UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു മാവോയിസ്റ്റ് ഉണ്ടായ കഥ

Avatar

കോണ്‍സ്റ്റന്റൈന്‍

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒരു ചെറിയ ചെക്ക് കേസുമായി സെല്‍വരാജ് എന്നെ വന്നു കാണുന്നത്. ആന്ന് അവന്‍ പല്ല് തെച്ചിട്ടു പോലും ഇല്ലായിരുന്നു. പരമ ദയനീയനായ ഒരു ക്രോണിക് ബാച്ചിലറായിരുന്നു അന്ന് സെല്‍വരാജ്. പലവിധ കച്ചവടങ്ങളും ചെയ്തു പൊളിഞ്ഞു പാളീസായി കടവും പ്രാരാബ്ധവുമായി വന്നു മുന്നില്‍ നിന്ന സെല്‍വന്‍ കാര്യം ഏല്‍പ്പിച്ചു ഒരു 100 രൂപ വച്ച് നീട്ടി. അത് വാങ്ങിയാല്‍ വഴിക്കാശ് അങ്ങോട്ട് 200 കൊടുക്കേണ്ടി വരുമെന്ന് തോന്നിയത് കൊണ്ട് ഞാനത് നിരസിച്ചു. സെല്‍വന് സന്തോഷമായി.

ചെലവില്ല എന്നറിഞ്ഞതോടെ സെല്‍വന്‍ ഇടയ്ക്കിടെ എന്നെ വന്നു കാണാന്‍ തുടങ്ങി. ചെറിയ സൌഹൃദമായപ്പോള്‍ ഞാന്‍ സെല്‍വനെ കുളിക്കാനും പല്ല് തേക്കാനും ഉപദേശിച്ചു. അവന്റെ പ്രാരാബ്ദം മനസിലാക്കി ഞാന്‍ ഒരു ഒറ്റമൂലി കൂടി ഉപദേശിച്ചു. കല്യാണം. എന്നിട്ട് കുറച്ചു സ്ത്രീധനം കൂടി വാങ്ങുക. കടം തീര്‍ക്കുക. ഒരു കച്ചവടം തുടങ്ങുക. പെണ്ണ് കിട്ടാന്‍ ഒരു സാധ്യതയുമില്ലാത്ത സെല്‍വന് ഞാന്‍ ചില കുറുക്ക് വഴികള്‍ കൂടി പറഞ്ഞു കൊടുത്തു. കുളിക്കുക, പല്ല് തേക്കുക, ഷേവ് ചെയ്യുക. കുളിച്ചൊരുങ്ങി രാവിലെ വീട്ടില്‍ നിന്നുമിറങ്ങുക. ആരെങ്കിലും ചോദിച്ചാല്‍ ഓഫീസില്‍ പോവുന്നു എന്ന് പറയുക. നാട്ടിലെ തട്ടുകടയില്‍പ്പോയി ചായകുടിക്കാന്‍ ഇരിക്കുമ്പോള്‍ യെസ്, നോ, യായ എന്നൊക്കെ പറയുക. ഇടയ്ക്കിടയ്ക്ക് പത്തു രൂപയ്ക്കു മിഠായി വാങ്ങി ഇന്ന് പ്രമോഷന്‍ കിട്ടിയെന്നു പറഞ്ഞു ആര്‍ക്കെങ്കിലുമൊക്കെ കൊടുക്കുക.

സംഗതി കേറി ക്ലിക്കായി.

രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോള്‍ പുതിയൊരു സെല്‍വന്‍ ഒരു കല്യാണക്കുറിയുമായി വന്നു. പ്രാവച്ചമ്പലത്തുകാരി ഷീബ എന്ന നിരപരാധിയാണ് വധു. സെല്‍വന് 5 ലക്ഷം രൂപയും രണ്ടേക്കര്‍ റബറും 50 പവനും കിട്ടുന്നുണ്ട്. എനിക്ക് കമ്മീഷനുണ്ടെന്നും പറഞ്ഞു. നമ്മളത്  വരവ് വെച്ചു. 

അങ്ങനെ സെല്‍വന്‍ കുറച്ചു കടമൊക്കെ വീട്ടി. 50 പവന്‍ സ്വാഹ. ഇനി രണ്ടേക്കര്‍ റബറുണ്ട്. അതിന്റെ കാര്യങ്ങള്‍ തീരുമാനം ഉണ്ടാക്കണം. ഞാനാണല്ലോ സെല്‍വന്‍റെ മന്‍മോഹന്‍ സിംഗ്. ഞാന്‍ പറഞ്ഞു തട്ടുക തന്നെ. കോവളം ഭാഗത്ത് ആയുര്‍വേദ റിസോര്‍ട് വലിയ ബിസിനസാണ്. ദിവസവും 10 സായിപ്പിനെയും മദാമ്മയെയും കിട്ടിയാല്‍ മതി. സെല്‍വാ നീ രക്ഷപ്പെട്ടു.

ഗുരുവും വഴികാട്ടിയുമായ എന്റെ ഉപദേശം സെല്‍വന്‍ ശിരസാ വഹിച്ചു. രണ്ടേക്കര്‍ റബ്ബര്‍ പുല്ലു പോലെ വിറ്റു തുലച്ചു. രണ്ടു മാസം കഴിഞ്ഞപ്പോള്‍ സെല്‍വന്‍ അടുത്ത കുറിയുമായി വരുന്നു. സെല്‍വന്‍സ് ആയുര്‍വേദിക് ബീച്ച് റിസോര്‍ട്. 50 ലക്ഷം രൂപ കൊടുത്തു 25 വര്‍ഷത്തേക്ക് വിഴിഞ്ഞത്ത് ഭൂമി പാട്ടത്തിനെടുത്ത് സെല്‍വന്‍ റിസോര്‍ട് തുടങ്ങി കഴിഞ്ഞു.

ഉദ്ഘാടനത്തിന് ഞാന്‍ പോയി. സെല്‍വന്‍ കരുതിയ പോലെയല്ല. നെറ്റിപ്പട്ടം കെട്ടിയ കേരളീയ മങ്കമാര്‍, നിലവിളക്ക്, പുഷ്പ വൃഷ്ടി, പഞ്ചാരി മേളം, ശെമ്മാങ്കുടി, സായ്പ്പ്, മദാമ്മ എല്ലാമുണ്ട് സെല്‍വന്‍റെ കയ്യില്‍. പേരിനൊരു ഡോക്ടര്‍. ഡോ:പുഷ്പദാസ് ബി എച്ച് എം എസ്. ഉദ്ഘാടനം സ്ഥലം ഡെപ്യൂട്ടി കമ്മിഷണര്‍. ഞാന്‍ കണക്ക് കൂട്ടി. സെല്‍വാ നിനക്കു ഇത്തിരി അനാശാസ്യവും കഞ്ചാവും തുടങ്ങാന്‍ പരിപാടുയുണ്ട് അല്ലേ. ഒരു മുന്‍കൂര്‍ ജാമ്യം. രഹസ്യമായി ഞാനത് തിരക്കി.  സെല്‍വന്‍ കള്ളച്ചിരിയോടെ തലയാട്ടി.

സെല്‍വന്‍റെ റിസോര്‍ട് പച്ചപിടിച്ചു വന്നു. ഒരു കാര്യം പറയാന്‍ വിട്ടു പോയി. സെല്‍വന്‍ 1000 രൂപയൊക്കെ ഫീസ് തരുന്ന സ്ഥിതിയിലായി. പുതിയ കാറൊക്കെ വാങ്ങി. കാര്യങ്ങള്‍ അങ്ങനെ ഉഷാറായി പോയിക്കൊണ്ടിരിക്കുമ്പോഴാണ് അന്തരീക്ഷത്തില്‍ ‘വിഴിഞ്ഞം തുറമുഖം’ എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങുന്നത്. സെല്‍വന് അതുമായി ഒരു ബന്ധവുമില്ല.

എന്നാല്‍ ഒരു ദിവസം. തഹസില്‍ദാര്‍ ശശിധരന്‍ പിള്ളയും വില്ലേജ് ആപ്പീസറും കൂടി സെല്‍വന്‍റെ റിസോര്‍ട്ടിനു മുന്പില്‍ ഒരു കുറ്റി അടിച്ചു വച്ചു. സെല്‍വന്‍ കാര്യം തിരക്കിയപ്പോഴാണ് അറിയുന്നത് തുറമുഖത്തിനുവേണ്ടി സെല്‍വന്‍റെ റിസോര്‍ട് ഇരിക്കുന്ന സ്ഥലം കൂടി സര്ക്കാര്‍ ഏറ്റെടുക്കുന്നുണ്ട് പോലും. സെല്‍വന്‍ ഒന്നു നടുങ്ങി.

അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനും മന്‍മോഹന്‍ സിംഗും എല്ലാം ആയ എന്നെ തേടി സെല്‍വന്‍ വന്നു.

ഞാന്‍ പറഞ്ഞു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്താല്‍ ഏറ്റെടുത്തത് തന്നെ.

സെല്‍വന്‍ കിതച്ചു. എന്റെ റിസോര്‍ട്…..

ഭൂമിയുടെ പൊന്നും വില ഉടമസ്ഥന് കൊടുക്കും. പാട്ടക്കാരന് ഒരു പ്രയോജനവും ഇല്ല. ഞാന്‍ നയം വ്യക്തമാക്കി. “അയ്യോ”, സെല്‍വന്‍ നിലവിളിച്ചു. എന്തെങ്കിലും പരിഹാരം കാണണം സെല്‍വന്‍ കരയും പോലെ പറഞ്ഞു. തുറമുഖം വരരുത്.

ഇതൊന്നും നമ്മുടെ കയ്യില്‍ നില്‍ക്കുന്ന കാര്യം അല്ല. ഒരു സ്റ്റേ പോലും ചിന്തിക്കേണ്ട. ഇതൊക്കെ അന്താരാഷ്ട്ര വിഷയങ്ങളാണ്. ഞാന്‍ ഒള്ളത് പറഞ്ഞു.

കൊണ്യാക് എന്റെ ദൌര്‍ബല്യമാണ് എന്ന് സെല്‍വന്‍ അറിഞ്ഞു വെച്ചിട്ടുണ്ട്. അതൊന്നു ഹാജരാക്കി. ആലോചിക്കൂ…

കൊണ്യാക് അല്ലേ. ആലോചിച്ചേ പറ്റൂ.. ഞാന്‍ ആലോചിച്ചു.

രണ്ടു ദിവസം കഴിഞ്ഞു വീണ്ടും സെല്‍വന്‍ വന്നു. ഞാന്‍ അപ്പോഴേക്ക് ആലോചിച്ചു കഴിഞ്ഞിരുന്നു. 

സെല്‍വാ, നീ സൈലന്‍റ വാലി എന്ന് കേട്ടിട്ടുണ്ടോ?

എവിടെയോ കേട്ട പോലെയുണ്ട്, സെല്‍വന്‍ പറഞ്ഞു.

ആ പദ്ധതി ഇന്നില്ല. കാരണം എന്താ. അവിടെ സിംഹവാലന്‍ കുരങ്ങന്‍മാര്‍ വംശനാശം വരുമെന്ന് പറഞ്ഞു സുഗതകുമാരി ഇടങ്കോലിട്ടു. അതുപോലെ എന്തെങ്കിലും പരിസ്ഥിതി പ്രശ്നം നീ കൊണ്ടു വരണം. എങ്കില്‍ തുറമുഖം വരില്ല. 

അവിടെ വിഴിഞ്ഞത്ത് എവിടെയാണ് സിംഹവാലന്‍ കുരങ്ങ്? സെല്‍വന്‍ ചോദിച്ചു.

ഞാന്‍ വാചാലനായി. കടലിനെക്കുറിച്ച് നിനക്കെന്തറിയാം. കരയില്‍ ഉള്ളതിനേക്കാള്‍ ജീവജാലങ്ങള്‍ കടലിലുണ്ട്. നീ അതിലൊന്നിനെ പിടി.

ചാള ആയാലോ? സെല്‍വന്‍ ചോദിച്ചു.

ഛീ..

ചൂര , അയല, കണവ,.. സെല്‍വന്‍ അറിയാവുന്ന മീനിന്റെ പേരൊക്കെ പറഞ്ഞു.

നിര്‍ത്തെടാ.. ഞാന്‍ അലറി.

ഞാന്‍ പയ്യെ പറഞ്ഞു.. സെല്‍വാ.. കടല്‍ത്തീരത്ത് കുട്ടികള്‍ കളിക്കുന്ന ഒരു ഞണ്ടുണ്ട്. കുഴി ഞണ്ട്. നീ കേട്ടിട്ടുണ്ടോ?

ഉവ്വ..

തുറമുഖം വന്നാല്‍ കുഴി ഞണ്ടിന് വംശനാശം ഉണ്ടാകുമെന്ന് നീ വാദിക്കണം. നീ ഒരു പരിസ്ഥിതി പ്രേമിയാകണം. കടലിലെ ജീവികള്‍ക്ക് ആവിശ്യമായ പ്രോട്ടീന്‍, വൈറ്റമിന്‍, മിനറല്‍സ്, കാല്‍സ്യം എന്നിവ കരയില്‍നിന്ന് കൊണ്ടുക്കൊടുക്കുന്നത് കുഴിഞ്ഞണ്ടുകള്‍ ആണെന്നും അവയ്ക്ക് വംശനാശം സംഭവിച്ചാല്‍ കടല്‍ തന്നെ നശിച്ചു പോകുമെന്നും നീ തട്ടി വിടണം. അതുകൊണ്ടു കുഴി ഞണ്ടുകളുടെ വംശനാശം തടയാന്‍ വിഴിഞ്ഞം തുറമുഖം പാടില്ല എന്ന് നീ വരുത്തണം. നിന്‍റെ റിസോര്‍ട്ടിന്‍റെ കാര്യം മിണ്ടാനേ പാടില്ല.

സെല്‍വന്‍ എല്ലാം തലകുലുക്കി സമ്മതിച്ചു. ഒരാഴ്ച കഴിഞ്ഞില്ല. കുഴി ഞണ്ടുകളുടെ വംശനാശം തടയാന്‍ സെല്‍വന്‍ പ്രക്ഷോഭം ആരംഭിച്ചു. സെല്‍വന്‍ ഇറക്കിയ ലഘുലേഖയില്‍ ഞാന്‍ പറഞ്ഞത് കൂടാതെ കുഴിഞ്ഞണ്ടുകള്‍ കരയിലെ ജീവികള്‍ക്ക് ആവശ്യമായ കാര്‍ബോ ഹൈഡ്രേറ്റ്, ഇരുമ്പ് എന്നിവ സപ്ലൈ ചെയ്യുന്ന അപൂര്‍വ്വ ജീവിയാണെന്നും സെല്‍വന്‍ എഴുതി വെച്ചു.

എങ്കിലും എന്റെ സെല്‍വാ.. വാര്‍ത്തയിലൊക്കെ പരിസ്ഥിതി പ്രേമി ആയ സെല്‍വന്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ചെറിയ ഇടം കിട്ടി തുടങ്ങി. കുഴി ഞണ്ടുകളെ രക്ഷിക്കാന്‍ ജീവ ത്യാഗം ചെയ്യാന്‍ തയ്യാര്‍ എന്ന സെല്‍വന്‍റെ പ്രസ്താവന ഏഷ്യാനെറ്റ് ഫ്ലാഷായി 5 തവണ കാണിച്ചു.

പ്ലക്കാര്‍ഡുമായി സെല്‍വന്‍ സമരം തുടര്‍ന്നു.

ആക്കാലത്താണ് കേരളാ പോലീസ് അന്നുവരെ ആരും കണ്ടിട്ടില്ലാത്ത കരയിലും കാട്ടിലും ജീവിക്കുന്ന ഒരു ഉഭയ ജീവി വര്‍ഗ്ഗത്തെ കണ്ടെത്തുന്നത്. അതിന്റെ പേര് മാവോയിസ്റ്റ്. അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂരിന്റെ കുശാഗ്ര ബുദ്ധി ഉണര്‍ന്നു. ഉടന്‍ മാവോയിസ്റ്റുകളെ ലിസ്റ്റ് ചെയ്ത് പോസ്റ്റര്‍ അടിക്കാന്‍ നിര്‍ദേശം വന്നു. അന്ന് മുത്തങ്ങ, കൊക്കോ കോള, പ്ലാച്ചിമട, മുല്ലപ്പെരിയാര്‍, എന്നൊക്കെ പറഞ്ഞു നടന്ന കുറേ സാധു ജീവികളെ ലിസ്റ്റില്‍പ്പെടുത്തി.

അപ്പോഴാണ് സ്പെഷ്യല്‍ ബ്രാഞ്ച് എസ് പിയും തിരുവഞ്ചൂരിന്റെ വിശ്വസ്തനും ആയ ഉണ്ണിപ്പിള്ള ഒരു കാര്യം ശ്രദ്ധിച്ചത്.ലിസ്റ്റില്‍ നായര്‍, നമ്പൂതിരി, മാപ്പിള, നസ്രാണി, പെലയന്‍, തീയന്‍, ചോവന്‍ എല്ലാവരും ഉണ്ട്..പക്ഷേ ഒരു നാടാര്‍ മാത്രം ലിസ്റ്റില്‍ ഇല്ല. ഈ പ്രത്യേക ലിസ്റ്റില്‍ ഒരു നാടാര്‍ പ്രാതിനിധ്യം ഇല്ലാതെ വന്നാല്‍ അടുത്ത് വരുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിന്റെ സാധ്യത കുറയും. വിവരം കമ്പി വഴിയും കമ്പിയില്ലാ കമ്പി വഴിയും അറിയിച്ചു.

ഉടന്‍ ഒരു നാടാരെക്കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം എന്ന്‍ ഉഗ്രപ്രതാപിയായ തിരുവഞ്ചൂര്‍ ഉത്തരവിട്ടു.

അങ്ങനെ ‘കുഴിഞ്ഞണ്ടുകളുടെ വംശനാശ ഭീക്ഷണി തടയുക’ എന്ന പ്ലക്കാര്‍ഡുമായി ഇരിക്കുന്ന സെല്‍വനെ ചെന്ന് കണ്ട വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ പുതുതായി ചര്‍ജ്ജെടുത്ത എസ് ഐ മണികണ്ഠന്‍ പറഞ്ഞു.

ഡേ, നീ സ്റ്റേഷന്‍ വരെ ഒന്നു വരണം.

എന്തിനാ സാറേ എന്ന് ചോദിക്കുക പോലും ചെയ്യാതെ സെല്‍വന്‍ സ്റ്റേഷനില്‍ ചെന്നു.

അങ്ങനെ വിഴിഞ്ഞം എസ് ഐ മണികണ്ഠനാണ് കേരളത്തിലെ മാവോയിസ്റ്റ് വേട്ടയ്ക്കു തുടക്കമിട്ടത്.

ഞാന്‍ ചെല്ലുമ്പോള്‍ സെല്‍വന്‍ വെറും അണ്ടര്‍ വെയറിട്ട് ലോക്കപ്പില്‍ നില്‍ക്കുന്നുണ്ട്.

ഞാന്‍ എസ് ഐ മണികണ്ഠനോട് ചോദിച്ചു. എന്താ സാര്‍ സെല്‍വന്‍ ചെയ്ത കുറ്റം…?

മണികണ്ഠന്‍ പറഞ്ഞു.ഭീകരനാണ് ഇവന്‍. കൊടും ഭീകരന്‍. മാവോയിസ്റ്റ്…..

ഇതാണ് ഒരു മാവോയിസ്റ്റ് ഉണ്ടായ കഥ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍