UPDATES

ട്രെന്‍ഡിങ്ങ്

‘കേരളത്തില്‍നിന്നുള്ളയാള്‍ എന്തിനാണ് ഉറുദു പഠിക്കുന്നത്’ മാവോയിസ്‌റ്റ് നേതാവ് കണ്ണമ്പിള്ളി മുരളിയോട് ജയില്‍ അധികൃതരുടെ ചോദ്യം

വിചാരണ തടവുകാരനമായി മൂന്നര വര്‍ഷത്തിലേറെയാണ് മുരളി ജയിലില്‍ കഴിഞ്ഞത്.

മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ മാര്‍ക്‌സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ കണ്ണമ്പിള്ളി മുരളിയ്ക്ക്  യെര്‍വാദ ജയില്‍ അധികൃതര്‍ പല അവകാശങ്ങളും നിഷേധിച്ചതായി ആരോപണം. അദ്ദേഹത്തിന് പുസ്തകങ്ങള്‍ നല്‍കുന്നതില്‍ പോലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായാണ് ആരോപണം. മാതൃഭൂമി വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് മുരളി താന്‍ വളര്‍ന്നുവന്ന സാഹചര്യത്തെക്കുറിച്ചും ജയിലിലെ അനുഭവങ്ങളെക്കുറിച്ചും പറയുന്നത്.

2015 ല്‍ ഭീകരാവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത മുരളിയെ കഴിഞ്ഞ മാസം അവസാനമാണ് കോടതി ജാമ്യത്തില്‍ വിട്ടത്. നാല് പതിറ്റാണ്ടു കാലത്തിലധികമാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി മുരളിയ്ക്ക് ഒളിവില്‍ കഴിയേണ്ടി വന്നത്. അറസ്റ്റ് ചെയ്തത് കണ്ണമ്പിള്ളി മുരളിയെ തന്നെയാണെന്നത് സഹോദരന്റെ ഡിഎന്‍എ ടെസ്റ്റ് വരെ നടത്തിയാണ് പൊലീസ് സ്ഥിരീകരിച്ചത്. ഒളിവില്‍ തിരിച്ചറിയാതിരിക്കാന്‍ എസ്എസ്എല്‍സി ബുക്ക് വരെ ഇദ്ദേഹം കത്തിച്ചുകളഞ്ഞിരുന്നു.

ഹൃദ്രോഗ ബാധിതനായിരുന്ന മുരളിയ്ക്ക് ജയില്‍ അധികൃതര്‍ പലപ്പോഴും മതിയായ ചികില്‍സ നല്‍കിയിരുന്നില്ല. മാര്‍ക്‌സിസ്റ്റ് സിദ്ധാന്തവും ്പ്രയോഗവുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുള്ള മുരളി കേരളത്തെ ഭൂമി ബന്ധങ്ങളെ കുറിച്ച് എഴുതിയ ഭൂമി ജാതി ബന്ധനം എന്ന കൃതി ഏറെ ശ്രദ്ധേയമായിരുന്നു. അന്താരാഷ്ട്ര മാവോയിസ്റ്റ് സംഘടനകളുടെ പ്രസിദ്ധീകരണമായിരുന്ന എ വേള്‍ഡ് ടു വിന്‍ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നു കണ്ണമ്പിള്ളി മുരളി. ഇദ്ദേഹത്തെ ജാമ്യത്തില്‍ വിടണമെന്നാവശ്യപ്പെട്ട് നോം ചോംസ്‌കി, ഗായത്രി സ്്പീവാക്ക് ചക്രവര്‍ത്തി, ജൂഡിത് ബുട്‌ലര്‍, പാര്‍്ത്ഥാ ചാറ്റര്‍ജി തുടങ്ങിയവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ജയിലില്‍ ചികില്‍സാ സൗകര്യങ്ങള്‍ നല്‍കിയിരുന്നില്ലെന്നതിനപ്പുറം വായിക്കാന്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ക്കും കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതായി മുരളി പറയുന്നു. തന്നെ കാണാന്‍ ചേട്ടന്‍ വന്നപ്പോള്‍ കൊണ്ടുവന്ന ഓര്‍ഹാന്‍ പാമുഖിന്റെ പുസ്തകം പോലും തടഞ്ഞുവെച്ചു. ആദ്യത്തെ മൂന്ന് മാസം പത്രം    പോലും പലപ്പോഴും നല്‍കിയിരുന്നില്ല.1960 ല്‍ ജയില്‍ അധികൃതര്‍ തയ്യാറാക്കിയ പട്ടികയില്‍നിന്നാണ് പുസ്തകങ്ങള്‍ നല്‍കുന്നതെന്നും അഭിമുഖത്തില്‍ മുരളി വെളിപ്പെടുത്തി. അവിടുത്തെ ലൈബ്രറിയില്‍നിന്ന് പുസ്തകങ്ങള്‍ എടുത്ത് വായിക്കുക മാത്രമെ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ഉറുദു പഠിക്കാന്‍ തീരുമാനിച്ചപ്പോള്‍ മകന്‍ കുറെ പുസ്തകങ്ങള്‍ കൊണ്ടുവന്നതായും അതില്‍ ലേണ്‍ ഉറുദു ഇന്‍ 30 ഡേയ്‌സ് എന്ന പുസ്തകം തനിക്ക് ജയിലധികൃതർ  തന്നില്ലെന്നും മുരളി പറയുന്നു. അതിന്റെ കാരണം ആരാഞ്ഞപ്പോള്‍ കേരളത്തില്‍നിന്നുള്ള മുരളീധരന്‍ എന്തിനാണ് ഉറുദു പഠിക്കുന്നതെന്നായിരുന്നു ചോദ്യമെന്നും കണ്ണമ്പിള്ളി മുരളി വെളിപ്പെടുത്തി. തിലകന്റെ ഗീതാരഹസ്യം വായിക്കാന്‍ ചോദിച്ചപ്പോള്‍ അത് വാങ്ങാന്‍ അനുമതി തന്നെന്നും മറാഠി ഡിക് ഷണറി കിട്ടാന്‍ കോടതിയില്‍ പോകേണ്ടിവന്നുവെന്നും മുരളീധരന്‍ പറയുന്നു.

ജയിലില്‍നിന്നിറങ്ങുന്നതിന് ഒരുവര്‍ഷം മുമ്പ് വധശിക്ഷ വിധിക്കപ്പെട്ടവര്‍ക്കൊപ്പമായിരുന്നു. ‘ അവര്‍ക്ക് പഠിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു . അവരില്‍ മൂന്നുപേരെ മറാഠി, ചിലരെ ഇംഗ്ലീഷ് ഹിന്ദി എന്നീ ഭാഷകളും പഠിപ്പിച്ചതായും മരുളി പറഞ്ഞു.

നയതന്ത്രജ്ഞന്‍ ആയിരുന്ന കരുണാകര മേനോന്റെ മകനായ മുരളി, ആദ്യ കാലത്ത് അച്ഛനൊപ്പം വിദേശ രാജ്യങ്ങളില്‍ വളര്‍ന്നതിനെക്കുറിച്ചും പിന്നീട് നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി പ്രവര്‍ത്തനം നടത്തിയതിനെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ ചില ഘട്ടങ്ങളില്‍ ഉണ്ടായ സൈദ്ധാന്തിക പിരിവുകളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സൂചിപ്പിക്കുന്നു. തന്റെ വഴി ശരിതന്നെയായിരുന്നുവെന്നും ജീവിച്ച രീതിയില്‍ പുര്‍ണ തൃപ്തനാണെന്നും കണ്ണമ്പിള്ളി മുരളി പറയുന്നു

Also Read- പള്ളിയിലെ പോസ്റ്റ്‌മോര്‍ട്ടം: പോത്തുകല്ലുകാര്‍ക്ക് ഇത് പുതുമയല്ല, പ്രഭാകരന്റെ മൃതദേഹം കിടത്താന്‍ മയ്യത്ത് കട്ടില്‍ നല്‍കിയതുള്‍പ്പെടെ കഥ പലതുണ്ട് പറയാന്‍, അമുസ്ലീങ്ങളുടെ കൂടി പള്ളിയെന്ന് ഭാരവാഹികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍