UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവര്‍ ഭ്രാന്തന്മാരല്ല; ജെ. രാജശേഖരന്‍ നായരുടെ മാവോയിസ്റ്റ് വിമര്‍ശനത്തിന് മറുപടി

Avatar

റവ. ജോബി ജോണ്‍ 

ജെ രാജശേഖരന്‍ നായരുടെ ‘മാവോയിസ്റ്റുകളെ ശിക്ഷിക്കരുത് അവര്‍ക്ക് ചികിത്സയാണ് ആവശ്യം’ എന്ന ലേഖനത്തിന് ഒരു വിയോജനക്കുറിപ്പാണിത്. ഈ എതിര്‍ശബ്ദത്തെ അഴിമുഖം വെളിച്ചം കാണിക്കുകയില്ല എന്ന വിശ്വാസത്തില്‍ തന്നെയാണ്  ഇത് എഴുതുന്നതും. ഞാന്‍ ഒരു പ്രൊഫഷണല്‍ എഴുത്തുകാരനോ, വിമര്‍ശകനോ ഒന്നും അല്ല. 

രാജശേഖരന്‍ നായര്‍, താങ്കളുടെ ലേഖനത്തിന്റെ തല വാചകത്തില്‍ നിന്ന് തന്നെ താങ്കളുടെ ഭ്രാന്തമായ മനസിന്റെ സൂചന ലഭ്യമാണ്. ജയലളിതമാരും, മാണി ‘സാറ’ന്മാരും കയ്യടക്കി വച്ചിരിക്കുന്ന ഈ രാജ്യത്തിന്റെ മുഴുവന്‍ അധികാര കേന്ദ്രങ്ങളും വിധിക്കുന്ന ശിക്ഷയെക്കാള്‍ എത്രയോ വലിയ ആരോപണമാണ് താങ്കള്‍ മായോയിസ്റ്റുകള്‍ക്ക് വിധിച്ചിരിക്കുന്നത്. മാവോയിസ്റ്റുകള്‍ ഭ്രാന്തന്മാരാണോ? താങ്കള്‍ ചികിത്സ കൊണ്ട് ഉദ്ദേശിച്ചത് എന്താണ്? ഒന്നുകില്‍ മാവോയിസം എന്ന അസുഖം താങ്കള്‍ക്കു സുഖകരം അല്ല, അല്ലെങ്കില്‍ മാവോയിസ്റ്റുകള്‍ ഭ്രാന്തമായ മനസിന്റെ ഉടമകള്‍ ആണെന്നാണ് ആദ്യ അവലോകനത്തില്‍ ആ തലക്കെട്ട്‌ സൂചിപ്പിക്കുന്നത്. 

മാവോയിസം സായുധ വിപ്ലവം തന്നെയാണോ ഒരേയൊരു മാര്‍ഗമായി സ്വീകരിച്ചിട്ടുള്ളത് എന്ന് ഈയുള്ളവന് അറിവില്ല. അനീതിക്കെതിരെ അവരുടെ മാര്‍ഗം ഉപയോഗിച്ച് സമരം നടത്തുന്നത് ഭ്രാന്തമായ മനസാണെങ്കില്‍ ആ ഭ്രാന്ത് ഈ നാടിനു ആവശ്യമാണ്‌, ആശ്വാസമാണ്. മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നും, നീതിപീഠങ്ങളില്‍ നിന്നും, സുബോധമുണ്ടെന്ന് കരുതി നാം തിരഞ്ഞെടുത്ത പ്രതിനിധികളില്‍ നിന്നും നീതി ലഭിക്കാത്തിടത്തോളം ഈ ഭ്രാന്ത് നമ്മുടെ നാടിനു ആവശ്യമുണ്ട് താനും. ചികിത്സ വേണ്ടത് മവോയിസ്റ്റുകള്‍ക്കല്ല, അവരെ ജയിലറകളില്‍ കണ്ട് ‘ഭീതി’ ഒഴിഞ്ഞവരായി തീരുവാന്‍ ആഗ്രഹിക്കുന്ന ബൂര്‍ഷ്വാ മനസുകള്‍ക്കാണ്. നീതി വ്യവസ്ഥയെക്കുറിച്ചു പഠിക്കേണ്ട ബാലപാഠങ്ങള്‍ താങ്കളെപ്പോലുള്ളവര്‍ പഠിക്കേണ്ടിയിരിക്കുന്നു. 

ചരിത്രവും വിമര്‍ശനവും വായിച്ചാല്‍ എഴുതാന്‍ വലിയ മെനക്കേടില്ല. അതിന് വായനയുടെ ‘അറിവ്’ മതിയാകും. സാമൂഹിക പിന്നോക്ക അവസ്ഥയുടെ, ദാരിദ്ര്യത്തിന്റെ, ചൂഷണത്തിന്റെ നീറുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അനുഭവിക്കുന്ന ഭൂരിപക്ഷത്തിന്റെ ‘വേദനയും’, മാനസിക വിഹ്വലതകളും താങ്കളെപ്പോലുള്ളവര്‍ അറിയണമെന്നില്ല.  താങ്കളുടെ ‘ചികിത്സ’യെക്കാള്‍ ഭേദം ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥിതിയുടെ ‘ശിക്ഷ’യാണെന്ന് തോന്നുന്നു. അവര്‍ തെറ്റുകാരാണെങ്കില്‍. നിയമം അവരെ കയ്യാമം വച്ചോട്ടെ. അതില്‍ ആര്‍ക്കാണ് വിരോധം? പക്ഷെ അവരുടെ തെറ്റിനെ മനസിന്റെ ചികിത്സ ആവശ്യമുള്ള ഏതോ വിഭ്രാന്തിയായി അവതരിപ്പിച്ച താങ്കള്‍ മാപ്പ് അര്‍ഹിക്കുന്നില്ല. 

നീതി ബോധവും, വിദ്യാഭ്യാസമുള്ളവരും തന്നെയാണ് ഈ മാവോയിസ്റ്റുകളും. ആരുടേയെങ്കിലും ചിലവില്‍ ‘വിപ്ലവം’ സംഘടിപ്പിക്കുന്നവര്‍ ആണെന്നും തോന്നുന്നില്ല. ചിലതുകളെ കുറിച്ച് ബോധമില്ലാതെ ആര്‍ക്കാണ് ഒരു നിലപാടെടുക്കുവാന്‍ കഴിയുക. ആ നിലപാടുകള്‍ ചിലപ്പോള്‍ ചരിത്രപരമായി ‘വിഡ്ഢിത്തമാവും’. എങ്കിലും നിലപാടുകള്‍ക്ക് ഒരു അടിത്തറ ഉണ്ടാവും എന്ന് ഉറപ്പിക്കാമല്ലോ. മാത്രവുമല്ല, ഈ സായുധ വിപ്ലവത്തിന് ഇറങ്ങി തിരിച്ചവര്‍ പലരും അതില്‍ നിന്ന് പിന്തിരിഞ്ഞതും ചരിത്രമല്ലേ. സായുധ വിപ്ലവം ഒരു ജനാധിപത്യ വ്യവസ്ഥയില്‍ കുറ്റകരമാണ്. എന്നാല്‍ ഈ ജനാധിപത്യ വ്യവസ്ഥയില്‍ ‘സായുധരായി’ അനീതി നടത്തുന്നവര്‍ എല്ലാം വിചാരണ ചെയ്യപ്പെടുന്നുണ്ടോ? കൊലപാതകക്കേസുകളില്‍ എന്തേ ഇത്ര പെട്ടെന്ന് ആരും നീതി നിര്‍വഹിക്കുവാന്‍ തയാറാകാത്തത്? രാഷ്ട്രീയ കൊലപാതകികളെ എന്താണ് ഈ ആവേശത്തോടെ പെട്ടെന്ന് പിടികൂടാത്തതും വിചാരണ ചെയ്യാത്തതും, ജയിലില്‍ അടയ്ക്കാത്തതും? അവര്‍ക്കെതിരെ ശബ്ദിക്കാന്‍ താങ്കളെ ഞാന്‍ വെല്ലു വിളിക്കട്ടെ. 

ആയുധം എടുക്കാതെയും മനുഷ്യരെ പീഡിപ്പിക്കുന്ന ആണ്‍കോയ്മയെ ആര് ശിക്ഷിക്കുന്നുണ്ട്‌? എത്ര വേഗത്തില്‍ ശിക്ഷിക്കുന്നുണ്ട്? മതഭ്രാന്തന്മാരെ ആര് ശിക്ഷിക്കുന്നുണ്ട്‌? അതൊന്നും മനസിന്റെ ‘ഭ്രാന്തല്ലേ’ ? അങ്ങനെയുള്ളവര്‍ക്ക് ഓശാന പാടുകയും അവര്‍ പറയുന്നത് വോട്ടിനു വേണ്ടി നൂറ്റൊന്നു ശതമാനം ആത്മാര്‍ഥതയോടെ ചെയ്യുന്നവരും ഉള്ള നമ്മുടെ നാട്ടില്‍ മാവോയിസ്റ്റുകള്‍ക്ക് മാത്രം എന്താണ് ഇത്ര ഒരു ‘നീതി നിര്‍വഹണം’ എളുപ്പത്തില്‍ നടപ്പാക്കുന്നത്. അതിന് ഒട്ടും കാലവിളംബവും സംഭവിക്കുന്നില്ല. നിലവിലെ വ്യവസ്ഥയെ ഉറക്കെ തുറന്നു കാട്ടുന്ന എല്ലാ ശബ്ദങ്ങളെയും വാ തുറക്കാന്‍ പോലും അനുവദിക്കാതെ കൊല്ലുകയെന്ന ധര്‍മം എല്ലാവരും എളുപ്പത്തില്‍, ഭംഗിയായി, കാലവിളംബം കൂടാതെ ചെയ്തുകൊണ്ടിരിക്കുന്നു.  

താങ്കളുടെ വാചകം കടമെടുത്തു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. ‘മാവോയിസ്റ്റുകള്‍ ക്രിമിനലുകള്‍ അല്ല ശുദ്ധാത്മാക്കള്‍ ആണ്.’ നീതിയുടെ ശുദ്ധതയെക്കുറിച്ചുള്ള ബോധം താങ്കള്‍ പരിഹാസത്തോടെയാണ് എഴുതിയിട്ടുള്ളതെങ്കിലും അതാണ്‌ യാഥാര്‍ത്ഥ്യം. ആ ശുദ്ധതയും നന്മയും ഉള്ള മനസുകള്‍ ആര്‍ക്കൊക്കെക്കെയോ വേണ്ടി ശബ്ദം ഉയര്‍ത്തുകയാണ്. ഇവരൊന്നും ഏതായാലും കോടികള്‍ സമ്പാദിച്ചു എന്ന ആക്ഷേപം ഉയര്‍ത്താത്തത്‌ നന്നായി. കോടികള്‍ അനധികൃതമായി സമ്പാദിക്കുന്നത് ഒരു തെറ്റായി കാണാത്ത ഈ കാലത്ത് അതും പറയേണ്ടതില്ലേ? ഇവിടെ മുദ്ര ചാര്‍ത്തല്‍ എളുപ്പമാണ്… അക്രമണങ്ങളുടെ മുഴുവന്‍ ഭാണ്ഡവും ഇവര്‍ മാത്രം പേറുന്നതെന്തിനാണ്? 

നിങ്ങളില്‍ കുറ്റമില്ലാത്തവര്‍ ഇവരെ കല്ലെറിയട്ടെ!

(സി.എസ്. ഐ മദ്ധ്യകേരള മഹായിടവകയിലെ പട്ടക്കാരനാണ്  ലേഖകന്‍) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍