UPDATES

രൂപേഷിന്റെ അറസ്റ്റ്; കേരളത്തിലെ മാവോയിസ്റ്റ് വേട്ടയില്‍ നിര്‍ണായകമെന്ന് ചെന്നിത്തല

അഴിമുഖം പ്രതിനിധി

മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത് കേരളത്തിലെ മാവോയിസ്റ്റ് വേട്ടയില്‍ നിര്‍ണയാകമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ നേതാായ രൂപേഷ്, ഭാര്യ ഷൈന, മലയാളിയായ അനൂപ്, മാവോയിസ്റ്റ് നേതാവ് വീരമണിയെന്ന ഈശ്വര്‍, തമിഴ്‌നാട് സ്വദേശി കണ്ണന്‍ എന്നീ അഞ്ച് പേരാണ് പിടിയിലായത്. കോയമ്പത്തൂരിനടുത്ത് കരുമറ്റംപെട്ടി എന്ന സ്ഥലത്തുവെച്ച് ആന്ധ്രാ പ്രദേശ്, കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സംയുക്ത പൊലീസ് സംഘം ഇവരെ പിടികൂടിയത്. ഇവിടത്തെ ഒരു ബേക്കറിയില്‍ ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കൊയമ്പത്തൂരിലെ പീളമേട്ടിലെ ക്യൂ ബ്രാഞ്ച് പൊലീസ് ഓഫീസില്‍ പോലീസ് ചോദ്യം ചെയ്യുകയാണ്. നാളെ കേരളത്തില്‍ കൊണ്ടുവരും എന്നാണ് സൂചന. എന്നാല്‍ പൊലീസ് ചോദ്യം ചെയ്യലിനോട് രൂപേഷും ഷൈനയും ഒരു തരത്തിലും സഹകരിക്കുന്നില്ലെന്നാണ് അറിയുന്നത്.

കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് രൂപേഷാണ് എന്നാണ് കേരള പൊലീസ് കണ്ടെത്തിയിരുന്നത്. 2008-ല്‍ ഒളിവില്‍ പോയ രൂപേഷിനെ ഇരുപതോളം മാവോയിസ്റ്റ് ആക്രമണ കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് തെരഞ്ഞു വരികയായിരുന്നു. രൂപേഷും സംഘവും ഞായറാഴ്ച പിടിയിലായിരുന്നുവെങ്കിലും ഇന്നലെ രാത്രിയിലാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെക്കേ ഇന്ത്യയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയിരുന്ന രൂപേഷിനുവേണ്ടി ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് പൊലീസുകളും വലവിരിച്ചിരുന്നു. 2007ല്‍ ആന്ധ്രപ്രദേശുകാരനായ മാവോയിസ്റ്റ് സെന്‍ട്രല്‍ കമ്മിറ്റി അംഗമായ മല്ലരാജറെഡ്ഡിക്ക് അങ്കമാലിയില്‍ ഒളിത്താവളം ഒരുക്കാന്‍ സഹായം നല്‍കിയതിന് ഷൈനയെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. റെഡ്ഡി ഇവിടെ വച്ച് പൊലീസിന്റെ വലയില്‍ കുരുങ്ങിയിരുന്നു.

എല്‍എല്‍എം ബിരുദധാരിയായ രൂപേഷ് സിപിഐ(എംഎല്‍) വിദ്യാര്‍ത്ഥി വിഭാഗത്തിലൂടെയാണ് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്കെത്തുന്നത്. ഭാര്യ ഷൈന ഹൈക്കോടതിയില്‍ വക്കീല്‍ ഗുമസ്ത ആയിരുന്നു. രൂപേഷിനും ഭാര്യയ്ക്കുവേണ്ടി കേരള പൊലീസ് ഏറെനാളായി വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ തെരച്ചില്‍ നടത്തി വരികയായിരുന്നു. തൃശൂര്‍ സ്വദേശിയായ രൂപേഷ് ഷൈന ദമ്പതികളുടെ പെണ്‍ മക്കളെയും ഷൈനയുടെ അമ്മയേയും പൊലീസ് നിരന്തരം പീഡിപ്പിച്ചിരുന്നത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

രൂപേഷിനേയും സംഘത്തേയും അറസ്റ്റ് ചെയ്ത് പൊലീസ് വാഹനത്തിലേക്ക് കയറ്റുമ്പോള്‍ രൂപേഷ് കൈയിലുണ്ടായിരുന്ന രണ്ട് സിമ്മുകള്‍ വലിച്ചെറിഞ്ഞത് നാട്ടുകാര്‍ എടുത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്.

സമീപകാലത്തായി സംസ്ഥാനത്ത് വനങ്ങളില്‍ വിവിധയിടങ്ങളിലായി പൊലീസുമായി മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഈ ഏറ്റുമുട്ടലുകള്‍ക്ക് പിന്നില്‍ രൂപേഷാണെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. രൂപേഷിന്റെ അറസ്റ്റ് കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ ക്ഷീണിപ്പിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍