UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭയമായി മാത്രം അവശേഷിക്കുന്ന വയനാട്ടിലെ മാവോയിസ്റ്റ് ഭീക്ഷണി

Avatar

എം കെ രാംദാസ് 
അഴിമുഖം പ്രതിനിധി

പഠനവും ഗവേഷണവും പുത്തനനുഭവമല്ല നമുക്ക്. എന്തെങ്കിലും കാര്യങ്ങള്‍ നേരെ ചൊവ്വെ നടക്കണമെങ്കില്‍ വിവര ശേഖരണവും വിലയിരുത്തലും അനിവാര്യമാണെന്ന കാര്യത്തിലും സംശയമില്ല. ഇവിടെ അതല്ല പ്രശ്‌നം. ലക്ഷ്യമാണ് പ്രധാനം. വലിയ സമ്പത്തും മനുഷ്യക്രയശേക്ഷിയും ഉപയോഗിച്ച് വിദഗ്ധരുടെ മേമ്പൊടിയോടെ പടച്ചുതീര്‍ക്കുന്ന ഗവേഷണഫലം എന്തിനുവേണ്ടിയാണ്? എവിടെയാണ് ഇതുപയോഗിക്കുന്നതെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. 

വയനാട്ടിലെ ആദിവാസികളുടെ ജീവിതമാണ് വിഷയം. ഭൂമിയുടെ അവകാശികളായിരുന്ന തദ്ദേശീയരായ ഒരു ജനസമൂഹം പാര്‍ശ്വവത്ക്കരിക്കപ്പെട്ടതും ഉണ്ണാനും ഉടുക്കാനുമില്ലാത്തവരായി  മാറിയതും വളരെപ്പെട്ടെന്നല്ല. വിശാലമായ അവരുടെ ഭൂമി മറ്റാരുടെതോ ആയതും ഒന്നോ രണ്ടോ നാളുകള്‍ കൊണ്ട് സംഭവിച്ചതല്ല. എല്ലാവര്‍ക്കുമറിയാം ഇതെല്ലാം. അവരുടെ ആരോഗ്യം പുനരുജ്ജീവിപ്പിക്കാന്‍ കഴിയാത്തവണ്ണം ക്ഷയിച്ചെന്നും സമൂഹമെന്ന നിലയില്‍ നിലനില്‍നില്‍പ്പവസാനിച്ചെന്നും അറിയാത്തവരും ഉണ്ടാവാനിടയില്ല.

പഞ്ചവത്സരപദ്ധതികള്‍ വന്നുപോയി. ഓരോ പദ്ധതിയോടനുബന്ധിച്ചും കണക്കെടുപ്പും കൂട്ടലും കിഴിക്കലും നടന്നു. പക്ഷെ, അവരുടെ ജീവിതത്തില്‍ മാത്രം മാറ്റമുണ്ടായില്ല. സാമൂഹ്യപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും മാത്രമല്ല നാട്ടിലെ ലയണ്‍സ്, റോട്ടറി തുടങ്ങി എന്തെല്ലാമുണ്ടോ അവര്‍ക്കെല്ലാം ഉദ്ദീകരിക്കാനായൊരു ജനത സദാ തയ്യാര്‍. എപ്പോള്‍ എവിടെ വേണമെന്ന് മാത്രം തീരുമാനിച്ചാല്‍ എന്നായിട്ട് കാലമേറെയായി.

കണക്കുകള്‍ പലപ്പോഴും അപ്രസക്തമാണ്. സ്വയം കണക്കെടുക്കുകയും ലാഭ-നഷ്ടവും ശിഷ്ടവും പരിഗണിക്കകയും ചെയ്യാത്ത സമൂഹത്തിന് സ്റ്റാറ്റിസ്റ്റിക്‌സ് എന്നത് വ്യത്യസ്തമാണ്. ഏതു സാമൂഹ്യശാസ്ത്രവും മനുഷ്യനെ ഏതെങ്കിലും തരത്തില്‍ മുന്നോട്ട് നയിക്കാന്‍ പ്രാപ്തമാക്കുമെന്നാണ് പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുള്ളത്. 

വയനാട്ടിലെ ആദിവാസികള്‍ എന്നല്ല ഭൂമിയുടെ ഏതു കോണിലെയും തദ്ദേശിയജനത ഒരേ പ്രശ്‌നങ്ങള്‍ തന്നെയാണ് അഭിമുഖീകരിക്കുന്നത്. നിലനില്‍പ്പിനുള്ള അവസാന പോരാട്ടം. ആവാസവ്യവസ്ഥ സംരക്ഷിക്കാനുള്ള സമരം. ഇന്ത്യയില്‍ ഛത്തീസ്ഗഢിലും മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും നടക്കുന്നു. കേരളത്തില്‍ മുത്തങ്ങ മുതല്‍ കന്യാകുമാരിവരെ ഈ മനുഷ്യരുടെ അവസ്ഥയും വ്യത്യസ്തമല്ല.

വയനാട്ടിലേക്ക് തന്നെ വീണ്ടും വരാം. ഇവിടുത്തെ ആദിവാസികളെക്കുറിച്ച് നടന്ന പഠനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഗവേഷണപ്രബന്ധങ്ങള്‍ നിരവധി. കോഴിക്കോട് സര്‍വ്വകലാശാല രേഖകള്‍ പരിശോധിച്ചാല്‍ എണ്ണിയാലൊടുങ്ങാത്ത ഗവേഷണ ഫലങ്ങള്‍ കണ്ടെത്താനാവും. ആദിവാസിയുടെ മണ്ണും ഭാഷയും മുടിയും തൊലിയും എന്നുവേണ്ട സകലതിനെക്കുറിച്ചും ആധികാരികമായി വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ള ഗവേഷണഫലങ്ങള്‍. ചിലതെല്ലാം പുസ്തകരൂപത്തില്‍ ലഭ്യമാണ്.

ഗുണമെന്ത് എന്നാലോചിക്കുമ്പോഴാണ് വിരസതയും വിദ്വേഷവും ജനിക്കുക. പഠനമാരംഭിച്ച കാലത്ത് നിന്ന് ഒരിഞ്ചുപോലും നീങ്ങിയിട്ടില്ല ഈ മനുഷ്യരുടെ ജീവിതം. ഉണ്ടായിരുന്ന ഭൂമി ഇല്ലാതായി. കുടുംബബന്ധം തകര്‍ന്നു. ഭാഷയ്ക്ക് നാഥനില്ലാതായി. പാട്ടില്ല. താളമില്ല. അനാഥത്വം, ദാരിദ്ര്യം, പട്ടിണിമരണം, അക്രമസ്വഭാവം. ഒരു സമൂഹം അതിന്റെ അസ്തമനഘട്ടത്തില്‍ പ്രകടിപ്പിക്കുന്ന സകലവിധ ചേഷ്ടകളും കാണിക്കുന്നു.

പോകെപ്പോകെ ആദിവാസികള്‍ പൊതുസമൂഹത്തിനു അലോസരമായിത്തുടങ്ങിയിരിക്കുന്നു. അസ്വസ്ഥതയുണ്ടാക്കുന്നു. ഭയമുണ്ടാക്കുന്നു. അവര്‍ സംഘടിച്ചാല്‍ അപകടമെന്ന് പൊതുധാരണ രൂപപ്പെട്ടിട്ടുതന്നെ കാലമേറെയായി. ഇപ്പോള്‍ മാവോയിസ്റ്റ് ഭീതിയാണ്.

നമ്മുടെ കൂടെ ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന ആദിവാസികള്‍ മാവോയിസ്റ്റ് ആവുമോ എന്ന ഭയം നാളെ പുലര്‍ന്നുവരുമ്പോള്‍ കുഞ്ഞനും കെമ്പിയും ഗണപതിയും ഓണത്തിയും സഖാക്കളായി നമുക്കെതിരെ ആയുധവുമായി എത്തുമോ എന്ന സംശയം. മുത്തങ്ങയൊക്കെ ചൂണ്ടിക്കാണിച്ച് ഈ ആശങ്ക ഊതിക്കത്തിക്കാന്‍ എരിതീയുമായി വരിനില്‍ക്കുന്നവര്‍ യഥേഷ്ടം. 

നമ്മുടെ സഹോദരനെ നാമെപ്പോഴാണ് അന്യനാക്കിയത്? നമ്മുടെ കൂട്ടുകാരനെ, കൂട്ടുകാരിയെ? അവരെപ്പോഴാണ് ഇങ്ങനെയൊക്കെയായി മാറിയത്? വീണ്ടും കണക്കെടുപ്പിലേക്കു വരാം.

വയനാട്ടില്‍ ആദിവാസികളുടെ ജീവിതനിലവാരത്തെകുറിച്ചൊരു പഠനം കൂടി നടക്കുന്നു. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സാണ് പഠിതാക്കള്‍. സംസ്ഥാന സാമൂഹ്യനീതി വകുപ്പാണ് സംഘാടകര്‍. കേന്ദ്രസര്‍ക്കാരാണ് പ്രധാന ആവശ്യക്കാരെങ്കിലും സംസ്ഥാനത്തിനും താല്‍പ്പര്യമുണ്ട്. പ്രത്യേകിച്ചും സംസ്ഥാന മന്ത്രി പി.കെ.ജയലക്ഷ്മി വയനാടുകാരിയും സര്‍വ്വോപരി ആദിവാസിവിഭാഗത്തില്‍പ്പെടുന്നവരായതുകൊണ്ട്.ആദിവാസികളുടെ ജീവിതാവസ്ഥയെക്കുറിച്ചുള്ള സമഗ്രവിവര ശേഖരണമാണ് ലക്ഷ്യമെന്ന് പ്രസ്താവ്യം. പുതിയ പഠിതാക്കളുടെ ഭാക്ഷ്യത്തില്‍ ഇതിനു മുമ്പ് ഇതൊന്നും ഇവിടെ സംഭവിച്ചിട്ടില്ല. ആദിവാസികളെക്കുറിച്ചുള്ള വ്യക്തമായ വിവരമില്ലെന്ന് ചുരുക്കം. അനാരോഗ്യം, പട്ടിണിമരണം, ശിശുമരണം, മാതൃമരണം ഇവയൊന്നും സംബന്ധിച്ച് സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങള്‍ വിശ്വസിക്കാന്‍ ഇപ്പോഴത്തെ ആവശ്യക്കാര്‍ക്ക് താല്‍പ്പര്യമില്ല. അതായത് മുമ്പത്തെ കണക്കെല്ലാം തെറ്റ്, അല്ലെങ്കില്‍ അവിശ്വസനീയം. അപ്പോള്‍ കുരുക്കിനനുസരിച്ചുള്ള കഴുത്ത് തേടുകയാണെന്ന് വ്യക്തം. 

വയനാട്ടിലെ ആറു പഞ്ചായത്തുകളില്‍ പ്രാഥമിക ഘട്ടത്തില്‍ ഗവേഷണപഠനത്തോടൊപ്പം പദ്ധതി നടപ്പാക്കലും ആരംഭിച്ചിരിക്കുന്നു. പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് പതിവ് രീതികള്‍ തന്നെയാണ് അധികൃതര്‍ അവലംബിച്ചിരിക്കുന്നത്. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവരെല്ലാം നിലപാട് വ്യക്തമാക്കണം. അവരവര്‍ കൈവശം വച്ചിട്ടുള്ള വിവരങ്ങള്‍ പങ്കുവയ്ക്കണം.

പോലീസിനും വനംവകുപ്പിനുമാണ് നടത്തിപ്പിലെ പ്രധാന ചുമതലകള്‍. ടാറ്റാക്കാരുടെ പഠനവിവരങ്ങളോടൊപ്പം ഫീല്‍ഡില്‍ നിന്നു ലഭിക്കുന്ന അറിയിപ്പുകള്‍ അപ്പപ്പോള്‍ പ്രയോജനപ്പെടുത്താന്‍ അത്യാധുനിക വിവരവിനിമയ സംവിധാനം ഒരുക്കുന്നുണ്ട്. ഫീല്‍ഡില്‍ നിന്നു ലഭിക്കുന്ന അടിയന്തിരവിവരങ്ങള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ആദിവാസികോളനികളിലെത്തുന്ന രോഗവാഹകരെ കണ്ടെത്തുകയെന്നതാണ്. രോഗവാഹകരെന്നാല്‍ കോളറ ബാധിതനോ വസൂരി വാഹകനോ ചൊറിയും ചിരങ്ങും കൊണ്ടുവരുന്നവനോ മാവോയിസ്റ്റോ എല്ലാമാവാം.

നമ്മുടെ ആരോഗ്യവകുപ്പിന്റെ സംവിധാനങ്ങള്‍ പുകള്‍പ്പെറ്റതാണ്. പതിറ്റാണ്ടുകളായി ഈ വിശ്വാസം ആവര്‍ത്തിക്കപ്പെടുന്നു. ലോകമാതൃകയെന്ന് വിലയിരുത്തിയതാരാണെന്നറിയില്ലെങ്കിലും ഇടയ്ക്കിടെ സൗകര്യപൂര്‍വ്വം ഇക്കാര്യം സ്മരിക്കാറുണ്ട്. എന്നിട്ടും ആരോഗ്യവകുപ്പിനെ  നോക്കുകുത്തിയാക്കി അവഗണിച്ച് ബദല്‍ സംവിധാനത്തിന്റെ ആവശ്യമെന്തെന്ന ചോദ്യമുന്നയിക്കാന്‍ തയ്യാറായിട്ടില്ല. ഇതു വരെയുള്ള ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിശ്വാസയോഗ്യമല്ല? അതോ ഈ വകുപ്പുതന്നെ അപ്രസക്തമാണോ? 

ആദിവാസി കോളനികള്‍ ഇന്ന് അനാരോഗ്യകേന്ദ്രങ്ങളാണ്. ചോര്‍ന്നൊലിക്കുന്ന കുടിലുകള്‍. പണിതീരാത്ത വീടുകള്‍ വേറെ, പൊട്ടിപൊളിഞ്ഞ കൂരകള്‍ നിരവധി. സ്‌നേഹിക്കുകയും നിറഞ്ഞ മനസ്സോടെ ഒരു കുടയുടെ മറവുപോലുമില്ലാതെ മഴയെ സ്വീകരിക്കുകയും ചെയ്യുന്നവരാണ് ആദിവാസികള്‍. 

എന്നാലിവര്‍ക്കിപ്പോഴൊരു ദുരിതത്തിന്റെ പെരുമഴക്കാലമാണ്. ഈ മഴക്കാലം അതിജീവിക്കാനായുസ്സുണ്ടാവുമോ എന്നു കണ്ടറിയണമെന്ന ഭാവമാണ് ഈ മനുഷ്യര്‍ക്ക്. അവശേഷിക്കുന്ന ജീവിതാസക്തികൂടി കവര്‍ന്നെടുക്കാന്‍ വ്യത്യസ്തരൂപത്തിലവതരിപ്പിക്കുന്ന ‘പദ്ധതികള്‍’ ഒടുവിലത്തേതാവാന്‍ തരമില്ല. 

കാര്യങ്ങള്‍ ഒന്നുകൂടി സ്പഷ്ടമായി പരിശോധിച്ചാല്‍ ബോധ്യമാവുന്ന വസ്തുതകള്‍ ഇനിയുമുണ്ട്. കേരളത്തില്‍ മാവോയിസ്റ്റ് ഭീതി തുടങ്ങിയിട്ട് അധികനാളായിട്ടില്ല. സംസ്ഥാനഭരണകൂടത്തിന്റെ പ്രസ്താവനയാണ് ഇവയുടെ ആദ്യപിറവി. പോലീസ്  ഉദ്യോഗസ്ഥരുടെ പതിവു സന്ദര്‍ശനങ്ങളിലോ അടിയന്തിരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൂടിച്ചേരലുകളിലോ മന്ത്രിമാര്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉറപ്പിക്കാറുണ്ട്.

നക്‌സലൈറ്റ് ബാധിത പ്രദേശമായി പരിഗണിക്കണമെന്നാവശ്യപ്പെടുന്ന സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനകളും ചുരുക്കമല്ല.  കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന ഉന്നതതല യോഗങ്ങളിലാണ് സാധാരണയായി ഈ അത്യാവശ്യം ഉന്നയിക്കപ്പെടാറ്. വികസനാവശ്യത്തിനുള്ള കേന്ദ്രഫണ്ട് ലഭിക്കാന്‍ ഇതാവശ്യമെന്നത് ഒരു ഭാഗം. എന്നാലിതുമാത്രമല്ല എന്നു തെളിയാന്‍ മറ്റു ചില കാര്യങ്ങള്‍കൂടി പരിഗണിക്കേണ്ടതുണ്ട്. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പ്രത്യേകിച്ചും രാഷ്ട്രീയകക്ഷികള്‍ ഇത്തരം വിഷയത്തില്‍ സംസാരിക്കുന്ന നിലപാടുകളെന്തെന്നും കാണേണ്ടതുണ്ട്. 

തിരുനെല്ലി, കേണിച്ചിറ, പുല്പള്ളി തുടങ്ങിയ വയനാട്ടിലെ പോലീസ് സ്റ്റേഷനുകളുടെ മതിലുകള്‍ ഏതാണ്ട് നാലാള്‍പൊക്കത്തില്‍ ഉയര്‍ത്തിയത് മാവോയിസ്റ്റുകളെ പേടിച്ചിട്ടാണ്. ചില പോലീസ് സ്റ്റേഷനുകളിലെ ആയുധശേഖരം മാറ്റുന്നത് നക്‌സലൈറ്റ് ഭയം കൊണ്ടാണെന്നു തന്നെ അധികൃതര്‍ അംഗീകരിക്കുകയും ചെയ്തു. ഇതൊക്കെ നടന്നിട്ടും വയനാട്ടില്‍ എന്തു സംഭവിച്ചു?  

വയനാട്ടില്‍ മാവോയിസ്റ്റ് ഭീതിയുടെ അടിസ്ഥാനം എന്താണെന്ന് നോക്കാം. മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധി, വെള്ളമുണ്ട, പടിഞ്ഞാറേത്തറ പോലീസ് സ്റ്റേഷനതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ ആദിവാസി കോളനികളില്‍ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യത്തിന്റെ തെളിവുണ്ടെന്ന് അധികൃതമതം. ഇതെത്രത്തോളം വസ്തുനിഷ്ടമാണ്. അഭ്യൂഹങ്ങള്‍, കേട്ടുകേള്‍വികള്‍, സാദ്ധ്യത എന്നിവയെ ഹരിച്ചും ഗണിച്ചുമാണ് നക്‌സലൈറ്റ് അധിനിവേശം സ്ഥാപിച്ചെടുക്കുന്നത്. 

തൊണ്ടര്‍നാട് പഞ്ചായത്തിലെ കുമ്പാറ കുറിച്യകോളനിയില്‍ രൂപേഷും സംഘവും എത്തി ലഘുലേഖകള്‍ വിതരണം ചെയ്തതാണ്  അല്‍പ്പമെങ്കിലും വിശ്വസിക്കാവുന്ന ഒരു സംഭവം. ഇതു നടന്നിരിക്കാം. ടൈംസ് ഓഫ് ഇന്ത്യ ലേഖകന്‍ എം പി പ്രശാന്തിനൊപ്പം ഈ ലേഖകനോടും ഇക്കാര്യം കേളു വ്യക്തമാക്കിയിരുന്നു. കോളനിയില്‍ കേളു നന്നായി സംസാരിക്കാനറിയുന്ന ഒരാളാണ്. നക്‌സലൈറ്റുകളെക്കൊണ്ട് പ്രയോജനമുണ്ടെന്ന് കേളു തുറന്നു പറഞ്ഞു.

ബെസ്റ്റ് ഓഫ് അഴിമുഖം 

വയനാട്ടില്‍ ഒരു ആദിവാസി എങ്ങനെ ജീവിക്കും?
സ്വാമി അസീമാനന്ദ് സി.കെ.ജാനുവിനെ സന്ദര്‍ശിച്ചതെന്തിന്?
കാട്ടുതീ വയനാട്ടിലെ ജനങ്ങള്‍ നിസംഗരായി നോക്കിനിന്നു
നിങ്ങള്‍ എന്തു വായിക്കരുതെന്ന് ഞങ്ങള്‍ തീരുമാനിക്കും
അട്ടപ്പാടിയിലുള്ളത് മുഴുപ്പട്ടിണിയാണ്

”എത്രയോ തലമുറകളായി ഇവിടെ കഴിയുന്നു. ഒരു രേഖയും ഇല്ല. ഒരു വഴിപോലുമില്ല.സ്വന്തമായി മണ്ണില്ല, എത്രയോ കാലമായി ഇതിനായി എത്രപേരുടെ കാലുപിടിച്ചു. മന്ത്രി ഞങ്ങളുടെ സമുദായക്കാരിയാ. അവരോടും പറഞ്ഞു. ഒരു കാര്യവുമില്ല. ഇപ്പോഴിവര്‍ വന്നു. അവരോടും (രൂപേഷിനോടും സംഘത്തോടും) ഞങ്ങള്‍ ചോദിച്ചു. നിങ്ങള്‍ക്കെങ്ങനെ ഞങ്ങളെ രക്ഷിക്കാനാവും. കാട്ടിനുള്ളില്‍ നിന്നു ഏതുവിധേന ഞങ്ങളെ സഹായിക്കും. എന്നൊക്കെ. മറുപടിയൊന്നും കിട്ടിയില്ല. റേഡിയോയല്ലേ? പക്ഷേ അവര്‍ക്കിപ്പോള്‍ ഇതൊരു മിച്ചമാ. നക്‌സലൈറ്റിനെക്കണ്ട് പ്രയോജനമുണ്ട്. ഇപ്പോള്‍ എല്ലാവരും ഞങ്ങളുടെ അടുത്തുവരുന്നുണ്ട്. ആവലാതി കേള്‍ക്കുന്നുണ്ട്. കാര്യങ്ങള്‍ നടക്കുമോയെന്ന് നോക്കട്ടെ. ഞങ്ങള്‍ക്ക് അവരെ പിടിച്ചുകൊടുക്കാനൊന്നും താല്‍പ്പര്യമില്ല. അവര്‍ ഞങ്ങളോടൊന്നും അനീതി ചെയ്തിട്ടില്ല.” 

ഈ സംഭവം നടന്നിട്ട് മൂന്നുനാല് മാസങ്ങള്‍  കഴിഞ്ഞു. അതിനിടെ ഒരു പോലീസുകാരന്റെ നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു. മാവോയിസ്റ്റാണെന്ന് പോലീസ് ഉറപ്പിക്കുന്നു.

മാവോയിസ്റ്റനുകൂലമായ സാമൂഹ്യസാഹചര്യം ഇവിടെയുണ്ടോ? ആദിവാസികള്‍ അത്രമേല്‍ അസ്വസ്ഥരാണോ? ആയുധങ്ങളുമായി രാത്രിയുടെ മറവിലെത്തുന്ന നാലോ അഞ്ചോ വരുന്ന സംഘമാണോ മാവോയിസ്റ്റുകള്‍? പൊതു സമൂഹത്തില്‍ ഇവരെ തുണയ്ക്കാന്‍ ആളുകളില്ലേ? 

പോലീസ് പെരുപ്പിച്ചുകാണിക്കുന്ന മാവോയിസ്റ്റ് ശക്തി യാഥാര്‍ത്ഥ്യമാണെങ്കില്‍കൂടി ഒരു വിപ്ലവത്തിന് ഇതുമതിയോ? സമൂഹം അതിനു പാകമാണോ? ഭയപ്പെടുത്താനുള്ള ഒരുപാധിയായി മാവോയിസ്റ്റുകള്‍ മാറുന്നുവോ? ഭരണകൂട സംവിധാനം ആഘോഷിക്കുന്നുണ്ടോ? ഇങ്ങിനെ പോവുന്ന സംശയങ്ങള്‍ക്ക് മറുപടി കണ്ടെത്തേണ്ടതുണ്ട്.

ഭീതിയും ഭീഷണിയും വിതറിയും ആയുധശക്തി പ്രകടിപ്പിച്ചും ഒരു തത്ത്വശാസ്ത്രം പ്രചരിപ്പിക്കാനാവുമോ? ഛത്തീസ്ഗഡും റായലസീമയും നല്‍കുന്ന പാഠമനുസരിച്ച് കഴിയില്ലെന്നു തന്നെയാണുത്തരം. പ്രാദേശിക ജനസമൂഹങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കാതെ എങ്ങനെയാണ് ഒരു പ്രസ്ഥാനം സജീവമാകുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ മാവോയിസം ഭയം മാത്രമായവശേഷിക്കുന്നു. ചിലപ്പോള്‍ തിരിഞ്ഞുനോക്കാനും പ്രായശ്ചിത്തം ചെയ്യാനുമുള്ള അവസരമായി മാറാനും സാധ്യതയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍