UPDATES

വിദേശം

മനുഷ്യാവകാശ ലംഘനങ്ങള്‍ മറന്നു: മാര്‍ക്കോസിന് ഫിലിപ്പൈന്‍സിന്‌റെ യാത്രാമൊഴി

Avatar

അഴിമുഖം പ്രതിനിധി

ഫിലിപ്പൈന്‍സ് മുന്‍ പ്രസിഡന്‌റ് ഫെര്‍ഡിനാന്‌റ് മാര്‍ക്കോസിന് സംസ്‌കാരം എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടി നടക്കും. മരിച്ച് 27 വര്‍ഷം പിന്നിടുമ്പോള്‍. ഫിലിപ്പൈന്‍സ് സുപ്രീംകോടതിയാണ് ഇതിന് അനുമതി നല്‍കിയത്. മാര്‍ക്കോസിന്‌റെ കാലത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പലരും ഈ നീക്കത്തില്‍ ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. മനിലയിലെ ഹീറോസ് സെമിത്തേരിയിലേയ്ക്കാണ് മാര്‍ക്കോസിന്‌റെ ഭൗതിക ശരീരം മാറ്റുന്നത്. ഇതിനെതിരായ ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കി. എല്ലാ നിയമ തടസങ്ങളും നീക്കിയതായി സുപ്രീംകോടതി വ്യക്തമാക്കി. നിലവില്‍ ഹവായിലെ ബ്യോഡോ ഇന്‍ ടെമ്പിളിലെ മുസോളിയത്തിലാണ് മാര്‍ക്കോസിന്‌റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് മാര്‍ക്കോസ് അധികാരത്തിലിരിക്കെ ഫിലിപ്പൈന്‍സില്‍ അരങ്ങേറിയത്. നിരവധി പേര്‍ ജയിലിലായി. ക്രൂരമായ പീഡനങ്ങള്‍ അരങ്ങേറി. മാദ്ധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. വിമര്‍ശകരെ നിരന്തരം ആക്രമിച്ചു. പലരും കൊല്ലപ്പെട്ടു. ഇപ്പോള്‍ ആയിരക്കണക്കിന് പേരാണ് മാര്‍ക്കോസിനെ ബഹുമതികളോടെ സംസ്‌കരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

1965 മുതല്‍ മൂന്ന് പതിറ്റാണ്ട് കാലം പ്രസിഡന്‌റായിരുന്ന ഫെര്‍ഡിനാന്‌റ് മാര്‍ക്കോസ്, 1986ലെ ജനാധിപത്യ പ്രക്ഷോഭത്തെ തുടര്‍ന്ന് കുടുംബസമേതം അമേരിക്കയിലേയ്ക്ക് പലായനം ചെയ്തിരുന്നു. 10 ബില്യണ്‍ ഡോളറിന്‌റെ അഴിമതി ആരോപണവും മാര്‍ക്കോസിന്‌റെ പേരിലുണ്ട്. 1989ല്‍ ഹവായില്‍ വച്ചായിരുന്നു മാര്‍ക്കോസിന്‌റെ അന്ത്യം. അതേസമയം മാര്‍ക്കോസിന്‌റെ കുടുംബം ഫിലിപ്പൈന്‍സില്‍ തിരിച്ചെത്തി. ഈ വര്‍ഷം നടന്ന വൈസ് പ്രസിഡന്‌റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മകന്‍ മാര്‍ക്കോസ് ജൂനിയര്‍ പരാജയപ്പെട്ടു.

കോടതി ഉത്തരവിനെ മാര്‍ക്കോസ് ജൂനിയര്‍ സ്വാഗതം ചെയ്തു. മാര്‍ക്കോസിന്‌റെ സംസ്കാരം ഉചിതമായ രീതിയില്‍ നടത്തുമെന്ന് പ്രസിഡന്‌റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെ വ്യക്തമാക്കി. എന്നാല്‍ ഈ നീക്കം മാര്‍ക്കോസിന്‌റെ ഭരണകാലത്ത് പീഡിപ്പിക്കപ്പെട്ടവരുടെ മുറിവുകള്‍ ഒരിക്കലും ഉണങ്ങാതിരിക്കാനാണ് കാരണമാവുക എന്ന് വൈസ് പ്രസിഡന്‌റ് ലെനി റോബ്രെഡോ അഭിപ്രായപ്പെട്ടു. നാഷണല്‍ ഹിസ്‌റ്റോറിക്കല്‍ കമ്മീഷന്‍ ഓഫ് ഫിലിപ്പൈന്‍സും എതിര്‍പ്പുമായി രംഗത്തെത്തി. രണ്ടാംലോക മഹായുദ്ധത്തില്‍ സൈനികനായി പങ്കെടുത്ത മാര്‍ക്കോസ് തനിക്ക് ലഭിച്ച മെഡലുകളെ കുറിച്ച് പറഞ്ഞത് കള്ളമാണെന്നും കമ്മീഷന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍