UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ മാവോകള്‍; മിത്തും യാഥാര്‍ഥ്യവും

Avatar

രാംദാസ്  
(അഴിമുഖം പ്രതിനിധി)

”ഞങ്ങള്‍ എന്തിനാ അവടെ പിടിച്ചുകൊടുക്കുന്നത്. അവര്‍ പറയുന്നത് ഞങ്ങള്‍ക്ക് വേണ്ടിയല്ലേ, പിന്നെ എന്തിന് അവരെ ഒറ്റികൊടുക്കണം,  മാവോയിസ്റ്റുകള്‍ വന്നതിനുശേഷം ഞങ്ങള്‍ക്കൊരു വിലയൊക്കെയുണ്ട്. ഇപ്പോ ഞങ്ങള് പറയുന്നത് കേള്‍ക്കാന്‍ അവര്‍ ഇങ്ങോട്ടു വരുന്നുണ്ട്. പോലീസും വില്ലേജ് ഓഫീസറുമൊക്കെ സ്ഥിരമായി വരുന്നുണ്ട്.” രണ്ടു മൂന്ന് മാസം മുമ്പ് മാവോയിസ്റ്റുകള്‍ വന്നുപോയ വയനാട്ടിലെ തൊണ്ടര്‍നാട് കുഞ്ഞോം കോമ്പാറ കുറിച്യകോളനിയിലെ കേളുവിന്റെ വാക്കുകളാണിത്. മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും വന്നതറിഞ്ഞ് കോളനിയിലെത്തിയ പോലീസിന്റെ അപേക്ഷകളിലൊന്ന് ഇത്തരം സംഭവമുണ്ടാവുമ്പോള്‍ അല്ലെങ്കില്‍ അപരിചിതര്‍ കോളനിയിലെത്തിയാല്‍ പോലീസിനെ അറിയിക്കണമെന്നായിരുന്നു. ഒരു സംശയത്തിനും ഇടനല്‍കാതെ കേളു പറഞ്ഞ മറുപടി തന്നെയാണ് കോമ്പാറക്കാരുടെ പൊതുവികാരവും.

മാവോയിസ്റ്റ് സാന്നിദ്ധ്യം വ്യക്തമാക്കിക്കൊണ്ടാണ് തിങ്കളാഴ്ച രാത്രിയില്‍ മാവോയിസ്റ്റുകള്‍ വീണ്ടും ഇവിടെയെത്തിയതായാണ് പൊലീസ് വിശദീകരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് വിവരം പുറത്തറിയുന്നത്. പേര്യ വനം റെയ്ഞ്ചിലെ പാനോത്ത് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസ് തീയിട്ടു നശിപ്പിച്ചു. ജനല്‍പ്പാളി തകര്‍ത്ത് അകത്തേക്ക് പന്തം എറിയുകയായിരുന്നു. ഏതാണ്ടിതേ സമയത്ത്  തന്നെ പാലക്കാട് അട്ടപ്പാടിയിലും സമാനസംഭവം അരങ്ങേറി. വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചാപ്പേല്‍ കോളനിയ്ക്കു സമീപം ഡിസംബര്‍ 7 ന് മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ വെടിയുതിര്‍ത്തിരുന്നു. സംഭവം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴും വെടിവയ്പ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും തുമ്പുണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

കുഞ്ഞോം പാനോത്ത് ഫോറസ്റ്റ് സ്റ്റേഷന്‍ തകര്‍ത്തതിനൊപ്പം അവരുടെ പ്രസിദ്ധീകരണമായ കാട്ടുതീയുടെ നിരവധി കോപ്പികള്‍ ഇവിടെ ഉപേക്ഷിച്ചാണ് മാവോയിസ്റ്റുകള്‍ മടങ്ങിയത്. തീയിട്ട കെട്ടിടത്തിന്റെ ചുമരില്‍ നാല് വെടിയുണ്ട കൊണ്ട് 65 കോടി ചെലവഴിക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചെന്ന് പോസ്റ്ററില്‍ അവകാശപ്പെടുന്നു. ഇതുതന്നെയാണ് തങ്ങളുദ്ദേശിക്കുന്നതെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ആദിവാസികളുടെ പ്രധാന ശത്രുക്കള്‍ പോലീസും വനംവകുപ്പുമാണെന്ന സൂചന നല്‍കുന്ന എഴുത്തും അക്കൂട്ടത്തിലുണ്ട്.

തീര്‍ത്തും അവികസിത പ്രദേശങ്ങളിലാണ് മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം എന്നത് ശ്രദ്ധേയമാണ്. വനത്തോട് ചേര്‍ന്ന് അല്ലെങ്കില്‍ വനത്തിനുള്ളിലെ കോളനികള്‍ കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റു പ്രവര്‍ത്തനം സജീവമാക്കിയതെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. നിലമ്പൂരിലെയും വയനാട്ടിലെയും കോളനികളുടെ നില പരിശോധിച്ചാല്‍ മാവോയിസ്റ്റുകളുടെ തെരഞ്ഞെടുപ്പു മാനദണ്ഡം എന്താണെന്ന് ബോധ്യമാവും. തൊണ്ടര്‍നാട് പഞ്ചായത്തിലെ വികസനമെത്താത്ത ഇടത്തില്‍ അഞ്ച് കോളനികളുണ്ട്. കോമ്പാറ, ചപ്പേല്‍, ചുരുളി, ഉദിരചിറ കുറിച്യകോളനികളിലെല്ലാം വ്യത്യസ്ത സമയങ്ങളില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സ്ഥീരീകരിക്കപ്പെട്ടിട്ടുണ്ട്. നിലമ്പൂരിലെ പോത്തുകല്ലിലും മറ്റിടത്തിലും മാവോയിസ്റ്റുകള്‍ വന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മാവോയിസ്റ്റുകളുടെ കേരളത്തിലെ ചരിത്രം പരിശോധിച്ചാല്‍, മനസ്സിലാവുന്ന പൊതുവായ ചില കാര്യങ്ങളുണ്ട്. കേരളം പോലുള്ള മധ്യവര്‍ഗ്ഗകേന്ദ്രീകൃതമായ സമൂഹത്തില്‍ മാവോയിസ്റ്റുകളുടെ പ്രസക്തിയെ സംശയിച്ചവരും ധാരാളമുണ്ട്. സി.പി.ഐ.-എം. പോലുള്ള ഇടതുപാര്‍ട്ടികളും ഇതിനു സമാനമായ നിലപാട് തന്നെയാണ് മാവോയിസത്തെ സംബന്ധിച്ച് സ്വീകരിക്കുന്നതും. പൊതുമുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ് മലബാറിലെ വനങ്ങളില്‍ മാവോയിസ്റ്റുകള്‍ ഇടംകണ്ടെത്തിയത്. ഭരണകൂടം ഇപ്പോള്‍ ആശങ്കയിലാണ്. രാഷ്ട്രീയപാര്‍ട്ടികളും ഏതാണ്ടിതേ അവസ്ഥയിലാണ് മുന്നോട്ട് പോവുന്നത്. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതുപോലെ  ചില നടപടികള്‍ അവര്‍ സ്വീകരിക്കുന്നു. പോലീസിങ്ങിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നു. പൗരാവകാശ പ്രവര്‍ത്തകരെ ശത്രുക്കളാക്കി മാറ്റി ഒളിനോട്ടമിടുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ പോലീസിനെയും വനംവകുപ്പിനെയും ഏല്‍പ്പിച്ച് ആദിവാസി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമം മറ്റൊരിടത്തു നടക്കുന്നു. മാവോയിസ്റ്റു വേട്ടയ്ക്കു മാത്രമായി നിയോഗിച്ച തണ്ടര്‍ബോള്‍ട്ടെന്ന പോലീസ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിഹാസത്തോടെ പൊതുസമൂഹം വീക്ഷിച്ചതും ഇതിനിടയില്‍ കണ്ടു.

ചാപ്പേല്‍ കോളനിക്കു സമീപത്തെ വനത്തില്‍ ഉതിര്‍ത്ത വെടിയുണ്ടകള്‍ ആഭ്യന്തരവകുപ്പിന് ഒരര്‍ത്ഥത്തില്‍ ആശ്വാസമാണ്. ചില വിമര്‍ശനങ്ങള്‍ക്ക് മറുപടി കൂടിയാണ് മാവോയിസ്റ്റുകളുമായുള്ള ഈ നേര്‍ക്കുനേര്‍ പോരാട്ടം. മാവോയിസ്റ്റുകള്‍ യാഥാര്‍ത്ഥ്യമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഇതിലൂടെ കഴിഞ്ഞു. ഇതിലൂടെ നേടിയെടുക്കുന്ന കോടികളുടെ കേന്ദ്രഫണ്ട് മറ്റൊരു നേട്ടം. ഒടുവില്‍ ഹൈക്കോടതിയില്‍ ആഭ്യന്തരവകുപ്പ് നല്‍കിയ സത്യവാങ്മൂലത്തിലും ഇതെല്ലാം സ്ഥിരീകരിക്കുന്നുണ്ട്.

കോമ്പാറ കോളനിയിലെ കേളുവിന്റെ വാക്കുകളില്‍ മാവോയിസ്റ്റുകളോടുള്ള സമീപനം അടങ്ങിയിട്ടുണ്ട്. നൂറ്റാണ്ടുകളായി ഇവര്‍ അനുഭവിക്കുന്ന അവഗണനയും അധാര്‍മ്മികതയും മാവോയിസ്റ്റുകള്‍ വളക്കൂറുള്ള മണ്ണായി കാണുന്നു. തങ്ങള്‍ക്കിവിടം നല്ലൊരിടമെന്ന് മാവോയിസ്റ്റുകള്‍ കരുതുന്നു.  കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ 2013 ഫെബ്രുവരിക്കു ശേഷം മാവോയിസ്റ്റുകള്‍ വിവിധ കോളനികളില്‍ എത്തുകയും അവരുടെ സന്ദേശം പ്രചരിപ്പിക്കാന്‍  ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇതു സംബന്ധിച്ച് വിലപ്പെട്ട എന്തെങ്കിലും വിവരം ശേഖരിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതായത് ആദിവാസികള്‍ മാവോയിസ്റ്റുകളെ ഒറ്റുകൊടുക്കാന്‍ തയ്യാറല്ല എന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു എന്ന് ചുരുക്കം.

സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ബഹിഷ്‌കൃതരാക്കപ്പെട്ട ഭൂരഹിത ആദിവാസികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരോട് സഹാനുഭൂതിയും സഹവര്‍ത്തിത്വവും പുലര്‍ത്തുന്ന പൗരാവകാശ പ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും പ്രതിപട്ടികയില്‍ ചേര്‍ക്കുവാന്‍ നിര്‍ദ്ദേശിക്കുകയല്ലാതെ രഹസ്യാന്വേഷകര്‍ക്കും മാവോയിസ്റ്റുകളെ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല.

കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം സംബന്ധിച്ച നാള്‍വഴികള്‍ പരിശോധിക്കുന്നതിലൂടെ ചില അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാകും. അതില്‍ പ്രധാനം മാവോയിസ്റ്റുകള്‍ ശക്തിപ്പെടുന്നുണ്ട് എന്നുതന്നെയാണെന്ന് പോലീസിന് അറിയാം. 2009-ല്‍ മാവോയിസ്റ്റ് നേതാവ് ചന്ദ്രമൗലിയെ കസ്റ്റഡിയിലെടുക്കുന്നത് കൊല്ലത്തുനിന്നാണ്. 2009-ല്‍ തന്നെ മല്ലരാജറെഡ്ഡിയെയും സുഗണയെയും എറണാകുളത്തിനടുത്തുനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ആന്ധ്രയിലെയും മറ്റും മാവോയിസ്റ്റ് നേതാക്കള്‍ക്ക് ഒളിത്താവളമായാണ് കേരളത്തെ കണ്ടിരുന്നത് എന്നാണ് അന്നേവരെ കരുതിയിരുന്നത്. എന്നാല്‍ 2013 ല്‍ മലബാര്‍ മേഖലയിലെ വനങ്ങളില്‍ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം വ്യക്തമാക്കുന്ന നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. നിലമ്പൂരില്‍ ട്രെയിന്‍ അട്ടിമറി ശ്രമത്തെയും മാവോയിസ്റ്റ് ആക്ഷനായാണ് അധികൃതര്‍ പരിഗണിച്ചത്. കോഴിക്കോട് ജില്ലയിലെ തൊട്ടില്‍പ്പാലത്തിനടുത്ത് ക്വാറിമാഫിയകളുടെ ജെ.സി.ബി. നശിപ്പിച്ചതും മറ്റൊരു നടപടിയായി.

മുത്തങ്ങ സമരത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് 2013 ഫെബ്രുവരിയില്‍ വലിയ തിരിച്ചടിയുണ്ടാവും എന്ന് മാവോയിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വലിയ സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ഇടക്കിടെ നാട്ടില്‍ പ്രത്യക്ഷപ്പെട്ട് മാവോയിസ്റ്റുകള്‍ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കി. എറണാകുളത്തെ ആക്രമണവും ജനകീയ സമരങ്ങളോടുള്ള മാവോയിസ്റ്റുകളുടെ സമീപനം വ്യക്തമാക്കാന്‍ സഹായിച്ചു. തുടര്‍ന്ന് വയനാട്ടിലെ തിരുനെല്ലിയില്‍ സ്വകാര്യ റിസോര്‍ട്ട് അടിച്ചു തകര്‍ക്കുകയും ടൂറിസം മാഫിയകള്‍ക്ക് മുന്നറിയിപ്പായി പത്രക്കുറിപ്പിറക്കിയതും അടുത്തിടെയാണ്. മനോരമ പത്രത്തിലെ ലേഖകനായ സെബാസ്റ്റ്യന്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടാണ് തിരുനെല്ലിയില്‍ മാവോയിസ്റ്റ്  അപ്രീതിക്കു പാത്രമായത്. റിസോര്‍ട്ട് നിര്‍മ്മിച്ച സ്ഥലം ആദിവാസി ഭൂമിയാണെന്ന കേസ് സുപ്രീംകോടതിവരെയെത്തിയിരുന്നു. അന്തിമവിധി സെബാസ്റ്റ്യന്‍ ജോസഫിനായിരുന്നു. അഗ്രഹാരം എന്ന പേരുള്ള റിസോര്‍ട്ട് ആക്രമണത്തിനു ശേഷം മാവോയിസ്റ്റുകള്‍ വെള്ളമുണ്ടയിലെ ഒരു പോലീസുകാരന്  സ്വകാര്യ പലിശക്കാരുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന ടെലിഫോണ്‍ സംഭാഷണം എഴുതി പ്രസിദ്ധീകരിച്ചു. കബനി ദളത്തിലെ മുഖപ്രസിദ്ധീകരണമായ കാട്ടുതീയില്‍ ഫോണ്‍ സംഭാഷണം പൂര്‍ണ്ണമായും ചേര്‍ത്തിരുന്നു. സി.പി.ഐ.എം. ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്റെ ‘ആദിവാസിക്ഷേമപ്രവര്‍ത്തനങ്ങള്‍’ തിരിച്ചറിയണമെന്ന്  കാണിച്ച് കാട്ടുതീയില്‍ വന്ന എഴുത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊപ്പം പോലീസിനെയും അസ്വസ്ഥരാക്കി. സ്വകാര്യ സംരക്ഷണത്തോടൊപ്പം പോലീസ് പ്രൊട്ടക്ഷനും സി.കെ.ശശിക്കിപ്പോഴുണ്ട്.

കേരളത്തിലെ മാവോയിസ്റ്റ് ശക്തി സംബന്ധിച്ച് എന്തെങ്കിലും ശരിയായ വിവരം ഇതുവരെയും ലഭ്യമായിട്ടില്ല. സൈനിക പരിശീലനം സിദ്ധിച്ച എത്രപേര്‍ മാവോയിസ്റ്റുസേനയില്‍ അംഗങ്ങളാണ് എന്നതും അജ്ഞാതമാണ്. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സി.പി.ഐ. നക്‌സല്‍ബാരികള്‍ ലയിച്ചതോടെ ശക്തി വര്‍ദ്ധിച്ചെന്ന് അവര്‍ തന്നെ അവകാശപ്പെടുന്നതൊഴിച്ചാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പച്ച യൂണിഫോമും തൊപ്പിയും ബെല്‍റ്റുമെല്ലാം ഉള്‍പ്പെടുന്ന സൈനിക വേഷത്തിലാണ് മാവോയിസ്റ്റുകള്‍ സ്ഥിരമായി കോളനികളിലെത്തുന്നത് എന്നാണ് പറയപ്പെടുന്നത്. സംഘങ്ങളുടെ കയ്യില്‍ ആധുനിക തോക്കുകളും ഉണ്ടായിരുന്നതായി മാവോയിസ്റ്റുകള്‍ എത്തിയ കോളനിയിലുള്ളവര്‍ പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍