UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ രാഷ്ട്രീയ അപഹാസ്യതയേയും മാവോയിസം എന്നു വിളിക്കണോ?

Avatar

മഞ്ജു ജയരാജ്

നവംബര്‍ 7 മുതല്‍ ജനുവരി 29 വരെ നീണ്ടു നിന്ന തങ്ങളുടെ രാഷ്ട്രീയ-സൈനിക കാമ്പയിന്‍ വിജയകരമായി സമാപിച്ചുവെന്ന്‌ അറിയിച്ചു കൊണ്ടുള്ള മാവോയിസ്റ്റ് വാര്‍ത്താക്കുറിപ്പ്‌ വായിച്ചാല്‍ സാമാന്യ ബുദ്ധിയുള്ളവര്‍ ചിരിക്കണോ കരയണോ എന്ന ധര്‍മസങ്കടത്തിലാകും. മൂന്ന്‌ മാസം നീണ്ടു നിന്ന കാമ്പയിനു വേണ്ടി വന്ന തയ്യാറെടുപ്പുകള്‍, അഥവാ പോസ്‌റ്ററുകളുടെയും സ്‌റ്റിക്കറുകളുടെയും ഇനവും എണ്ണവുമൊക്കെ വിശദീകരിക്കുന്നുണ്ട് വാര്‍ത്താക്കുറിപ്പില്‍. ജനങ്ങളുടെ വ്യവസ്ഥാപിത സമരമുറകള്‍ ഭരണകൂടം അടിച്ചമര്‍ത്തിയതിനാല്‍ സായുധ സമരത്തെക്കുറിച്ച്‌ ബോധവല്‍ക്കരണത്തിനാണ്‌ ഈ പൊലിറ്റിക്കോ-മിലിറ്ററി കാമ്പയിന്‍ നടത്തിയതെന്നും വാര്‍ത്താക്കുറിപ്പ്‌ പറയുന്നു. കുഞ്ഞോം വനമേഖലയില്‍ ഉണ്ടായ വെടിവെയ്‌പിനെത്തുടര്‍ന്നാണ്‌ ആദിവാസികളുടെ നില്‍പ്‌ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഭരണകൂടം തയ്യാറായതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇത്രയും അപഹാസ്യമായ ഒരു രാഷ്ട്രീയ അവകാശവാദം സമീപകാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ല. വയനാട്ടിലെയും അട്ടപ്പാടിയിലെയും ആദിവാസികളുടെ പ്രശ്‌നങ്ങളുയര്‍ത്തി എംഎല്‍ സംഘടനകളോ മാവോയിസ്‌റ്റുകളോ ഒരു സമരവും ചെയ്‌തിട്ടില്ല എന്നല്ല പറയുന്നത്‌. പക്ഷേ, ഭരണകൂടത്തിന്റെ ഹിംസാത്മകമായ അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരെ അഹിംസാത്മകമായ സമരരീതിയിലൂടെ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുകയും മാസങ്ങളോളം തങ്ങളുടെ കാലടികളില്‍ കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയെ ചവിട്ടിയുണര്‍ത്തുകയും ചെയ്‌ത ഒരു രചനാത്മക സമരത്തെയും അതിനെ പിന്തുണച്ച്‌ കേരളത്തിലെ നവരാഷ്ട്രീയ ബോധത്തെയും എത്ര അപഹാസ്യമായാണ്‌ ഇക്കൂട്ടര്‍ ധൃതരാഷ്ട്രാലിംഗനം ചെയ്യുന്നത്‌? എത്ര അപഹാസ്യമായാണ്‌ നില്‍പുസമരക്കാരുടെ അസ്‌തിത്വത്തെയും ആ സമരത്തിന്റെ കര്‍തൃത്വത്തെയും ഇല്ലായ്‌മ ചെയ്യുന്നത്‌?

”പഴശ്ശിരാജയുടെയും തലക്കല്‍ ചന്തുവിന്റെയും നേതൃത്വത്തില്‍ ബ്രിട്ടീഷ്‌ കൊളോണിയല്‍ സേനകള്‍ക്കെതിരെ ഒളിയുദ്ധം നടത്തിയ കുഞ്ഞോമില്‍ സാമ്രാജ്യത്വ ദല്ലാള്‍മാര്‍ക്കെതിരെയുള്ള ഗറില്ല യുദ്ധത്തിന്റെ വെടിയൊച്ചകള്‍ വീണ്ടും മുഴക്കാന്‍ ജനകീയ വിമോചന ഗറില്ലാ സേനക്ക്‌ കഴിഞ്ഞു.” എന്തിനാണ്‌ വയനാട്ടിലെ ഭരണകൂട വിരുദ്ധ പോരാട്ടത്തിന്‌ ഫ്യൂഡല്‍ നാടുവാഴിയായ പഴശ്ശിരാജയെ കൂട്ടുപിടിക്കുന്നതെന്ന്‌ വാര്‍ത്താക്കുറിപ്പ്‌ വിശദീകരിക്കുന്നില്ല. അതോ, പുതിയ കാലഘട്ടത്തിലെ പഴശ്ശിരാജാക്കന്‍മാരായ പെരുമന്‍മാരെയും അവര്‍ക്ക്‌ വേണ്ടി ആയുധമേന്താന്‍ തലക്കല്‍ ചന്തുമാരെയും അഭിസംബോധന ചെയ്യുന്നതാണോയെന്നും വ്യക്തമല്ല.

കുഞ്ഞോമില്‍ കബനീ ദളത്തിലെ സഖാക്കള്‍ തണ്ടര്‍ബോള്‍ട്ടിന്‌ നേരെ നിറയൊഴിക്കുകയും ചിതറിയോടിയ തണ്ടര്‍ബോള്‍ട്ട്‌ കമാന്‍ഡോകള്‍ സുരക്ഷിതരായ സ്ഥലത്തെത്തിയ ശേഷം ആകാശത്തേക്ക്‌ വെടിവെക്കുകയും ചെയ്‌തുവെന്ന്‌ വാര്‍ത്താക്കുറിപ്പ്‌ പറയുന്നു. കുഞ്ഞോമിലെ വെടിവെയ്‌പിനെക്കുറിച്ച്‌ അന്ന്‌ തന്നെ പലരും സംശയം ഉയര്‍ത്തിയിരുന്നു. കമാന്‍ഡോകള്‍ ആകാശത്തേക്ക്‌ വെടിവെച്ച ശേഷം മാവോയിസ്‌റ്റുകളുമായുള്ള ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്നായിരുന്നു അന്നുയര്‍ന്ന ആരോപണം. ഇപ്പോള്‍ ഇതിന്‌ വിശദീകരണം നല്‍കേണ്ടത്‌ ഭരണകൂടമാണ്‌. യഥാര്‍ത്ഥത്തില്‍ മാവോയിസ്‌റ്റുകളുമായി കുഞ്ഞോമില്‍ വെടിവെയ്‌പുണ്ടായെങ്കില്‍ ആകാശത്തേക്ക്‌ എന്തിനാണ്‌ വെടിവെച്ചത്‌?

യഥാര്‍ത്ഥത്തില്‍ കബനീദളം കമാന്‍ഡോകളെ ആക്രമിച്ചെങ്കില്‍ അത്‌ മറച്ചുവെക്കുകയല്ലേ കമാന്‍ഡോകള്‍ ചെയ്യേണ്ടത്‌? ബുദ്ധിയുള്ള ഏതെങ്കിലും കമാന്‍ഡോ തലവന്‍ തങ്ങളെ മാവോയിസ്‌റ്റുകള്‍ ആക്രമിച്ചു എന്ന്‌ വരുത്തിത്തീര്‍ക്കുമോ? അങ്ങനെ തോറ്റ ഒരു ഓപ്പറേഷന്‍ നാട്ടുകാര്‍ അറിഞ്ഞിട്ടില്ലെങ്കില്‍ ആകാശത്തേക്ക്‌ വെടിവെച്ച്‌ അത്‌ നാട്ടുകാരെ അറിയിക്കുമോ ? അപ്പോള്‍ ശരിക്കും മാവോയിസ്‌റ്റുകള്‍ കാട്ടിലുണ്ട്‌ എന്ന്‌ നാട്ടുകാരെ അറിയിക്കാനാണോ ആകാശത്തേക്ക്‌ വെടിവെച്ചത്‌? ഇങ്ങനെ ഒരു ആക്രമണം കമാന്‍ഡോകള്‍ക്കെതിരെ നടത്താന്‍ മാത്രം ശക്തമാണ്‌ (അതായത്‌, കമാന്‍ഡോകള്‍ ചിതറിയോടിയെന്നാണല്ലോ അവകാശവാദം) മാവോയിസ്‌റ്റുകളുടെ സൈനിക ബലമെങ്കില്‍, എന്തുകൊണ്ട്‌ നേര്‍ക്കു നേരെ ഒരു ഏറ്റുമുട്ടലിന്‌, പോട്ടെ, ഒരു ഗറില്ലാ പോരാട്ടത്തിന്‌ മാവോയിസ്‌റ്റുകള്‍ സന്നദ്ധരാവുന്നില്ല. ഞങ്ങള്‍ കോഴിക്കോട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ നിങ്ങളിതെന്ത്‌ ബിടലാണ്‌ ബാബ്വേട്ടാ…

രാഷ്ട്രീയ സൈനിക പോരാട്ടത്തിന്റെ രണ്ടാം ഘട്ടം ഗ്രാമനഗര തലങ്ങളില്‍ ഒരേസമയം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പ്‌ പറയുന്നു. അട്ടപ്പാടിയില്‍ ഭവാനി-നാടുകാണി ദളങ്ങളുടെ നേതൃത്വത്തില്‍ മുക്കാലിയിലെ റേഞ്ച്‌ ഓഫീസ്‌ ആക്രമിച്ചതും കുഞ്ഞോം ഫോറസ്‌റ്റ്‌ ഔട്ട്‌പോസ്‌റ്റ്‌ ആക്രമിച്ചതും വനം വകുപ്പനോട്‌ വനം വിട്ടുപോകാനാവശ്യപ്പെട്ട്‌ പോസ്‌റ്ററൊട്ടിച്ചതും വിശദീകരിക്കുന്നു. ബഹുരാഷ്ട്ര കുത്തകയായ കെന്റക്കി, മക്‌ഡൊണാള്‍ഡ്‌ എന്നിവയുടെ റസ്‌റ്ററന്റുകള്‍ ആക്രമിച്ചും നെടുംപൊയില്‍ ക്രഷര്‍ യൂനിറ്റ്‌ ആക്രമിച്ചും കൊണ്ട് ഗറില്ലാ സേന ആഞ്ഞടിച്ചുവെന്നും വാര്‍ത്താക്കുറിപ്പ്‌ പറയുന്നു. കെടിഡിസിയുടെ തമരിന്റ്‌ റസ്റ്ററന്റിന്‌ നേരെ നടന്ന ആക്രമണം ഒബാമയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചായിരുന്നുവത്രേ. പക്ഷേ, പാവം ഒബാമ അതറിഞ്ഞില്ല.

മക്‌ഡൊണാള്‍ഡ്‌ ആക്രമണത്തില്‍ പിടിയിലായ അരുണ്‍ ബാലന്‍, ശ്രീകാന്ത്‌ എന്നീ യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ്‌ ചെയ്‌തതിനെ അപലപിക്കുന്നുണ്ട്‌ വാര്‍ത്താക്കുറിപ്പ്‌. അവരാണോ ഈ ആക്രണത്തിന്‌ പിന്നിലെന്ന്‌ വ്യക്തമാക്കുന്നില്ല. അവര്‍ നിരപരാധികളാണെങ്കില്‍ അതും പറയുന്നില്ല. അവരെ നിരുപാധികം വിട്ടയക്കാനാണ്‌ ആവശ്യപ്പെടുന്നത്‌.

ജനുവരി29ന്‌ ഹൈവേ അഥോറിറ്റിയുടെ ഓഫീസ്‌ ആക്രമിച്ച സംഭവം അര്‍ബന്‍ ആക്ഷന്‍ ടീമിന്റെ ചെയ്‌തിയാണെന്ന്‌ സമ്മതിക്കുന്നുണ്ട്‌. എന്നാല്‍, പിറ്റേന്ന്‌  പിടിയിലായ അഡ്വ.തുഷാര്‍ നിര്‍മല്‍ സാരഥി, ജെയ്‌സണ്‍ സി കൂപ്പര്‍ എന്നിവരുടെ അറസ്റ്റിനെപ്പറ്റി വാര്‍ത്താക്കുറിപ്പ്‌ മിണ്ടുന്നില്ല. കാരണം, വാര്‍ത്താക്കുറിപ്പ്‌ തയ്യാറാക്കിയതായി രേഖപ്പെടുത്തിയിട്ടുള്ളത്‌ ജനുവരി 29നാണ്‌. ജെയ്സണെയും തുഷാറിനെയും അറസ്റ്റ്‌ ചെയ്യുന്നത്‌ പിറ്റേന്നും. വാര്‍ത്താക്കുറിപ്പ്‌ മാധ്യമങ്ങളിലെത്തുന്നത്‌ ഫെബ്രുവരി ഏഴിനും.

ഇതോടൊപ്പം മാധ്യമം വാരികയില്‍ മാവോയിസ്‌റ്റുകളെ വിമര്‍ശിച്ച്‌ വന്ന കെ.എസ്‌ ഹരിഹരന്റെയും ഡോ.ആസാദിന്റയും ലേഖനങ്ങള്‍ക്ക്‌ മാവോയിസ്‌റ്റ്‌ നേതാവ്‌ രൂപേഷിന്റെ ഭാര്യഷൈനയുടേതായി ഒരു വിശദീകരണവുമുണ്ട്‌. അതില്‍, മാവോയിസ്‌റ്റുകള്‍ രഹസ്യമായി ജനകീയ സമരങ്ങളില്‍ പങ്കെടുക്കുന്നുവെന്ന്‌ പറയുന്നു. നിരോധിത സംഘടനയായതിനാലാണ്‌ അങ്ങനെ ചെയ്യുന്നതെന്നും വിശദീകരിക്കുന്നു. മാവോയിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രം പിന്തുടരുന്നുവെങ്കിലും നിരോധിത സംഘടനയല്ലാത്ത ‘പോരാട്ടം’ നടത്തിയ പാലിയേക്കര ടോള്‍ സമരത്തിലെ ഇടപെടലിനെ മാവോയിസ്‌റ്റുകളുടെ ജനകീയ സമരത്തിലെ ഇടപെടലിന്‌ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

മാവോയിസം പ്രത്യശാസ്‌ത്രമായി സ്വീകരിക്കുന്നത്‌ നിലവില്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടില്ല. സിപിഐ മാവോയിസ്‌റ്റ്‌ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതാണ്‌ കുറ്റകരം. എങ്കില്‍, എന്തിനാണ്‌ പോരാട്ടം എന്ന സംഘടനയെ ആലിംഗനം ഇവര്‍ ആലിംഗനം ചെയ്യുന്നത്‌ എന്ന്‌ മനസിലാകുന്നില്ല. ജെയ്‌സണ്‍ കൂപ്പര്‍ തന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ മാവോയിസ്‌റ്റുകളെയും മാവോയിസത്തെയും പിന്തുണച്ചിട്ടുണ്ടാകാം. പക്ഷേ, അയാള്‍ സിപിഐ മാവോയിസ്‌റ്റില്‍ പ്രവര്‍ത്തിക്കാത്തിടത്തോളം അത്‌ കുറ്റകരമല്ല. അഡ്വ.തുഷാറാകട്ടെ, കേരളത്തിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും. ഇവര്‍ തെറ്റുകാരല്ലെങ്കില്‍ അത്‌ തുറന്നു പറയുന്ന ഒരു വിശദീകരണക്കുറിപ്പായിരുന്നു മാവോയിസ്‌റ്റുകള്‍ പുറത്തിറക്കിയതെങ്കില്‍, ഇതിന്റെ സാധുത മനസിലാക്കാമായിരുന്നു.

അവസാനമായി, ഈ വാര്‍ത്താക്കുറിപ്പ്‌ മുഴുവന്‍ വായിച്ചിട്ട്‌, ഭാവിയില്‍ ഭരണകൂടം ആരെയൊക്കെ വേട്ടയാടണമെന്ന സൂചനകളുള്ളതായി ഒരു വായനക്കാരന്‌ തോന്നിയാല്‍ കുറ്റപ്പെടുത്താനാകില്ല. രൂപേഷും ഷൈനയും ആരുമാകട്ടെ, അവര്‍ മാവോയിസ്‌റ്റോ മറ്റു വല്ലതുമോ ആകട്ടെ, ഗ്യാലറിയിലിരുന്ന കളികാണുന്നവര്‍ക്ക്‌, ഈ ബിഗ്‌ ഗെയിമിലെ ഒരു കരുമാത്രമാണ്‌ അവര്‍ എന്ന്‌ തോന്നിപ്പോയാല്‍ അബദ്ധമാവില്ല. 

(കോഴിക്കോട് സ്വദേശി)

*Views are Personal

സി  പി  ഐ (മാവോയിസ്റ്റ്) പശ്ചിമ ഘട്ട പ്രത്യേക സോണല്‍ കമ്മിറ്റി  പുറത്തുവിട്ട വാര്‍ത്താ കുറിപ്പ്


( ലേഖനം എഴുതിയ വ്യക്തിയുമായി ബന്ധപ്പെട്ടുണ്ടായ ചില ഡെവലപ്മെമെന്റുകളുടെയും അഴിമുഖം നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തി ഈ ലേഖനത്തിൽ 6-04-2015- ചില അപ്ഡേറ്റുകൾ വരുത്തിയിട്ടുണ്ട്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍