UPDATES

തിരുനെല്ലിയില്‍ കെടിഡിസി റിസോര്‍ട്ടിന് നേരെ ആക്രമണം; പിന്നില്‍ മാവോയിസ്റ്റുകളെന്ന് സംശയം

അഴിമുഖം പ്രതിനിധി

വയനാട്ടിലെ തിരുനെല്ലിയില്‍  കെടിഡിസിയുടെ ടാമിറിന്റ് റിസോര്‍ട്ടിന്  നേരെ ഇന്ന് പുലര്‍ച്ചെ ആക്രമണം ഉണ്ടായി. റിസപ്ഷന്‍ കൗണ്ടറും കമ്പ്യൂട്ടറും അടിച്ച് തകര്‍ത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് സംശയിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചുള്ള പോസ്റ്ററുകള്‍ സമീപത്ത് പതിച്ചിട്ടുണ്ട്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സായുധ സംഘം ഹോട്ടലിലെത്തിയത്. വന്‍ ശബ്ദമുണ്ടാക്കി അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതേ സമയം റിസോര്‍ട്ടിലുണ്ടായിരുന്ന താമസക്കാരെ ആരെയും ഉപദ്രവിച്ചിട്ടില്ല. അക്രമി സംഘം മുഖം മൂടി ധരിച്ചിരുന്നതായി സെക്യൂരിറ്റി ജീവനക്കാരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

കനത്ത തണുപ്പും മഞ്ഞുമായതിനാല്‍ വനാന്തര്‍ഭഗത്തുള്ള തിരുനെല്ലി ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഈ സമയം നോക്കിയാണ് മാവോവാദികള്‍ ഇവിടെ വീണ്ടും എത്തിയത്. റിസപ്ഷനിലുണ്ടായിരുന്ന രണ്ട് കമ്പ്യൂട്ടറുകള്‍, ഫോണ്‍, ടെലിവിഷന്‍ എന്നിവയും പാത്രങ്ങള്‍, ടീപോയ് തുടങ്ങിയവയും അക്രമികള്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്. 

‘ആദിവാസികളുടെയും കര്‍ഷകരുടെയും ദുരിതങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്ന ഭരണാധികാരിള്‍ ടൂറിസത്തിനായി കോടികള്‍ മുടക്കുന്നു. സമ്പന്നരുടെ ടൂറിസ്റ്റ് റിസോര്‍ട്ടുകളല്ല കാടിന്റെയും മണ്ണിന്റെയും വെള്ളത്തിന്റെയും അവകാശം സ്ഥാപിക്കുക’. ‘ കിക്ക് ഔട്ട് ഓഫ് ഒബാമ’ എന്നിങ്ങനെയാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്. 

മാവോവാദി പ്രസിദ്ധീകരണമായ ‘ കാട്ടുതീ’ ലക്കങ്ങളും സമീപത്ത് വിതറിയിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും തണ്ടര്‍ ബോള്‍ട്ട് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍