UPDATES

രാത്രിയില്‍ സ്ത്രീകള്‍ കയറിയാല്‍ തകരുന്നതോ മാരാമണിന്റെ ‘സാംസ്കാരിക ധന്യത’?

പത്രത്തില്‍ പടം വരാന്‍ ആഗ്രഹിക്കുന്ന കുബുദ്ധികളുടെ കളിയെന്ന് മാര്‍ ജോസഫ് മെത്രോപ്പോലീത്ത

‘നിക്കോ വിമോസ് യേശുവിനെ കാണാന്‍ രാത്രിയില്‍ മാത്രം പോയെന്നു പറഞ്ഞതു പോലെ രാത്രിയില്‍ മാത്രം കേട്ടാലേ സുവിശേഷമാവുകയുള്ളൂ എന്ന് വിശ്വസിക്കുന്ന കുറേ സ്ത്രീകളുണ്ട്. ചില കുബുദ്ധികള്‍ക്ക് പത്രത്തില്‍ പേരും വരണം നേതൃത്വവും വേണം. കണ്‍വന്‍ഷന്റെ സാംസ്‌കാരികമായ ധന്യതയെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. പക്ഷെ അതിന് വിശ്വാസികള്‍ കൂട്ടുനില്‍ക്കില്ല’ മാരാമണ്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍ ജോസഫ് മെത്രോപ്പോലിത്ത പറഞ്ഞ വാക്കുകളാണിത്.

പുരോഗമന വാദം മുഴക്കുന്ന സഭ എത്രമാത്രം സ്ത്രീ വിരുദ്ധമാണെന്നതിന് മെത്രോപ്പോലിത്തയുടെ വാക്കുകള്‍ തന്നെ സാക്ഷ്യം. മാര്‍ ജോസഫ് മെത്രോപ്പോലീത്തയുടെ പ്രസംഗം സ്ത്രീകളെ അവഹേളിക്കുന്നതിനുള്ള തെളിവാണെന്നു വിശ്വാസികളും സ്ത്രീസംഘടനാ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. മാരാമണ്‍ കണ്‍വന്‍ഷനില്‍ സ്ത്രീകള്‍ക്കുള്ള രാത്രികാല വിലക്കിനെ ന്യായീകരിച്ച് മെത്രോപ്പോലീത്ത നടത്തിയ പ്രസംഗത്തിലെ സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ സഭയുടെ ഭാഗത്തു നിന്നുണ്ടായ നീചമായ നടപടിയായാണ് വിശ്വാസികളില്‍ ചിലര്‍ വിലയിരുത്തുന്നത്.

‘ സ്ത്രീകളെ അങ്ങേയറ്റം അധിക്ഷേപിക്കുന്നതാണ് മെത്രോപ്പോലീത്തയുടെ വാക്കുകള്‍. സ്ത്രീകളെ ഒട്ടും ബഹുമാനിക്കാതെ അവരെ അവഹേളിക്കുന്ന പ്രസ്താവനയാണത്. രാത്രികാലങ്ങളിലെ വിലക്ക് നീക്കണമെന്ന് പറയുന്ന സ്ത്രീകളെ മോശക്കാരികളാക്കി ചിത്രീകരിക്കാനാണ് സഭയുടെ നീക്കം. ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. കോഴഞ്ചേരിയില്‍ സമാധാനപരമായി പ്രതിഷേധ കൂട്ടായ്മ നടത്തുന്നതിനിടെ വിശ്വാസികളെന്ന പേരില്‍ കുറേ ഗുണ്ടകള്‍ വന്ന് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് സംസാരിച്ചത്. ‘ നിനക്കൊക്കെ രാത്രി കിടക്കണമെങ്കില്‍ വീട്ടില്‍ കിടന്നാല്‍ പോരേ, മാരാമണ്‍ മണപ്പുറത്തു വന്ന് കിടക്കണോ’ എന്നൊക്കെയാണ് അന്ന് ചിലര്‍ സ്ത്രീകളോട് ചോദിച്ചത്. മെത്രോപ്പോലീത്തയില്‍ നിന്നും പലപ്പോഴും സംസ്‌കാരമില്ലാത്ത പെരുമാറ്റമുണ്ടായിട്ടുണ്ട്. സ്ത്രീയെന്നു പറയുന്നതു ലൈംഗിക ജീവിയാണെന്ന സങ്കല്‍പ്പത്തില്‍ നിന്നുകൊണ്ട് സഭ നടപടികളെ ചോദ്യം ചെയ്യുന്ന സ്ത്രീകളെല്ലാം മോശക്കാരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് അവരുടെ ശ്രമം. സഭയുടെ സ്ത്രീവിരുദ്ധ നിലപാടപകളെ ഒരുതരത്തിലും അംഗീകരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഇപ്പോള്‍ വണ്‍മാന്‍ഷേയാണ് സഭയില്‍ നടക്കുന്നത്. അച്ചന്‍മാര്‍ക്കെല്ലാം പേടിയാണ്. നിയമപരമായി മാത്രമേ ഇനി ഇക്കാര്യങ്ങളെ നേരിടാനാവൂ.‘ സ്ത്രീപ്രവര്‍ത്തകയായ സോണിയ ജോര്‍ജ് പ്രതികരിച്ചു.

മാര്‍ത്തോമാ സഭയുടെ മാരാമണ്‍ കണ്‍വന്‍ഷനില്‍ സ്ത്രീകള്‍ക്ക് രാത്രികാലങ്ങളിലുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞയാഴ്ച കോഴഞ്ചേരിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. മാര്‍ത്തോമാ സഭയുടെ പുരോഗമന പ്രസ്ഥാനമായ നവീകരണ വേദി സ്ത്രീ സാഹിതിയുടെ സഹകരണത്തോടുകൂടിയാണ് കണ്‍വന്‍ സംഘടിപ്പിച്ചത്. എന്നാല്‍ ഈ കൂട്ടായ്മയ്‌ക്കെത്തിയവരെ കണ്‍വന്‍ഷന്‍ നടത്തിപ്പുകാരില്‍ ചിലര്‍ ആക്രമിച്ചു. സഭ അധ്യക്ഷന്‍മാരുടെ അറിവോടെയാണ് ഇത് നടന്നതെന്ന് അന്ന് തന്നെ പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. അന്ന് സമരത്തിനെത്തിയ ചില സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ കണ്‍വന്‍ഷന്‍ നടത്തിപ്പുകാര്‍ സംസാരിച്ചത് സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായിരുന്നു. സമരത്തിന് പങ്കെടുത്ത ചില സ്ത്രീകളെ ലൈംഗിക തൊഴിലാളികളായി ചിത്രീകരിച്ച് പ്രചരണം നടത്തിയ സംഭവം വരെയുണ്ടായി. ഇതിനെതിരെ സ്ത്രീസംഘടനകള്‍ പ്രതിഷേധവുമായെത്തിയിരുന്നു.

‘ പ്രതിഷേധിക്കുന്നവര്‍ ഇക്കാര്യത്തിനായി മെത്രാപ്പോലീത്തയെ കണ്ടില്ല എന്നാണ് ചിലര്‍ ആരോപിച്ചിരുന്നത്. തുടര്‍ന്ന് ആറ് പേര് ഒപ്പിട്ട കത്ത് മെത്രാപ്പോലീത്തയ്ക്ക് കൊടുക്കുകയും ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ഞങ്ങളെ കാണാന്‍ കൂട്ടാക്കിയില്ല. എന്നുമാത്രമല്ല മാധ്യമങ്ങളുടെ ചോദ്യം നേരിടുന്നതിലുള്ള ഭയം മൂലം മാരാമണ്‍ കണ്‍വന്‍ഷനുമായി നടത്താറുള്ള പത്രസമ്മേളനവും സഭ മാറ്റിവച്ചു. പിന്നീട് നടന്ന ഉദ്ഘാടന സമ്മേളനത്തിലെ മെത്രോപ്പോലീത്തയുടെ പ്രസംഗം സ്ത്രീകളെ അധിക്ഷേപിക്കുന്നതാണ്. സ്ത്രീ പ്രവേശനത്തിന് വേണ്ടി വാദിക്കുന്നത് യഥാര്‍ഥ സ്ത്രീകളല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം ചര്‍ച്ച ചെയ്യാനും മുന്നോട്ടുള്ള നടപടികള്‍ സ്വീകരിക്കാനും ചൊവ്വാഴ്ച യോഗം ചേരും.‘സുവിഷേശ പ്രസംഗ സമിതി പ്രവര്‍ത്തകനായ ഷിജു അലക്‌സ് പറഞ്ഞു. ഇദ്ദേഹമാണ് കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സ്ത്രീകളുടെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്.

സ്ത്രീകളുടെ വിലക്കിന് പിന്നിലെ യുക്തികള്‍ മുന്നോട്ട് വയ്ക്കുന്നതില്‍ പരാജയപ്പെടുന്ന സഭ പക്ഷെ വിലക്ക് തുടരുമെന്ന നിലപാടില്‍ നിന്ന് അണുവിട മാറില്ലെന്ന കാര്യം ഇതേവരെയുണ്ടായ കാര്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ യാതൊരു യുക്തിയും നീതിയും അവകാശപ്പെടാനില്ലാത്ത ഈ ‘ആചാര’ത്തെ നിയമപരമായി നേരിടാനാണ് നവീകരണ വേദിയുടേയും സ്ത്രീ സംഘടനകളുടേയും തീരുമാനം. ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി നല്‍കുന്നതിനൊപ്പം മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി സമര്‍പ്പിക്കാനും ഇവര്‍ ആലോചിക്കുന്നു.

112-ാമത് മാരമണ്‍ കണ്‍വന്‍ഷനാണ് തിങ്കളാഴ്ച തുടക്കമായത്. വൈകിട്ട് ആറ് മണിയ്ക്ക് ശേഷം സ്ത്രീകള്‍ക്ക് കണ്‍വന്‍ഷന്‍ വേദിയില്‍ തുടരാനാവില്ലെന്ന സഭ തീരുമാനത്തിന് അമ്പത് വര്‍ഷത്തിലേറെ പഴക്കമില്ലെന്ന് വിശ്വാസികള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ ഒരു സ്ത്രീയ്ക്ക് സാമൂഹ്യ വിരുദ്ധരില്‍ നിന്ന് ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് സഭ ഈ തീരുമാനമെടുത്തത്. സ്ത്രീകളുടെ സുരക്ഷയെക്കരുതിയുള്ള തീരുമാനമാണെന്നാണ് സഭാ അധികൃതരുടെ വാദം. എന്നാല്‍ സുവിശേഷ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ പമ്പ നദിയുടെ ഇരുകരകളിലുമായി തടിച്ചുകൂടി നില്‍ക്കുന്ന സ്ത്രീകള്‍ക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ ലഭിക്കാത്ത എന്ത് സുരക്ഷയാണുള്ളതെന്നാണ് ഒരു വിഭാഗം വിശ്വാസികള്‍ ഉന്നയിക്കുന്ന ചോദ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍