുന്ന ഒരു അനുയായി വൃന്ദമാണ് ഈ രണ്ടുപാര്‍ട്ടികള്‍ക്കും  ഉണ്ടായിരുന്നത്. ഈ അനുയായിവൃന്ദം നേതൃത്വത്തിനെ തന്നെ വിശ്വസിക്കാത്ത ഒരു വിഭാഗമായി ഇപ്പോള്‍ മാറിയിട്ടുണ്ട്. വിപ്ലവം എന്ന് പറയുന്ന രാഷ്ട്രീയപ്രവര്‍ത്തനം ഒരു ഡിസ്ട്രക്ടീവ് സംഗതിയല്ല, നിഷേധാത്മകമല്ല, ക്രിയേറ്റീവായിട്ടുള്ള ഒന്നാണ്. ഡെസ്‌പെറേറ്റായിട്ടുള്ള ജനത്തിന് മുന്നില്‍ ക്രിയേറ്റീവായിട്ടുള്ള ഒരു ബദലിനെക്കുറിച്ചുള്ള സാധ്യതകളാണ് മുന്നോട്ട് വയ്‌ക്കേണ്ടത്. ആ നിലയിലുള്ള സാധ്യതയെന്ന നിലയില്‍ മാവോയിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ നാളെ ഉദിച്ചുയരുമെന്ന കാര്യത്തെക്കുറിച്ച് നമുക്ക് ഇപ്പോള്‍ പറയാനൊക്കില്ല.  

പക്ഷേ നേതൃത്വമില്ലായ്മ വലിയൊരു പ്രശ്നമല്ലേ…  ?

ശരിയാണ്. നേതൃത്വമില്ലായ്മയുടെ പ്രശ്‌നമുണ്ട്. .ഈ അടുത്തിറക്കിയ മാവോയിസ്റ്റുകളുടെ പതിനഞ്ച് പേജുള്ള ഒരു ഡോക്യുമെന്റില്‍ പറഞ്ഞിട്ടുള്ളത് ലോകം മുഴുവന്‍ ചൂഷണം പെരുകുന്നുണ്ട്, ദരിദ്രരും സമ്പന്നരുമായിട്ടുള്ള വ്യത്യാസം, രാജ്യങ്ങള്‍ തമ്മിലുള്ള അന്തരം എന്നിവ ശക്തമാണ് എന്നൊക്കെയാണ്. ഉദാഹരണത്തിന് അമേരിക്കയെപ്പോലുള്ള രാജ്യം ഇറാക്കിലും സിറിയയിലും നടത്തുന്ന അധിനിവേശങ്ങള്‍. ഇതെല്ലാം നിലനില്‍ക്കുമ്പോള്‍ സൈദ്ധാന്തികമായിട്ട് എതിര്‍ക്കാന്‍ ഒരു ആശയ അടിത്തറ ഉണ്ടാക്കുന്ന കാര്യത്തില്‍ മാവോയിസ്റ്റുകള്‍ അടക്കമുള്ള ശക്തികള്‍ ദുര്‍ബലരാണെന്നുള്ള കാര്യം അവര്‍ പറയുന്നുണ്ട്. ഈ ദൌര്‍ബല്യം കേരളത്തിന്റെ കാര്യത്തിലും വളരെ പ്രകടമാണ്. നമ്മുടെ തലമുറ എന്നുപറയുന്നത് ചൈനയില്‍ ജനാധിപത്യ പുനസ്ഥാപനം നടന്നതിനുശേഷം പത്താംക്ലാസ് പാസ്സായിട്ടുള്ളവരാണ്. നമ്മുടെ മുന്നില്‍ ഐഡിയല്‍ ആയിട്ടുള്ള മോഡലുകളുമില്ല. 1930ലോ 40ലോ കമ്മ്യൂണിസ്റ്റുകാരനാവുന്നവന് റഷ്യയെന്ന് പറയുന്നത് വലിയൊരു മാതൃകയായിരുന്നു, സ്വപ്നമായിരുന്നു. നക്‌സലൈറ്റുകളുടെ കാര്യത്തില്‍ ചൈന ആ നിലയില്‍ ഒരു വലിയ സ്വപ്നമായിരുന്നു. ബദല്‍ മാതൃകയെന്ന നിലയില്‍.  ഇത് രണ്ടും ഇല്ലാത്ത ജനറേഷനാണ് നമ്മുടേത്. നമുക്കു ശേഷം വരുന്ന ജനറേഷനെ സംബന്ധിച്ചിടത്തോളവും അവരുടെ മുന്നില്‍ വ്യാമോഹിപ്പിക്കുന്ന കാല്‍പ്പനികമായ ബദല്‍ മാതൃകകളൊന്നുമില്ല. അല്ലെങ്കില്‍ അവര്‍ അത്തരം മാതൃകകള്‍ അല്ല ആവശ്യപ്പെടുന്നത്. ഈ നിലയിലുള്ള ഒരു കാലഘട്ടത്തോട് സംവദിക്കാന്‍ പറ്റുന്ന ഒരു ധൈഷണിക നേതൃത്വം ഇല്ല എന്നുള്ളത് വളരെ നിര്‍ണ്ണായകമായ ഒരു കാര്യമാണ്. അങ്ങനെയൊരു ധൈഷണിക നേതൃത്വം ഉണ്ടെങ്കില്‍ മാത്രമേ പുതിയ ജനറേഷന്റെ ഭാവനയെ പ്രചോദിപ്പിക്കാന്‍ കഴിയൂ. കാരണം വിപ്ലവം, അധികാരം, രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് പറയുന്നത് ഒരു സൈനികശക്തിയുടെ സാധനം മാത്രമല്ല. സൈനിക ശക്തിയുടെ സാധനമാണെങ്കില്‍ ഇന്ത്യന്‍ സ്റ്റേറ്റായിരിക്കണം എപ്പോഴും ശരിയായിരിക്കേണ്ടത്. കാരണം ഇന്ത്യയുടെ  സൈനികശക്തിയുടെ നാലിരൊംശം മാവോയിസ്റ്റുകള്‍ക്കോ ഇതിനെ എതിര്‍ക്കുന്ന ആര്‍ക്കും തന്നെയില്ല. ഒരു ഭരണകൂടത്തിന്റെ സൈനികശക്തിയെ ഓവര്‍കം ചെയ്യുന്നത് അതിന് തുല്യമായ സൈനികശക്തികൊണ്ടല്ല. വിപ്ലവകാരികള്‍ ഓവര്‍ക്കം ചെയ്യുന്നത് അവരുടെ ധാര്‍മ്മികവും ധൈഷണികവുമായ മേല്‍ക്കൈയിലാണ്. 

(തുടരും)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍