UPDATES

പ്രസ്‌ ക്ലബില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട്ട് മനുഷ്യാവകാശപ്രവര്‍ത്തകന്‍ അറസ്റ്റില്‍. റവലൂഷണറി ഡമോക്രാറ്റിക് ഫ്രണ്ട് (ആര്‍.ഡി.എഫ്) സംസ്ഥാന പ്രസിഡന്റ് വടകര ചോമ്പാല്‍ സ്വദേശി ടി.സുഗതനാണ് അറസ്റ്റിലായത്. കോഴിക്കോട് പ്രസ്‌ ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിനുശേഷം പുറത്തിറങ്ങുമ്പോള്‍ മഫ്ടിയിലെത്തിയ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഏപ്രില്‍ 22ന് ഇരിട്ടിയില്‍ ‘മാവോയിസം ഭീകരവാദമല്ല, വിമോചനത്തിന്റെ വഴികാട്ടി’ എന്ന പോസ്റ്റര്‍ ഒട്ടിച്ചതിനെതിരെ ഇരിട്ടി പോലീസ് എടുത്ത കേസിലാണ് അറസ്റ്റ്. ഈ കേസില്‍ നിലവില്‍ ആര്‍ഡിഎഫ് സംസ്ഥാന സെക്രട്ടറി അജയന്‍ മണ്ണൂര്‍, കരിവള്ളൂര്‍ രാമകൃഷ്ണന്‍ എന്നിവര്‍ അറസ്റ്റിലാണ്. ആര്‍ഡിഎഫ് പ്രവര്‍ത്തകരായ കൊല്ലം സ്വദേശി ബാഹുലേയന്‍, ഔസേപ്പ് എന്നിവരെക്കൂടി പോലീസ് തെരയുന്നുണ്ട്. അഞ്ചുപേര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയതായാണ് വിവരം. 

പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ അജയന്‍ മണ്ണൂരിനേയും രാമകൃഷ്ണനേയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം അറിയിക്കാനായി പഴയ നക്‌സല്‍ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോവാസുവിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12ന് കോഴിക്കോട് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. അതില്‍ പങ്കെടുക്കാനെത്തിയതാണ് സുഗതന്‍. വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ഒരു മണിയോടെ പ്രസ്‌ ക്ലബില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് താഴെ കാത്തുനില്‍ക്കുകയായിരുന്ന പൊലീസ് സുഗതനെ കസ്റ്റഡിയിലെടുത്തത്. ഗ്രോവാസുവിന്റെ നേതൃത്വത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പൊലീസിനെതിരായി മുദ്രാവാക്യം വിളിച്ചു.

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ മനുഷ്യാവകാശപ്രവര്‍ത്തകരെ പിടികൂടി യുഎപിഎ ചുമത്തി ജാമ്യംപോലും നിഷേധിച്ച് അകത്തിടുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ഗ്രോവാസു പറഞ്ഞു. മാവോയിസ്റ്റ് ആശയങ്ങള്‍ രാജ്യത്ത് നിരോധിച്ചിട്ടില്ല. മാവോയിസം പ്രചരിപ്പിക്കുന്നതും മവോ സാഹിത്യം കൈവശം വെക്കുന്നതും കുറ്റകരമല്ലെന്ന് സുപ്രീംകോടതിതന്നെ വ്യക്തമാക്കിയതാണ്. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തരെ പൊലീസ് കിരാത നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് അകത്തിടുന്നതെന്ന് ഗ്രോവാസു ചോദിച്ചു. 21ന് ഇതേ പോസ്റ്റര്‍ കാസര്‍ഗോഡ് പരപ്പയില്‍ ഒട്ടിച്ചപ്പോള്‍ സുഗതനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും വിട്ടയക്കുകയായിരുന്നു.

ആര്‍ഡിഎഫ് ഒരു നിരോധിത സംഘടനയല്ല. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്. ആശയമാണ് അവരുടെ ആയുധം. മറിച്ച് വാളുകളും തോക്കുകളുമല്ല. സായുധരായി അക്രമിക്കുന്നവരെയല്ലാതെ വാക്കുകളും പോസ്റ്ററും ഉപയോഗിച്ച് പ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് അകത്തിടാന്‍ തുടങ്ങിയാല്‍ കേരളത്തിലെ തടവറകള്‍ മതിയാവില്ലെന്നും ഗ്രോവാസു കൂട്ടിച്ചേര്‍ത്തു.

സുഗതനെ പിന്നീട് ഇരിട്ടി പൊലീസിന് കൈമാറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍