UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രീയ തടവുകാരെ എന്തിനാണ് ഭരണകൂടം ജയിലില്‍ പൂട്ടിവയ്ക്കുന്നത്?- ആമി സംസാരിക്കുന്നു

Avatar

ആമി/നിരഞ്ജന്‍

‘രൂപേഷിനും ഷൈനയ്ക്കുമെതിരെ സി.ഡികളില്ല, ശബ്ദരേഖയില്ല… അവര്‍ ചെയ്ത തെറ്റിനെ കുറിച്ചോ പ്രവൃത്തിയെ കുറിച്ചോ ഒരു ബോധ്യവും ആര്‍ക്കുമില്ല. എങ്കിലും അവര്‍ തടവറയ്ക്കുള്ളിലാണ്. അഴിമതിക്കാരായ അധികാരമോഹികള്‍ നാട്ടില്‍ വിലസുമ്പോള്‍ ശുദ്ധരാഷ്ട്രീയം പറഞ്ഞവര്‍ക്ക് തടവറയാണ് വിധി…’ തൃശൂര്‍ വലപ്പാട് ചന്തപ്പടിയിലെ വീട്ടില്‍ നിന്ന് മനസു തുറക്കുന്ന പെണ്‍കുട്ടിയുടെ വാക്കുകളില്‍ പ്രതിഷേധമുണ്ട്, മനസില്‍ തീനാളമുണ്ട്… പെണ്‍കുട്ടിയുടെ പേര് ആമി. അവള്‍ക്കിടാതെ പോയ പേര് മറ്റൊന്നാണ്, അമരാന്റ. എന്നുവച്ചാല്‍ ഒരിക്കലും വാടാത്ത പൂവ്. മാവോയിസ്റ്റുകള്‍ എന്ന് ഭരണകൂടം ആരോപിക്കുന്ന രൂപേഷിന്റെയും ഷൈനയുടെ മൂത്തമകളാണ് ആ പെണ്‍കുട്ടി. പ്രായം ഇപ്പോള്‍ 21.

മാതാപിതാക്കളുടെ പ്രവര്‍ത്തികളെക്കുറിച്ച് പൊലീസും സര്‍ക്കാറും എന്തൊക്കെ പറഞ്ഞാലും ആമി രൂപേഷിനേയും ഷൈനയേയും വിശ്വസിക്കുന്നു.

‘സത്യസന്ധതയില്ലാത്ത ഒരാള്‍ക്ക് ഈ വിധം രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. പിടിയിലാകുന്നതിന് മുന്‍പ് രൂപേഷ് മാതൃഭൂമിയില്‍ എഴുതിയ ലേഖനം എത്ര ആഴത്തിലുള്ളതായിരുന്നു. അട്ടപ്പാടിയെ കുറിച്ച് ഷൈന എഴുതിയ ലേഖനത്തോട് കിടപിടിക്കുന്ന മറ്റൊരു പഠനം ഉണ്ടായിട്ടുണ്ടോ. നല്ല രീതിയില്‍ സംസാരിക്കുന്ന പപ്പയ്ക്ക് വേണമെങ്കില്‍ ചാനല്‍ ചര്‍ച്ചകളില്‍ താത്വിക അവലോകനം നടത്തി സെലിബ്രിറ്റിയാകാമായിരുന്നു. എങ്കില്‍ ഞാന്‍ നാണിച്ച് തലകുനിച്ചേനെ. ഇപ്പോള്‍ അവരുടെ മകളായതില്‍ എനിക്ക് അഭിമാനമുണ്ട്.

ഈവിധമൊക്കെ പറയുമ്പോള്‍ ആമിയുടെ രാഷ്ട്രീയത്തെ ചിലര്‍ സംശയത്തോടെ വീക്ഷിക്കുമെന്നുറപ്പ്. എന്നാല്‍ അവരോട് ആമിക്ക് വിരോധമില്ല. എന്റെ രാഷ്ട്രീയത്തില്‍ അവര്‍ക്ക് സംശയമുണ്ടെങ്കില്‍ ഞാന്‍ ശുദ്ധരാഷ്ട്രീയം പറയുന്നുവെന്ന കാര്യത്തില്‍ തനിക്ക് സംശയിക്കേണ്ടതില്ല എന്നാണ് അവര്‍ക്കുള്ള ആമിയുടെ മറുപടി. തനിക്ക് മാവോയിസ്റ്റ് ഐഡിയോളജിയോട് എതിര്‍പ്പൊന്നും ഇല്ലെന്നും ആമി പറഞ്ഞുവയ്ക്കുന്നു.



‘മാവോയിസ്റ്റ് ഐഡിയോളജി നിരോധിച്ച ഒന്നല്ലല്ലോ, ആര്‍ക്ക് വേണമെങ്കിലും വായിക്കാം. വിപ്ലവത്തിലൂടെ മാത്രമേ ചരിത്രം തിരുത്തപ്പെട്ടിട്ടുള്ളൂ എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.’

പിറന്നതിന്റെ നാല്‍പതാംനാള്‍ മുതല്‍ സമരപ്പന്തല്‍ കണ്ട രൂപേഷിന്റെയും ഷൈനയുടെയും മകള്‍ വിപ്ലവമല്ലാതെ മറ്റെന്ത് പറയും എന്ന് തമാശരൂപേണ ചോദിക്കുന്നവരുമുണ്ട്. കുറെയേറെ പ്രശ്‌നം നേരിടുമ്പോഴും സമൂഹത്തിന്റെ ചൂഷണം നേരിടാന്‍ മാതാപിതാക്കള്‍ തങ്ങളെ പ്രാപ്തരാക്കിയെന്നാണ് ആമിയുടെ പക്ഷം.

രൂപേഷും ഷൈനയും പങ്കുവച്ച മൂല്യം ഞാന്‍ അറിയുന്നുണ്ട്. അവര്‍ എന്റെ നല്ല സുഹൃത്തുക്കളായിരുന്നു. മറ്റു രക്ഷിതാക്കളെപ്പോലെ അല്ല അവര്‍ പെരുമാറിയിരുന്നത്. ചിലര്‍ക്ക് വിപ്ലവം നാവിന്‍തുമ്പില്‍ മാത്രമേയുണ്ടാകൂ. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നം എന്തെന്ന് അനുഭവത്തിലൂടെ എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചു. കുട്ടിക്കാലത്ത് തന്നെ മനുഷ്യാവകാശ സമരങ്ങളിലും ജനകീയ സമരങ്ങളിലും എന്നെ പങ്കെടുപ്പിച്ചിരുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെ റാഞ്ചിയിലും കൊല്‍ക്കത്ത, പാറ്റ്‌ന, ലഖ്‌നൗ എന്നിവിടങ്ങളിലും പോകാന്‍ കഴിഞ്ഞു. സ്വത്ത് കൈമാറാനുള്ള ഒരു സങ്കല്‍പ്പം മാത്രമാണ് കുടുംബം എന്ന വ്യവസ്ഥിതി. അതിനുമപ്പുറം സാമൂഹിക മാനുഷിക മൂല്യങ്ങളുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്താന്‍ ആ യാത്രകള്‍ ഉപകരിച്ചു.’

രാഷ്ട്രീയ ചിന്തകള്‍ പങ്കുവയ്ക്കപ്പെടുമ്പോള്‍ ഈ പെണ്‍കുട്ടിയുടെ വ്യക്തിത്വത്തിന് രൂപേഷിന്റെ നോവലിലെ (വസന്തത്തിലെ പൂമരങ്ങള്‍) പ്രധാന കഥാപാത്രമായ ഷെറിന്‍ മാത്യുവിനോട് സാമ്യം തോന്നാം. പൊതുവില്‍ ഫെമിനിനായ ഒന്നിനോടും കഥാപാത്രത്തിന് താത്പര്യമുണ്ടായിരുന്നില്ല. അതുപോലെ തന്നെയാണ് നോവലിസ്റ്റിന്റെ മകളുടെ പെരുമാറ്റവും ഭാവവുമെല്ലാം. ചെറുപ്രായത്തിലേ സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ കത്തിന് തുറന്ന മറുപടി നല്‍കേണ്ടി വന്നവളാണ് ആമി. വാക്കുകളിലെ തീ അണയാതെ സൂക്ഷിച്ചാല്‍ പൊലീസ് തേടിയെത്തില്ലേ എന്ന ചോദ്യത്തിന് പൊലീസാണ് തന്റെ വാക്കുകളില്‍ അഗ്‌നി കയറ്റിയതെന്നാകും മറുപടി.

 

പൊലീസിന്റെ പീഡനപരമ്പരകള്‍ ഒരുപാട് നേരിട്ടിട്ടുള്ള ആമി ആദ്യ അനുഭവം ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ… ‘എനിക്ക് 12 വയസുള്ളപ്പോഴാണ് സംഭവം. ഒരു അര്‍ദ്ധരാത്രിയില്‍ അമ്മ എന്നെ വിളിച്ചു. അന്ന് പപ്പ വീട്ടിലുണ്ടായിരുന്നില്ല. നോക്കിയപ്പോള്‍ പൊലീസുകാര്‍ വീട്ടില്‍ വന്നിരിക്കുന്നു. അവര്‍ ഞങ്ങളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അനിയത്തി സവേരയ്ക്ക് അഞ്ചു വയസേ ഉണ്ടായിരുന്നുള്ളൂ. പേടിച്ചുവിറച്ച ഞാനും അനുജത്തിയും സ്റ്റേഷനിലെ മരബെഞ്ചില്‍ ഇരുന്നു. പിന്നീടെപ്പോഴോ ഉറങ്ങിപ്പോയി. പുലരുവോളം കരഞ്ഞ സവേര രാവിലെയായിരുന്നു ഉറങ്ങിയത്. രാവിലെ പത്തു മണിയോടെ ഒരു കപ്പ് ചായയും ഒരു വര്‍ത്തമാന പത്രവും തന്ന് ഞങ്ങളെ പിന്നീട് വിട്ടയച്ചു.’

‘ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. രാത്രി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയതും വീട്ടിലെ റെയ്ഡും എങ്ങനെയോ സ്‌കൂളില്‍ അറിഞ്ഞു. അങ്ങനെ ഏഴാം ക്ലാസില്‍ പഠിക്കുന്ന എനിക്കും നഴ്‌സറിയില്‍ പഠിക്കുന്ന സവേരയ്ക്കും ടി.സി തന്നു പറഞ്ഞുവിട്ടു. സ്‌കൂളുകാര്‍ക്ക് പേടിയായിരുന്നു. അറ്റന്‍ഡന്റ്‌സ് കുറവാണെന്ന കാര്യമാണ് കാരണമായി പറഞ്ഞത്. അങ്ങനെയാണ് വലപ്പാടുള്ള അമ്മയുടെ വീട്ടിനടുത്തുള്ള സ്‌കൂളിലെത്തിയത്. അവിടെയും പഴയ സംഭവങ്ങള്‍ ആവര്‍ത്തിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും നല്ല പെരുമാറ്റമായിരുന്നു. ഒന്നും സംഭവിച്ചില്ല.’

പൊലീസിന്റെ പീഡനം കൊണ്ട് പഠനം പോലും ഇടയ്ക്ക് നിന്നുപോകുമെന്ന ഭയത്തിലായിരുന്നു അന്നെല്ലാം. ഇല്ലാത്തൊരു കഥയുണ്ടാക്കി പൊലീസ് തന്നെയും ഒരിക്കല്‍ പൂട്ടുമെന്ന് ആമി കരുതുന്നു. ‘പൊലീസ് എന്തുവേണമെങ്കിലും ചെയ്യട്ടെ. എന്നെ അറിയുന്ന സമൂഹം എല്ലാം മനസിലാക്കും. ഇവിടെ ശബ്ദമുണ്ടാക്കുന്നവരെ പൂട്ടും. മൂലധനശക്തികളെ സംരക്ഷിക്കുകയാണ് അധികാര കേന്ദ്രങ്ങളുടെ പ്രധാന കടമ എന്നതാണ് വാസ്തവം.’

അധികാരവര്‍ഗത്തോടുള്ള അവിശ്വാസം വെളിപ്പെടുത്തി ആമി മറ്റൊരു പൊലീസ് പീഡനത്തെ കുറിച്ച് പറഞ്ഞുതുടങ്ങി.

‘2010 മെയ് മാസത്തിലായിരുന്നു സംഭവം. എന്റെ ഒരു ഫ്രണ്ട് അയാളുടെ സഹോദരിയെയും കൊണ്ട് മഴ നനഞ്ഞ് പോകുമ്പോള്‍ ഞാന്‍ കുട കൊടുത്തു. തിരികെ തരണമെന്നും വേറെ കുട എനിക്കില്ലെന്നും പറഞ്ഞാണ് കൊടുത്തത്. എന്നാല്‍ അവന്‍ കുട തിരികെയെത്തിച്ചത് ഫസ്റ്റ് ഷോ സിനിമ കഴിഞ്ഞ് രാത്രി ഒമ്പതു മണിയോടെയായിരുന്നു. ആ സമയം വീട്ടില്‍ വയറിംഗ് പണി നടക്കുന്നതിനാല്‍ മുകളിലത്തെ നിലയിലായിരുന്നു ഞാനും കുടുംബാംഗങ്ങളും. അവന്‍ തിരികെ പോകുന്നതിനിടെ 20- ഓളം പൊലീസുകാര്‍ വീട് വളഞ്ഞ് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തെത്തി. എന്നിട്ട് തിരച്ചില്‍ ആരംഭിച്ചു. എന്നെയും ഷൈനയുടെ ഉമ്മയെയും പ്രത്യേകം ചോദ്യം ചെയ്തു. സുഹൃത്തുമായി എനിക്ക് ശാരീരിക ബന്ധം ഉണ്ടെന്ന് വരെ പൊലീസ് കഥയുണ്ടാക്കി. എന്നാല്‍ അതില്ലെന്ന് തെളിയിക്കാന്‍ കന്യകാത്വ പരിശോധനയ്ക്ക് വരെ ഞാന്‍ വിധേയയാകാമെന്ന് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊലീസിനെ അറിയിച്ചു. സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അപ്പോഴും അവര്‍ക്ക് ഇക്കാര്യമെല്ലാമാണ് അറിയേണ്ടിയിരുന്നത്. അതവരുടെ രീതിയാണെന്ന് പിന്നീട് മനസിലായി.’

പിന്നെ ഒരാഴ്ച നിത്യേന പൊലീസ് വീട്ടില്‍ കയറിയിറങ്ങി ചോദ്യം ചെയ്യല്‍ പതിവാക്കി. ഒരു ദിവസം അനിയത്തി സവേരയെയും ഈ വിധം ചോദ്യം ചെയ്തു. പപ്പായെ വെടിവച്ചു കൊല്ലുമെന്നും മറ്റും പറഞ്ഞായിരുന്നു ചോദ്യം ചെയ്യല്‍. അവള്‍ പിന്നെ കുറെനാള്‍ പേടിച്ചുകരച്ചിലായിരുന്നു. എല്ലാം നിസഹായതയോടെ കണ്ടുനില്‍ക്കാന്‍ മാത്രമേ അന്നെല്ലാം കഴിഞ്ഞിരുന്നുള്ളൂ. രണ്ടിനെയും വിഷം കൊടുത്തു കൊന്നിട്ട് നിങ്ങള്‍ക്കും ചത്തൂടെ തള്ളേ എന്ന് ആക്രോശിച്ചാണ് പൊലീസ് ഷൈനയുടെ ഉമ്മയെ വിരട്ടിയിരുന്നത്.

‘പൊലീസ് ഞങ്ങളുടെ പുതിയ സ്‌കൂളില്‍ വന്ന് പ്രിന്‍സിപ്പലിനെയും മറ്റും കണ്ടു. ഇതോടെ ഞങ്ങള്‍ മാവോയിസ്റ്റുകളുടെ മക്കളാണെന്ന കാര്യം പരന്നു. കുറെ കുട്ടികള്‍ പേടിച്ച് ഞങ്ങളില്‍ നിന്നകന്നു. എന്നാല്‍ നല്ല ചങ്ങാതിമാരായിരുന്നു കൂടുതലും. ഞങ്ങള്‍ക്ക് ചുറ്റിലുമുള്ള അനീതിയെയും ചൂഷണത്തെയും കുറിച്ച് ബോധമുള്ളവരായിരുന്നു കൂട്ടുകാര്‍. അവര്‍ ആ അര്‍ത്ഥത്തില്‍ തന്നെ അതിനെ മനസിലാക്കി.

ആമിയെയും അവളേക്കാള്‍ ഏഴു വയസ് കുറവുള്ള അനിയത്തി സവേരയെയും കുട്ടിക്കാലം മുതല്‍ പരിപാലിച്ചിരുന്നത് ഷൈനയുടെ ഉമ്മ ഫാത്തിമയായിരുന്നു. ഉമ്മ എന്ന് തന്നെയാണ് കുട്ടികളും 70 കടന്ന ഫാത്തിമയെ വിളിക്കുന്നത്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആയിരുന്ന ഉമ്മയുടെ പെന്‍ഷനും എറണാകുളത്തെ വീട് വാടകയ്ക്ക് നല്‍കിക്കിട്ടുന്ന വരുമാനവും കൊണ്ടാണ് ആമിയുടെയും അനുജത്തിയുടെയും പഠനവും വീട്ടുചെലവും നടക്കുന്നത്. പൊലീസിന്റെ പീഡനം പിന്നെയും തുടര്‍ന്നെന്ന് ആമിയുടെ വാക്കുകളില്‍ നിന്നും വ്യക്തം.

‘ഞാനും സവേരയും ഞങ്ങളുടെ കൂട്ടുകാരായ രാജേഷ്, ധര്‍മ്മരാജ്, ഷിയാസ് തുടങ്ങിയവര്‍ ചേര്‍ന്ന് വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ ഒരുദിവസം പൊലീസ് എത്തി എല്ലാവരെയും പിടിച്ചുകൊണ്ടുപോയി. എന്നിട്ട് യു.എ.പി.എ ചുമത്തിയെന്ന് പ്രഖ്യാപിച്ചു. ചോദ്യം ചെയ്ത് യു.എ.പി.എ ചുമത്താനുള്ള വിധം എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ 72 മണിക്കൂര്‍ നിരീക്ഷിച്ച ശേഷമേ ആകാവൂ എന്നാണ് നിയമം. എന്നാല്‍ ഇതൊന്നും നോക്കാതെ ആ പൊലീസ് ഓഫീസര്‍ യു.എ.പി.എ ചുമത്തി. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം അയാളില്‍ ഉണ്ടായിരുന്നിരിക്കണം. രൂപേഷിന്റെ മക്കള്‍ ഒരു സംഘത്തിലുള്ളതുകൊണ്ട് എല്ലാവരും മാവോയിസ്റ്റാകുമോ?

 

ചോദ്യം ചെയ്യുന്നതിനിടെ ഒരു വനിതാ പൊലീസിന്റെ മുന്നില്‍ വച്ച് ദുഷിച്ച ഭാഷയിലാണ് പൊലീസുകാരന്‍ സംസാരിച്ചത്. നിന്റെ കാമുകനാണോ ഷിയാസ്, അവനുമായി നീ സെക്‌സ് ചെയ്തിട്ടുണ്ടോ? നീ സ്വയംഭോഗം ചെയ്യാറുണ്ടോ? രണ്ടും തമ്മിലുള്ള വ്യത്യാസം കണ്ടാല്‍ ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ പറ്റും എന്നൊക്കെയായിരുന്നു ചോദ്യം ചെയ്യലില്‍ പൊലീസ് ഉപയോഗിച്ച ഭാഷ. ഒടുവില്‍ കേസും വയ്യാവേലിയും മനുഷ്യാവകാശ പ്രശ്‌നവും ആയപ്പോള്‍ മേലുദ്യോഗസ്ഥര്‍ കൈയൊഴിഞ്ഞുകാണും. പിന്നീട് ആ പൊലീസുകാരന്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തു.

പൊലീസിന്റെ പീഡനവും വേട്ടയാടലും ഇതുകൊണ്ടൊന്നും നിന്നില്ലെന്ന് ആമി പറയുന്നു. ‘പൊലീസ് ഇപ്പോഴും രൂപേഷിന്റെ മക്കളെ പിന്തുടരുന്നുണ്ട്. പാഠാന്തരം എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയുമായി മുന്നോട്ടു പോകുന്നയാളാണ് ഞാന്‍. പാഠാന്തരം ഒരു സംഘടനയല്ല, കൂട്ടായ്മയാണ്. മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര വിശ്വാസികളായ വിദ്യാര്‍ത്ഥി സമൂഹമാണിത്. വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ പ്രശ്‌നം തുറന്നുകാട്ടുകയാണ് ഞങ്ങളുടെ ലക്ഷ്യം. പാഠാന്തരത്തിന്റെ പരിപാടികള്‍ നടക്കുമ്പോള്‍ അവിടെ മഫ്ടിയിലും മറ്റും പൊലീസ് ചുറ്റിപ്പറ്റിയുണ്ടാകും. മാവോയിസ്റ്റ് വേട്ടയ്ക്ക് പോകുന്ന പൊലീസുകാര്‍ പോലും ദൂരദേശങ്ങളില്‍ നിന്ന് പാഠാന്തരം മാസികയുടെ യോഗം നടക്കുന്നിടത്ത് എത്താറുണ്ട്. പൊലീസ് ഞങ്ങളെ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്നു.

രൂപേഷിന്റെയും ഷൈനയുടെയും കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് ആമി വ്യക്തമാക്കുന്നു. അഡ്വ. പൗരനും പി.യു.സി.എല്ലിന്റെ അഭിഭാഷകരായ അബൂബക്കര്‍, ബാലമുരുകന്‍ എന്നിവരും നിയമസഹായം നല്‍കുന്നുണ്ട്. കേസെല്ലാം തീര്‍ന്നാലും രൂപേഷും ഷൈനയും അവരുടെ രാഷ്ട്രീയം തുടരണമെന്ന് തന്നെയാണ് ആമിയുടെ ആഗ്രഹം. എന്നാല്‍ രാഷ്ട്രീയ തടവുകാരെ അന്യായമായി തടങ്കലില്‍ വയ്ക്കുന്നതില്‍ ഇവര്‍ക്ക് അതിയായ നിരാശയുമുണ്ട്.

രാഷ്ട്രീയ തടവുകാരെ ജയിലില്‍ പൂട്ടി വയ്ക്കുകയാണല്ലോ ഭരണകൂടം ചെയ്യുന്നത്. അവര്‍ സമൂഹത്തോട് ഒന്നും മിണ്ടരുത് എന്നതാണ് കാര്യം. ആശയപരമായി വാദിക്കാനില്ലാത്തതുകൊണ്ടും സ്വയം അഴിമതിക്കാരായതുകൊണ്ടും മൂലധന ശക്തികളുടെ കൂടെ നിന്ന് ദല്ലാള്‍ സ്വഭാവം കാണിക്കുന്നവര്‍ എങ്ങനെ ആശയപരമായി ഇക്കൂട്ടരെ എതിരിടും.’

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് മലയാളിയുടെ ലെഫ്റ്റ്-റൈറ്റ് ശീലം ആയതുകൊണ്ടു മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് അനുകൂല പ്രദേശങ്ങളില്‍ എത്ര വോട്ട് കിട്ടിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. ശീലം മാറിയാല്‍ ജനം എല്ലാം തിരസ്‌കരിക്കും. നാളെയെങ്ങാനും ശരിയായാലോ എന്ന് വിചാരിച്ചാണ് സി.പി.ഐ-എമ്മിന്റെ കൂടെ ചിലര്‍ ഇപ്പോഴും തുടരുന്നത്. മറ്റു ചിലര്‍ അഴിമതിക്ക് കൂട്ടു നില്‍ക്കുന്നതു കൊണ്ടു മാത്രവും.’

 

ജനാധിപത്യ സംവിധാനത്തോടും അതിന്റെ രീതികളോടുമുള്ള എതിര്‍പ്പ് തുറന്നുപറഞ്ഞ ആമിയെന്ന പെണ്‍കുട്ടി സഹജീവികളോടുള്ള സ്‌നേഹം പങ്കുവയ്ക്കാനും മറന്നില്ല. വീട്ടിലുണ്ടായിരുന്ന അനിയത്തിയെയും കിച്ചന്‍ എന്ന പൂച്ചക്കുട്ടിയെയും തിരയെന്ന നായക്കുട്ടിയെയും പരിചയപ്പെടുത്തി.

 

അച്ഛനും അമ്മയും ഉയര്‍ത്തിയ രാഷ്ട്രീയം സത്യസന്ധമാണ്. അത് എല്ലാവര്‍ക്കും ഒരിക്കല്‍ മനസിലാകും. പണ്ടത്തെക്കാള്‍ ഇപ്പോള്‍ അതിന് സ്വാധീനമേറുന്നുണ്ട്. അവര്‍ ഉയര്‍ത്തിയ അഗ്‌നി അണയില്ല’ എന്ന് തന്നെ ആമി പറയുന്നു. വസന്തത്തെ ഇല്ലാതാക്കാന്‍ പൂക്കള്‍ ഇറുത്തുമാറ്റുന്നത് കൊണ്ട് കഴിയില്ലല്ലോ.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍