UPDATES

ന്യൂസ് അപ്ഡേറ്റ്സ്

താടിയിലും മുടിയിലും വളരുന്ന മാവോയിസം

Avatar

ധന്യ അംബിക ലക്ഷ്മി

അങ്ങനെ പറഞ്ഞത്രേ, ഇങ്ങനെ സംഭവിക്കാമത്രേ, ചിലത് ചിലയിടത്ത് സംഭവിക്കാന്‍ സാധ്യത ഉണ്ടത്രേ, രീതിയിലുള്ള മാധ്യമപ്രവര്‍ത്തനത്തിലേക്ക് പണ്ടേക്ക് പണ്ടേ തിരികെ പോയ കേരള മാധ്യമങ്ങള്‍ തന്നെയാണ് ‘മാവോയിസ്റ്റുകളാണത്രേ’ പതിപ്പ് വാര്‍ത്തകള്‍ക്കും അജണ്ട സെറ്റിങ്ങിനും പിറകില്‍. ന്യൂസ് ഡസ്‌ക്കുകളിലെ വാര്‍ത്ത വരള്‍ച്ചകള്‍ക്കുള്ള ആജീവനാന്ത പരിഹാരമാണ് ഇത്തരം മാവോയിസ്റ്റ് വാര്‍ത്തകള്‍. അപ്പോള്‍ പിന്നെ മാവോയിസ്റ്റ് വേട്ട എന്നപേരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പോലീസിന്റെയും അവരുടെ ഉടമകളായ ഭരണകൂടത്തിന്റെയും പ്രതിഷേധാര്‍ഹമായ കടന്നുകയറ്റത്തിനെതിരെയും ഇത്തരം വാര്‍ത്തകള്‍ വരേണ്ടതല്ലേ? ചോദ്യങ്ങള്‍ ചോദിക്കാനുള്ളത് മാത്രവും ഉത്തരം കിട്ടാന്‍ ഇല്ലാത്തതുമായിട്ട് കാലമേറെ ആയല്ലോ.അതിനാല്‍ അതിനെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. ഭരണകൂടത്തെ പോലെതന്നെ മാധ്യമങ്ങളും ഒരക്ഷരം പറഞ്ഞുകൂടാത്ത പോളണ്ടുകളാണ്.

ഭരണകൂടത്തിന് അജണ്ടകളും അതിനെ കവിഞ്ഞ് അര്‍ത്ഥമോഹങ്ങളും ഉണ്ടെന്നു തിരിച്ചറിയാതെയല്ല മാധ്യമങ്ങളെ പറയുന്നത്. ഒരുപക്ഷേ, അധികാരകാലുകളില്‍ ഉറപ്പിക്കപ്പെട്ട പ്രത്യേക അധികാരമുപയോഗിച്ച് യഥാര്‍ത്ഥ അടിച്ചമര്‍ത്തല്‍ രാഷ്ട്രീയവും അധികാര വടംവലിയും നടത്തുന്നത് ആരെന്നു അറിഞ്ഞുകൊണ്ടുതന്നെ ബ്രേക്കിങ്ങും കോളം നിരത്തലും നടത്തുന്ന മാധ്യമങ്ങളും ഇക്കാര്യത്തില്‍ തുല്യ കുറ്റക്കാരാണ്.

മാവോയിസമെന്നും മാവോയിസ്റ്റ് ബന്ധമെന്നും ഒരു തെളിവുമില്ലാതെ വിളിച്ച് പറഞ്ഞ് ജനകീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ഉള്ളവരെയും(ജനകീയം എന്ന വാക്ക് ഭരണകൂടത്തിന് എത്രത്തോളം പേടിപ്പെടുത്തുന്നതാണെന്ന് കഴിഞ്ഞ മാസങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ അറിയാം) മനുഷ്യാവകാശ പ്രവര്‍ത്തകരെയും സോഷ്യല്‍ ആക്ട്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്യുമ്പോള്‍ പോലും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനോ പറയാനോ മാധ്യമങ്ങള്‍ തയ്യാറാകാത്തിടത്താണ് മാധ്യമങ്ങളുടെ യഥാര്‍ത്ഥ അജണ്ട പൂച്ച് പുറത്തുചാടുന്നത്. ഫേസ്ബുക്ക് റിലയന്‍സ് ഫ്രീ ഇന്റര്‍നെറ്റ് നീക്കങ്ങളെ അധികരിച്ചുപോലും അരമണിക്കൂര്‍ പ്രോഗ്രാം എയറില്‍ വിടുന്ന മാധ്യമങ്ങള്‍ പോലും ഇത്തരം ധ്വംസനങ്ങളെയോ യുഎപിഎ ചുമത്തലിനേയോ ചോദ്യം ചെയ്യുകയോ അഥവ വാര്‍ത്ത തന്നെ കൊടുക്കുകയോ ചെയ്യാത്തത് ആരുടെ അജണ്ടയാണെന്ന് വ്യക്തമാണ്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് ന്യൂസ് വാല്യൂ. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല തന്നെ.

ആഴ്ചകള്‍ക്ക് മുമ്പ് ചികിത്സ ആവശ്യത്തിനായി എനിക്ക് കേരളത്തിലേക്ക് പോകേണ്ടി വന്നു. എറണാകുളത്തെ ആഴ്ചകള്‍ നീണ്ട ചികിത്സ മഹാമഹത്തിന് ഒടുവില്‍ പേര്‍ഷ്യയിലേക്ക് തിരികെ വണ്ടി പിടിക്കാന്‍ തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു. ജനശതാബ്ദി എക്‌സ്പ്രസ്സിന്റെ എ സി കോച്ച്. ഇസ്തിരിയിട്ട ജാടകള്‍ സ്വതേ പിടിക്കാത്ത എനിക്കെന്നും ഇഷ്ടം രണ്ടാം ക്ലാസ് യാത്ര തന്നെയാണ്. ആരോഗ്യസ്ഥിതിയും ഒറ്റയ്ക്കുള്ള യാത്രയെന്ന പരിഗണനയും കണക്കിലെടുത്ത് ടിക്കെറ്റെടുത്ത സുഹൃത്ത് പറ്റിച്ച പണിയാണ് എന്നെ എ സി കമ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചത്. അടുത്തിരിക്കുന്ന മധ്യവയസ്‌കന്‍ വ്യവസ്ഥാപിത മലയാളിയുടെ ‘നല്ല വസ്ത്രധാരണ രീതി’യുടെ സകല കെട്ടു മാറാപ്പുകളുമായി നിര്‍ത്താതെ സംസാരിക്കുകയാണ്. ഒടുവില്‍ സംഗതി പലവഴി കറങ്ങി എത്തേണ്ടിടത് എത്തി. തൊട്ട് മുമ്പുള്ള ആഴ്ചയില്‍ ആയിരുന്നു യൂത്ത് ഡയലോഗ് പ്രവര്‍ത്തകര്‍ അങ്കമാലിയില്‍ ലവ് ഫെസ്‌റ്റോ സംഘടിപ്പിച്ചത്. ചുംബനസമരം ആയിരിക്കുമെന്ന പ്രതീക്ഷയില്‍ ഇത്തിരി ‘സീന്‍’പ്രതീക്ഷിച്ചാണ് താന്‍ പോയതെന്നും അവിടെ എത്തിയപ്പോഴാണ് സംഗതി മത്തനല്ല കുമ്പളമാണ് എന്ന് മനസ്സിലായെതെന്നും ആമുഖം. ഇനിയാണ് ക്ലൈമാക്‌സ്, ചുറ്റും നിറയെ പോലീസുകാര്‍ ഉണ്ടായിരുന്നത്രേ. മാവോയിസ്റ്റുകളാണ് പരിപാടി നടത്തുന്നവരെന്നു അവര്‍ വിചാരിച്ചുകാണുമെന്നാണ് ഭാഷ്യം. ഏത്..? പോലീസുകാര്‍ വിചാരിച്ച് കാണുക എന്ന് തന്നെ.

ഇനിയാണ് പഞ്ച് ഡയലോഗ്,

പരിപാടി നടത്തുന്ന പിള്ളേരെ കണ്ടാലും എതാണ്ടതൊക്കെ തോന്നും. താടീം മുടീം വളര്‍ത്തി സൈസ് ഒക്കാത്ത ഒരു ഷര്‍ട്ടും വലിച്ച് കേറ്റി നടന്നാല്‍ ആര്‍ക്കായാലും തോന്നില്ലേ അവര്‍ അത്തരക്കാരാണെന്ന് എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. എല്ലാവരുടെയും മുഖം നന്നായി നോക്കി വച്ചിട്ടുണ്ടെന്ന് പറഞ്ഞ് ആള് അവസാനിപ്പിച്ചു. നാളെ പത്രത്തില്‍ ഒക്കെ വരുമ്പോള്‍ കണ്ടാല്‍ മനസ്സിലാകണമല്ലോ. ഇസ്തിരിയിട്ട ശീലങ്ങളില്‍ അമര്‍ന്നിരുന്നു പീഡനകഥകളിലും പീഡനപ്പെണ്ണിന്റെ പാവാടചരടിലും അന്തിചര്‍ച്ചകളില്‍ അന്നേക്കുള്ള വഹ കണ്ടെത്തുന്ന മധ്യവര്‍ഗ മലയാളിയുടെ വികലമായ സമീപനത്തിന്റെ സകല നാറ്റവും ഉണ്ടായിരുന്നു ആ വാക്കുകള്‍ക്ക്.

ഏറ്റവും സാധ്യത ഉണ്ടായിരുന്ന എഴുപതുകളില്‍ നക്‌സല്‍ പ്രസ്ഥാനം തകര്‍ന്നടിഞ്ഞ മണ്ണില്‍ ഇനിയൊരു മൂവ്‌മെന്റിന് സാധ്യതയില്ലെന്ന് ‘മുന്‍’നക്‌സലൈറ്റുകളും ഭരണകൂടത്തിന്റെ ആരാധകരും പറയുമ്പോഴും പോലീസ് അതിക്രമങ്ങളും മനുഷ്യാവകാശങ്ങളുടെ നഗ്‌നമായ ലംഘനങ്ങളും നടക്കുന്നതെന്ത് കൊണ്ടാണെന്ന് ആരെങ്കിലും ചോദിക്കേണ്ടതുണ്ട്. ചോദിച്ചാല്‍ അവരും നാളെ മാവോയിസ്റ്റ് ആയേക്കാമെന്നുള്ള പേടിയും യുഎപിഎ ചേര്‍ത്തുള്ള എഫ്‌ഐആറുകളും തിരക്കഥകളും മാധ്യമപ്രവര്‍ത്തകരെക്കൂടി പേടിപ്പിക്കുന്നുണ്ടാകണം.

വിവാദങ്ങളെ വിറ്റ് ജീവിക്കുന്ന മുന്‍ നക്‌സലൈറ്റുകളെയും ഇടതുപക്ഷ ചിന്തകരെയും വിട്ടേക്ക്. ജനോപകാരമല്ല. പണ്ട് ഉണ്ടായിരുന്ന ആനയുടെ കയറും തോട്ടിയും കാട്ടിയുള്ള വീമ്പ് പറച്ചിലില്‍ മാത്രമേ അവര്‍ക്ക് താല്‍പര്യമുള്ളൂ എന്നും പണ്ടേക്ക് പണ്ടേ തെളിഞ്ഞതാണ്. ഇപ്പറഞ്ഞ ബുജി കൂട്ടര്‍ക്ക് ജനോപകാരം മുന്‍നിര്ത്തിയുള്ളതൊന്നും ആലോചിക്കാനോ പറയാനോ ചെയ്യാനോ പറ്റില്ലെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പേ മലയാളികള്‍ മനസ്സിലാക്കിയതാണ്.

കമ്യൂണിസം മാനവരാശിയുടെ നന്മയ്‌ക്കെന്നു പറയുമ്പോഴും ചൈനയുടെ മുതലാളിത്ത സമീപനങ്ങളെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സത്യസന്ധമായി പഠിക്കാന്‍ നമ്മുടെ ഇടതുബുദ്ധിജീവികള്‍ക്ക് ഇന്നും സാധിച്ചിട്ടില്ല. എന്തുകൊണ്ട് മാവോയിസ്റ്റ് സാധ്യതകള്‍ കേരളത്തില്‍ എന്നത് സിവിക് ചന്ദ്രന്റെയും വേണുവിന്റെയും തിയറികള്‍ക്കുമപ്പുറം ഗൗരവത്തോടെ പഠിക്കേണ്ടതാണ്. അതാകട്ടെ ഭരണകൂടത്തിന് ഒട്ടും താല്‍പര്യമില്ലാത്ത കാര്യവുമാണ്.

ജനകീയപ്രസ്ഥാനങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകരും ഭരണകൂടത്തിന് എതിരാണെന്ന ഉട്ടോപ്യന്‍ ധാരണകള്‍ മറികടക്കാത്തിടത്തോളം കാലം ഇതിനൊരു പരിഹാരം ഉണ്ടാകാന്‍ പോകുന്നില്ല. ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശവിരുദ്ധവും ഭരണഘടന വിരുദ്ധവുമായിട്ടുള്ള നടപടികള്‍ കൊണ്ട് കാര്യങ്ങള്‍ ഒരു പൊട്ടിത്തെറിയില്‍ എത്തിക്കാം എന്നല്ലാതെ മറ്റൊന്നും സംഭവിക്കാന്‍ പോകുന്നില്ല.

അക്രമങ്ങളും താക്കീതുകളും പുറപ്പെടുവിച്ച് ഭരണകൂടത്തിന് പ്രണയലേഖനവും എഴുതിപ്പോകുന്ന കൂട്ടര്‍ എന്നല്ലാതെ മറ്റൊന്നും തെളിവായിട്ട് മാവോയിസ്റ്റുകള്‍ ബാക്കിവച്ചിട്ടുണ്ടോ? വയറ്റിപ്പിഴപ്പിനായി അരിയും പയറും പിടിച്ചുവാങ്ങാന്‍ മാത്രം ജനസമക്ഷം പ്രത്യക്ഷപ്പെടുന്ന ജീവിവര്‍ഗമാണോ ഇപ്പറയുന്ന മാവോയിസ്റ്റുകള്‍? കടലാസിലെ പുലികള്‍ ആകാന്‍ അല്ലാതെ എന്തുകൊണ്ട് അവര്‍ക്ക് തങ്ങളുടെ സാന്നിധ്യം ജനങ്ങളുടെ മുന്‍പില്‍ വിശ്വസിനീയമാകും വിധം തെളിയിക്കാന്‍ പറ്റുന്നില്ല? മുട്ടിന് മുട്ടിന് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള വനംവകുപ്പാണ് നമ്മുടേത് .പട്ടിയും പൂച്ചയും കുരങ്ങന്മാരും അല്ലാതെ മാവോയിസ്റ്റുകള്‍ മാത്രം അതിലൊന്നിലും പതിഞ്ഞതായി വിവരമില്ലല്ലോ. ഇനി അഥവ മാവോയിസ്റ്റുകള്‍ വരുമ്പോള്‍ കണ്ണടക്കുന്ന ക്യാമറകള്‍ ആണോ നമ്മുടെ വനംവകുപ്പിന്റെിത്? 

സംശയം എന്നല്ലാതെ സ്ഥിരീകരിക്കപ്പെട്ട ഏതെങ്കിലും ഒരാക്രമണം കേരളത്തില്‍ മാവോയിസ്റ്റ് ആക്രമണമെന്ന പേരില്‍ ഉണ്ടായിട്ടുണ്ടോ? കെ എഫ് സി ആക്രമണം വിട്ടുകളഞ്ഞേക്കാം. കാരണം മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പിടിച്ച് അകത്തിട്ട രണ്ടുപേരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കാന്‍ തലകുത്തിയും ചരിഞ്ഞും നിന്നിട്ടും നമ്മുടെ പോലീസ് ഏമാന്‍മാര്‍ക്ക് പറ്റിയിട്ടില്ല.

താടിയും മുടിയുമുള്ളവര്‍ മാവോയിസ്റ്റുകള്‍ ആണെന്ന ധാരണ ആരുണ്ടാക്കിയതാണ്? ജുബ്ബയും താടിയും മുടിയും നിരാശഭരിതമായ കണ്ണുകളും അസ്തിത്വവ്യഥയും കൊണ്ടുനടന്നിരുന്നവരെ അനാര്‍ക്കിസ്‌റ്റെന്നും കവിയെന്നും വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു നമ്മള്‍ കേരളീയര്‍ക്ക്. പോകപ്പോകെ അതൊരു മുഴുത്ത തെറിയായി പരിണമിക്കുകയും ഒടുവില്‍ മിമിക്രിക്കാരുടെ കോസ്റ്റ്യൂം മാറാപ്പുകളില്‍ പോയി മോക്ഷം പ്രാപിക്കുകയും ചെയ്തു നമ്മുടെ മലയാളിയുടെ അബദ്ധജടിലമായ ധാരണകള്‍.

മാസങ്ങള്‍ക്ക് മുമ്പ് വരെ കവിയായി അറിയപ്പെട്ടിരുന്ന പലരെയും മുഖത്തുനോക്കി മാവോയിസ്‌റ്റെന്ന് വിളിക്കുന്ന അവസ്ഥ വന്നു. സോ കോള്‍ഡ് ബുദ്ധിജീവി ഇമേജുകള്‍ മാറിമറിഞ്ഞു. താടി വളര്‍ന്നാല്‍ മുടി വെട്ടിയില്ലെങ്കില്‍ അവനെ വിളിക്കാവുന്ന ഇരട്ടപ്പേരായി മാവോയിസ്‌റ്റെന്ന പേര് മാറി.പോലീസുകാരിലെ അല്‍പബുദ്ധികള്‍ പോലും ഫ്രീക്കന്മാര്‍ പിള്ളേരെ പിടിച്ചാല്‍ നീ മാവോയിസ്റ്റാണോടാ? എന്ന് ചോദിക്കുന്ന അവസ്ഥ വന്നു. ഇതൊരു ദുരന്തമാണ്. നമ്മുടെ സാംസ്‌കാരിക അപചയത്തിന്റെ നേര്‍കാഴ്ചയാണ്.

ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന അധികാരമോഹികളായ ആര്‍ത്തിപ്പണ്ടങ്ങള്‍ക്ക് ദിവാസ്വപ്നം കാണുമ്പോള്‍ ആരെയും പിടിച്ച് മാവോയിസ്റ്റാക്കാം. അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാം. യുഎപിഎ ചേര്‍ത്ത് കേസ് പടച്ച് ആരെയും എത്രനാളും അകത്തിടാം. ഇതൊരു തരം അടിയന്തിരാവസ്ഥ തന്നെയാണ്. രണ്ടാം അടിയന്തിരാവസ്ഥ അഥവ നിശബ്ദ അടിയന്തിരാവസ്ഥ. ജുബ്ബയും താടിയും മുടിയും മാവോയിസ്റ്റുകളുടെ മാനറിസമായതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. ഒഴുക്കിനെതിരെ നീന്തുന്നവരെ നിലയ്ക്കുനിര്‍ത്താനുള്ള രാഷ്ട്രീയമാണത്. തങ്ങള്‍ക്ക് എതിരായുള്ള ചോദ്യങ്ങളെ മുളയിലെ നുള്ളാനുള്ള രാഷ്ട്രീയതന്ത്രം.

ഇപ്പോഴത്തെ വലതുപക്ഷം മാറി ഇടതുപക്ഷം അധികാരത്തില്‍ വന്നാലും ഇപ്പറഞ്ഞ രീതികള്‍ക്ക് വലിയ മാറ്റമൊന്നും സംഭവിക്കാന്‍ പോകുന്നില്ല. കാരണം ചോദ്യങ്ങളെ അധികാരികള്‍ എന്നും ഭയന്നിട്ടേയുള്ളൂ. പക്ഷേ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ പോലും അനുഭവിക്കാന്‍ കഴിയാത്ത ജനതയായി നമ്മള്‍ മാറിപ്പോകുന്നത് ജനാധിപത്യത്തിന്റെ ദുരന്തമാണ്. അതാകട്ടെ വച്ചുപൊറുപ്പിക്കാന്‍ പാടുള്ളതല്ല. അത് സമ്മതിച്ചു കൊടുത്താല്‍ ജനങ്ങള്‍ പതിയെപ്പതിയെ അടിമകളായി മാറുകയും ജുഡീഷ്യറി നോക്കുകുത്തികള്‍ ആയി മാറ്റപ്പെടുകയും ചെയ്യും. വോട്ട് ചെയ്യാന്‍ മാത്രം നിയോഗമുള്ള റോബോട്ടുകള്‍ അല്ല ജനാധിപത്യത്തിന്റെ അടിത്തറ കാക്കേണ്ടത്.

മാവോയിസ്റ്റ് ‘വേട്ട’ എന്ന പേരിലുള്ള ഫണ്ടും അതിന്റെ പല കൈവഴികളിലായുള്ള വഴി മാറി ഒഴുകലുകളും അതിനുമപ്പുറത്തെ ഭരണകൂട അജണ്ടകളും പലവട്ടം പലയിടത്തായി പലരും പറഞ്ഞിട്ടുള്ളതാണ്. ഇനിയും അതാവര്‍ത്തിക്കുന്നതില്‍ പുതുമയില്ല. പക്ഷേ സര്‍ക്കാര്‍ താത്പര്യങ്ങള്‍ നടപ്പിലാക്കാന്‍ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇത്ര നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമര്‍ത്തപ്പെടലുകളും നടക്കുന്നതെന്തേ എന്ന് ഇനിയെങ്കിലും ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ഇത്രയധികം അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ടുനടക്കുന്ന ഭരണകൂടത്തോട് ജനങ്ങള്‍ എത്ര നിര്‍ജീവമായാണ് പ്രതികരിക്കുന്നത് എന്ന് നമ്മള്‍ കണ്ടതാണ്. കട്ട് മുടിച്ച് അത് നാട്ടുകാര്‍ അറിയുമ്പോള്‍ അരയും ബെല്‍റ്റും മുറുക്കി മാവോയിസ്റ്റ് വേട്ടയെന്നും പറഞ്ഞ് ആളെ പറ്റിക്കുന്ന ഏര്‍പ്പാട് അവസാനിപ്പിച്ചേ മതിയാകൂ. നല്ല ലക്ഷണമൊത്ത ഒരു മാവോയിസ്റ്റിനെ കാണാന്‍ എങ്കിലും തരാക്കിയാല്‍ ചെന്നിത്തലയ്ക്കും അദ്ദേഹത്തിന്റെ ഏറാന്മൂളി പോലീസ് എമാന്മാര്‍ക്കും അംഗീകാരം കൊടുക്കാം. അല്ലാതെ മുക്കിയതിനും മൂളിയതിനും മാവോയിസ്‌റ്റെന്നും പറഞ്ഞ് അകത്തിട്ടാല്‍ ഒരുപാട് നാളൊന്നും കണ്ണില്‍ പൊടിയിടല്‍ നടക്കണം എന്നില്ല. കേരള പോലീസിന്റെ കണക്കില്‍, കണ്ണില്‍ കണ്ടാല്‍ അറസ്റ്റ് ചെയ്യാത്ത ഒരേ ഒരാള്‍ക്കേ കേരളത്തില്‍ മാവോയിസ്റ്റായി നടക്കാന്‍ പറ്റൂ. അത് മാവോ സേ തുങ്ങാണ്. പാവം ഇതൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകണം. എങ്കിലും കേരളത്തിലെ പുറംപൂച്ച് റിയാക്ഷനിസ്റ്റുകള്‍ക്കപ്പുറം ഈ വിഷയത്തില്‍ അതിഗൗരവമായ ചര്‍ച്ചകള്‍ നടന്നെ മതിയാകൂ.

(പ്രവാസിയായ ലേഖിക സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍