UPDATES

മാരാമണ്‍ കണ്‍വന്‍ഷനിലെ രാത്രികാല സ്ത്രീ വിലക്ക്; മാര്‍ത്തോമ സഭയുടെ പുരോഗമനം വാചകമടിയോ?

തങ്ങളുടെ നിലപാടുകളില്‍ സഭയും, ഇതിനെതിരെ പ്രതിഷേധ സമരങ്ങളും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഒരു വിഭാഗം വിശ്വാസികളും ഉറച്ച് നില്‍ക്കുന്നു

മാരാമണ്‍ കണ്‍വന്‍ഷനില്‍ രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്കുള്ള വിലക്കിനെതിരെ പ്രതിഷേധമുയരുന്നു. രാത്രികാലങ്ങളില്‍ കണ്‍വന്‍ഷന്‍ വേദിയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പടുന്ന പ്രമേയം അവതരിപ്പിക്കുന്നത് തടഞ്ഞതിനെതിരെയും സ്ത്രീകള്‍ക്കുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടും നിയമനടപടിയ്‌ക്കൊരുങ്ങുകയാണ് ഒരു വിഭാഗം വിശ്വാസികള്‍. മാര്‍ത്തോമ സഭയുടെ അനൗദ്യോഗിക വേദിയായ നവീകരണ വേദിയും ചില വനിതാ സംഘടനകളും പ്രതിഷേധങ്ങളുമായി രംഗത്തുണ്ട്.

122-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കാനിരിക്കെയാണ് സ്ത്രീകള്‍ക്ക് രാത്രി കാലങ്ങളിലുള്ള വിലക്കിനെതിരെ വീണ്ടും പ്രതിഷേധമുയരുന്നത്. ഫെബ്രുവരി 12ന് ആരംഭിക്കുന്ന കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ മാസം ചേര്‍ന്ന മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ ഒരു വിഭാഗം ഇക്കാര്യം ഉന്നയിച്ചു. യോഗത്തില്‍ ഇതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. സ്ത്രീകളുടെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട പ്രമേയം അവതരിപ്പിക്കാനനുവദിക്കണമെന്നും അതില്‍ ചര്‍ച്ച വേണമെന്നും ഒരു വിഭാഗം വിശ്വാസികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സഭാ നേതൃത്വം ഇടപെട്ട് തടഞ്ഞു.

പത്തനംതിട്ടയില്‍ പമ്പാ നദിക്കരയിലുള്ള കണ്‍വന്‍ഷന്‍ സെന്ററില്‍ രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാതിരിക്കുന്നത് സ്ത്രീകളുടെ സുരക്ഷയെക്കരുതിയാണെന്നാണ് സഭാ നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ ‘മാരാമണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ മാത്രമാണ് ഈ വിലക്കുള്ളത്. രാത്രികാലങ്ങളില്‍ നിരവധി സ്ത്രീകള്‍ ഇരുകരകളിലും നിന്ന് പ്രസംഗം കേള്‍ക്കാറുണ്ട്. അങ്ങനെയുള്ളപ്പോള്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നില്‍ക്കുമ്പോള്‍ മാത്രം അവര്‍ക്ക് സുരക്ഷയില്ലാതാവുമെന്ന് പറയുന്നത് സ്ത്രീകളെ കബളിപ്പിക്കലാണ്. ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളുടെ പേരിലാണ് വിലക്ക്. സഭയുടെ ഈ നടപടിയ്ക്ക് പിന്നില്‍ ആചാരമോ പാരമ്പര്യമോ വിശ്വാസമോ ഇല്ല. ആറ് മണിയ്ക്ക് ശേഷം സ്ത്രീകള്‍ അവിടെ പത്ത് മിനിറ്റ് നിന്നാല്‍ പോലും വലിയ പ്രശ്‌നങ്ങളുണ്ടാക്കും. മാര്‍ത്തോമാ സഭ പുരോഗമന സഭയായാണ് അറിയപ്പെടുന്നത്. അങ്ങനെയൊരു സഭ സ്ത്രീവിരുദ്ധ നിലപാടെടുക്കുന്നത് സ്ത്രീകളുടെ ജനാധിപത്യഅവകാശത്തിനുമേലുള്ള കടന്നുകയറ്റമാണ്.’ വനിതാപ്രവര്‍ത്തകയായ സോണിയ ജോര്‍ജ് പ്രതികരിച്ചു.

മാരാമണ്‍ കണ്‍വന്‍ഷന്‍ കമ്മിറ്റി അംഗമായ ഷിജു അലക്‌സാണ് പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കമ്മിറ്റി അംഗമായ പി.പി.അച്ചന്‍കുഞ്ഞ് സുവിശേഷ സംഘം മാനേജിങ് കമ്മിറ്റിയില്‍ പ്രമേയം അവതരിപ്പിക്കാന്‍ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഈ ശ്രമം തടയുകയായിരുന്നു. ഇതിനെക്കുറിച്ച് ഷിജു പറയുന്നതിങ്ങനെ, ‘ജനവരി ആദ്യ ആഴ്ചയില്‍ തന്നെ പ്രമേയത്തിന്റെ പകര്‍പ്പ് സഹിതം അവതരണാനുമതിയ്ക്കുള്ള നോട്ടീസ് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് മാര്‍ത്തോമാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് റൈറ്റ് റവ.ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ് കോപ്പയെ നേരില്‍ കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ നാടകീയ സംഭവങ്ങളാണുണ്ടായത്. അവര്‍ പ്രമേയത്തിന്റെ അന്തസത്തയിലേക്ക് കടക്കാതെ സാങ്കേതികത്വം പറഞ്ഞ് ചര്‍ച്ച നീട്ടിക്കൊണ്ടു പോവുകയായിരുന്നു. പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു. പിന്നീട് ഞാന്‍ സ്ത്രീവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വേദിയില്‍ സത്യഗ്രഹമിരുന്നു. ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ച കാരണം പ്രമേയ രൂപത്തിലല്ലാതെ വിഷയമവതരിപ്പിക്കാന്‍ അനുവദിക്കുകയും വളരെ പെട്ടെന്ന് തന്നെ ചര്‍ച്ച പോലുമില്ലാതെ യോഗം പിരിയുകയും ചെയ്തു.’

എന്നാല്‍ ഈ പ്രതിഷേധത്തിലൂടെ ഷിജുവിന് തന്റെ ജോലി നഷ്ടമായി. തോമസ് ചാണ്ടി എം.എല്‍.എ.യുടെ പേഴ്‌സണ്‍ല്‍ സ്റ്റാഫില്‍ അംഗമായിരുന്ന ഷിജു അലക്‌സിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയതായി എം.എല്‍.എ. ഓഫീസില്‍ നിന്ന് അറിയിപ്പ് നല്‍കി. ‘സഭയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയായിരിക്കണം ഈ നടപടിയെന്നാണ് തോന്നുന്നത്. അല്ലാതെ തോമസ് ചാണ്ടി എം.എല്‍.എ.യ്ക്ക് എന്നോട് വിരോധമൊന്നുമില്ല’ ഷിജു അലക്‌സ് പറയുന്നു. ‘ആറ് മണിയ്ക്ക് ശേഷം കണ്‍വണ്‍ഷന്‍ സെന്ററിന്റെ ഇരുകരകളിലും ആയിരക്കണക്കിന് സ്ത്രീകളാണ് പ്രസംഗം കേള്‍ക്കാന്‍ നില്‍ക്കുന്നത്. അവര്‍ക്കവിടെ സുരക്ഷിതത്വമില്ല. മുളങ്കാട്ടിലും ഊടുവഴികളിലുമൊക്കെ നിന്നാണ് അവര്‍ പ്രസംഗം ശ്രവിക്കുന്നത്. അച്ഛന്‍മാരുടെ ഭാര്യമാരെയടക്കം കമ്മിറ്റിയംഗങ്ങള്‍ പിടിച്ച് തള്ളി പുറത്താക്കിയ സംഭവം ഉണ്ടായിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സ്ത്രീകളെ പുറത്താക്കുക എന്നത് വിജിലന്‍സ് കമ്മിറ്റിയ്ക്ക് ഒരു ഹരമാണ്. ഇത് അവസാനിപ്പിക്കണം. അതിനാണ് ഞങ്ങളുടെ നീക്കം.’

കണ്‍വന്‍ഷന്റെ ആരംഭകാലങ്ങളില്‍ സ്ത്രീകള്‍ക്ക് ഇത്തരത്തിലൊരു നിയന്ത്രണം നിലനിന്നിരുന്നില്ല. ‘വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്‍വന്‍ഷനെത്തിയ ഒരു സ്ത്രീയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടായി എന്നു പറഞ്ഞാണ് ഇങ്ങനെയൊരു കീഴ്‌വഴക്കം ഉണ്ടാക്കിയത്. ആറ് മണികഴിഞ്ഞാല്‍ സ്ത്രീകളെ തിരഞ്ഞുപിടിച്ച് ഓടിക്കുന്ന രീതിയാണ് ഇപ്പോള്‍. പലപ്പോഴും നമ്മളോട് തന്നെ അപമാനം തോന്നും. ഇപ്പോള്‍ പണ്ട് കാലത്തെ പോലയല്ല. സ്ത്രീകള്‍ പകല്‍ സമയങ്ങളില്‍ അവരവരുടെ ജോലിയ്ക്ക് പോകുന്നവരാണ്. ജോലികഴിഞ്ഞ് പലപ്പോഴും വൈകുന്നേരങ്ങളിലാണ് പ്രസംഗം കേള്‍ക്കാനെത്തുന്നത്. പക്ഷെ അവര്‍ക്കതിനുള്ള അവസരം നിഷേധിക്കപ്പെടുകയാണ്.’ സഭാ വിശ്വാസിയായ അഷി സാറാ ഉമ്മന്‍ പ്രതികരിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്ത്രീയ്ക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം താല്‍ക്കാലിക പ്രശ്‌നപരിഹാരം എന്ന നിലയ്ക്കാണ് സ്ത്രീകള്‍ രാത്രി യോഗങ്ങളില്‍ പങ്കെടുപ്പിക്കേണ്ട എന്ന് സഭാ തീരുമാനമുണ്ടായത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇതൊരു പതിവായി. രാത്രി എട്ടരയ്ക്കവസാനിക്കുന്ന കണ്‍വന്‍ഷനില്‍ നിന്ന് അവസാനത്തെ രണ്ടര മണിക്കൂര്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നതെന്തിനെന്നാണ് നവീകരണ വേദിയും വനിതാ പ്രവര്‍ത്തകരും ഉന്നയിക്കുന്ന ചോദ്യം. ‘ മാരാമണില്‍ മാത്രമല്ല കണ്‍വന്‍ഷന്‍ നടക്കുന്നത്. കേരളത്തിലങ്ങോളമിങ്ങോളം നിരവധി കണ്‍വന്‍ഷനുകള്‍ നടക്കുന്നു. പക്ഷെ അവിടെയന്നും ഇത്തരത്തിലൊരു പ്രശ്‌നമില്ല. ശബരിമലയില്‍ 14 വയസ്സിനും 54 വയസ്സിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ മാത്രമേ ഒഴിവാക്കുന്നുള്ളൂ. പക്ഷെ ഇവിടെ കൊച്ചുപെണ്‍കുട്ടികള്‍ മുതല്‍ പ്രായമായവരെ വരെ ഒഴിവാക്കുകയാണ്.’ സഭാ വിശ്വാസിയും സാമൂഹ്യ പ്രവര്‍ത്തകനുമായ രാജന്‍ വര്‍ഗീസ് പറഞ്ഞു.

തങ്ങളുടെ നിലപാടുകളില്‍ സഭയും, ഇതിനെതിരെ പ്രതിഷേധ സമരങ്ങളും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഒരു വിഭാഗം വിശ്വാസികളും ഉറച്ച് നില്‍ക്കുമ്പോള്‍ ഇക്കാര്യത്തില്‍ എന്ത് തീര്‍പ്പുണ്ടാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

(മാധ്യമ പ്രവര്‍ത്തകയാണ് ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍