UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓക്‌സിജന്‍ സിറ്റി പരസ്യം വ്യാജം; ബോബി ചെമ്മണൂര്‍ പദ്ധതിയിട്ടത് 6000 കോടിയുടെ തട്ടിപ്പിനോ?

Avatar

കൃഷ്ണ ഗോവിന്ദ്

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ നേതൃത്വത്തില്‍ തൃശ്ശൂരില്‍  നിര്‍മ്മിക്കാന്‍ പോകുന്നതായി പറഞ്ഞ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ഓക്‌സിജന്‍ സിറ്റിയുടെ പരസ്യം വ്യാജമാണെന്ന് അഡ്വര്‍ടൈസ്‌മെന്റെ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എ എസ് സി ഐ) സ്ഥിരീകരിച്ചു. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഐടി ഉപദേശകന്‍ ജോസഫ് സി മാത്യുവിന്റെ പരാതിയില്‍ എ എസ് സി ഐ നടത്തിയ അന്വേഷണത്തിലാണ് ഓക്‌സിജന്‍ സിറ്റി പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയത്.

പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ നേതൃത്വത്തില്‍ 6000 കോടിയുടെ ഓക്‌സിജന്‍ സിറ്റി, 62 ഏക്കറില്‍ കേരളത്തിലെ ഏറ്റവും വലിയ ടൗണ്‍ഷിപ്പ്, 29000 പേര്‍ക്ക് തൊഴില്‍, തുടങ്ങിയ വിവരങ്ങള്‍ നിയമാവലിയിലെ ചാപ്റ്റര്‍ 1.1-ഉം 1.4-ഉം പ്രകാരം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് എ എസ് സി ഐ സ്ഥിരീകരിച്ചു.

ഓക്‌സിജന്‍ സിറ്റി പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് സ്ഥിരീകരിച്ചുകൊണ്ട് ജോസഫ് സി മാത്യുവിന് വന്ന എ എസ് സി ഐയുടെ ലെറ്ററിന്റെ പകര്‍പ്പ്

എ എസ് സി ഐ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇവയാണ്; ഓക്‌സിജന്‍ സിറ്റി പദ്ധതിക്കായി ശരിയായ നിയമനടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല. പദ്ധതിക്കായി ഒരു പ്രോജക്ട് റിപ്പോര്‍ട്ടോ അപേക്ഷയോ ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടില്ല. നിയമപരമായി ഇങ്ങനെയൊരു പദ്ധതി തുടങ്ങുന്നത് സംബന്ധിച്ച് യതൊരു റിപ്പോര്‍ട്ടുമില്ല. പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന പല വിവരങ്ങളും കളവാണ്.

എ എസ് സി ഐയോട് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഉടമ ബോബി ചെമ്മണൂര്‍, ഓക്‌സിജന്‍ സിറ്റി പരസ്യത്തില്‍ ഉള്‍പ്പട്ട വിവരങ്ങള്‍ തെറ്റാണെന്ന് സമ്മതിച്ചതായാണ് വിവരം. പരസ്യത്തില്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ ഓക്‌സിജന്‍ സിറ്റിയില്‍ താമസിക്കുമെന്നും മറഡോണയുടെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ കോച്ചിംഗ് സെന്‍റര്‍ തുടങ്ങുമെന്നുമുള്ള വിവരങ്ങളെക്കുറിച്ച് എ എസ് സി ഐ അന്വേഷണം നടത്തിയില്ലെന്ന് ജോസഫ് സി മാത്യു പറഞ്ഞു.


മാധ്യമങ്ങളില്‍ വന്ന ഓക്‌സിജന്‍ സിറ്റിയുടെ പരസ്യം

പരസ്യം വ്യാജമാണെന്നു തെളിഞ്ഞിട്ടും ബോബി ചെമ്മണൂരിനെതിരെ നടപടി എടുക്കാഞ്ഞത്തതിലും പരസ്യത്തെക്കുറിച്ച് തിരുത്ത് കൊടുക്കാത്ത മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ജോസഫ് സി മാത്യു നടത്തിയത്. ബോബി ചെമ്മണ്ണൂര്‍, പരസ്യത്തിനായി കോടികണക്കിന് രൂപയാണ് മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. അതിനാലാണ് അവര്‍ ഓക്‌സിജന്‍ സിറ്റിയുടെ വ്യാജ പരസ്യത്തിന് തിരുത്ത് കൊടുക്കാത്തത്- ജോസഫ് സി മാത്യു കൂട്ടിച്ചേര്‍ത്തു. 

വ്യാജ പരസ്യങ്ങളില്‍ അഭിനയിച്ചു പോയ മോഡലുകള്‍ക്കെതിരെ നടപടി എടുക്കാന്‍ എ എസ് സി ഐക്ക് ഉത്സാഹമാണ് എന്നാല്‍ പരസ്യം നിര്‍മ്മിച്ചവര്‍ക്കെതിരെയോ കൊടുത്തവര്‍ക്കെതിരെയോ നടപടി എടുക്കുവാന്‍ ഭയമാണെന്നും അദ്ദേഹം പറഞ്ഞു.


പൊതുപ്രവര്‍ത്തകന്‍ ജോയ് കൈതാരം, മുന്‍ ഐടി ഉപദേശകന്‍ ജോസഫ് സി മാത്യു

പരസ്യം വ്യാജമാണെന്ന് തെളിഞ്ഞതിനു ശേഷം പൊതുപ്രവര്‍ത്തകന്‍ ജോയ് കൈതാരം മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും വി എസ് അച്യുതാനന്ദനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നും അന്വേഷണം നടക്കാഞ്ഞതിനാല്‍ കൈതാരം, വി എസിനെ കാണുകയും അദ്ദേഹം ഇടപെട്ടപ്പോള്‍ ഡിജിപി തൃശ്ശൂര്‍ അസിസ്‌റ്റെന്‍ഡ് ക്രൈംബ്രാഞ്ച് കമ്മീഷണര്‍ അരീഫ് മുഹമ്മദിനെ കേസ് ഏല്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ അരീഫ് മുഹമ്മദ്, കേസ് പിന്‍വലിച്ച് ബോബിയുമായി ഒത്തുതീര്‍പ്പിന് നിര്‍ബന്ധിച്ചുവെന്നും കൈതാരം പറയുന്നു. മാധ്യമങ്ങളില്‍ വ്യാജ പരസ്യം നല്‍കി ജനങ്ങളില്‍ നിന്നും 6000 കോടി രൂപ തട്ടാനുള്ള ബോബിയുടെ ഗൂഢ പദ്ധതിയാണിതെന്നും ഇതിന് പല മാധ്യമങ്ങളും കൂട്ടു നിന്നുവെന്നും കൈതാരം ആരോപിക്കുന്നുണ്ട്.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍