UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാരാഷ്ടയില്‍ ദളിത് – മറാത്ത വൈരം പ്രക്ഷോഭത്തിലേക്ക്

Avatar

ടീം അഴിമുഖം

മഹാരാഷ്ട്രയിലെ ഏറ്റവും ശക്തരായ ജാതി വിഭാഗമായ മറാത്തികള്‍ കഴിഞ്ഞ ഒന്നരമാസമായി സംസ്ഥാനത്തെങ്ങും പ്രതിഷേധത്തിലാണ്. അഹമ്മദ് നഗറിലെ കൊപാര്‍ഡിയില്‍ ജൂലായ് 13-ന് 14 വയസുകാരിയായ ഒരു മറാത്തി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന് വഴിതെളിച്ചത്. മൂന്നു ദളിത് യുവാക്കളാണ് പ്രതികള്‍ എന്നാണ് ആരോപണം.

ഇതോടെ മൂടിക്കിടന്ന ജാതി സംഘര്‍ഷങ്ങള്‍ വീണ്ടും തെളിഞ്ഞുവരികയാണ്. സംഭവത്തിലെ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് മാത്രമല്ല, ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് പട്ടികജാതി/പട്ടികവര്‍ഗ (അതിക്രമ നിരോധന) നിയമം എടുത്തുകളയണമെന്നും, മറാത്തികള്‍ക്ക് വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലിയിലും സംവരണം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

മുദ്രാവാക്യം വിളിയൊന്നുമില്ലാതെ മറാത്തികള്‍ നടത്തുന്ന നിശബ്ദ ജാഥകള്‍, ‘മുഖ് മോര്‍ച്ചാ’ ഇനിയും രണ്ടുമാസം കൂടി തുടരും. അതുകൊണ്ടു തന്നെ ഭരണകക്ഷിയായ ബിജെപി അങ്കലാപ്പിലാണ്. കോണ്‍ഗ്രസും എന്‍സിപിയും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം ഏതുവഴിക്ക് തിരിയുമെന്ന് അവര്‍ക്കും ഇപ്പോള്‍ ഉറപ്പില്ല.

പ്രതിഷേധത്തിന് അയവില്ല എന്നു മനസിലായതോടെ മറാത്തികള്‍ക്ക് സംവരണം നല്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പ്രതിഷേധക്കാരെ പ്രീണിപ്പിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായി ശിവാജിയുടെ പിന്‍ഗാമിയും രാജ്യസഭ എംപിയുമായ സാംബജി രാജേ ഭോസ്ലയെ സംസ്ഥാനത്തിന്റെ വിനോദസഞ്ചാര പ്രചാരണ മുഖമായി നിയമിച്ചിട്ടുണ്ട്.

രണ്ട് പ്രധാന കാരണങ്ങളാണ് ഈ മറാത്താ ക്ഷോഭത്തിന് പിന്നില്‍- പട്ടികജാതി/പട്ടികവര്‍ഗ സംവരണം തങ്ങളുടെ തൊഴില്‍, വിദ്യാഭ്യാസ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നു എന്ന തോന്നല്‍; സംവരണ മണ്ഡലങ്ങളിലൂടെ എസ് സി/എസ് ടി, ഓ ബി സി വിഭാഗങ്ങള്‍ രാഷ്ട്രീയ ശക്തിയാകുന്നു.

സംസ്ഥാനത്തെ ജനസംഖ്യയുടെ 33 ശതമാനം വരുന്ന മറാത്തകള്‍ 288 നിയമസഭാ മണ്ഡലങ്ങളില്‍ 75 എണ്ണത്തിലും നിര്‍ണായക ശക്തിയാണ്. അതുകൊണ്ട് തന്നെ എല്ലാ രാഷ്ട്രീയകക്ഷികളിലും പെട്ട പ്രമുഖനേതാക്കളെല്ലാം സമരത്തിന് എല്ലാ സഹായവും പണമടക്കം, നല്‍കിക്കൊണ്ട് പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ തിരക്കു കൂട്ടുന്നുണ്ട്.

ആഗസ്ത് 18-നു നടന്ന നന്ദേഡ് ജാഥയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ പങ്കെടുത്തു. സെപ്തംബര്‍ 23-നു നടക്കുന്ന അഹമ്മദ് നഗര്‍ യോഗത്തില്‍ താന്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷനേതാവ് രാധാകൃഷ്ണ വിഖെ പാട്ടില്‍ പറയുന്നു.

എസ് എസി/എസ് ടി നിയമം എടുത്തുകളയണമെന്ന ആവശ്യത്തെ ആദ്യം പിന്തുണച്ചവരിലൊരാള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ മറാത്ത നേതാവായ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ്. “അത് അവഗണിക്കാനാവില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്. കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടതും സംവരണത്തിന്നായുള്ള സമുദായത്തിന്റെ ആവശ്യം നടപ്പാക്കാത്തതും മറാത്തകളെ കുപിതരാക്കിയെന് പവാര്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയും മറാത്ത നേതാവുമായ അശോക് ചവാന്‍ പറയുന്നത്, “മറാത്തകളുടെ സംവരണാവശ്യം സര്‍ക്കാര്‍ നടപ്പാക്കണം. ഇതാണ് പ്രശ്നത്തിന് കാരണം,” എന്നാണ്.

എസ് എസി/എസ് ടി നിയമം എടുത്തുകളയണം എന്നാവശ്യപ്പെട്ട് തന്റെ ബന്ധുക്കളടക്കം തെരുവിലാണെന്നും നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്നും മറാത്ത കൂടിയായ ഒരു ഒരു സംസ്ഥാന മന്ത്രി പറഞ്ഞു. “മറാത്തകളോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ദളിതരേയും ആദിവാസികളെയും ശാക്തീകരിക്കുന്നതാണ് ഈ നിയമമെന്ന് എന്റെ മരുമക്കള്‍ കരുതുന്നു.”

എന്നാല്‍, മറാത്തകളെ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്ക സമുദായമായി കണക്കാക്കുക എളുപ്പമല്ല. ഇത് കോടതിയെ ബോധ്യപ്പെടുത്താന്‍ ഒരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് 2014-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസ്- എന്‍ സി പി സര്‍ക്കാര്‍ ഇത് നിയമമാക്കാതെ ഓര്‍ഡിനന്‍സായി കൊണ്ടുവന്നത്. മറാത്തകള്‍ക്ക് വിദ്യാഭ്യാസത്തിലും ജോലികള്‍ക്കും 16 ശതമാനം സംവരണം നല്കിയ ഓര്‍ഡിനന്‍സ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു.

മറാത്തകള്‍ക്ക് സംവരണം വേണമെന്ന ആവശ്യത്തെ മനസിലാക്കുന്നു എന്നു പറഞ്ഞ മുഖ്യമന്ത്രി ഫഡ്നാവിസ് ഇതുകൂടി കൂട്ടിച്ചേര്‍ത്തു, “വെറും 18 ശതമാനം ജലസേചനമുള്ള ഒരു സംസ്ഥാനത്ത് എങ്ങനെയാണ് 45-50 ശതമാനം പേര്‍ക്ക് ജീവിക്കാനായി കൃഷിയെ മാത്രം ആശ്രയിക്കാനാവുക? കഴിഞ്ഞ 15 കൊല്ലത്തിനിടയില്‍ കോണ്‍ഗ്രസ്-എന്‍ സി പി ഭരണത്തിന് ജലസേചനത്തിന്റെ അളവ് വെറും 0.1 ശതമാനം മാത്രമാണ് കൂട്ടാനായത്. ഞങ്ങളുടെ കാര്‍ഷിക-വ്യാവസായിക പരിഷ്കാരങ്ങള്‍ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാണ്.”

ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് പ്രതിഷേധക്കാരോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. “ഞാന്‍ മറാത്ത ആവശ്യങ്ങളോടും ആശങ്കകളോടും അനുഭാവമുള്ളയാളാണ്. എന്നാല്‍ സമുദായത്തിന്റെ വലിയ ആശങ്കകള്‍ പരിഹരിക്കാന്‍ സംവരണത്തിനപ്പുറം നോക്കേണ്ടിയിരിക്കുന്നു.”

എന്നാല്‍ ജാതി സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമായിട്ടാണ് – പ്രത്യേകിച്ചും കോണ്‍ഗ്രസ്, എന്‍സിപി പ്രേരണയോടെ- ദളിത് നേതാക്കള്‍ ഇതിനെ കാണുന്നത്. “ഭരണത്തില്‍ നിന്ന്‍ പുറത്തായത് ഇരുകക്ഷികള്‍ക്കും ദഹിച്ചിട്ടില്ല. ഫഡ്നാവിസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമം,” ദളിത് പ്രവര്‍ത്തകന്‍ കിഷോര്‍ കാംബ്ലെ പറഞ്ഞു.

“ദളിത് സാമൂഹ്യ-രാഷ്ട്രീയ ശാക്തീകരണത്തെ അട്ടിമറിക്കാനാണ് എസ് സി/എസ് ടി നിയമം എടുത്തുകളയണമെന്ന് ആവശ്യപ്പെടുന്നത്,” ഭാരിപ് ബഹുജന്‍ മഹാസംഘ് നേതാവ് പ്രകാശ് അംബേദ്കര്‍ പറഞ്ഞു. “നിയമത്തില്‍ പ്രശ്നം തോന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് – എന്‍സിപി നേതാക്കള്‍ പാര്‍ലമെന്റില്‍ ഭേദഗതി അവതരിപ്പിക്കട്ടെ.”

ദളിതര്‍ മറാത്ത സംവരണത്തിന് എതിരല്ലെന്നാണ് കേന്ദ്ര സാമൂഹ്യനീതി മന്ത്രിയും മഹാരാഷ്ട്രയിലെ പ്രമുഖ ദളിത് നേതാവുമായ രാംദാസ് അതാവലെ പറയുന്നത്. “പക്ഷേ എസ് സി/എസ് ടി നിയമം എടുത്തുകളയണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. അതിനു ഭരണഘടന അനുമതിയുണ്ട്. ദുരുപയോഗമുണ്ടെങ്കില്‍ നാം അതിന്റെ പഴുതുകള്‍ അടയ്ക്കണം.”

മറാത്ത ആവശ്യത്തെ പിന്തുണച്ച് അതാവലെയുടെ റിപ്പബ്ലിക്കന്‍ കക്ഷി ജാഥകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് പല ദളിത്, ഓബിസി നേതാക്കളും മറാത്തകളുടെ സംവരണാവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്; നിലവിലെ സംവരണത്തെ സ്പര്‍ശിക്കാത്തവണ്ണം.

ഫഡ്നാവിസ് സര്‍ക്കാരിനെ ദുര്‍ബലമാക്കാന്‍ മാത്രമല്ല, മറാത്ത പ്രക്ഷോഭത്തെ കോണ്‍ഗ്രസ്-എന്‍ സി പി സഖ്യം പിന്തുണയ്ക്കുന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു. ഇവരില്‍ മിക്ക നേതാക്കള്‍ക്കും സംസ്ഥാനത്തെ സഹകരണ മേഖലയില്‍ നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഇതിന് ഭീഷണിയാണ്. “സഹകരണ, ജലസേചന മേഖലകളിലെ അഴിമതികള്‍ ഫഡ്നാവിസ് അന്വേഷിക്കുകയാണ്. ഇതവരെ രാഷ്ട്രീയമായി ഭയപ്പെടുത്തുന്നു,” കാംബ്ലെ പറഞ്ഞു.

ദളിത്-മറാത്ത ധ്രുവീകരണം വന്നാല്‍ പാര്‍ട്ടിക്ക് വലിയ ദോഷമുണ്ടാകുമെന്ന് കോണ്‍ഗ്രസിലെ ദളിത് നേതാക്കള്‍ കരുതുന്നു. തങ്ങളുടെ ഭരണകാലത്ത് മറാത്തകള്‍ക്കായി എന്തുചെയ്തു എന്ന അസ്വസ്ഥകരമായ ചോദ്യവും കോണ്‍ഗ്രസ്- എന്‍ സി പി നേതാക്കള്‍ നേരിട്ടേക്കും. സഹകരണ മേഖല കൂടാതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ നേതാക്കളുടെ നിയന്ത്രണത്തിലാണ്.

സാംനയിലെ മുഖപ്രസഗത്തിലൂടെ മറാത്ത പ്രക്ഷോഭം മുതലെടുക്കരുതെന്ന് എന്‍സിപിയെ താക്കീത് ചെയ്ത ശിവസേന, പ്രശ്നങ്ങള്‍ വഷളാകാന്‍ വളംവെച്ച ഭരണസഖ്യത്തിന്റെ ഭാഗമായിരുന്നു എന്‍സിപിയെന്ന് പവാറിനെ ഓര്‍മ്മിപ്പിച്ചു. “മഹാരാഷ്ട്രയില്‍ ആര്‍ക്കും കൈകാര്യം ചെയ്യാനാകാത്ത ഒരു കൊടുങ്കാറ്റു പോലെയാണ് ഇപ്പോള്‍ നടക്കുന്ന മറാത്ത സമരം. ജനങ്ങള്‍ക്കിടയില്‍ ഒരു തിരിച്ചറിവ് ഉണ്ടാക്കണോ അതോ തീ ആളിക്കത്തിക്കണോ എന്ന് മഹാരാഷ്ട്രയിലെ നേതാക്കള്‍ക്ക് തീരുമാനിക്കാം,” ശിവസേന പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍