UPDATES

മാവോയിസ്റ്റുകളുടെ മനുഷ്യാവകാശങ്ങള്‍ക്കായി ശബ്ദം ഉയര്‍ത്തണമെന്ന് എം എ ബേബി

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു പിന്നാലെ മാവോയിസ്റ്റുകളുടെ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തണം എന്ന് സിപിഐഎമ്മിനുള്ളില്‍ നിന്നു കൂടി ആവശ്യമുയരുന്നു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയാണ് ഈ ആവശ്യമുന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. മാവോയിസ്റ്റുകള്‍ ബംഗാളില്‍ മമതയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്ന ബേബി നരേന്ദ്രമോദി സര്‍ക്കാര്‍ മാവോയിസ്റ്റുകളെന്ന ഉമ്മാക്കി കാണിച്ച് പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും കവര്‍ന്നെടുക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മാവോയിസ്റ്റുകള്‍ അടക്കമുള്ളവരുടെ മനുഷ്യാവകാശങ്ങള്‍ക്കായി ശബ്ദം ഉയര്‍ത്താന്‍ നമുക്കെല്ലാം കഴിയണം എന്ന് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

കേരളത്തിലെ മാവോയിസ്റ്റ് സംഘടനയുടെ പ്രവര്‍ത്തകരായ രൂപേഷ്, ഷൈന, അനൂപ് എന്നിവരെയും മാവോയിസ്റ്റ് നേതാക്കളായ മുരളി കണ്ണമ്പള്ളിയേയും ഇസ്മായിലിനെയും അറസ്റ്റ് ചെയ്തിരിക്കുന്നു. കേരളത്തിലെ പുരോഗമനവാദികളെല്ലാം ഇവരുടെ, ഒറ്റപ്പെട്ട സാഹസികത എന്ന തെറ്റായ രാഷ്ട്രീയത്തെ തള്ളിക്കളയുന്നതിനൊപ്പം ഇവരുടെ മനുഷ്യാവകാശങ്ങള്‍ക്കായി നിലകൊള്ളുകയും വേണം.

1970കളില്‍ ഞാനൊക്കെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരായിരുന്ന കാലത്ത് വ്യക്തിവാദപരമായ ഇടതു സാഹസികതയുടെ ഈ രാഷ്ട്രീയത്തിനു ചില കേന്ദ്രങ്ങളില്‍ താരതമ്യേന പിന്തുണ ഉണ്ടായിരുന്നു. ജനാധിപത്യ ഇടതുപക്ഷത്തിനു അതൊരു രാഷ്ട്രീയ വെല്ലുവിളി ആണെന്നു തോന്നിച്ചിരുന്നു. പക്ഷേ കാലക്രമേണ ഈ തീവ്രവാദത്തിനെതിരായ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സമരം വിജയിക്കുകയാണുണ്ടായത്. ഇന്ത്യയിലെ മുഖ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഒന്നാം ശത്രു ആയി കാണുന്ന ഇവര്‍ ഈ അടുത്തും പശ്ചിമബംഗാളില്‍ സി പി ഐ എം പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്യാന്‍ മമതാ ബാനര്‍ജ്ജിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണുണ്ടായത്. എന്നിരുന്നാലും ഇവരുടെയും മനുഷ്യാവകാശങ്ങള്‍ക്കായി നിലകൊള്ളേണ്ടത് ഇടതുപക്ഷവാദികളുടെ ഉത്തരവാദിത്വമാണു.

കഴിഞ്ഞ ദിവസം ചത്തീസ്ഗഡിലെ ബസ്തര്‍ സന്ദര്‍ശിച്ചു 24000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നടത്തിയ ചില പ്രസ്താവനകളുടെ വെളിച്ചത്തില്‍ ഇതു പ്രത്യേകിച്ചും പ്രസക്തമാണു. ‘പഞ്ചാബിനെ ഖാലിസ്ഥാന്‍ തീവ്ര വാദികളുടെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞത് പോലെ’ ബസ്തറിനെയും അക്രമ മുക്തമാക്കാം എന്നാണദ്ദേഹം പറഞ്ഞത്. ബസ്തറിലെ പ്രകൃതി വിഭവങ്ങള്‍ കുത്തകമുതലാളിമാരുടെ ചൂഷണത്തിനായി തുറന്നു കൊടുത്ത് അവിടത്തെ ആദിവാസികളെ വേരോടെ പിഴുതെറിയാനുള്ള നീക്കം കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ കാലത്തേ ചോദ്യം ചെയ്യപ്പെടുന്നതാണു. ഇത്തരം ‘വികസന പരിപാടികള്‍ക്കു’ തീവ്രവാദികള്‍ തടസ്സം നില്‍ക്കുന്നു എന്ന പേരിലാണു കേരളത്തിലും ഇന്ത്യയിലാകെയും അടിയന്തരാവസ്ഥക്ക് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നീതീകരണം കണ്ടെത്തിയത്.തീവ്ര വലതു പക്ഷത് നിന്നുള്ള ഭീഷണിയെ പറ്റിയും ഇന്ദിരാ ഗാന്ധി ഇതോടൊപ്പം അന്ന് സംസാരിച്ചിരുന്നു .
ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍ എസ് എസിനാല്‍ നിയന്ത്രിക്കപ്പെടുന്നതാണ് ഇപ്പോഴത്തെ കേന്ദ്ര ഭരണം. അത് കൊണ്ട് തന്നെ സ്വേഛാധിപത്യ വാഴ്ചയിലേക്ക് മോഡി സര്‍ക്കാര്‍ അതി വേഗം നീങ്ങാനുള്ള സാധ്യത ഉണ്ട് .ഈ നീക്കത്തിന് മറ പിടിക്കാന്‍ മാവോയിസ്റ്റ് ഉമ്മാക്കി കാട്ടി പൗരാവകാശങ്ങളും,മനുഷ്യാവകാശങ്ങളും കവര്‍ന്നെടുക്കാന്‍ വലിയ സാധ്യത ആണുള്ളത് അത് കൊണ്ട് കൂടി മാവോയിസ്റ്റുകളുടെ അടക്കം മനുഷ്യാവകാശങ്ങള്‍ക്കായി ശബ്ദം ഉയര്‍ത്താന്‍ നമുക്കെല്ലാം കഴിയണം .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍