UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എനിക്കുറപ്പുണ്ട്; അവരെ പിടിച്ചുകെട്ടി വെടിവച്ചു കൊന്നതാണ്: ഗ്രോവാസു

Avatar

അഴിമുഖം പ്രതിനിധി

‘ആര്‍ക്കും വേണ്ടെങ്കില്‍ അവരുടെ മൃതദേഹം എനിക്കുവേണം. അങ്ങനെ അനാഥരായി എവിടേയെങ്കിലും മറവു ചെയ്യേണ്ടതല്ല അവരുടെ മൃതദേഹങ്ങള്‍..’ വയനാടന്‍ കാടുകളില്‍ വര്‍ഗീസിനൊപ്പം വിപ്ലവത്തിനിറങ്ങിയ ഗ്രോവാസുവെന്ന എ.വാസുവിന്റെ ഉറച്ചവാക്കുകള്‍. നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മരണം സംബന്ധിച്ച് അവ്യക്തത തുടരുമ്പോഴാണ് കൊലചെയ്യപ്പെട്ടവരുടെ ബന്ധുക്കള്‍ ആരുമെത്തിയില്ലെങ്കില്‍ അവരുടെ മൃതദേഹം ഏറ്റെടുക്കാമെന്ന് സന്നദ്ധതയുമായി അദ്ദേഹം രംഗത്തെത്തിയത്. ഇതിസംബന്ധിച്ച ആവശ്യം ഗ്രോ വാസു മലപ്പുറം എസ്പിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

നിലമ്പൂര്‍ കാട്ടില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണ്. പരസ്പരം ഏറ്റുമുട്ടിയിരുന്നെങ്കില്‍ ഏതെങ്കിലും പൊലീസുകാരന്റെ രോമത്തിനെങ്കിലും പരിക്കേല്‍ക്കുമായിരുന്നു. അതുണ്ടായിട്ടില്ല. 99 ശതമാനവും എനിക്കുറപ്പുണ്ട്; അവരെ പിടിച്ചുകെട്ടി വെടിവെച്ച് കൊന്നതാണെന്ന്. സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തണം. മനുഷ്യാവകാശപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അതിനായി ഹൈക്കോടതിയെ സമീപിക്കും. മാവോയിസ്റ്റുകളെന്ന് പറഞ്ഞ് ആളുകളെ വെടിവെച്ചുകൊല്ലുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. അവര്‍ ഉയര്‍ത്തുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിക്കേണ്ടത്. അത്തരം പ്രശ്‌നങ്ങള്‍ ന്യായമാണെങ്കില്‍ അത് പരിഹരിക്കുന്നതിന് പകരം വെടിവെച്ചു കൊല്ലുന്ന രീതി കൂടുതല്‍കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകാനേ ഉപകരിക്കൂ. സ്വാതന്ത്ര്യം കിട്ടിയിട്ട് വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും പ്രശ്‌നങ്ങളെല്ലാം അതുപേലെയുണ്ട്. അവസാനം വന്ന നോട്ട് പ്രതിസന്ധിയടക്കം ഭരണാധികാരികളുടെ കഴിവുകേടിനെയാണ് കാണിക്കുന്നത്ത്. ഇത്തരം കൊള്ളരുതായ്മകള്‍ തുറന്നുകാട്ടാന്‍ വരുന്നവരെ വെടിവെച്ചിടാന്‍ തുടങ്ങിയാല്‍ അതിനേ നേരം കാണൂ. കൊല്ലപ്പെട്ട സംഘത്തിലെ അജിതയെക്കുറിച്ച് കേട്ടിട്ടുണ്ട്. അവര്‍ മദ്രാസില്‍ അഭിഭാഷകയാണ്. അവരുടെ ബന്ധുക്കളോ അഭിഭാഷകരോ ആയവര്‍ മൃതദേഹം സ്വീകരിക്കാനായി പുറപ്പെടുന്നുണ്ട്. കോഴിക്കോട്ട് വേണ്ട സഹായങ്ങള്‍ ചെയ്ത് തരണമെന്നാവശ്യപ്പെട്ട് അവര്‍ വിളിച്ചിരുന്നു. അജിതയെക്കൂടാതെ മറ്റുള്ളവരുടേയും മൃതദേഹങ്ങള്‍ സ്വീകരക്കാനും അര്‍ഹിക്കുന്ന ബഹുമതി നല്‍കി ഇവിടെ സംസ്‌കാരം നടത്താനും ഞാന്‍ ഒരുക്കമാണ്. 

നിലമ്പൂര്‍കാട്ടില്‍ നിന്ന് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയശേഷം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുവരുമെന്നതിനാല്‍ ഉച്ചമുതല്‍ മെഡിക്കല്‍കോളജ് മോര്‍ച്ചറിക്ക് മുമ്പിലാണ് ഈ പഴയ പോരാളി.

ആന്ധ്രയും ബിഹാറും കേരളത്തിലേക്ക് വരുന്നു

നിലമ്പൂര്‍ കാട്ടിലെ മാവോയ്‌സ്റ്റ് വേട്ട കാണുമ്പോള്‍ ആന്ധ്രയും ബിഹാറും കേരളത്തിലേക്ക് വരുന്നതുപോലെ ഭീതി തോന്നുന്നതെന്ന് മനുഷ്യാവകാശപ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്‍. മാവോയ്സ്റ്റുകളെ വെടിവെച്ച് കൊന്നതില്‍ അഭിമാന പുളകിതനാവുന്ന ഡിജിപിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്താക്കണം. കാട്ടില്‍ ഏറ്റുമുട്ടലൊന്നും നടന്നിട്ടില്ലെന്നാണ് നിലവിലുള്ള സാഹചര്യം വ്യക്തമാക്കുന്നത്. അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ രണ്ടുപേര്‍ മരിക്കുന്നതിനിടെ ഒരുപൊലീസുകാരനെങ്കിലും പരിക്കേല്‍ക്കണം. അതുണ്ടായിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ മാവോയ്റ്റുകള്‍ പൊലീസുകാരുടെ തോക്കിനിരയായ സംഭവത്തില്‍ ഖേദിക്കുന്നതിനുപകരം സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നൊരു ഡിജിപി കേരളസമൂഹത്തിന് നാണക്കേടാണ്. പുന്നപ്ര മുതല്‍ കൂത്തുപറമ്പുവരേയുള്ള സമരചരിത്രത്തിന്റെ വീര്യം ഉള്‍ക്കൊള്ളുന്ന പിണറായി വിജയനെപ്പോലുള്ളൊരു ഭരണാധികാരി ആദ്യം ചെയ്യേണ്ടത് അതാണ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും സിവിക് പറഞ്ഞു. 

മാവോയ്സ്റ്റുകള്‍ ഉയര്‍ത്തുന്ന തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ആളല്ല താന്‍. വര്‍ഷള്‍ക്ക് മുമ്പ് കേരളത്തില്‍ നക്‌സലേറ്റുകള്‍ ഉപേക്ഷിച്ച തത്വശാസ്ത്രമാണ് അത്. കേരളത്തിന്റെ സാഹചര്യം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടും യോജിച്ചതല്ല. ഉപ്പിനും മുളകിനുംവേണ്ടി തോക്കെടുക്കുന്നത് അംഗീകരിക്കാനാവില്ല. എന്നുവെച്ച് അവരെയെല്ലാം പിടിച്ച് വെടിവെച്ച് കൊല്ലാന്‍ കഴിയുമോ. അറസ്റ്റ് ചെയ്യുകയും നിയമം അനുശാസിക്കും വിധമുള്ള ശിക്ഷനല്‍കുകയുമാണ് വേണ്ടത്. വര്‍ഗീസിന്റെ കൊലയ്ക്ക് ശേഷം ആദ്യമായാണേ കേരളം ഇത്തരമൊരു ക്രൂരതയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഇത് അതീവ ഗുരുതരമാണെന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍